നീയസ് ജൂലിയസ് അഗ്രിക്കോള
റോമൻ ജനറലും ഗവർണറും ആയിരുന്നു നീയസ് ജൂലിയസ് അഗ്രിക്കോള. ഇദ്ദേഹം പ്രസിദ്ധ ചരിത്രകാരനായ ടാസിറ്റസിന്റെ (55-117) ശ്വശുരനായിരുന്നു. 40 ജൂൺ 13-ന് ഫോറം ജൂലിയിൽ (ആധുനിക ഫ്രെജസ്) ജനിച്ചു. റോമൻ സെനറ്ററായിരുന്ന പിതാവിനെ ചക്രവർത്തിയായ കലിഗുള വധിച്ചതുകൊണ്ട് മാസിലിയായിൽ (മാഴ്സെയിൽസിൽ) മാതാവിന്റെ സംരക്ഷണയിലാണ് ഇദ്ദേഹം വളർന്നത്. സൈനിക സേവനത്തിൽ ഏർപ്പെട്ട അഗ്രിക്കോള ബ്രിട്ടനിൽ നിന്നും മടങ്ങി വന്നശേഷം ഡൊമിഷിയ ഡെസിഡിയാനായെ വിവാഹം കഴിച്ചു. റോമൻ ചക്രവർത്തിയായിരുന്ന ട്രാജന്റെ (53-117) ഒരു സുഹൃത്തായിരുന്നു അഗ്രിക്കോള. വെസ്പേസിയൻ ചക്രവർത്തിയുടെ കാലത്ത് (9-79) ബ്രിട്ടനിലെ റോമൻസേനയുടെ അധിപനായി (70); 77-ൽ അവിടത്തെ ഗവർണറും. വെയിൽസിലും സ്കോട്‌ലണ്ടിലും ആക്രമണങ്ങൾ നടത്തിയശേഷം 84-വരെ ബ്രിട്ടനിലെ ഗവർണറായി സേവനം അനുഷ്ഠിച്ചു. ഇക്കാലത്ത് ബ്രിട്ടനിൽ പല കോട്ടകളും ഇദ്ദേഹം പണികഴിപ്പിക്കുകയുണ്ടായി. 84-ൽ അന്നത്തെ റോമൻ ചക്രവർത്തിയായിരുന്ന ഡൊമിഷിയൻ (51-96) അഗ്രിക്കോളയെ റോമിലേക്ക് തിരിച്ചുവിളിച്ചു. ഏഷ്യയിലോ ആഫ്രിക്കയിലോ ഉള്ള ഏതെങ്കിലും പ്രദേശത്ത് ഗവർണർ പദവി നല്കാമെന്ന് ചക്രവർത്തി വാഗ്ദാനം ചെയ്തെങ്കിലും അഗ്രിക്കോള അതു നിരസിച്ചു. 93 ആഗഗസ്റ്റ് 23-ന് റോമിൽവച്ച് നിര്യാതനായി. അന്നത്തെ ചക്രവർത്തി അദ്ദേഹത്തെ വിഷംകൊടുത്തു കൊല്ലിച്ചതാണെന്നും പറയപ്പെടുന്നു. ജാമാതാവായ ടാസിറ്റസ് എഴുതിയ ജീവചരിത്രത്തിൽനിന്നാണ് പ്രധാനമായും അഗ്രിക്കോളയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. അവലംബം
|
Portal di Ensiklopedia Dunia