ഫ്രാൻസിസ് തോംപ്സൺ![]() ഒരു ഇംഗ്ലീഷ് കവിയും തത്ത്വാന്വേഷിയും ആയിരുന്നു ഫ്രാൻസിസ് തോംപ്സൺ(16 ഡിസംബർ 1859 – 13 നവംബർ 1907). സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തുടങ്ങിയ വൈദ്യപഠനം പൂർത്തിയാക്കാതെ എഴുത്തുകാരനാകണമെന്ന ലക്ഷ്യത്തോടെ ലണ്ടണിലെത്തിയ തോംപ്സൺ, വഴിവാണിഭം ചെയ്തും തെരുവുകളിൽ അലഞ്ഞുതിരിഞ്ഞും കഴിയേണ്ട അവസ്ഥയിലാവുകയും കറുപ്പിന് അടിമയായി തീരുകയും ചെയ്തു. ആ ജീവിതത്തിൽ നിന്ന് കവിയെ രക്ഷപെടുത്തിയത്, അദ്ദേഹത്തിന്റെ കവിതകളിൽ ചിലത് കാണാനിടയായ "മെറി ഇംഗ്ലണ്ട്" എന്ന കത്തോലിക്കാ മാസികയുടെ പ്രസാധകർ മേനൽ ദമ്പതിമാരാണ്.[1] 1893-ൽ തോംപ്സന്റെ കവിതകളുടെ ആദ്യസമാഹാരം പ്രസിദ്ധീകരിച്ചതും അവരായിരുന്നു. പിൽക്കാലത്തും, വെയിൽസിലും സ്റ്റോറിംഗ്‌ടണിലും മറ്റും നിലതെറ്റിയവനും രോഗിയുമായി തോംപ്സൺ ജീവിച്ചെങ്കിലും, 1907-ൽ ക്ഷയരോഗബാധിതനായി മരിക്കുന്നതിനു മുൻപ് അദ്ദേഹം മൂന്നു കവിതാസമാഹാരങ്ങളും ഉപന്യാസങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ആദ്യസമാഹാരത്തിൽ ഉൾപ്പെടുത്തിയിരുന്ന സ്വർഗ്ഗത്തിലെ വേട്ടപ്പട്ടി(The Hound of Heaven) എന്ന കവിതയാണ് തോംപ്സന്റെ ഏറ്റവും പ്രസിദ്ധമായ രചന. ജീവിതംലാങ്കാഷയറിലെ പ്രെസ്റ്റൺ എന്ന സ്ഥലത്ത് ജനിച്ച തോംപ്സന്റെ പിതാവ് ചാൾസ്[2] ഒരു വൈദ്യനായിരുന്നു. റോമൻ കത്തോലിക്കാ കർദ്ദിനാളായ എഡ്വേഡ് മാനിങ്ങിന്റെ സ്വാധീനത്തിൽ കത്തോലിക്കാ സഭയിലേയ്ക്ക് പരിവർത്തിതനായ സഹോദരനെ പിന്തുടർന്ന്, തോംപ്സന്റെ പിതാവും ആംഗ്ലിക്കൻ വിശ്വാസത്തിൽ നിന്ന് കത്തോലിക്കാസഭയിലേയ്ക്ക് മാറിയിരുന്നു. സർവകലാശാലാ വിദ്യാഭ്യാസത്തിനു ശേഷം പൗരോഹിത്യപരിശീലനത്തിനു ചേർന്ന തോംപ്സണെ അതിനു പറ്റാത്തവനാണെന്നു കണ്ടു തിരിച്ചയച്ചു. പിന്നീട്, വൈദ്യശാസ്ത്രം പഠിക്കാൻ മാഞ്ചസ്റ്ററിലെ ഓവൻസ് കലാലയത്തിലയച്ചെങ്കിലും അവിടെ ചെലവഴിച്ച 6 വർഷക്കാലം പരീക്ഷകളിൽ പരാജയപ്പെട്ടു. തുടർന്ന് എഴുത്തുകാരനാകണമെന്ന ആഗ്രഹവുമായി 1885-ൽ അദ്ദേഹം ലണ്ടണിലെത്തി.[3] എന്നാൽ അവിടെ, ഉപജീവനത്തിനായി പത്രങ്ങളും തീപ്പെട്ടിയും വിൽക്കേണ്ട അവസ്ഥയിലെത്തി. ഇക്കാലത്ത് മരുന്നെന്ന നിലയിൽ ഉപയോഗിക്കാൻ തുടങ്ങിയ കറുപ്പിന് അദ്ദേഹം അടിമയായിത്തീർന്നു.[൧] "മെറി ഇംഗ്ലണ്ട്" എന്ന മാസികയ്ക്ക് ചില കവിതകൾ അയച്ചുകൊടുത്തത്, തോംപ്സന്റെ ജീവിതത്തിന്റെ ദിശ മാറ്റാൻ കാരണമായി. മാസികയുടെ പത്രാധിപരായിരുന്ന വിൽഫ്രെഡ് മേനലും പത്നി ആലീസ് മേനലും അദ്ദേഹത്തെ അന്വേഷിച്ച് കണ്ടെത്തുകയും അപ്പോഴത്തെ പട്ടിണിയിൽ നിന്നും സ്വയംനശീകരണത്തിൽ നിന്നും രക്ഷപെടുത്തുകയും ചെയ്തു. തോംപ്സന്റെ രചനകളുടെ മേന്മ തിരിച്ചറിഞ്ഞ അവർ, അദ്ദേഹത്തിന് താമസിക്കാനിടം കൊടുക്കുകയും 1893-ൽ ആദ്യസമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തു. "സെയിന്റ് ജെയിസ് ഗസറ്റ്" പോലുള്ള പ്രസിദ്ധീകരണങ്ങളിലെ നിരുപകർ ആ സമാഹാരത്തിലെ രചനകളെ പ്രശംസിച്ചു.
