ഫിഫയുടെ നേതൃത്വത്തിൽ നടന്ന പത്തൊൻപതാമത് അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റാണ് ഫിഫ ഫുട്ബോൾ ലോകകപ്പ് 2010. 2010 ജൂൺ 11 മുതൽ ജൂലൈ 11 വരെ ദക്ഷിണാഫ്രിക്കയിലാണ് ഇത് നടന്നത്. ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പ് ഒരു ആഫ്രിക്കൻ രാജ്യത്ത് നടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഫുട്ബോൾ ടീമുകളുള്ള 208 രാജ്യങ്ങളിലെ 204 രാജ്യങ്ങൾ മത്സരിച്ച് 2007 ഓഗസ്ത് മാസം മുതൽ ആരംഭിച്ച മത്സരങ്ങളുടെ അവസാനഘട്ടമായിട്ടാണ് ഈ മത്സരം നടക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോൾ 2008 ഒളിമ്പിക്സിൽ പങ്കെടുത്ത അത്രയും രാജ്യങ്ങൾ തന്നെ ഇവിടെയും മത്സരിക്കുന്നു എന്നു കാണാം.
2010 ജൂലൈ 11-നു് ജോഹന്നാസ്ബർഗ്ഗിലെ സോക്കർ സിറ്റിയിൽ നടന്ന ഫൈനലിൽ ഹോളണ്ടിനെതിരെ അധിക സമയത്തിന്റെ 26-ആം മിനുട്ടിൽ ഇനിയേസ്റ്റ നേടിയ ഒരു ഗോളിലൂടെ സ്പെയിൽ ലോകകപ്പ് 2010 ഫുട്ബോൾ ചാമ്പ്യന്മാരായി. ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്.
ആതിഥേയത്വ തെരഞ്ഞെടുപ്പ്
ലോകകപ്പ് ഊഴമനുസരിച്ച് ഓരോ കോൺഫെഡറേഷനുകളിലും നടത്തണമെന്ന നയപ്രകാരം (ഈ നയം 2007-ൽ ഉപേക്ഷിച്ചു[2]) 2010 ലോകകപ്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലായിരിക്കണമെന്ന് തീരുമാനിക്കപ്പെട്ടു. അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളാണ് 2010 ലോകകപ്പിന്റെ ആതിഥേയത്വം നേടുന്നതിനുള്ള ലേലത്തിൽ പങ്കെടുത്തത്.
സഹ-ആഥിതേയത്വം അനുവദിക്കണ്ടതില്ലെന്ന് ഫിഫ കാര്യനിർവാഹക സമിതി തീരുമാനിച്ചത്തിനേത്തുടർന്ന് ടുണീഷ്യ ലേലത്തിൽ നിന്ന് പിന്മാറി. ഔദ്യോഗിക നിബന്ധനകൾ പാലിക്കാത്തതിനാൽ ലിബിയയെ ഒറ്റക്ക് പരിഗണിക്കേണ്ടതില്ലെന്നും സമിതി തീരുമാനിച്ചു.
