പി.എം. അബ്ദുൽ അസീസ്
മലയാളത്തിലെ ചലച്ചിത്രസംവിധായകനും നാടകകൃത്തുമാണ് അസീസ് എന്നറിയപ്പെടുന്ന പി.എം. അബ്ദുൽ അസീസ് (1938 മാർച്ച് 29 - 2010 ഏപ്രിൽ 17). 1967ൽ ആദ്യമായി സംവിധാനം ചെയ്ത അവൾ എന്ന ചലച്ചിത്രം ശ്രദ്ധേയമായിരുന്നു. 1974ൽ ചാവേർപ്പട എന്ന കൃതിക്ക് മികച്ച നാടകഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. നിരവധി വിഷയങ്ങളിലായി 37 ഡോക്യുമെന്ററി സിനിമകൾ അസീസ് സംവിധാനം ചെയ്തിട്ടുണ്ട്. ജീവിതരേഖതൃശൂർ ജില്ലയിലെ പെരുമ്പിലാവിൽ പി.കെ. മുഹമ്മദിന്റെയും വി.എ. അയിഷയുടെയും മകനായി 1938 മാർച്ച് 29ന് ജനിച്ചു. ബി.എ., ബി.റ്റി. ബിരുദങ്ങൾ സമ്പാദിച്ചശേഷം രണ്ടുവർഷം സർക്കാർ സ്കൂൾ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. ഉദ്യോഗം രാജിവച്ച് പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു തിരക്കഥാരചനയിലും സംവിധാനത്തിലും ബിരുദങ്ങൾ നേടി. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെട്ടു. കുട്ടികൾ, പൂമൊട്ടുകൾ എന്നീ വിദ്യാർത്ഥി മാസികകളുടെ പത്രാധിപരായിരുന്നു. രണ്ടുവർഷം നവജീവൻ ദിനപത്രത്തിന്റെ സഹപത്രാധിപരായി ജോലി നോക്കി. അസീസിന്റെ ആദ്യകൃതിയാണ് ചാവേർപ്പട എന്ന നാടകം. ആധുനികമലയാളനാടകപ്രസ്ഥാനത്തിലെ ഒരു നാഴികക്കല്ലായി ഈ നാടകത്തെ കണക്കാക്കാം. പ്രേംജി, ജി. ശങ്കരപ്പിള്ള, മുല്ലനേഴി തുടങ്ങിയവരുടെ സഹകരണത്തോടെ വേദിയിൽ അവതരിപ്പിക്കപ്പെട്ട 'ചാവേർപ്പട' രചനയിലും അവതരണസങ്കേതങ്ങളിലും നൂതനത്വം പുലർത്തി. ഈ നാടകത്തിന് 1974ൽ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു[1]. 1975ൽ ഈ നാടകം ദേശീയനാടകോത്സവത്തിൽ അവതരിപ്പിച്ചു. ദേശീയതലത്തിൽ നടന്നിരുന്ന നാഷണൽ തിയേറ്റർ ഫെസ്റ്റിവലിലേക്ക് ആദ്യമായി തിരഞ്ഞെടുത്ത മലയാളനാടകമായിരുന്നു ഇത്[2]. ബലിക്കാക്ക, വാടകവീട്, ദ..ദ..ദ.. എന്നിവയാണ് അസീസിന്റെ മറ്റു നാടകങ്ങൾ. മഹാഭാരതത്തിലെ കർണകഥ കർണപക്ഷത്തുനിന്നും വീക്ഷിച്ച് കൂടിയാട്ടത്തിന്റെ അവതരണസാധ്യതകൾ ഉപയോഗപ്പെടുത്തി അവതരിപ്പിക്കുന്ന ദ..ദ..ദ.. (1993) പരീക്ഷണനാടകമാണ്. മൂന്നു നോവലെറ്റുകളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവൾ (1967), മാൻപേട (1971), ഞാവൽപ്പഴങ്ങൾ (1976), അത്യുന്നതങ്ങളിൽ കൂടാരം പണിതവർ, കളിയോടം (2003) എന്നീ കഥാചിത്രങ്ങളും സായാഹ്നകോടതി, കവികൾ കല്പനകൾ, എണ്ണപ്പാടം എന്നീ ടിവി സീരിയലുകൾ കൂടിയാട്ടം, മോഹിനിയാട്ടം തുടങ്ങി മുപ്പതിലേറെ ഡോക്യുമെന്ററികളും അസീസ് സംവിധാനം ചെയ്യുകയുണ്ടായി. ഡോക്യുമെന്ററികളിൽ ചിലതു സംസ്ഥാനതലത്തിലും ദേശീയതലത്തിലും അവാർഡു നേടിയിട്ടുണ്ട്. ഹോട്ടൽ കോൺകോർഡ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായി അസീസ് പ്രവർത്തിച്ചിരുന്നു. 2010 ഏപ്രിൽ 17ന് ഏഴുപത്തഞ്ചാം വയസ്സിൽ അസീസ് മരിച്ചു. പുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia