ഒരു ഇറ്റാലിയൻകണിക ഭൗതികശാസ്ത്രജ്ഞയാണ്ഫാബിയോള ജിയാനോട്ടി (ഇറ്റാലിയൻ: [faˈbiːola dʒaˈnɔtti]; ജനനം 29 ഒക്ടോബർ 1960). കൂടാതെ ജിയാനോട്ടി സ്വിറ്റ്സർലൻഡിലെ CERN (യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്) ൽ ഡയറക്ടർ ജനറലാകുന്ന ആദ്യ വനിതയാണ്.[4][5]2016 ജനുവരി 1 ന് ആരംഭിച്ച അവരുടെ ആദ്യ അധികാരം അഞ്ച് വർഷത്തേക്ക് നീണ്ടുനിന്നു. 2019 ലെ 195-ാമത് സെഷനിൽ, CERN കൗൺസിൽ അഭൂതപൂർവമായി രണ്ടാം തവണയും ഡയറക്ടർ ജനറലായി ജിയാനോട്ടിയെ തിരഞ്ഞെടുത്തു. അവരുടെ രണ്ടാമത്തെ അഞ്ച് വർഷത്തെ കാലാവധി 2021 ജനുവരി 1-ന് തുടങ്ങി 2025 വരെ നീളും. CERN-ന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഡയറക്ടർ ജനറലിനെ രണ്ടാം തവണയും നിയമിക്കുന്നത്. [6]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
ചെറുപ്പം മുതലേ, ജിയാനോട്ടിക്ക് പ്രകൃതിയോടും അവൾക്കു ചുറ്റുമുള്ള ലോകത്തോടും താൽപ്പര്യമുണ്ടായിരുന്നു. സിസിലിയിൽ നിന്നുള്ള അവരുടെ അമ്മ, ജിയാനോട്ടിയെ ഫൈൻ ആർട്സിൽ പ്രവേശിക്കാൻ പ്രോത്സാഹിപ്പിച്ചു. പീഡ്മോണ്ടിൽ നിന്നുള്ള ഒരു പ്രഗത്ഭനായ ജിയോളജിസ്റ്റായ അവരുടെ പിതാവ് പഠനത്തോടുള്ള അവരുടെ ആദ്യകാല ഇഷ്ടത്തെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ശാസ്ത്ര താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. [7][8]
മേരി ക്യൂറിയെക്കുറിച്ചുള്ള ജീവചരിത്രം വായിച്ചതിനുശേഷം ജിയാനോട്ടി ശാസ്ത്ര ഗവേഷണത്തോടുള്ള തന്റെ അഭിനിവേശം കണ്ടെത്തി. മുമ്പ്, അവർ സംഗീതത്തിലും തത്ത്വചിന്തയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലൈസിയോ ക്ലാസിക്കോയിൽ ഹ്യുമാനിറ്റീസ് പഠിച്ചിരുന്നു. [9][10] ജിയാനോട്ടി 1989 ൽ മിലാൻ സർവകലാശാലയിലെ ഫിസിക്സ് വിഭാഗത്തിൽ നിന്ന് പരീക്ഷണാത്മക കണിക ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. [11]
ജീവിതവും കരിയറും
അക്കാദമിക്, പ്രൊഫഷണൽ കരിയർ
1996 മുതൽ, ജിയാനോട്ടി CERN ൽ ജോലി ചെയ്തിട്ടുണ്ട്. ഒരു ഫെലോഷിപ്പിൽ തുടങ്ങിയ ജിയാനോട്ടി പിന്നീട് ഒരു മുഴുവൻ സമയ ഗവേഷണ ഭൗതികശാസ്ത്രജ്ഞയായി അവിടെ തുടരുന്നു. 2009 -ൽ അറ്റ്ലസ് കൊളാബ്രേഷന്റെ പ്രൊജക്റ്റ് ലീഡറും വക്താവും ആയി അവർ അവരോധിക്കപ്പെട്ടു. CERN- ലെ WA70, UA2, ALEPH പരീക്ഷണങ്ങളിലും അവർ പ്രവർത്തിച്ചു. അവിടെ അവർ ഡിറ്റക്ടർ വികസനം, സോഫ്റ്റ്വെയർ വികസനം, ഡാറ്റ വിശകലനം എന്നിവയിൽ അവർ പങ്കെടുത്തു. 2016 ൽ അവർ CERN- ന്റെ ആദ്യ വനിതാ ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം വീണ്ടും രണ്ടാം തവണയും അവർ അവിടെ നിയമിക്കപ്പെട്ടു. 2025 വരെ ഈ ഉദ്യോഗം തുടരും. [6][12]
