ഫ്ലൈറ്റ് ഗിയർ ഫ്ലൈറ്റ് സിമുലേറ്റർ (പലപ്പോഴും ഫ്ലൈറ്റ് ഗിയർ അല്ലെങ്കിൽ എഫ്ജിഎഫ്എസ് എന്ന് ചുരുക്കി) ഒരു സ്വതന്ത്ര, ഓപ്പൺ സോഴ്സ്മൾട്ടി-പ്ലാറ്റ്ഫോം ഫ്ലൈറ്റ് സിമുലേറ്റർ ആണ്. 1997ൽ ആരംഭിച്ച ഫ്ലൈറ്റ് ഗിയർ പദ്ധതി വികസിപ്പിച്ച ഫ്ലൈറ്റ് സിമുലേറ്റർ കമ്പ്യൂട്ടർ ഗെയിമാണ് ഇത്. [4]
ഫ്ലൈറ്റ് ഗിയറിന്റെ സ്രോതസ്സ് ഗ്നൂ സാർവ്വജനിക അനുമതിപത്രപ്രകാരം പുറത്തിറക്കിയിട്ടുള്ളതാണ്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്.
ചില വാണിജ്യ ഉൽപ്പന്നങ്ങളായ എർത്ത് ഫ്ലൈറ്റ് സിം, ഫ്ലൈറ്റ് പ്രോ സിം, ഫ്ലൈറ്റ് സിമുലേറ്റർ പ്ലസ്, പ്രോ ഫ്ലൈറ്റ് സിമുലേറ്റർ, റിയൽ ഫ്ലൈറ്റ് സിമുലേറ്റർ, വെർച്വൽ പൈലറ്റ് 3D, കൂടാതെ മറ്റുള്ളവ ഫ്ലൈറ്റ് ഗിയറിന്റെ പഴയ പതിപ്പുകളുടെ പകർപ്പുകളാണ്, വാണിജ്യ പുനർവിതരണം കാണുക. ഫ്ലൈറ്റ് ഗിയർ പ്രോജക്റ്റ് ഇവ അംഗീകരിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നൽകുകയോ ചെയ്യുന്നില്ല. [5]
ചരിത്രം
1996ൽ ഒരു ഓൺലൈൻ പ്രൊപ്പോസലിലൂടെയാണ് ഡേവിഡ് മൂർ ക്യാനഡയിൽ ഈ പദ്ധതി ആരംഭിച്ചത്. ഓൺലൈനിലുള്ള വിവിധ സന്നദ്ധപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തി ഒരു ഫ്ലൈറ്റ് സിമുലേറ്റർ വികസിപ്പിക്കുന്നതിനായുള്ള ഒരു പ്രൊപ്പോസൽ അദ്ദേഹം അവതരിപ്പിച്ചു. മൈക്രോസോഫ്റ്റ് ഫ്ലൈറ്റ് സിമുലേറ്റർ പോലുള്ള പ്രൊപ്രിയേറ്ററി സോഫ്റ്റ്‍വെയറുകൾക്ക് പകരമായി ഒന്ന് നിർമ്മിക്കുക എന്ന ഉദ്ദേശത്തിലാണ് അദ്ദേഹം ഈ പ്രൊപ്പോസൽ വച്ചത്. ഫ്ലൈറ്റ് സിമുലേറ്റർ വളരെ വ്യത്യസ്തമായ 3ഡി റെന്ററിംഗ് കോഡ് ഉപയോഗിച്ചാണ് ആദ്യ പതിപ്പ് ഇറക്കിയത്. 1997ൽ കുർടിസ് ഓൽസൺ ആണ് ഓപ്പൺജിഎൽ അടിസ്ഥാനപ്പെടുത്തിയുള്ള 3ഡി പതിപ്പിന്റെ വികസനത്തിന് നേതൃത്വം കൊടുത്തത്. മറ്റ് വിവിധ ഓപ്പൺസോഴ്സ് ഘടകങ്ങളും ഫ്ലൈറ്റ് ഗിയർ പ്രൊജക്റ്റിലേക്ക് ചേർക്കപ്പെടുകയുണ്ടായി. നാസ വികസിപ്പിച്ച ലാർക്സിം ഫ്ലൈറ്റ് മോഡലും സ്വതന്ത്രമായി ലഭ്യമായ ഉയരത്തിന്റെ വിവരങ്ങളും ഇപ്പോൾ ഇതിലുണ്ട്. 1997ൽ ഓപ്പൺജിഎൽ അടിസ്ഥാനപ്പെടുത്തിയുള്ള ആദ്യത്തെ ബൈനറികൾ പുറത്തുവന്നു.
