പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യം
പുരാതന കർണ്ണാടകത്തിലെ ഒരു പ്രധാന രാജവംശമായിരുന്നു പടിഞ്ഞാറൻ ഗംഗാ രാജവംശം (ക്രി.വ. 350 - 1000) (കന്നഡ : ಪಶ್ಚಿಮ ಗಂಗ ಸಂಸ್ಥಾನ). പിൽക്കാലത്ത് ഇന്നത്തെ ഒറീസ്സ നിൽക്കുന്ന ഭാഗം ഭരിച്ചിരുന്ന കിഴക്കൻ ഗംഗരിൽ നിന്നും വേർതിരിക്കുന്നതിനാണ് പടിഞ്ഞാറൻ ഗംഗർ എന്ന് ഇവരെ വിശേഷിപ്പിക്കുന്നത്. തെക്കേ ഇന്ത്യയിലെ പല്ലവ സാമ്രാജ്യം ക്ഷയിച്ചപ്പോൾ വിവിധ നാട്ടുരാജ്യങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഈ കാലത്താണ് പടിഞ്ഞാറൻ ഗംഗർ തങ്ങളുടെ ഭരണം ആരംഭിച്ചതെന്നാണ് പൊതുവായ വിശ്വാസം. സമുദ്രഗുപ്തന്റെ ആക്രമണങ്ങളാണ് പല്ലവരുടെ ഭരണം ക്ഷയിക്കാൻ കാരണം എന്ന് വിശ്വസിക്കുന്നു. പടിഞ്ഞാറൻ ഗംഗരുടെ ഭരണം ഉദ്ദേശം ക്രി.വ. 350 മുതൽ 550 വരെ നീണ്ടുനിന്നു. ഇവരുടെ ആദ്യ തലസ്ഥാനം കോലാർ ആയിരുന്നു. പിന്നീട് കാവേരീതീരത്തുള്ള തലക്കാടിലേയ്ക്കു തലസ്ഥാനം മാറ്റി (ഇന്നത്തെ മൈസൂർ ജില്ലയിൽ). ബദാമി ചാലൂക്യരുടെ ഉദയത്തിനു ശേഷം, ഗംഗർ ചാലൂക്യരുടെ മേൽക്കോയമ അംഗീകരിക്കുകയും, കാഞ്ചിയിലെ പല്ലവർക്ക് എതിരായി ചാലൂക്യരുടെ കീഴിൽ യുദ്ധം ചെയ്യുകയും ചെയ്തു. ക്രി.വ. 753-ൽ ചാലൂക്യരെ തോല്പ്പിച്ച് മാന്യഖെട്ടയിലെ രാഷ്ട്രകൂടർ ഡെക്കാനിലെ പ്രധാന ശക്തിയായി. ഒരു നൂറ്റാണ്ടോളം സ്വയം ഭരണത്തിനായി യത്നിച്ചതിനു ശേഷം പടിഞ്ഞാറൻ ഗംഗർ ഒടുവിൽ രാഷ്ട്രകൂടരുടെ മേൽക്കോയ്മ അംഗീകരിച്ച്, രാഷ്ട്രകൂടരുടേ ശത്രുക്കളായ തഞ്ചാവൂരിലെ ചോള സാമ്രാജ്യത്തോട് യുദ്ധം ചെയ്തു. 10-ആം നൂറ്റാണ്ടിനൊടുവിൽ, തുംഗഭദ്ര നദിയ്ക്ക് വടക്ക്, രാഷ്ട്രകൂടരെ ഉയർന്നുവന്ന പടിഞ്ഞാറൻ ചാലൂക്യ സാമ്രാജ്യം തോല്പ്പിച്ചു. ചോള സാമ്രാജ്യം കാവേരി നദിയ്ക്കു തെക്ക് ശക്തി വർദ്ധിപ്പിച്ചു. ഏകദേശം ക്രി.വ. 1000-ൽ, പടിഞ്ഞാറൻ ഗംഗരെ ചോളർ തോല്പ്പിച്ചു. ഇത് ഈ പ്രദേശത്ത് ഗംഗരുടെ സ്വാധീനത്തിന്റെ അന്ത്യം കുറിച്ചു. ഭൂമിശാസ്ത്രപരമായി ഒരു ചെറിയ രാജ്യമായിരുന്നെങ്കിലും ആധുനിക തെക്കൻ കർണ്ണാടക പ്രദേശത്തിന്റെ സാമൂഹിക, സാഹിത്യ, രാഷ്ട്രീയ രംഗങ്ങളിൽ പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യത്തിന്റെ സംഭവനകൾ ഗണ്യമായി കണക്കാക്കപ്പെടുന്നു. പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യം എല്ലാ മതങ്ങളോടും സഹിഷ്ണുത കാണിച്ചെങ്കിലും ജൈനമതത്തിന് ഇവർ നൽകിയ പ്രോൽസാഹനം പ്രശസ്തമാണ്. ഇവർ ജൈനമതത്തിനു നൽകിയ പരിഗണനയുടെ ഭലമാണ് ശ്രാവണബെലഗോള, കംബദഹള്ളി തുടങ്ങിയ സ്ഥലങ്ങളിലുള്ള ജൈന നിർമ്മിതികളുടെ നിർമ്മാണം. ഈ രാജവംശത്തിലെ രാജാക്കന്മാർ ലളിതകലകളെ പ്രോൽസാഹിപ്പിച്ചു. തത്ഭലമായി കന്നഡ സാഹിത്യവും സംസ്കൃത സാഹിത്യവും ഇവരുടെ ഭരണകാലത്ത് പുഷ്കലമായി. ക്രി.വ. 978-ൽ ചവുണ്ടരായൻ രചിച്ച "ചവുണ്ടരായ പുരാണ" കന്നഡ സാഹിത്യത്തിലെ ഒരു പ്രധാന കൃതിയാണ്. മതം മുതൽ ആനകളുടെ പരിപാലനം വരെ വിവിധ വിഷയങ്ങളിൽ ഇവരുടെ കാലത്ത് ഗ്രന്ഥങ്ങൾ രചിച്ചു. |
Portal di Ensiklopedia Dunia