സ്വർഗ്ഗത്തിലെ വേട്ടപ്പട്ടിതോംപ്സന്റെ ഏറ്റവും പ്രസിദ്ധകവിതയായ സ്വർഗ്ഗത്തിലെ വേട്ടപ്പട്ടി (The Hound of Heaven)[4] ദൈവത്തിൽ നിന്ന ഓടിയകലാൻ ശ്രമിക്കുന്ന മനുഷ്യാത്മാവിന്റേയും അതിനെ വേട്ടനായേപ്പോലെ പിന്തുടർന്ന് പിടികൂടി രക്ഷപെടുത്തുന്ന ദൈവത്തിന്റേയും ചിത്രമാണ്. മരണാനന്തരമുള്ള തോംപ്സന്റെ പ്രശസ്തിയുടെ മുഖ്യ അടിസ്ഥാനം 182 വരികളുള്ള ഈ കവിതയാണ്. തോംപ്സന്റെ 1893-ലെ ആദ്യസമാഹാരത്തിലാണ് ഇത് വെളിച്ചം കണ്ടത്. 1917-ൽ ഇംഗ്ലീഷ് യോഗാത്മകവിതകളുടെ ഓക്സ്ഫോർഡ് സമാഹാരത്തിലും അത് ഉൾപ്പെട്ടു. നേരത്തേ ഈ കവിത വായിച്ചിരുന്ന പ്രശസ്ത സാഹിത്യകാരൻ ജെ.ആർ.ആർ.റ്റോൾകീനെ അത് ഏറെ സ്വാധീനിച്ചിരുന്നു. ഭയന്നോടുന്ന മുയലിനെ, അനാവശ്യ വേഗമോ ഉദ്വേഗമോ കാട്ടാതെ നിശ്ചയദാർഢ്യത്തോടെ നിരന്തരം പിന്തുടർന്ന് പിടികൂടുന്ന വേട്ടനായേപ്പോലെ, ഒളിച്ചോടുന്ന മനുഷ്യാത്മാവിനെ പിടികിട്ടുവോളം പിന്തുടരുന്ന ദൈവത്തെയാണ് ഈ കവിതയിൽ തോംപ്സൺ സങ്കല്പിച്ചത്. പാപത്തിലും പ്രാപഞ്ചികസുഖങ്ങളിലും മുഴുകി ആത്മാവ് ദൈവത്തിൽ നിന്ന് അകന്നുപോകുന്നെങ്കിലും, വിടാതെ പിന്തുടരുന്ന ദൈവകൃപ ഒടുവിൽ അതിനെ കീഴടക്കുന്നുവെന്ന് കവി കരുതി. അമേരിക്കൽ ഐക്യനാടുകളിൽ വിദ്യാഭ്യാസത്തിലെ വർണ്ണവിവേചനം അവസാനിപ്പിച്ച ചരിത്രപ്രസിദ്ധമായ സുപ്രീം കോടതി വിധിയിൽ, ആ തീരുമാനം "നിശ്ചയദാർഢ്യത്തോടെയുള്ള മുഴുവൻ വേഗത്തിലും"(with all deliberate speed) നടപ്പാക്കണം എന്നു ഉത്തരവിട്ടിരുന്നു. ആ പ്രയോഗം, ഈ കവിതയിൽ നിന്ന് കടമെടുത്ത താണ്.[5] ഇതര രചനകൾക്രിക്കറ്റ് കളിയെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതിൽ ഏറ്റവും പേരു കേട്ട കവിത തോംസന്റെ അറ്റ് ലോഡ്സ്(At Lord's) ആണ്. 1895-ൽ പ്രസിദ്ധീകരിച്ച സിസ്റ്റർ "സോംങ്ങ്സ്"(Siste Songs), 1897-ലെ "ന്യൂ സോങ്ങ്സ്"(New Songs) എന്നിവയാണ് തോംസന്റെ മറ്റു രണ്ടു കവിതാസമാഹാരങ്ങൾ. പ്രഖ്യാത ഇംഗ്ലീഷ് കവി, ഷെല്ലിയെക്കുറിച്ച് തോംപ്സൺ എഴുതിയ ഉപന്യാസം മരണാനന്തരം 1909-ലാണ് പ്രസിദ്ധീകരിച്ചത്. കുറിപ്പുകൾ൧.^ 1821-ൽ തോമസ് ഡി ക്വിൻസി എഴുതിയ "ഒരു കറുപ്പുതീനിയുടെ കുമ്പസാരങ്ങൾ"(Confessions of An Opium Eater) എന്ന പുസ്തകവുമായുള്ള പരിചയവും തോംപ്സണെ കറുപ്പിനടിമയാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.[3] അവലംബം
|
Portal di Ensiklopedia Dunia