ഫ്രാൻസിലെ സിഎൻആർഎസിന്റെ സയന്റിഫിക് കൗൺസിൽ [13] യുഎസ്എയിലെ ഫെർമിലാബിന്റെ ഫിസിക്സ് അഡ്വൈസറി കമ്മിറ്റി, യൂറോപ്യൻ ഫിസിക്കൽ സൊസൈറ്റി, ജർമ്മനിയിലെ സയന്റിഫിക് കൗൺസിൽ ഓഫ് ഡിഇഎസ്‌ഇ ലബോറട്ടറി കൂടാതെ നെതർലാൻഡിലെ NIKHEF [14] എന്ന ശാസ്ത്ര ഉപദേശക സമിതി തുടങ്ങിയ നിരവധി അന്താരാഷ്ട്ര കമ്മിറ്റികളിൽ അവർ അംഗമായിരുന്നു. [15] അവർ യുഎൻ സെക്രട്ടറി ജനറലിന്റെ സയന്റിഫിക് അഡ്വൈസറി ബോർഡ് [15] അംഗമാണ്. 2018 ൽ റോയൽ സൊസൈറ്റിയുടെ (ForMemRS) വിദേശ അംഗമായി അവർ തിരഞ്ഞെടുക്കപ്പെട്ടു.[16]
യുഎസ് നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ വിദേശ അസോസിയേറ്റ് അംഗവും ഫ്രഞ്ച് അക്കാദമി ഓഫ് സയൻസിന്റെ വിദേശ അസോസിയേറ്റ് അംഗവുമായ ജിയാനോട്ടി ഇറ്റാലിയൻ അക്കാദമി ഓഫ് സയൻസസ് (അക്കാഡേമിയ നാസിയോണൽ ഡെയ് ലിൻസി) അംഗമാണ്. 2019 ൽ അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റി അംഗമായും അവർ തിരഞ്ഞെടുക്കപ്പെട്ടു.
CERN ലെ ലാർജ് ഹാഡ്രൺ കൊളൈഡറിലെ ജോലിയെക്കുറിച്ചുള്ള 2013 ലെ ഡോക്യുമെന്ററി ചിത്രമായ പാർട്ടിക്കിൾ ഫീവറിലും ജിയാനോട്ടി പ്രത്യക്ഷപ്പെട്ടു.
ലോക സാമ്പത്തിക ഫോറത്തിന്റെ ട്രസ്റ്റീ ബോർഡ് അംഗമാണ് ഗിയാനോട്ടി.[17]
ഹിഗ്സ് ബോസോൺ കണ്ടെത്തൽ
ഗിയാനോട്ടി അറ്റ്ലാസ്സിന്റെ പ്രോജക്ട് ലീഡറും വക്താവുമായിരുന്ന കാലത്ത്, അടിസ്ഥാനകണം ആയ ഹിഗ്സ് ബോസോണിന്റെ നിരീക്ഷണത്തിൽ ഉൾപ്പെട്ട രണ്ട് പരീക്ഷണങ്ങളിൽ ഒന്നായിരുന്നു ഹിഗ്സ് ബോസോൺ കണ്ടെത്തൽ. 2012 ജൂലൈ 4 ന് ഗിയാനോട്ടി കണികയുടെ കണ്ടെത്തൽ പ്രഖ്യാപിച്ചു. നിരീക്ഷണം വരെ, ഹിഗ്സ് ബോസോൺ കണിക ഭൗതികശാസ്ത്രത്തിന്റെ സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തമനുസരിച്ച് പൂർണ്ണമായും സാങ്കല്പികമായ ഭാഗമായിരുന്നു. അറ്റ്ലാസ് പരീക്ഷണത്തെക്കുറിച്ചുള്ള ഗിയാനോട്ടിയുടെ ആഴത്തിലുള്ള ധാരണയും അവരുടെ നേതൃത്വവും കണ്ടെത്തലിലെ പ്രധാന ഘടകങ്ങളായി അംഗീകരിക്കപ്പെട്ടു.[8],[18]
പ്രസിദ്ധീകരണങ്ങൾ
ജിയാനോട്ടി പിയർ റിവ്യൂഡ് സയന്റിഫിക് ജേണലുകളിലെ 500-ലധികം പ്രസിദ്ധീകരണങ്ങളുടെ രചയിതാവും സഹ-രചയിതാവും ആണ്.[19] ഈ മേഖലയിലെ പ്രധാന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ 30-ലധികം ക്ഷണിക്കപ്പെട്ട സമഗ്രമായ പ്രഭാഷണങ്ങൾ അവർ നൽകിയിട്ടുണ്ട്.
അവരുടെ ഏറ്റവും ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളിൽ CERN അവതരിപ്പിച്ച ഹിഗ്സ് ബോസോണിന്റെ നിരീക്ഷണം "എൽഎച്ച്സിയിൽ സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തമനുസരിച്ച് അറ്റ്ലാസ് ഡിറ്റക്ടർ ഉപയോഗിച്ച് ഹിഗ്സ് ബോസോണിനായുള്ള തിരയലിൽ ഒരു പുതിയ കണികയുടെ നിരീക്ഷണം" [20] "ഐഒപി സയൻസ്, ന്യൂ ജേണൽ ഓഫ് ഫിസിക്സിൽ" ഹൈ-എനർജി കൊളൈഡറുകളിൽ സൂപ്പർസിമെട്രിക്കായുള്ള തിരയലുകൾ: ഭൂതകാലവും വർത്തമാനവും ഭാവിയും" [21]എപിഎസ് ഫിസിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച "കണികാ ഭൗതികശാസ്ത്രത്തിനായുള്ള കലോറിമെട്രി" എന്നിവ ഉൾപ്പെടുന്നു. [22]
തൊഴിൽ അന്തരീക്ഷം
പുരുഷാധിപത്യമുള്ള മേഖലയിൽ വിജയിക്കാൻ ഗിയാനോട്ടിക്ക് മുൻകാല തടസ്സങ്ങൾ മറികടക്കേണ്ടി വന്നു. യൂറോപ്യൻ ശാസ്ത്ര സമൂഹത്തിൽ, ഓരോ സ്ത്രീക്കും രണ്ട് പുരുഷന്മാരായിരുന്നു കണക്ക്. ATLAS പദ്ധതിയിൽ പ്രവർത്തിച്ച ടീമിൽ 20% മാത്രമേ സ്ത്രീകളുണ്ടായിരുന്നുള്ളൂ.[10] CERN-ന്റെ ആദ്യത്തെ വനിതാ ഡയറക്ടർ ജനറലായിരുന്നു ഗിയാനോട്ടി, 2012-ൽ CERN ൽ ഏറ്റവും വലിയ രണ്ട് പരീക്ഷണങ്ങൾക്ക് അവർ നേതൃത്വം നൽകി. തന്റെ ലിംഗഭേദം കാരണം താൻ ഒരിക്കലും വിവേചനം നേരിട്ടിട്ടില്ലെന്ന് അവർ തറപ്പിച്ചുപറയുന്നു, "എനിക്ക് ഒരിക്കലും വിവേചനം അനുഭവപ്പെട്ടുവെന്ന് എനിക്ക് സ്വയം പറയാൻ കഴിയില്ല ... ഒരുപക്ഷേ ഞാൻ അങ്ങനെയായിരിക്കാം, പക്ഷേ ഞാൻ വിവേചനം തിരിച്ചറിഞ്ഞില്ല." വനിതാ ശാസ്ത്രജ്ഞർക്കായി സൃഷ്ടിച്ച പുരുഷാധിപത്യ മേഖലയെ തകർക്കാൻ ഗിയാനോട്ടി സഹായിക്കുന്നു.[23] കുട്ടികളുണ്ടാകുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ പിന്തുണ നൽകാൻ അവർ പ്രത്യേകം ആഗ്രഹിക്കുന്നു. തനിക്ക് ഒരിക്കലും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലെന്ന് അവർ കരുതുന്നു. ഇക്കാരണത്താൽ, ഒരിക്കലും അവർക്ക് കുട്ടികൾ ഉണ്ടായില്ല. ആ തീരുമാനത്തിൽ അവർ ഇപ്പോൾ ഖേദിക്കുന്നുണ്ട്.[10]
ബഹുമതികളും അവാർഡുകളും
2011-ൽ ദി ഗാർഡിയൻ പത്രത്തിന്റെ 'ഏറ്റവും പ്രചോദനാത്മകമായ 100 സ്ത്രീകളിൽ' ജിയാനോട്ടി ഇടം നേടി.[24] 2012-ൽ ടൈം മാസികയുടെ 'പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ'-ൽ അഞ്ചാം സ്ഥാനവും, അതേ വർഷം തന്നെ ടൈം മാസികയുടെ 'പേഴ്‌സൺ ഓഫ് ദി ഇയർ'-ൽ രണ്ടാം സ്ഥാനവും,[25]നേടി. 2013-ൽ ഫോർബ്‌സ് മാസികയുടെ 'ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളിൽ' ഇടം നേടുകയും ചെയ്തു, [9]2013-ൽ ഫോറിൻ പോളിസി മാഗസിൻ '2013-ലെ പ്രമുഖ ആഗോള ചിന്തകരിൽ' ഒരാളായി പരിഗണിക്കപ്പെട്ടതും ജിയാനോട്ടിയെയാണ്.[26]
