ബാൻക് ഡു ഗീസർ
മൊസാംബിക് ചാനലിന്റെ വടക്കുകിഴക്കുഭാഗത്തായി ഏറെക്കുറെ പൂർണ്ണമായി വെള്ളത്തിനടിയിലുള്ള ഒരു റീഫാണ് ബാൻക് ഡു ഗീസർ. മായോട്ടിക്ക് 125 കിലോമീറ്റർ വടക്കു കിഴക്കായും ഗ്ലോറിയോസോ ദ്വീപുകൾക്ക് 112 കിലോമീറ്റർ തെക്കുപടിഞ്ഞാറായും ആണ് ഇത് സ്ഥിതി ചെയ്യുന്നത്. മഡഗാസ്കറിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുനിന്ന് 200 കിലോമീറ്റർ ദൂരെയാണിത്. അണ്ഡാകൃതിയുള്ളതും അപകടകരമായതുമായ റീഫാണിത്. ഇതിന്റെ നീളം 8 കിലോമീറ്ററും വീതി 5 കിലോമീറ്ററുമാണ്. വേലിയിറക്കസമയത്തേ തെക്കേ അറ്റത്തെ ചില പാറകൾ ഒഴികെയുള്ള ഇതിന്റെ കരഭാഗം പൂർണ്ണമായി തെളിഞ്ഞുവരൂ. പാറകൾ 1.5 മുതൽ 3 മീറ്റർ വരെ ഉയരമുള്ളവയാണ്. ഏറ്റവും ഉയരമുള്ളത് സൗത്ത് റോക്ക് എന്നറിയപ്പെടുന്ന പാറയാണ്. 8 മീറ്ററാണ് ഇതിന്റെ ഉയരം. റീഫിന്റെ കിഴക്കുഭാഗത്ത് ചില മണൽത്തിട്ടകളുണ്ട്. ഇതിൽ പുല്ലും ചെറിയ കുറ്റിച്ചെടികളും വളരുന്നുണ്ട്. മദ്ധ്യഭാഗത്തുള്ള ലഗൂണിലേയ്ക്ക് തെക്ക്-തെക്കുകിഴക്ക് വശത്തുനിന്ന് പ്രവേശിക്കാവുന്നതാണ്. ഇവിടെ ധാരാളം കടൽപക്ഷികളുണ്ട്. മണൽത്തിട്ടകളിൽ ടൺ കണക്കിനു ഗുവാനോ ഉണ്ട്. എ.ഡി. 700-ൽ തന്നെ അറബ് നാവികർക്ക് ഈ റീഫിനെക്കുറിച്ച് അറിയാമായിരുന്നു. 800-നടുത്തുള്ള ചില നാവിക ചാർട്ടുകളിൽ ഇതിന്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്. 1650-നടുത്ത് ഈ റീഫ് സ്പാനിഷ് ഭൂപടങ്ങളിൽ അറെസിഫെ ഡെ സാന്റോ അന്റോണിയോ എന്ന പേരിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇപ്പോഴുള്ള പേര് 1678 ഡിസംബർ 23-ന് ബ്രിട്ടീഷ് കപ്പലായ ഗേയ്സിർ ഇവിടെ മണ്ണിലുറച്ചശേഷം ലഭിച്ചതാണ്. ഈ റീഫിന്മേൽ ഫ്രാൻസ്, മഡഗാസ്കർ, കൊമോറോസ് എന്നിവ അവകാശവാദമുന്നയിക്കുന്നുണ്ട്. ഫ്രഞ്ച് കാഴ്ച്ചപ്പാടനുസരിച്ച് ഇത് അവരുടെ ഇന്ത്യാ മഹാസമുദ്രത്തിൽ ചിതറിക്കിടക്കുന്ന ദ്വീപുകളുടെ ഭാഗമാണ്. മഡഗാസ്കർ 1976-ൽ ഇത് തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് പ്രസ്താവിക്കുകയുണ്ടായി. ദ്വീപിനടുത്ത് എണ്ണ നിക്ഷേപം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത്. കൊമോറസ് ഈ റീഫ് തങ്ങളുടെ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയ്ക്ക് ഉള്ളിലാണെന്ന നിലപാടാണെടുത്തിട്ടുള്ളത്. പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia