പറമ്പിൽ ചാണ്ടി മെത്രാൻ
കേരളത്തിലെ സുറിയാനിക്രിസ്ത്യാനികൾക്കിടയിൽ നിന്ന് കത്തോലിക്കാസഭയിൽ മെത്രാൻ പദവിയിലെത്തിയ ആദ്യത്തെ വ്യക്തി ആയിരുന്നു പറമ്പിൽ ചാണ്ടി മെത്രാൻ [1](മരണം: 1687). പള്ളിവീട്ടിൽ ചാണ്ടി മെത്രാൻ എന്നും അദ്ദേഹം അറിയപ്പെടുന്നു.[2] മലബാറിന്റെ വികാരി അപ്പസ്തോലിക്കയായിരുന്ന മാർ സെബസ്ത്യാനിയിൽ നിന്ന് 1663 ഫെബ്രുവരി 1-ന് മെത്രാൻ പട്ടം സ്വീകരിച്ചു[1]. യൂറോപ്യൻ രേഖകൾ അദ്ദേഹത്തെ പരാമർശിക്കുന്നത് "അലക്സാണ്ടർ ഡി കാമ്പോ" എന്ന പേരിലാണ്. ചാണ്ടി മെത്രാന്റെ വാഴ്ചയ്ക്കു മുൻപ്, കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ അവരുടെ സഭയിൽ എത്തിയിട്ടുള്ള ഏറ്റവും ഉയർന്ന സ്ഥാനം "അർക്കദ്യാക്കോൻ" പദവി ആയിരുന്നു. വിദേശ വൈദിക നേതൃത്വത്തിനെതിരെയുള്ള സുറിയാനിക്രിസ്ത്യാനികളുടെ പേരുകേട്ട കലാപമായ കൂനൻ കുരിശുസത്യത്തെ തുടർന്ന് സുറിയാനിക്രിസ്ത്യാനികളിൽ ബഹുഭൂരിപക്ഷവും റോമൻ കത്തോലിക്കാ നേതൃത്വവുമായി വിഘടിച്ചു നിന്ന പശ്ചാത്തലത്തിലാണ് ചാണ്ടി മെത്രാന്റെ നിയമനം നടന്നത്. വിഘടിതവിഭാഗം 12 പുരോഹിതന്മാരുടെ കൈയ്‌വയ്പോടെ മാർ തോമ്മാ ഒന്നാമൻ എന്ന പേരിൽ മെത്രാനായി വാഴിച്ച അന്നത്തെ അർക്കാദ്യാക്കോന്റെ ബന്ധുവും അദ്ദേഹം ഉൾപ്പെട്ട പകലോമറ്റം കുടുംബത്തിലെ അംഗവും ആയിരുന്നു ചാണ്ടി മെത്രാൻ.[3] വിഘടിതരിൽ വലിയൊരു വിഭാഗത്തെ പാശ്ചാത്യസഭാ മേൽക്കോയ്മയിലേക്കു തിരികെ കൊണ്ടുവരുന്നതിൽ ഇടക്കാലത്ത് നിയമിതനായ ഇറ്റലിക്കാരൻ കത്തോലിക്കാ മെത്രാൻ ജോസഫ് സെബസ്ത്യാനി നേടിയ വിജയം[3] ഉറപ്പിക്കുന്നതിൽ തന്ത്രപരമായ ഈ നിയമനം സഹായിച്ചു.[4] ഒടുവിൽ 71 പള്ളികൾ പൂർണ്ണമായും 18 പള്ളികൾ ഭാഗികമായും പുത്തൻകൂർ വിഭാഗത്തിൽ നിന്നും കത്തോലിക്കാസഭയുമായി രമ്യതയിലായി[1] കുറവിലങ്ങാട് ആസ്ഥാനമായാണ് ചാണ്ടി മെത്രാൻ കേരളസഭയെ ഭരിച്ചിരുന്നത്[1]. കുറവിലങ്ങാട് ഇടവകയുടെ കീഴിൽ 18 പള്ളികളാണ് അക്കാലത്ത് ഉണ്ടായിരുന്നത്[1]. 1663-ൽ ലന്തക്കാർ കൊച്ചി പിടിച്ചടക്കിയതിനെ തുടർന്ന് സെബസ്ത്യാനി മെത്രാനു കേരളം വിട്ടുപോകേണ്ടി വന്നതുകൊണ്ടാണ് ഒരു നാട്ടുകാരനെ മെത്രാനായി നിയമിച്ചത്. തന്ത്രപരമായ കാരണങ്ങളാൽ ഈ വിധം ഒരു നിയമനം നടത്തിയെങ്കിലും, ചാണ്ടിമെത്രാൻ ജീവിച്ചിരിക്കുമ്പൊൾ തന്നെ അദ്ദേഹത്തിന്റെ എതിർപ്പു വകവയ്ക്കാതെ ഒരു പോർത്തുഗീസുകാരന് ഇന്ത്യൻ സ്ത്രീയിൽ ജനിച്ച റഫായെൽ നിഗ്വറേദ അദ്ദേഹത്തിന്റെ സഹായമെത്രാനായി നിയമിക്കപ്പെട്ടു. ഈ സഹായമെത്രാൻ മിക്കവാറും കാര്യങ്ങളിൽ ചാണ്ടി മെത്രാനെ ധിക്കരിച്ച് തന്നിഷ്ടപ്രകാരം പ്രവർത്തിച്ചു കൊണ്ടിരുന്നു.[5] കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് ('കേരളാരാമം') എന്ന അമൂല്യഗ്രന്ഥത്തിന്റെ കർത്താവായ മത്തേവൂസ് എന്ന കർമ്മലീത്താ പാതിരിയും ചാണ്ടി മെത്രാന്റെ പാശ്ചാത്യ ഉപദേശകന്മാരിൽ ഒരാളായിരുന്നു[6] 1687-ൽ ചാണ്ടിമെത്രാന്റെ മരണത്തെ തുടർന്ന്, കേരളത്തിലെ സുറിയാനി കത്തോലിക്കർ വീണ്ടും വിദേശവൈദികനേതൃത്വത്തിലായി. അവർക്ക് തദ്ദേശീയനായ വൈദികമേലദ്ധ്യക്ഷനെ കിട്ടിയത് രണ്ടു നൂറ്റാണ്ടിലേറെക്കഴിഞ്ഞ്, 1896-ൽ മാത്രമാണ്.[7] അവലംബം
|
Portal di Ensiklopedia Dunia