പി.കെ. ഗുരുദാസൻ
വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിലെ(2006-2011) സംസ്ഥാന എക്സൈസ്, തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന കൊല്ലം ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവാണ് പി.കെ.ഗുരുദാസൻ 2006, 2011 നിയമസഭകളിൽ കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[1][2] ജീവിതരേഖകൊല്ലം ജില്ലയിലെ പരവൂർ താലൂക്കിലെ കോങ്ങാൽ പഞ്ചായത്തിൽ പനമൂട്ടിൽ കൃഷ്ണൻ്റെയും യശോദയുടേയും മകനായി 1935 ജൂലൈ പത്തിന് ജനനം. പനമൂട്ടിൽ കൃഷ്ണൻ ഗുരുദാസൻ എന്നതാണ് ശരിയായ പേര്. പിന്നീട് പി.കെ.ഗുരുദാസൻ എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. തെക്കുംഭാഗം ഗവ. എച്ച്എസ്എസ്, പരവൂർ എച്ച്എൻവി സ്കൂൾ, കോട്ടപ്പുറം എച്ച്എസ്എസ്, എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗുരുദാസൻ കൊല്ലം എസ്എൻ കോളേജിൽ നിന്ന് ഇൻ്റർമീഡിയറ്റ് പാസായി. 1953-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ഗുരുദാസൻ 1954-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരവൂർ ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി. 1964-ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതോടെ മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1964 മുതൽ 1977 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ ചാത്തന്നൂർ ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായും 1977 മുതൽ 1980 വരെ കൊല്ലം ഏരിയാ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. 1964 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും 1977-ൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും 1981 മുതൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ഗുരുദാസൻ 1981 മുതൽ 1998 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. 1998-ൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, കേന്ദ്രകമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കെ.രാജഗോപാൽ കൊല്ലം ജില്ലാ സെക്രട്ടറിയായി. 2000 ആണ്ടിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയായും അഖിലേന്ത്യ സെക്രട്ടറിയായും പ്രവർത്തിച്ച ഗുരുദാസൻ 2003-ൽ സിഐടിയുവിൻ്റെ അഖിലേന്ത്യ വൈസ് പ്രസിഡൻ്റായി. 2002-ലെ കണ്ണൂർ സംസ്ഥാന സമ്മേളനത്തോടെ മാർക്സിസ്റ്റ് പാർട്ടി വി.എസ് പക്ഷം, പിണറായി പക്ഷം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വിഘടിച്ച് മാറിയപ്പോൾ സംസ്ഥാനത്തെ പാർട്ടിയിൽ വി.എസ്.അച്യുതാനന്ദൻ്റെ വിശ്വസ്ഥനായ വലംകൈയായിരുന്നു ഗുരുദാസൻ. 2001-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ വർക്കലയിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്ന് ആദ്യമായി നിയമസഭാംഗമായ ഗുരുദാസൻ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ 2006 മുതൽ 2011 വരെ നിലവിലിരുന്ന പന്ത്രണ്ടാം കേരള നിയമസഭയിലെ സംസ്ഥാന എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. 2011-ൽ കൊല്ലത്ത് നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2015-ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും 2018-ൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവായി. 2015 മുതൽ 2022 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയിൽ ക്ഷണിതാവ് അംഗമായും 2018 മുതൽ 2022 വരെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായും പ്രവർത്തിച്ചു. നിലവിൽ 2022 മുതൽ പാർട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ്.[3] സ്വകാര്യ ജീവിതം
തിരഞ്ഞെടുപ്പുകൾ
അവലംബം
P. K. Gurudasan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. Facebook [[1]] |
Portal di Ensiklopedia Dunia