2014 ജൂണിൽ ഹോണ്ട അഭിഭാഷകർ ഒരു നീക്കംചെയ്യൽ അഭ്യർത്ഥന പുറപ്പെടുവിച്ചു, അതിൽ സിമുലേറ്ററിലെ ഹോണ്ടജെറ്റ് മോഡൽ ഹോണ്ടയുടെ വ്യാപാരമുദ്രകളെ ലംഘിക്കുന്നുവെന്ന് അവകാശപ്പെട്ടു. തുടർന്ന്, നിയമപരമായ കാരണങ്ങളാൽ സിമുലേറ്ററിൽ നിന്ന് നീക്കം ചെയ്ത ആദ്യ മോഡലായി ഹോണ്ടജെറ്റ് മാറി. [6]
ഫ്ലൈറ്റ് മോഡൽ
മാസ് ബാലൻസ്, തറയുടെ പ്രതികരണങ്ങൾ, പ്രൊപ്പൽഷൻ, എയ്റോഡൈനാമിക്സ്, ബാഹ്യ ശക്തികൾ, അന്തരീക്ഷത്തിലെ ശക്തികൾ, ഗുരുത്വാകർഷണം ഫ്ലൈറ്റ് സ്വഭാവസവിശേഷതകൾ തുടങ്ങിയവ നിർണ്ണയിക്കാൻ ജെഎസ്ബിസിം ഉപയോഗപ്പെടുത്തുന്നു. ഇത് ഫ്ലൈറ്റ് ഗിയർ പിൻതുണയ്ക്കുന്ന നിലവിലെ സ്ഥിരസ്ഥിതി ഫ്ലൈറ്റ് മോഡൽ ആണ്. [7] ലാർക്സിം, യുഐയുസി, യാസിം തുടങ്ങിയ ഫ്ലൈറ്റ് മോഡൽ പ്രോഗ്രാമുകളെയും ഫ്ലൈറ്റ് ഗിയർ പിൻതുണയ്ക്കുന്നു. കൂടാതെ മാത്‍ലാബ് പോലുള്ള പുറത്തുനിന്നുള്ള പ്രോഗ്രാമുകൾക്കുമുള്ള പിൻതുണയും ഫ്ലൈറ്റ്ഗിയറിലുണ്ട്. വിമാനങ്ങൾക്കു പുറമേ ചുടുവായുനിറച്ച ബലൂണുകൾ, ബഹിരാകാശ യാനങ്ങൾ തുടങ്ങിയവയുടെ മോഡലുകൾക്കുള്ള പിൻതുണയും ഫ്ലൈറ്റ് ഗിയർ വാഗ്ദാനം ചെയ്യുന്നു. [8]
ഒന്നിലധികം കളിക്കാർ
ഒരു ഫ്ലൈറ്റ് ഗിയർ ഇൻസ്റ്റൻസിന് അതേ നെറ്റ്‍വർക്കിലുള്ള മറ്റ് ഫ്ലൈറ്റ് ഗിയർ ഇൻസ്റ്റൻസുമായി ആശയവിനിമയം നടത്തുന്നതിന് വിവിധ സൗകര്യങ്ങൾ ലഭ്യമാണ്. ഒന്നിലധികം നെറ്റ്‌വർക്ക് ഉള്ള പരിതഃസ്ഥിതിയിൽ ഒരു പ്രാദേശിക നെറ്റ്‌വർക്കിൽ ഫ്ലൈറ്റ് ഗിയർ ഉപയോഗിക്കുന്നതിന് ഒരു മൾട്ടിപ്ലെയർ പ്രോട്ടോക്കോൾ ലഭ്യമാണ്. ഫോർമേഷൻ ഫ്ലൈറ്റ് അല്ലെങ്കിൽ എയർ ട്രാഫിക് കൺട്രോൾ സിമുലേഷനുവേണ്ടി ഇത് ഉപയോഗിക്കാം. യഥാർത്ഥ മൾട്ടിപ്ലെയർ പ്രോട്ടോക്കോൾ ലഭ്യമായ ഉടൻ, ഇന്റർനെറ്റിൽ കളിക്കുന്നതിനായി ഇത് വിപുലീകരിച്ചു. ഗെയിമിന്റെ മറ്റ് മൾട്ടിപ്ലെയർ മാപ്പ് ഉപയോഗിച്ച് മറ്റ് കളിക്കാർക്ക് സമാന വിമാന മോഡലുകൾ ഉണ്ടെങ്കിൽ അവരുടെ ഫ്ലൈറ്റ് പാത കാണുന്നത് സാധ്യമാണ്. [9]
ഒരു മൾട്ടി-മോണിറ്റർ പരിതഃസ്ഥിതി അനുവദിക്കുന്നതിന് നിരവധി ഫ്ലൈറ്റ് ഗിയർ ഇൻസ്റ്റൻസുകൾ സമന്വയിപ്പിക്കാൻ കഴിയും.
കാലാവസ്ഥ
നിലവിലുള്ള കാലാവസ്ഥയുടെ വിവിധ പാറ്റേണുകൾ നിർമ്മിക്കുന്നതിന് ഫ്ലൈറ്റ് ഗിയർ മെടാർ ഡാറ്റ ഉപയോഗിക്കുന്നു.[10] 3ഡി മേഘങ്ങൾ, വിവിധ തരത്തിലുള്ള മേഘങ്ങൾ, മഴ, മഞ്ഞ് എന്നിവ കാണിക്കുന്നതിനായി വളരെ വിശദമായ കാലാവസ്ഥ ക്രമീകരണങ്ങൾ ഫ്ലൈറ്റ് ഗിയറിലുണ്ട്. കുന്നും കുഴിയുമുള്ള ഭ്രൂപ്രകൃതി, മഴ എന്നിവ മേഘങ്ങളുടെ രൂപീകരണം വായുവിലെ ചുഴികൾ എന്നിവയെ സ്വാധീനിക്കുന്നു.[11] ഉയർന്ന ആൾട്ടിറ്റ്യൂഡിലുള്ള എലോഫ്റ്റ് വേപോയന്റ് ക്രമീകരണങ്ങൾ ഉയർന്ന ആൾട്ടിറ്റ്യൂഡിലുള്ള കാറ്റിന്റെ സ്വഭാവം ലഭ്യമായ ലൈവ് കാലാവസ്ഥ വിവരത്തിൽ നിന്ന് നിർമ്മിക്കുന്നതിന് അനുവദിക്കുന്നു. ഊഷ്മാവും ഈ ലൈവ് കാലാവസ്ഥ വിവരത്തിൽ നിന്ന് നിർമ്മിക്കാവുന്നതാണ്.[12]
വിമർശനാത്മക സ്വീകരണം
പരമ്പരാഗത അർത്ഥത്തിൽ ഒരു ഗെയിമായി മാത്രം വികസിപ്പിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലും, ഫ്ലൈറ്റ് ഗിയർ നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ പ്രസിദ്ധീകരണങ്ങളിൽ അവലോകനങ്ങൾക്ക് വിധേയമായിട്ടുണ്ട്, കൂടാതെ ഈ പ്രോഗ്രാമിന് ഒരു ഫ്ലൈറ്റ് സിമുലേറ്റർ ഗെയിമായി നല്ല അവലോകനങ്ങൾ ലഭിച്ചിട്ടുണ്ട്. [13] വൈവിധ്യമാർന്ന വിമാനങ്ങളും സവിശേഷതകളുമുള്ള ഫ്ലൈറ്റ് ഗിയർ 1.0.0 ഒരു ദശകത്തിലേറെയായി ആകർകമായ ഗെയിമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഈ പ്രോഗ്രാമിലേക്ക് പുതിയ വിമാനങ്ങളും പ്രകൃതിദൃശ്യങ്ങളും എളുപ്പത്തിൽ ചേർക്കുന്നതെങ്ങനെയെന്ന് പിസി മാഗസിൻ വിവരിച്ചിട്ടുണ്ട്. [14] കൂടാതെ ലിനക്സ് ഫോർമാറ്റ് പതിപ്പ് 2.0 അവലോകനം ചെയ്യുകയും 8/10 എന്ന് റേറ്റുചെയ്യുകയും ചെയ്തു. [15]
അപ്ലിക്കേഷനുകളും ഉപയോഗങ്ങളും
അക്കാദമിയിലെയും വ്യവസായത്തിലെയും ( നാസ ഉൾപ്പെടെ) നിരവധി പദ്ധതികളിലും കളിക്കാർ വീട്ടിൽ നിർമ്മിച്ച കോക്ക്പിറ്റുകളിലും ഫ്ലൈറ്റ് ഗിയർ ഉപയോഗിച്ചിട്ടുണ്ട്. [16]
വാണിജ്യ പുനർവിതരണം
എർത്ത് ഫ്ലൈറ്റ് സിം, ഫ്ലൈറ്റ് പ്രോ സിം, ഫ്ലൈറ്റ് സിമുലേറ്റർ പ്ലസ്, പ്രോ ഫ്ലൈറ്റ് സിമുലേറ്റർ, റിയൽ ഫ്ലൈറ്റ് സിമുലേറ്റർ, വെർച്വൽ പൈലറ്റ് 3D . [17] നാസ / അമേസ് ഹ്യൂമൻ സെന്റർഡ് സിസ്റ്റം ലാബ് പോലുള്ള നിരവധി സ്ഥാപനങ്ങളും കമ്പനികളും സിമുലേറ്റർ ഉപയോഗിച്ചു. [18][19], പ്രാഗോലെറ്റ് സോറോ, [20], അനന്തമായ റൺവേ പ്രോജക്റ്റ്; നിരവധി യൂറോപ്യൻ എയ്‌റോസ്‌പേസ് സ്ഥാപനങ്ങളുടെ കൺസോർഷ്യം. [21][22]
കമ്പനികൾ
മാത്ത് വർക്ക്സ് ഫ്ലൈറ്റ് ഗിയർ ടു സിമുലിങ്ക് ഇന്റർഫേസ്. [23]
നാസ / അമേസ് ഹ്യൂമൻ സെന്റർഡ് സിസ്റ്റം ലാബ് - 737 എൻജി ഫുൾ സ്കെയിൽ കോക്ക്പിറ്റ് സിമുലേറ്റർ. [24][25]
ലൈറ്റ്, അൾട്രാ-ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കായുള്ള പ്രാഗോലെറ്റ് സ്രോ . [26]