ആദ്യ വോട്ടെടുപ്പിനു ശേഷം 2004 മെയ് 15-ന് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർസൂറിച്ചിൽ നടത്തിയ പത്രസമ്മേളനത്തിൽ ലേല വിജയിയെ പ്രഖ്യാപിച്ചു. 2006 ലോകകപ്പ് ആതിഥേയത്വംനേരിയ വ്യത്യാസത്തിൽ നഷ്ടമായ ദക്ഷിണാഫ്രിക്ക ഇത്തവണ ഈജിപ്റ്റിനേയും മൊറോക്കോയേയും മറികടന്ന് ആതിഥേയത്വത്തിനുള്ള അവസരം നേടി.[3]
ടുണീഷ്യസഹ-ആതിഥേയത്വം അനുവദിക്കാത്തതിനാൽ 2004 മെയ് 8-ന് പിന്മാറി
ലിബിയനിബന്ധനകൾ പാലിക്കാത്തതിനാലും സഹ-ആതിഥേയത്വം അനുവദിക്കാത്തതിനാലും അപേക്ഷ നിരസിച്ചു
2010 ലോകകപ്പ് മറ്റൊരു രാജ്യത്തേക്ക് മാറ്റിയേക്കുമെന്നുള്ള കിംവദന്തികൾ 2006-2007 കാലയളവിൽ വിവിധ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു.[4][5] ലോകകപ്പിനു വേണ്ടിയുള്ള ദക്ഷിണാഫ്രിക്കയുടെ ഒരുക്കങ്ങളുടെ ആസൂത്രണം, സംഘാടനം, വേഗം എന്നിവയേക്കുറിച്ച് ഫിഫയുടെ ചില കാര്യനിർവാഹകരും ഫ്രാൻസ് ബെക്കൻബോവർ, ഹോർസ്റ്റ് ആർ. ഷ്മിറ്റ് എന്നിവരുൾപ്പെടെ മറ്റ് ചിലരും ആശങ്കയറിയിച്ചു.[4][6] എന്നാൽ ആതിഥേയർ എന്ന നിലയിൽ ദക്ഷിണാഫ്രിക്കയിലുള്ള തങ്ങളുടെ വിശ്വാസം ഫിഫ അധികൃതർ പലതവണ അറിയിച്ചു. പ്രകൃതിക്ഷോഭങ്ങളെന്തെങ്കിലും ഉണ്ടാകുന്നപക്ഷം ഒരു മുൻകരുതലെന്ന നിലയിലാണ് മറ്റൊരു വേദി കണ്ടുവച്ചിരിക്കുന്നതെന്നും മുൻ ലോകകപ്പുകളിലും ഈ സമ്പ്രദായമുണ്ടായിരുന്നെന്നും ഫിഫ പറഞ്ഞു.[7]
യോഗ്യത
യോഗ്യതാമത്സരങ്ങളുടെ നറുക്കെടുപ്പ് 2007 നവംബർ 25-ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്നു. 32 ടീമുകളാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയിൽ ദക്ഷിണാഫ്രിക്ക ടൂർണമെന്റിന് നേരിട്ട് യോഗ്യത നേടി. മറ്റെല്ലാ ടീമുകളും യോഗ്യതാ മത്സരങ്ങളിലൂടെയാണ് യോഗ്യത നേടിയത്. മുൻ ലോകപ്പുകളിലെല്ലാം, നിലവിലെ ജേതാക്കൾക്ക് നേരിട്ട് യോഗ്യത ലഭിച്ചിരുന്നെങ്കിലും ഇത്തവണ 2006-ലെ ജേതാക്കളായ ഇറ്റലിയും യോഗ്യതാ മത്സരങ്ങൾക്കുശേഷമാണ് യോഗ്യത നേടിയത്.
യോഗ്യതാ മത്സരങ്ങൾക്കിടെ ചില വിവാദങ്ങളുണ്ടായി. ഫ്രാൻസും റിപ്പബ്ലിക് ഓഫ് അയർലന്റും തമ്മിലുള്ള രണ്ടാം പാദ പ്ലേ ഓഫ് മത്സരത്തിൽ ഫ്രെഞ്ച് നായകൻ തിയറി ഒൻറി കൈകൊണ്ട് പന്ത് തട്ടുകയും അത് ഗോളിലേക്ക് വഴിതെളിക്കുകയും ഫ്രാൻസ് യോഗ്യത നേടുകയും ചെയ്തു. ഈ സംഭവം വളരെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഇടയാക്കി. കളി വീണ്ടും നടത്താനുള്ള അയർലന്റ് ഫുട്ബോൾ അസോസിയേഷന്റെ അഭ്യർത്ഥന ഫിഫ തള്ളി. ലോകകപ്പിൽ 33-ആം മത്സരാർത്ഥിയാക്കുവാനുള്ള അപേക്ഷ അയർലന്റ് പിന്നീട് പിൻവലിച്ചു.
യോഗ്യത നേടിയ ടീമുകൾ
ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 ടീമുകൾ താഴെ പറയുന്നു.