ബനാവൂ നെൽമേടകൾ
![]() വടക്കൻ ഫിലിപ്പീൻസിൽ ഇഫുവാഗോ പ്രവിശ്യയിലെ മലഞ്ചെരുവുകളിലുള്ള നെൽകൃഷിയിടങ്ങളാണ് ബനാവൂ നെൽമേടകൾ (ബനാവൂ റൈസ് ടെറസുകൾ) എന്നറിയപ്പെടുന്നത്. തദ്ദേശജനതയുടെ പൂർവികർ നൂറ്റാണ്ടുകളിലൂടെ മെനഞ്ഞുണ്ടാക്കി നിലനിർത്തിയ ഈ കൃഷിയിടവ്യവസ്ഥയ്ക്ക് രണ്ടായിരം വർഷം പഴക്കമുണ്ട്. ഫിലിപ്പീൻ ജനത ഇവയെ ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി വിലമതിക്കുന്നു.[1][2][3] വളരെക്കുറച്ച് ഉപകരണങ്ങളുടെ മാത്രം സഹായത്തോടെ, മിക്കവാറും കരവേലകൊണ്ട് നിർമ്മിക്കപ്പെട്ടവയാണ് ഇവയെന്നു കരുതപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവ, ഇഫുവാഗോ മലഞ്ചെരുവിൽ പതിനായിരത്തിലധികം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു. മേടകൾക്കു മുകളിലുള്ള മഴക്കാടുകളിൽ നിന്ന് ഒഴുകിയെത്തുന്ന അരുവികളിലെ വെള്ളത്തെ ആശ്രയിക്കുന്ന പുരാതനമായൊരു ജലസേചന വ്യവസ്ഥ ഇവയെ പോഷിപ്പിക്കുന്നു.[4] ![]() പ്രാദേശിക ജനത ഈ മേടകളിൽ നെല്ലും പച്ചക്കറികളും കൃഷി ചെയ്യുന്നത് ഇന്നോളം തുടരുന്നു. എങ്കിലും പുതിയ തലമുറയിലെ ഇഫുവാഗോക്കാരിൽ പലർക്കും കൃഷിയിലെന്നതിനേക്കാൾ ഈ കൃഷിയിടങ്ങളുടെ ആകർഷണീയതയിൽ നിന്നു രൂപപ്പെട്ട ടൂറിസം മേഖലയിലാണ് താത്പര്യമെന്നതിനാൽ, തുടർച്ചയായ ശ്രദ്ധയും പുനർനിർമ്മിതിയും ആവശ്യമായ തട്ടുകൾ അവഗണനയെ നേരിടുന്നുണ്ട്. ഈ ദേശീയപൈതൃകത്തെ കൃഷിയിടങ്ങൾ എന്നതിനു പകരം ടൂറിസ്റ്റ് കൗതുകമായി കാണാനുള്ള പ്രവണത ഔദ്യോഗികവൃത്തങ്ങളിൽ തന്നെയുണ്ട്. 2002-ൽ ഇവയുടെ വികസനത്തിന്റെ ചുമതല കൃഷിവകുപ്പിൽ നിന്നു മാറ്റി ടൂറിസം വിഭാഗത്തെ ഏല്പിച്ച ഫിലിപ്പീൻ സർക്കാർ തന്നെ ആ പ്രവണതയിൽ പങ്കുപറ്റി.[5] ഒരു 2010-ൽ ബനാവൂ നെൽമേടകൾക്ക് വരൾച്ചയും ഭീഷണിയായി. ആ വർഷം മാർച്ചിലെ ചൂടിൽ, മേടകൾ മിക്കവാറും ഉണങ്ങിവരണ്ടു പോയി.[6] "സ്വർഗ്ഗത്തിലേക്കുള്ള കോണിപ്പടികൾ" എന്നു വിശേഷിപ്പിക്കപ്പെടാറുള്ള[7] നെൽമേടകളുടെ സംരക്ഷകരായ ഇഫുവാഗോ ജനതയുടെ ജീവിതവും സംസ്കാരവും നെൽകൃഷിയും അതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും ചേർന്നു രൂപപ്പെടുത്തിയതാണ്. വിതയും കൊയ്ത്തും ചോറൂണും നെൽമദ്യപാനവുമായി ബന്ധപ്പെട്ട ഒട്ടേറെ ആചാരാഘോഷങ്ങളും അവയ്ക്കു മേൽനോട്ടം വഹിക്കാൻ 'മുംബാക്കികൾ' എന്നറിയപ്പെടുന്ന പൗരോഹിത്യവും ഇവർക്കിടയിൽ നിലനിന്നു. ക്രിസ്തുമതത്തിന്റെ വരവിനെ തുടർന്ന് ഈ 'പേഗൻ' ആചാരങ്ങൾക്കു സംഭവിച്ച ശക്തിക്ഷയം, ഇഫുവാഗോയിലെ നെൽസംസ്കാരത്തെയും നെൽമേടകളെ തന്നെയും അപകടപ്പെടുത്തിയതായി കരുതുന്നവരുണ്ട്.[5] പരിരക്ഷണത്തിലുള്ള അവഗണന മൂലമുണ്ടാകുന്ന മണ്ണൊലിപ്പും മേടകൾക്കു ഭീഷണിയാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia