പിങ്ക് ഫ്ലോയ്ഡ്
ഇംഗ്ലണ്ടിൽനിന്നുള്ള ഒരു സംഗീത സംഘമാണ് പിങ്ക് ഫ്ലോയ്ഡ്. ആദ്യകാലങ്ങളിൽ സൈക്കാഡെലിക് റോക്ക്, സ്പേസ് റോക്ക് രീതികളിലൂടെ ശ്രദ്ധനേടിയ ഇവർ പിന്നീട് പ്രോഗ്രസീവ് റോക്കിലേക്ക് ചുവട്മാറ്റി. തത്ത്വചിന്താപരമായ വരികളും പുതുമയയുള്ള കവർ ആർട്ടുകളും വിപുലമായ തത്സമയ പരിപാടികളും ഇവരുടെ പ്രത്യേകതകളാണ്. സർവ്വകലാശാല വിദ്യാർത്ഥികളായിരുന്ന റോജർ വാട്ടേഴ്സ്,നിക്ക് മാസൺ,റിച്ചാർഡ് റൈറ്റ്,സിഡ് ബാരറ്റ് എന്നിവർ ചേർന്ന് 1965ലാണ് പിങ്ക് ഫ്ലോയ്ഡിന് രൂപം നല്കിയത്. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് 1968ഇൽ ബാരറ്റ് സംഘം വിടുകയുണ്ടായി. ഇതിന് എതാനും മാസങ്ങൾക്ക് മുമ്പാണ് ഗിറ്റാറിസ്റ്റ് ഡേവിഡ് ഗിൽമർ സംഘത്തിലേക്ക് വരുന്നത്.ബാരറ്റ് വിട്ടുപോയ ശേഷം ബാസിസ്റ്റ് റോജർ വാട്ടേഴ്സ് പിങ്ക് ഫ്ലോയ്ഡിന്റെ നേതൃത്ത്വത്തിലേക്ക് ഉയർന്നു വന്നു. തുടർന്ന് റിലീസ് ചെയ്ത ദ ഡാർക്ക് സൈഡ് ഓഫ് ദ മൂൺ(1973), വിഷ് യു വേർ ഹിയർ(1975), അനിമൽസ് (1977), ദ വാൾ (1979) എന്നീ ആൽബങ്ങൾ ലോകമെങ്ങും വൻവിജയം കൊയ്തു.റോക്ക് സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നായ ഇവരുടെ 20 കോടി ആൽബങ്ങൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. അതിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ മാത്രം വില്പന 7.45 കോടി ആൽബങ്ങളാണ്. |
Portal di Ensiklopedia Dunia