ന്യൂ ബെഡ്‌ഫോർഡ്
ന്യൂ ബെഡ്‌ഫോർഡ് (മസാച്ചുസെറ്റ് ഭാഷ: അക്യുഷ്‌നെറ്റ്)[3] അമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ്‌സ് സംസ്ഥാനത്തെ ബ്രിസ്റ്റോൾ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. തെക്കൻ തീരപ്രദേശ മേഖലയിലെ അക്കുഷ്നെറ്റ് നദിയോരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ട് വരെ, ഈ പ്രദേശം വാംപനോഗ് തദ്ദേശീയ അമേരിന്ത്യൻ ജനതയുടെ ആവാസ കേന്ദ്രമായി അറിയപ്പെട്ടിരുന്നു. പിൽക്കാലത്ത് നഗരം നിർമ്മിക്കാനുദ്ദേശിച്ച് ന്യൂ ബെഡ്‌ഫോർഡ് ഉൾപ്പെടുന്ന ഭൂമി 1652-ൽ വാംപനോഗിൽ നിന്ന് ഇംഗ്ലീഷ് കോളനിക്കാർ വാങ്ങി. പിന്നീട് നഗരമായി മാറിയ യഥാർത്ഥ കൊളോണിയൽ കുടിയേറ്റ കേന്ദ്രം പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇംഗ്ലീഷ് ക്വാക്കർമാർ സ്ഥാപിച്ചതാണ്. ന്യൂ ബെഡ്‌ഫോർഡ് പട്ടണം 1787-ൽ ഔദ്യോഗികമായി നഗരമായി സംയോജിപ്പിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, ന്യൂ ബെഡ്ഫോർഡ് നഗരം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിമിംഗല വേട്ട സാദ്ധ്യമായ തുറമുഖങ്ങളിലൊന്നായിരുന്നു. ഈ കാലയളവിലെ സാമ്പത്തികോന്നതിയിൽ, ന്യൂ ബെഡ്‌ഫോർഡ് ആളോഹരി വരുമാനത്തിൽ വടക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ നഗരമായി മാറി. ഈ സമയത്ത് അടിമത്ത വിരുദ്ധ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രം കൂടിയായിരുന്നു ന്യൂ ബെഡ്ഫോർഡ്. 1838 മുതൽ 1841 വരെ അവിടെ താമസിച്ചിരുന്ന ഫ്രെഡറിക് ഡഗ്ലസ് ഉൾപ്പെടെ മോചിതരായ അല്ലെങ്കിൽ ഉടമകളിൽനിന്ന് രക്ഷപ്പെട്ട ആഫ്രിക്കൻ-അമേരിക്കൻ അടിമകളെ ഈ നഗരം ആകർഷിച്ചിരുന്നു. ഹെർമൻ മെൽവില്ലെയുടെ 1851-ലെ നോവലായ മോബി-ഡിക്കിന്റെ പശ്ചാത്തലമായും ഈ നഗരം അറിയപ്പെടുന്നു. 1876 മുതൽ 1900 വരെയുള്ള കാല്ത്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് അക്കാദമിയുടെ മുൻഗാമിയായിരുന്ന റവന്യൂ കട്ടർ സ്കൂൾ ഓഫ് ഇൻസ്ട്രക്ഷന്റെ പ്രാരംഭ മാതൃതുറമുഖമായും ന്യൂ ബെഡ്ഫോർഡ് നഗരം പ്രവർത്തിച്ചു. 2020 ലെ യു.എസ് കനേഷുമാരി അനുസരിച്ച് 101,079 ജനസംഖ്യയുണ്ടായിരുന്ന ന്യൂ ബെഡ്ഫോർഡ് നഗരം സംസ്ഥാനത്തെ ഒമ്പതാമത്തെ വലിയ നഗരവും സൗത്ത് കോസ്റ്റ് മേഖലയിലെ ഏറ്റവും വലിയ നഗരവുമായിരുന്നു. പോർച്ചുഗീസ് വംശജരായ അമേരിക്കക്കാരുടെ ഉയർന്ന സാന്ദ്രതയ്ക്കും നഗരം പേരുകേട്ടതാണ്. മത്സ്യബന്ധന കപ്പലുകൾക്കും അനുബന്ധ സമുദ്രവിഭവ വ്യവസായത്തിനും പേരുകേട്ട ഈ നഗരം 2019 ലെ കണക്കനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ മറ്റേതൊരു മത്സ്യബന്ധന തുറമുഖത്തേക്കാളും ഏറ്റവും ഉയർന്ന വാർഷിക മൂല്യം സൃഷ്ടിച്ചിരുന്നു. ന്യൂ ബെഡ്‌ഫോർഡ് വെയ്ലിംഗ് മ്യൂസിയം, ന്യൂ ബെഡ്‌ഫോർഡ് വെയ്ലിംഗ് നാഷണൽ ഹിസ്റ്റോറിക്കൽ പാർക്ക് എന്നിവയും ഈ നഗരത്തിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia