ഇന്റർനെറ്റിലൂടെ സന്ദേശങ്ങൾ കൈമാറാനുള്ള ഒരു ആപ്പും സംവിധാനവുമാണ് ഫേസ്ബുക്ക് മെസഞ്ചർ അഥവാ മെസഞ്ചർ.[1] 2008 - ൽ ഫേസ്ബുക്ക് ചാറ്റ് എന്ന പേരിൽ ആരംഭിച്ച ഈ സംവിധാനം, 2010 - ൽ നവീകരിക്കാൻ തീരുമാനിക്കുകയും പിന്നീട് 2011 ഓഗസ്റ്റ് മാസം മുതൽ സ്വതന്ത്രമായുള്ള ആൻഡ്രോയ്ഡ്, ഐ.ഓ.എസ് ആപ്പുകൾ പുറത്തിറക്കുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കു ശേഷം ഫേസ്ബുക്ക് തന്നെ വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കായി പുതിയ ആപ്പുകൾ പുറത്തിറക്കുകയും മെസഞ്ചറിനു തന്നെ ഒരു വെബ്സൈറ്റ് ഇന്റർഫേസ് രൂപപ്പെടുത്തുകയും തുടർന്ന് മെസേജിങ് സംവിധാനത്തെ പ്രധാന ഫേസ്ബുക്ക് ആപ്പിൽ നിന്നും വേർപെടുത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഉപയോക്താക്കൾക്ക് മെസേജിങ് സംവിധാനം ഉപയോഗിക്കുണമെങ്കിൽ ഒന്നുകിൽ വെബ് ഇന്റർഫേസ് ഉപയോഗിക്കുകയോ അല്ലെങ്കിൽ മെസഞ്ചർ ആപ്പ് ഉപയോഗിക്കുകയോ ചെയ്യണമെന്നും ഫേസ്ബുക്ക് അറിയിച്ചിരുന്നു.
ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, സ്റ്റിക്കറുകൾ, ഓഡിയോ, മറ്റ് ഫയലുകൾ, മറ്റ് ഉപയോക്താക്കളുടെ മെസേജുകൾക്കുള്ള മറുപടി എന്നിവ ഫേസ്ബുക്ക് മെസഞ്ചർ സംവിധാനം ഉപയോഗിച്ച് അയയ്ക്കാൻ സാധിക്കും. നിലവിൽ മെസഞ്ചർ, വോയിസ്, വീഡിയോ കോളിംഗ് സംവിധാനത്തെയും പിന്തുണയ്ക്കുന്നുണ്ട്. സ്വതന്ത്രമായ ഫേസ്ബുക്ക് മെസഞ്ചർ ആപ്പ് ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനെയും ഉപയോക്താവിന് തീരുമാനിക്കാൻ കഴിയുന്ന തരത്തിലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തെയും വിവിധ ഗെയിമുകളെയും പിന്തുണയ്ക്കുന്നുണ്ട്.
ചരിത്രം
2008 മാർച്ചിൽ ഫേസ്ബുക്കിൽ തന്നെ പുതിയ ഇൻസ്റ്റന്റ് മെസേജിങ് സംവിധാനങ്ങൾ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങൾ നടത്തിയതിനു ശേഷം,[2][3] 2008 ഏപ്രിലിൽ ഫേസ്ബുക്ക് ചാറ്റ് എന്ന പേരിൽ മെസേജിങ് സംവിധാനം എല്ലാ ഉപയോക്താക്കൾക്കും ഫേസ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി. [4][5] 2010 നവംബറിൽ ഈ സംവിധാനത്തെ നവീകരിച്ച ഫേസ്ബുക്ക്, [6] തുടർന്ന് 2011 മാർച്ചിൽ തന്നെ ഗ്രൂപ്പ് മെസേജിങ് സർവീസ് ആയ ബെലൂഗയെ വാങ്ങുകയും ചെയ്തു. [7] ബെലൂഗയുടെ മറ്റ് സേവനങ്ങൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഫേസ്ബുക്ക് സ്വന്തമായി തയ്യാറാക്കിയ സ്വതന്ത്രമായ ഐ.ഒ.എസ്, ആൻഡ്രോയ്ഡ് ആപ്പുകൾ 2011 ഓഗസ്റ്റ് 9 - ാം തീയതി ഔദ്യോഗികമായി പുറത്തിറക്കിയത്. [8][9] തുടർന്ന് 2011 ഒക്ടോബറിൽ ബ്ലാക്ക്ബെറി ഫോണുകൾക്കു വേണ്ടിയും ഒരു പതിപ്പ് ഫേസ്ബുക്ക് പുറത്തിറക്കി. [10][11] 2014 മാർച്ചിൽ വിൻഡോസ് ഫോണുകൾക്കായുള്ള ഒരു പുതിയ ആപ്പും ഫേസ്ബുക്ക് പുറത്തിറക്കുകയുണ്ടായി. എന്നാൽ ഈ ആപ്പിൽ വോയിസ് മെസേജിങ് സംവിധാനവും ചാറ്റ് ഹെഡ് സംവിധാനവും ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. [12][13] 2014 ഏപ്രിലിൽ, പ്രധാന ഫേസ്ബുക്ക് ആപ്പിൽ നിന്നും മെസേജിങ് സംവിധാനം നീക്കം ചെയ്യപ്പെടുമെന്നും തുടർന്നും മെസഞ്ചർ ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾ പ്രത്യേകമായി മെസഞ്ചർ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും ഫേസ്ബുത്ത് അറിയിക്കുകയുണ്ടായി. [14][15] 2014 ജൂലെയിൽ ഐ.ഒ.എസ് ആപ്പ് പരിഷ്കരിച്ച് ഐ പാഡുകൾക്കുവേണ്ടിയും ഫേസ്ബുക്ക് പുതിയ മെസഞ്ചർ ആപ്പ് പുറത്തിറക്കി. [16][17] 2015 ഏപ്രിലിൽ മെസഞ്ചറിനു വേണ്ടി വെബ്സൈറ്റ് ഇന്റർഫേസ് ഫേസ്ബുക്ക് പുറത്തിറക്കുകയുണ്ടായി. [18][19] 2015 ജൂലൈ 13 - ന് ഒരു ടൈസൺ ആപ്പ് പുറത്തിറക്കപ്പെട്ടു. [20] 2016 ഏപ്രിലിൽ വിൻഡോസ് 10 നുവേണ്ടിയുള്ള മെസഞ്ചർ പുറത്തിറക്കുകയുണ്ടായി. [21] 2016 ഒക്ടോബറിൽ മെസഞ്ചറിലെ ചില സംവിധാനങ്ങൾ ഒഴിവാക്കിക്കൊണ്ട് ചെറിയ വലിപ്പമുള്ള ഫേസ്ബുക്ക് മെസഞ്ചർ ലൈറ്റും പുറത്തിറക്കി. പഴയ ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ ആപ്പ് പുറത്തിറക്കിയത്. ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് പഴയ മൊബൈൽ ഫോണുകളിൽ ലഭ്യമല്ലാത്തതായിരുന്നു മെസഞ്ചർ ലൈറ്റ് ആപ്പ് പുറത്തിറക്കാനുണ്ടായ കാരണം. 2017 ഏപ്രിലിൽ മെസഞ്ചർ ലൈറ്റ്, 132 രാജ്യങ്ങളിലേക്കു കൂടി വ്യാപിപിക്കുകയുണ്ടായി. [22][23] 2017 മേയ് മാസത്തിൽ ആൻഡ്രോയ്ഡിലെയും ഐ.ഒ.എസിലേയും മെസഞ്ചറിന്റെ ഡിസൈൻ ഫേസ്ബുക്ക് പരിഷ്കരിക്കുകയും പുതിയ ഹോം സ്ക്രീൻ രൂപപ്പെടുത്തുകയും പുതിയ ചാറ്റുകൾക്ക് ചുവപ്പു നിറം നൽകുകയും ചെയ്തു. [24][25]
2011 നവംബറിൽ വിൻഡോസ് 7 ലേക്കുള്ള മെസഞ്ചർ പ്രോഗ്രാമിന്റെ ബീറ്റ ടെസ്റ്റ് ഫേസ്ബുക്ക് പ്രഖ്യാപിച്ചു. [26][27] തൊട്ടടുത്ത മാസം, ഇസ്രയേലി ബ്ലോഗായ ടെക്ഐടി, മെസഞ്ചർ പ്രോഗ്രാമിന്റെ ഡൗൺലോഡ് ലിങ്ക് പ്രസിദ്ധീകരിക്കുകയും ഫേസ്ബുക്ക് ഉടനെ തന്നെ ഔദ്യോഗികമായി ഈ പതിപ്പ് പുറത്തിറക്കുകയും ചെയ്തു. [28][29] എന്നാൽ 2014 മാർച്ചിൽ ഈ പ്രോഗ്രാം ഫേസ്ബുക്ക് നിർത്തലാക്കി. [30][31] 2012 ഡിസംബറിൽ ഫയർഫോക്സ് വെബ് ബ്രൗസറിനായുള്ള ആഡ് ഓൺ പുറത്തിറക്കിയിരുന്നെങ്കിലും[32] ഈ സംവിധാനവും 2014 മാർച്ചിൽ നിർത്തലാക്കി. [33]
2017 ഡിസംബറിൽ 13 വയസ്സിനു താഴെയുള്ള വ്യക്തികൾക്കായി ഫേസ്ബുക്ക് മെസഞ്ചർ കിഡ്സ് എന്ന പേരിലുള്ള സംവിധാനം പ്രഖ്യാപിച്ചിരുന്നു. സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും ചില വ്യത്യാസങ്ങൾ ഈ പതിപ്പിന് ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.