ഫ്രെഡറിക് കെൽനർ
ജർമനിയിലെ ഒരു മദ്ധ്യ നിര ഉദ്യോഗസ്ഥനായിരുന്നു ഫ്രെഡറിക് കെൽനർ (ഫെബ്രുവരി 1, 1885 – നവംബർ 4, 1970). മെയ്ൻസിലും ലൗബാകിലും നീതിന്യായ പരിശോധകനായി ഇദ്ദേഹം പ്രവർത്തിച്ചു. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഹെസെയ്ൻ റെജിമെന്റിൽ കാല്പ്പടയാളിയായിരുന്നു. യുദ്ധത്തിനു ശേഷം ഇദ്ദേഹം ജർമനിയുടെ ആദ്യ ജനാധിപത്യ രൂപമായ വെയ്മർ റിപ്പബ്ലിക്കിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമനിയുടെ ആയോജകനായി. ഹിറ്റ്ലറേയും നാസികളേയും എതിർത്തുകൊണ്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിൽ നാസി ഭരണകൂടത്തേക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ഇദ്ദേഹം ഒരു ഡയറി എഴുതുവാൻ ആരംഭിച്ചു. മെയ്ൻ വിഡർസ്റ്റാൻഡ് അഥവാ എന്റെ എതിർപ്പ് എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. യുദ്ധത്തിനു ശേഷം കെൽനർ നാസി നിർമാർജ്ജന പ്രവർത്തനങ്ങളിലും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലും ഏർപെട്ടു. ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യുന്നതിനായും ജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമായി 1968-ൽ ഇദ്ദേഹം തന്റെ ഡയറി അമേരിക്കക്കാരനായ കൊച്ചുമകനെ ഏല്പിച്ചു.
|
Portal di Ensiklopedia Dunia