ബാലി ബരത് ദേശീയോദ്യാനം
![]() ബാലി ബരത് ദേശീയോദ്യാനം ഇന്തോനേഷ്യയിലെ ബാലിയിലെ ബുലെലെങ്ങ് റീജൻസിയിൽ സ്ഥിതിചെയ്യുന്നു. സമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന സംരക്ഷിത പ്രദേശമായ ഈ ദേശീയോദ്യാനം 1941-ലാണ് സ്ഥാപിതമായത്. ഇന്ന് 19,000 ഹെക്ടർ വിസ്തീർണ്ണം ഉള്ള ഈ പ്രദേശം, തുടക്കത്തിൽ 77,000 ഹെക്ടർ വിസ്തൃതിയുണ്ടായിരുന്നു. ഉദ്യാനത്തിനു ചുറ്റും ഉള്ള 190 ചതുരശ്രകിലോമീറ്ററിൽ 158 ചതുരശ്രകിലോമീറ്റർ പ്രദേശം കരയിലും ബാക്കിഭാഗം (ബാലിയിലെ ആകെയുള്ള കരയുടെ 5% ) കടലിലുമായി കിടക്കുന്നു. ഉദ്യാനത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഗില്ലിമാനുക് തുറമുഖവും കിഴക്കുഭാഗത്ത് ഗോറിസ് ഗ്രാമവും സ്ഥിതിചെയ്യുന്നു. ഈ ഉദ്യാനത്തിൽ മെർബുക്ക് പർവ്വതവും (1,388മീ), പറ്റസ് പർവ്വതവും (1,412 മീ) കിഴക്കൻ സംരക്ഷിതഭാഗങ്ങളിൽ ഏതാനും അഗ്നിപർവ്വതങ്ങളും കാണപ്പെടുന്നു. പ്രപറ്റ് അഗുങ് ഉപദ്വീപിന്റെ മുഴുവൻ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾക്കൊള്ളുന്നു. വനത്തിന്റെ പ്രത്യേകതയനുസരിച്ച് ജീവികളുടെയും സസ്യങ്ങളുടെയും വാസസ്ഥലവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവിടെ മഴക്കാടുകളും, വരണ്ട സാവന്ന പ്രദേശങ്ങളും, അക്കേഷ്യാ മരങ്ങൾ നിറഞ്ഞ കുറ്റിക്കാടുകളും, വിവിധയിനം മരങ്ങൾ നിറഞ്ഞ വനങ്ങളും, ഉയർന്ന പ്രദേശങ്ങളിലുള്ള പർവ്വതപ്രദേശങ്ങളിൽ കാണപ്പെടുന്ന തരം വനങ്ങളും കണ്ടുവരുന്നു. കണ്ടൽക്കാടുകളും ഈ ഉദ്യാനത്തിന്റെ സവിശേഷതയാണ്[2][3]. കാലാവസ്ഥഈ ഉദ്യാനത്തിൽ മിതോഷ്ണവും, ഈർപ്പം നിറഞ്ഞതുമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വർഷം മുഴുവനും കാണപ്പെടുന്ന താപനില 30-35°C (85-95°F) ആണ്. ഏപ്രിൽ മുതൽ ഒക്ടോംബർ വരെ വരണ്ട കാലാവസ്ഥയും, നവംബർ മുതൽ മാർച്ച് വരെ മഴക്കാലവുമാണ്. സസ്യമൃഗജാലങ്ങൾബാലി ബരത് ദേശീയോദ്യാനത്തിന്റെ ചെറിയ ഭാഗത്തുപോലും വളരെ വലിയ ജൈവവൈവിധ്യമാണുള്ളത്. ഈ ഉദ്യാനമേഖലയിൽ 175 വ്യത്യസ്തയിനം സസ്യങ്ങളും, ഇവയിൽ പ്രധാനപ്പെട്ട വർഗ്ഗങ്ങളായ അരിയാപൊരിയൻ (ശാസ്ത്രീയനാമം: Antidesma bunius), മണിമരുത് അഥവാ പൂമരുത് (ശാസ്ത്രീയനാമം: Lagerstroemia reginae), ചന്ദനം (Sandal wood tree) (ശാസ്ത്രീയനാമം Santalum album), കാൻഡിൽ നട്ട് (Aleurites moluccanus), മലമ്പരത്തി (ശാസ്ത്രീയനാമം: Sterculia foetida), മാഫ് നട്ട് (Garcinia