ഫുക്കുഷിമ ആണവ അപകടങ്ങൾ
2011 മാർച്ച് 11-ലെ സെന്ദായ് ഭൂചലത്തെയും സുനാമിയെയും തുടർന്ന് ഫുക്കുഷിമ ആണവവൈദ്യുതനിലയങ്ങളിൽ ഉണ്ടായ സംഭവങ്ങളുടെ നിരയെയാണ് ഫുക്കുഷിമ ആണവ അപകടങ്ങൾ എന്നു പറയുന്നത്. മാർച്ച് 13-ലെ കണക്കുപ്രകാരം സമാനമായ സംഭവങ്ങൾ 11.5 കിലോമീറ്റർ തെക്കുള്ള ഫുക്കുഷിമ-2 ലും ഒനഗാവാ ആണവ വൈദ്യുതനിലയത്തിലും നടക്കുന്നുണ്ട്. ഫുക്കുഷിമ ഒന്നിലെ ഒന്നാം നമ്പർ റിയാക്ടറാണ് ആദ്യം പൊട്ടിത്തെറിച്ചത്. സുനാമി മൂലം റിയാക്ടർ തണുപ്പിക്കുന്ന പമ്പുകൾ വൈദ്യുതി ലഭിക്കാതെ പ്രവർത്തന രഹിതമായതിനെ തുടർന്ന് റിയാക്ടർ കോർ തണുപ്പിക്കാനുള്ള സംവിധാനം തകരാറിലാവുകയും റിയാക്ടറിനകത്തെ മർദ്ദം ക്രമാതീതമായി വർദ്ധിച്ച് സ്ഫോടനം സംഭവിക്കുകയുമായിരുന്നു. ആണവ നിലയത്തിലെ ഇന്ധനത്തിന്റെ താപനില നിയന്ത്രണ വിധേയമായി നിർത്താൻ ഇന്ധന ദണ്ഡുകൾ വെള്ളം ഉപയോഗിച്ച് തണുപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വെള്ളം റിയാക്ടറിൽ നിന്നും പുറത്തു വരുന്നത് നീരാവിയായിട്ടായതിനാൽ ഇത് വീണ്ടും ഉപയോഗിക്കാനാവില്ല. റിയാക്ടർ തണുപ്പിക്കാനായി തുടർച്ചയായി പുതിയ വെള്ളം പമ്പ് ചെയ്തു കൊണ്ടേയിരിക്കണം. സുനാമിയിൽ പ്രവർത്തന രഹിതമായ വൈദ്യുതി ബന്ധവും പമ്പിംഗ് സംവിധാനവും, തണുപ്പിക്കാനുള്ള സംവിധാനത്തെ തകരാറിലാക്കി. ഇന്ധന ദണ്ഡുകൾ തണുപ്പിക്കാനുള്ള വെള്ളം പമ്പ് ചെയ്യാൻ കഴിയാതെ വന്നതോടെ ജലനിരപ്പ് കുറയുകയും താപനില ഉയർന്ന് ഇന്ധനദണ്ഡുകൾക്ക് കവചമായ സിർക്കോണിയം ട്യൂബുകൾ ഉരുകി ജലവുമായി പ്രതിപ്രവർത്തിച്ച് ഹൈഡ്രജൻ വാതകം ഉയർന്ന തോതിൽ ശേഖരിക്കപ്പെടുകയും മർദ്ദം താങ്ങാനാവാതെ വൻസ്ഫോടനം നടക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ആണവകിരണങ്ങൾ ഉയർന്ന തോതിൽ അന്തരീക്ഷത്തിലേക്ക് പടർന്നു. 200 കിലോമീറ്റർ അകലെയുള്ള ടോക്കിയോയിൽ പോലും ജലത്തിൽ കൂടിയ അളവിൽ വികിരണം കണ്ടെത്തി[6]. 2011 മാർച്ച് 11-ന് ജാപ്പനീസ് ഗവണ്മെന്റ് ഒരു "ആണവോർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഫുകുഷിമ-1 നിലയത്തിന് അടുത്തുള്ള ആയിരക്കണക്കിന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇന്ധന ദണ്ഡ് ചൂടായി ഹൈഡ്രജൻ വാതകം ശേഖരിക്കപ്പെട്ട് കെട്ടിടത്തിന്റെ മേൽക്കൂര പൊട്ടിത്തെറിക്കുകയും നാല് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. 2011 മാർച്ച് 13, യൂണിറ്റ്-3 ലും അപകടസാധ്യത കണ്ടെത്തിയതിനെത്തുടർന്ന് ജപ്പാൻ പ്രാമാണിക സമയം ഉച്ചയ്ക്ക് 1 മണിക്ക് 1 ഉം 2 ഉം നിലയങ്ങൾ പൂർണ്ണമായും ജലവും ബോറിക് ആസിഡും നിറച്ച് തണുപ്പിച്ച് കൂടുതൽ സ്ഫോടനങ്ങളിൽ നിന്നും സുരക്ഷിതമാക്കി.[7] സാധാരണയേക്കാൾ ജലനിരപ്പ് കുറവാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും നിലയം-2 കുഴപ്പങ്ങളൊന്നും കൂടാതെ നിലകൊണ്ടു.[7] 2011 മാർച്ച് 13-ന് ജപ്പാൻ ആണവോർജ്ജ ഏജൻസി നിലയം-4 ലും അപകടസാധ്യതയുണ്ടെന്ന വിവരം പുറത്തുവിട്ടു.[8] ഗവണ്മെന്റിന്റെ മുന്നറിയിപ്പിനെത്തുടർന്ന് 1,70,000 നും 2,00,000 നുമിടയ്ക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു.[9][10]--> അവലംബം
|
Portal di Ensiklopedia Dunia