ഉപ്സാല സർവകലാശാല,[27] എക്കോൾ പോളിടെക്നിക് ഫെഡറേൽ ഡി ലൗസാൻ (EPFL),[28] മക്ഗിൽ സർവകലാശാല,[29] ഓസ്ലോ സർവകലാശാല,[30]എഡിൻബർഗ് സർവകലാശാല, നേപ്പിൾസ് ഫെഡറിക്കോ II സർവകലാശാല,[31] ചിക്കാഗോ സർവകലാശാല,[32]സാവോയ് സർവകലാശാല,[33] വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് [34]എന്നിവയിൽ നിന്ന് അവർക്ക് ഓണററി ഡോക്ടറൽ ബിരുദങ്ങൾ ലഭിച്ചിട്ടുണ്ട്.[35]
2012 ഡിസംബറിൽ, മിലാൻ മുനിസിപ്പാലിറ്റി അവർക്ക് സ്വർണ്ണ മെഡൽ ("അംബ്രോജിനോ ഡി'ഓറോ" എന്നറിയപ്പെടുന്നു, മിലാനിലെ രക്ഷാധികാരിയായവിശുദ്ധ അംബ്രോസിന്റെ പേരിലുള്ള) നൽകി ആദരിച്ചു.[40]
CERN ഹിഗ്സ് ബോസോണിന്റെ കണ്ടെത്തൽ പ്രഖ്യാപിച്ചപ്പോൾ, ഫലങ്ങളുടെ അവതരണത്തിൽ ഗിയാനോട്ടി കോമിക് സാൻസ് ടൈപ്പ്ഫേസ് ഉപയോഗിച്ചതിൽ നിന്ന് ചില വിവാദങ്ങൾ ഉയർന്നുവന്നു.[44]ഭൗതികശാസ്ത്രജ്ഞനായ ആൽബി റീഡ്, ഫോണ്ടിന്റെ പേര് കോമിക് സെർൺസ് എന്ന് മാറ്റണമെന്ന് മൈക്രോസോഫ്റ്റിനോട് ആവശ്യപ്പെട്ട് ഒരു ഓൺലൈൻ നിവേദനം ആരംഭിച്ചു.[45] ഫോണ്ടിന്റെ സ്രഷ്ടാവായ വിൻസെന്റ് കൊണെയർ നിവേദനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.[45]മുൻ അവതരണങ്ങളിൽ ഗിയാനോട്ടി കോമിക് സാൻസ് ഉപയോഗിച്ചിരുന്നു. പക്ഷേ അവതരിപ്പിച്ച മെറ്റീരിയലിന്റെ പ്രാധാന്യം മൂലമാണ് വിവാദം ഉടലെടുത്തത്.[46]
വ്യക്തിജീവിതം
ജിയാനോട്ടി പരിശീലനം ലഭിച്ച ഒരു ബാലേ നർത്തകിയാണ്. പിയാനോ വായിക്കുന്ന അവർ ഒരിക്കലും വിവാഹിതയായിട്ടില്ല; ന്യൂയോർക്ക് ടൈംസിലെ ജിയാനോട്ടിയെക്കുറിച്ചുള്ള ഒരു പ്രൊഫൈലിൽ, ഡച്ച് ഭൗതികശാസ്ത്രജ്ഞനായ റെൻഡെ സ്റ്റീറൻബർഗ് അവരെ "ഭൗതികശാസ്ത്രത്തിനായി ജീവിതം സമർപ്പിച്ചു... തീർച്ചയായും, അവർ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്" എന്ന് വിശേഷിപ്പിച്ചു.[47]
2010-ലെ ഒരു അഭിമുഖത്തിൽ, ശാസ്ത്രവും വിശ്വാസവും തമ്മിൽ ഒരു വൈരുദ്ധ്യവും താൻ കണ്ടില്ലെന്നും അവ "രണ്ട് വ്യത്യസ്ത മേഖലകളിൽ" പെട്ടതാണെന്നും ഗിയാനോട്ടി പറയുകയുണ്ടായി.[48]ലാ റിപ്പബ്ലിക്കയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ, "ശാസ്ത്രവും മതവും പരസ്പരവിരുദ്ധമല്ലെങ്കിലും വ്യത്യസ്ത വിഷയങ്ങളാണ്" നിങ്ങൾക്ക് ഒരു ഭൗതികശാസ്ത്രജ്ഞനാകാം, വിശ്വാസം ഉണ്ടായിരിക്കാം അല്ലെങ്കിൽ ഇല്ലായിരിക്കാം. ദൈവവും ശാസ്ത്രവും ശരിയായ അകലം പാലിക്കുന്നതാണ് നല്ലത്." എന്ന് അവർ പറയുകയുണ്ടായി.[49]
↑Castelvecchi, Davide (2014). "Higgs hunter will be CERN's first female director: Italian physicist Fabiola Gianotti will take the reins at the European physics powerhouse in 2016". Nature. doi:10.1038/nature.2014.16287. S2CID124442791.