dulcis), ഏഴിലംപാല (ശാസ്ത്രീയനാമം: Alstonia scholaris), വീട്ടി (ശാസ്ത്രീയനാമം:Dalbergia latifolia), തുടങ്ങിയ സസ്യജാലങ്ങളെയും കണ്ടുവരുന്നു. പ്രപറ്റ് അഗുങ് ഉപദ്വീപിൽ ധാരാളം പവിഴപുറ്റുകൾ കാണപ്പെടുന്നു. ഈ ഉദ്യാനമേഖലയിൽ 18 കുടുംബങ്ങളിൽ നിന്നുള്ള 110 ഇനം പവിഴപുറ്റുകൾ ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. ലോകത്തു ഇതുവരെ രേഖപ്പടുത്തിയിട്ടുള്ള 29 ഇനം മഷ്റൂം പവിഴപുറ്റുകളിൽ 22 ഇനം ഇവിടെ കാണപ്പെടുന്നു. ഈ ദേശീയോദ്യാനത്തിൽ 165 വ്യത്യസ്തയിനം പക്ഷികളും കാണപ്പെടുന്നു. ബാലി സ്റ്റാർലിങ് എന്ന ഇനം പക്ഷി ഈ ഉദ്യാനത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ പക്ഷിയുടെ സാന്നിദ്ധ്യം ഈ ഉദ്യാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കുന്നു. വയൽക്കോതിക്കത്രിക (Hirundo rustica), ചീനമഞ്ഞക്കിളി (Oriolus chinensis), റാക്കറ്റ് റ്റെയിൽട് ട്രീപീ (Crypsirina temia), ചുട്ടിപ്പരുന്ത് (Spilornis cheela), കാട്ടുപനങ്കാക്ക (Eurystomus orientalis), കൊമ്പൻ ശരപ്പക്ഷി (Hemiprocne coronata), യെല്ലൊ വെൻറ്ഡ് ബുൾബുൾ (Pycnonotus goiavier), ബാലി മൈന (Leucopsar rothschildi), ചുയിരാച്ചുക്ക് (Caprimulgus affinis), മിൽക്കി സ്റ്റൊർക്ക് (Mycteria cinerea), കാക്ക മീൻകൊത്തി (Halcyon capensis), വരയൻ കത്രിക (Cecropis daurica), ജാവ സ്പാരോ (Lonchura oryzivora) എന്നീ ഇനങ്ങളും ഇവിടെ സ്വൈരമായി വിഹരിക്കുന്നു. ബാന്റെങ് (Bos javanicus), ചില്ലിൻഘം വൈൽഡ് കാറ്റിൽ, ഇൻഡ്യൻ മുന്റ്ജക് ഡീയർ (Muntiacus muntjak), ജാവ രുസ ഡീയർ (Rusa timorensis), കാട്ടുപന്നി (Sus scrofa), കടുവ, പുലി എന്നീ സസ്തനികളും, ഹാക്സ്ബിൽ കടലാമ (Eretmochelys imbricata), ഏഷ്യൻ വാട്ടർ മോണിറ്റർ (Varanus salvator) മുതലായവയും ഈ ഉദ്യാനം വാസസ്ഥലമാക്കിയിരിക്കുന്നു. 1930-ലാണ് അവസാനത്തെ ബാലി കടുവയെ റിപ്പോർട്ടു ചെയ്തിട്ടുള്ളത്[4]. വിനോദസഞ്ചാരംആഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് ബാലി ബരത് ദേശീയോദ്യാനം സന്ദർശിക്കാൻ അനുകൂല സമയം. ഗില്ലിമാനുക്, സിങ്കരാജ തുടങ്ങിയ തുറമുഖ നഗരങ്ങളിലുള്ള റോഡുമാർഗ്ഗവും, കിഴക്കൻ ജാവ യിലെ കീറ്റാപങ് വഴി കടത്തുമാർഗ്ഗവും ഉദ്യാനത്തിലെത്തിച്ചേരാം[5]. ചിത്രശാല
അവലംബം
പുറം കണ്ണി
West Bali National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia