പടിഞ്ഞാറൻ ഷൗ
പുരാതന ചൈനയിലെ ഷൗ രാജവംശത്തിന്റെ ആദ്യ പകുതിയാണ് പടിഞ്ഞാറൻ ഷൗ കാലഘട്ടം (1046–771 ബിസി) എന്നറിയപ്പെടുന്നത്. വു രാജാവ് മുയേ യുദ്ധത്തിൽ ഷാങ് രാജവംശത്തെ പരാജയപ്പെടുത്തിയതോടെയാണ് ഈ കാലഘട്ടം ആരംഭിച്ചത്. എഴുപത്തഞ്ച് വർഷം ശക്തരായിരുന്ന ഈ രാജവംശത്തിന്റെ സ്വാധീനം അതിനുശേഷം ക്ഷയിക്കുവാൻ ആരംഭിച്ചു. ഷാങ് ഭരണത്തിലുണ്ടായിരുന്ന പ്രദേശങ്ങൾ രാജാവിന്റെ നിയന്ത്രണത്തിൽ നിന്ന് ക്രമേണ സ്വതന്ത്രമാകുവാൻ ആരംഭിച്ചു. ബിസി 771-ൽ ഷൗ രാജവംശം വൈ നദീതടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇതിനുശേഷം അധികാരം രാജാവിന്റെ സാമന്തന്മാരുടെ കൈവശമായിരുന്നു. ആഭ്യന്തര യുദ്ധംഈ കാലഘട്ടത്തെപ്പറ്റിയുള്ള വ്യക്തമായ രേഖകൾ നിലവിലില്ല. പടിഞ്ഞാറൻ ഷൗ രേഖകളിൽ രാജ്യം ഭരിച്ച രാജാക്കന്മാരുടെ പേരുകളും ഭരണകാലത്തെപ്പറ്റിയുള്ള വ്യക്തമല്ലാത്ത വിവരങ്ങളുമല്ലാതെ മറ്റൊന്നുമില്ല. രാജ്യം പിടിച്ചടക്കി രണ്ടോ മൂന്നോ വർഷങ്ങൾക്കകം വു രാജാവ് മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ മകനും കിരീടാവകാശിയുമായ ചെങ് രാജാവ് ചെറുപ്പമായിരുന്നതിനാൽ സഹോദരൻ ഷൗ ഡ്യൂക്ക് റീജന്റ് എന്ന നിലയിൽ രാജാവിനെ ഭരണത്തിൽ സഹായിച്ചു. വു രാജാവിന്റെ മറ്റ് സഹോദരന്മാരായ ഷു ഡു, ഗുവാൻ ഷു, ഹുവോ ഷു എന്നിവർ ഷൗ ഡ്യൂക്കിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ ആശങ്കാകുലരായി മറ്റ് പ്രാദേശിക നേതാക്കളുമായി ചേർന്ന് ഒരു സഖ്യം രൂപീകരിച്ചു. ഈ കലാപശ്രമത്തെ ഷൗ ഡ്യൂക്ക് അടിച്ചമർത്തുകയും കൂടുതൽ പ്രദേശങ്ങൾ ഷൗ ഭരണത്തിന്റെ കീഴിൽ കൊണ്ടുവരുകയും ചെയ്തു.[1][2] ഭരണത്തിന് സ്വർഗ്ഗത്തിന്റെ അംഗീകാരമുണ്ട് എന്ന തത്ത്വം ഡ്യൂക്ക് മുന്നോട്ടുവച്ചു. കിഴക്കൻ തലസ്ഥാനമായ ലുവോയാങ് സ്ഥാപിച്ചത് ഇദ്ദേഹമാണ്.[3] ഫെൻജിയാൻ എന്ന ഫ്യൂഡൽ സംവിധാനത്തിലൂടെ രാജകുടുംബവുമായി ബന്ധമുള്ളവർക്കും സേനാധിപന്മാർക്കും രാജ്യത്തിന്റെ കിഴക്കൻ പ്രദേശത്ത് അവരവരുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങൾ നൽകി.[1] ലുവോയാങ്, ജിൻ, യിങ്, ലു, ക്വി, യാൻ എന്നിവ ഇതിലുൾപ്പെടുന്നു. കൂടുതൽ പ്രദേശങ്ങൾക്കുമേൽ ഷൗ സ്വാധീനം നിലനിർത്തുവാനാണ് ഈ പ്രക്രീയയിലൂടെ ലക്ഷ്യമിട്ടതെങ്കിലും ഈ ഫ്യൂഡൽ പ്രഭുക്കളുടെ പ്രദേശങ്ങൾ പലതും പിൽക്കാലത്ത് രാജാവിന്റെ ശക്തി ക്ഷയിച്ചതിനൊപ്പം സ്വാധീനമുള്ള രാജ്യങ്ങളായി മാറി. ഷൗ ഡ്യൂക്ക് റീജന്റ് സ്ഥാനമൊഴിഞ്ഞശേഷം ചെങ് ഭരണകാലവും (1042–1021 BC) അദ്ദേഹത്തിന്റെ മകൻ കാങ് രാജാവിന്റെ (1021–996 BC) ഭരണകാലവും ശാന്തിയും അഭിവൃദ്ധിയും നിലനിന്നിരുന്ന കാലമായിരുന്നു. പിന്നീടുള്ള രാജാക്കന്മാർ![]() നാലാമത്തെ രാജാവായിരുന്ന ഷാവോ (996–977 BC) തെക്ക് ചു രാജ്യത്തിനെതിരേ പടനയിച്ചു. തന്റെ സൈന്യത്തിന്റെ വലിയൊരു ഭാഗത്തോടൊപ്പം അദ്ദേഹവും കൊല്ലപ്പെട്ടു. അഞ്ചാമത്തെ രാജാവ് മു (977–922 BC) പടിഞ്ഞാറുള്ള രാജ്ഞി സി വാങ്മുവിനെ സന്ദർശിച്ചത് പ്രസിദ്ധമായ സംഭവമായിരുന്നു. തെക്ക്പടിഞ്ഞാറുള്ള പ്രദേശങ്ങൾ സു റോങ് ഇക്കാലത്ത് പിടിച്ചെടുത്തു. മു രാജാവിന്റെ കാലത്ത് രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. ആദ്യകാലത്ത് സഹോദരന്മാർ ഭരിച്ചിരുന്ന പ്രദേശങ്ങൾ വളരെ അകന്ന ബന്ധുക്കൾ ഭരിക്കുന്ന സാഹചര്യമുണ്ടായപ്പോളാണ് ഒരുപക്ഷേ മു രാജാവിന്റെ സ്വാധീനം ക്ഷയിക്കാൻ ആരംഭിച്ചത്. രാജ്യത്തിന്റെ അതിർത്തിയോടടുത്ത പ്രദേശങ്ങളുടെയും ശക്തിയും പ്രശസ്തിയും വർദ്ധിച്ചു.[4] അടുത്ത നാല് രാജാക്കന്മാരുടെ ഭരണകാലം (ഗോങ് രാജാവ്, യി രാജാവ്, സിയാവോ രാജാവ്, യി രാജാവ്) (922-878 BC) സംബന്ധിച്ച് വിശദാംശങ്ങളൊന്നും ലഭ്യമല്ല. ഒൻപതാമത്തെ രാജാവ് ക്വി ഡ്യൂക്കിനെ വലിയൊരു പാത്രത്തിലിട്ട് പുഴുങ്ങി കൊലപ്പെടുത്തി. സാമന്തരാജാക്കന്മാർ ഇക്കാലത്ത് അനുസരണയുള്ളവരായിരുന്നില്ല എന്ന് ഇതിൽ നിന്ന് ഊഹിക്കാം. പത്താമത്തെ രാജാവായിരുന്ന ലി (877–841 BC) പുറത്താക്കപ്പെടുകയും അധികാരം പതിന്നാല് വർഷത്തേയ്ക്ക് ഗോങ്ഹെ റീജൻസിയുടെ കൈവശമാവുകയും ചെയ്തു. ലി രാജാവിനെ പുറത്താക്കുന്നതിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽ ആദ്യത്തെ കർഷക കലാപത്തിനും പങ്കുണ്ടെന്ന് കരുതപ്പെടുന്നു. ലി മരിച്ചശേഷം ഗോങ്ഹെ അധികാരമൊഴിയുകയും ലിയുടെ മകൻ സുവാൻ (827–782 BC) അധികാരത്തിലെത്തുകയും ചെയ്തു. സുവാൻ രാജാധികാരം വർദ്ധിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും പ്രാദേശിക ഭരണാധികാരികളുടെ അനുസരണക്കേട് വർദ്ധിക്കുകയാണുണ്ടായത്. പടിഞ്ഞാറൻ ഷൗ രാജവംശത്തിലെ അവസാന രാജാവായിരുന്നു പന്ത്രണ്ടാമത്തെ രാജാവ് യൗ (781–771 BC). യൗ തന്റെ ഭാര്യയെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ സ്വന്തമാക്കിയപ്പോൾ രാജ്ഞിയുടെ അച്ഛനായിരുന്ന ഷെൻ മാർക്വി ക്വാൻറോങ് ഗോത്രവുമായി ചേർന്ന് പടിഞ്ഞാറൻ തലസ്ഥാനമായ ഹാവോജിങ് പിടിച്ചെടുക്കുകയും യൗ രാജാവിനെ 770 BC-യിൽ വധിക്കുകയും ചെയ്തു. അൾട്ടായി പർവ്വതമേഖലയിൽ നിന്ന് സ്കൈതിയന്മാർ നടത്തിയ ആക്രമണത്തിന് ഇതുമായി ബന്ധമുണ്ടായിരുന്നിരിക്കാം എന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്.[5] മിക്ക ഷൗ കുലീനരും വൈ നദീതടത്തിൽ നിന്ന് പിൻവാങ്ങുകയും പഴയ കിഴക്കൻ തലസ്ഥാനമായ ചെങ്ഷൗവിലേയ്ക്ക് മാറുകയും ചെയ്തു. ഇത് കിഴക്കൻ ഷൗ കാലഘട്ടത്തിന്റെ തുടക്കമാണ്. കിഴക്കൻ ഷൗ ഭരണകാലം വസന്തകാലത്തിന്റെയും ശർത്കാലത്തിന്റെയും ഘട്ടം, യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ കാലഘട്ടം എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്.
രാജാക്കന്മാർ
അവലംബം
ഗ്രന്ഥസൂചിക
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia