പൂർവ തമിഴ്-മലയാള വാദംമലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് പൂർവ്വ തമിഴ്-മലയാള വാദം. പൂർവ്വദ്രാവിഡഭാഷയിൽ നിന്ന് കന്നഡവും തെലുങ്കും വേർപിരിഞ്ഞതിനു ശേഷം പൂർവ തമിഴ്-മലയാളം എന്ന ഒരു പൊതു ഭാഷാ കാലഘട്ടം ഉണ്ടായിരുന്നുവെന്നാണ് ഈ സിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നത്. പൂർവ്വ തമിഴ്-മലയാളത്തെ ഇരുഭാഷകളുടെയും പൂർവ്വഘട്ടമായി വിശദീകരിക്കുന്നവരിൽ പ്രമുഖർ എൽ.വി. രാമസ്വാമി അയ്യർ, കാമിൽ സ്വലബിൽ, എസ്.വി. ഷണ്മുഖം മുതലായവരാണ്. മറ്റു ഭാഷോദ്ഭവസിദ്ധാന്തങ്ങൾക്ക് വിരുദ്ധമല്ല പൂർവ്വ തമിഴ്-മലയാളം എന്ന സങ്കല്പം. തമിഴിനും മലയാളത്തിനും ഒരു പൊതുപൂർവ്വഘട്ടമുണ്ടായിരുന്നതായി മിക്ക ഭാഷാപണ്ഡിതരും സമ്മതിക്കുന്നുണ്ട്. ഹെർമ്മൻ ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ “വിഭിന്നഭാഷകളെന്നതിനെക്കാൾ ദ്രാവിഡഗോത്രത്തിലെ ഒരേ അംഗത്തിന്റെ ഉപഭാഷകളെന്നനിലയിലാണ് ഈ രണ്ടുഭാഷകൾ പഴയകാലത്ത് വേർതിരിയുന്നത്.”[1]. "തമിഴ്‌മലയാളങ്ങൾ ഒരു ഭാഷയുടെതന്നെ രൂപാന്തരങ്ങളാണെന്നും" "തമിഴും മലയാളവും ഒന്നു തന്നെ" എന്നും കേരളപാണിനീയത്തിൽ ഏ.ആർ. പരാമർശിക്കുന്നു[2] മൂലദ്രാവിഡഭാഷയിൽനിന്ന് തെലുങ്ക് കർണ്ണാടകങ്ങൾ പിരിഞ്ഞതിനു ശേഷം തമിഴും മലയാളവും ഒന്നിച്ചായിരുന്ന ഒരു പൂർവ്വദശയുണ്ടായിരുന്നു എന്നും ആ പൂർവ്വഭാഷ പിൽക്കാലത്ത് പല സ്വാധീനതകൾക്കും വിധേയമായി രണ്ടു സ്വതന്ത്രഭാഷകളായി ഉരുത്തിരിഞ്ഞു എന്ന് ഇളംകുളവും പ്രസ്താവിക്കുന്നു[3] . ശങ്കരൻ നമ്പ്യാരുടെ നിലപാട്പൊതുപൂർവ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പുറപ്പെടുവിക്കുന്നത് പി. ശങ്കരൻ നമ്പ്യാരാണ്. മൂലദ്രാവിഡഭാഷ കാലഭേദം, ദേശഭേദം, യോഗഭേദം മുതലായ അനേകം കാരണങ്ങളാൽ തമിഴ്, കർണ്ണാടകം, തുളു, തെലുങ്ക്, കുടക് എന്നിങ്ങനെ അഞ്ചു പ്രധാനശാഖകളായിപ്പിരിയുകയാണുണ്ടായത്; ഇതിൽ തമിഴ്(മുൻതമിഴ്) രണ്ടായി പിരിഞ്ഞതിൽനിന്നാണ് മലയാളമുണ്ടായത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. "ചെന്തമിഴിന്റെ വ്യവസ്ഥിതികാലത്തിനു മുൻപുതന്നെ മലയാളം ഒരു പ്രത്യേകഭാഷാത്വത്തെ സമ്പാദിച്ചിരുന്നു" എന്നും "മൂലദ്രാവിഡകുടുംബത്തിലെ ഒരംഗവും മുത്തമിഴിന്റെ പുത്രിയും ചെന്തമിഴിന്റെ സഹോദരിയും ആയിട്ടാണ് മലയാളഭാഷ നിലനിൽക്കുന്നത്" എന്നും അദ്ദേഹം വിശദീകരിക്കുന്നു.[4] എൽ.വി. രാമസ്വാമി അയ്യർതമിഴിലും മലയാളത്തിലും സ്വനതലത്തിലും രൂപതലത്തിലും വ്യാകരണതലത്തിലുമുള്ള പ്രാഗ്രൂപസംരക്ഷണത്തിന്റെയും നവപ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ അവ തമ്മിലുള്ള സാജാത്യവൈജാത്യങ്ങൾ എടുത്തുപറയുന്നു എൽ.വി. രാമസ്വാമി അയ്യർ. മലയാളം പ്രാചീനമദ്ധ്യകാലത്തമിഴിനോടാണ് (Early Middle Tamil) ഉല്പത്തിപരമായി ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. പ്രാചീനമദ്ധ്യകാലത്തമിഴ് എന്നതുകൊണ്ട് സംഘകാലത്തിനു ശേഷമുള്ള (ഏതാണ്ട് ക്രി.പി. അഞ്ചാംനൂറ്റാണ്ട്) തമിഴിനെയാണ് ഉദ്ദേശിക്കുന്നത്. നാമം, സർവ്വനാമം, ക്രിയ എന്നിവയിൽ പ്രാചീനമദ്ധ്യകാലത്തമിഴിനും മലയാളത്തിനുമുള്ള സാദൃശ്യങ്ങൾ എൽ.വി.ആർ. ഉദാഹരിക്കുന്നുണ്ട്. മലയാളം പൂർവ്വദ്രാവിഡത്തിന്റെ സ്വതന്ത്രശാഖയാണെന്ന വാദത്തെ ഒന്നൊന്നായി എടുത്ത് അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ ഖണ്ഡിക്കുന്നു[5]. സ്വലബിലിന്റെ സിദ്ധാന്തംപൂർവ്വ ദക്ഷിണദ്രാവിഡത്തെ രണ്ടു ശാഖകളായി വേർതിരിച്ചു കാണിക്കേണ്ടതുണ്ടെന്ന് സ്വലബിൽ ചൂണ്ടിക്കാട്ടുന്നു. അവ തമിഴ്-മലയാളം. കർണ്ണാടകം എന്നിവയാണ്. പൂർവ്വ ദക്ഷിണദ്രാവിഡത്തിലെ മറ്റ് അംഗഭാഷകളിൽ കാണാത്തതും തമിഴ്-മലയാളങ്ങളിൽ മാത്രമുള്ളതുമായ പ്രാക്തനസ്വഭാവങ്ങളും നവപരിവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രൂപപരമായ പല സമാനതകളും തമിഴ്‌മലയാളങ്ങളുടെ ഏകീകൃതഘട്ടത്തെ സൂചിപ്പിക്കുന്നവയാണ്. ഏതാണ്ട് പൂർവ്വ മദ്ധ്യകാല തമിഴിൽനിന്നാണ് പടിഞ്ഞാറൻ തീരത്തെ ഭാഷാഭേദം അകന്ന് സ്വതന്ത്രഭാഷയായി രൂപപ്പെടാൻ തുടങ്ങുന്നതെന്ന് സ്വലബിലും പറയുന്നു. മലയാളത്തിനും തമിഴിനും സംഭവിച്ച നവപ്രവർത്തനങ്ങളും സ്വലബിൽ ഉദാഹരിക്കുന്നുണ്ട്. ചരിത്രപരമോ സാംസ്കാരികമോ സാമൂഹികമോ ആയ പ്രതിഭാസങ്ങൾ പരിഗണിക്കാതെ ഭാഷാപരമായ തെളിവുകൾ മാത്രം ആശ്രയിച്ച് ഉന്നയിച്ചിട്ടുള്ള സിദ്ധാന്തമാണ് സ്വലബിലിന്റേത്. നിഗമനത്തിൽ എൽ.വി. രാമസ്വാമി അയ്യരുടെ നിരീക്ഷണത്തിൽനിന്ന് വളരെയൊന്നും ഭിന്നമല്ല സ്വലബിലിന്റെ സിദ്ധാന്തം. [6] ഏ. ഗോവിന്ദൻകുട്ടിയുടെയും എസ്.വി. ഷണ്മുഖത്തിന്റെയും സിദ്ധാന്തങ്ങൾനവപ്രവർത്തനങ്ങളും പൂർവ്വരൂപസംരക്ഷണങ്ങളും ഉദാഹരിച്ച് പൂർവ്വ തമിഴ്-മലയാളത്തിൽനിന്നാണ് മലയാളത്തിന്റെ ഉല്പത്തിയെന്ന് മൗലികമായിത്തന്നെ സ്ഥാപിക്കുന്നവയാണ് ഏ. ഗോവിന്ദൻകുട്ടിയുടെയും എസ്.വി. ഷണ്മുഖത്തിന്റെയും പിൽക്കാലത്തുണ്ടായ സിദ്ധാന്തങ്ങൾ. സ്വലബിലിന്റെ കാലഘട്ടനിർണ്ണയം തുടങ്ങിയ കാര്യങ്ങളിൽ അല്പസ്വല്പം ഭേദങ്ങൾ ഇവരുടെ നിരീക്ഷണങ്ങളിൽ കാണാം. [7] അവലംബം
|
Portal di Ensiklopedia Dunia