2020 ഓഗസ്റ്റ് 4 ന് ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്ത് നഗരത്തിൽ ഒന്നിലധികം സ്‌ഫോടനങ്ങൾ നടന്നു. [1][2] ബെയ്‌റൂത്ത് തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തിൽ 207 പേർ മരിക്കുകയും, 6,500 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും, കൂടാതെ നിരവധി പേരെ കാണാതാവുകയും ചെയ്തു. [3][4] കഴിഞ്ഞ ആറ് വർഷമായി സർക്കാർ കണ്ടുകെട്ടുകയും തുറമുഖത്ത് സൂക്ഷിക്കുകയും ചെയ്ത ഏകദേശം 2,750 ടൺ വരുന്ന അമോണിയം നൈട്രേറ്റുമായി ബന്ധപ്പെട്ടാണ് സ്ഫോടനമെന്ന് ലെബനൻ ജനറൽ സെക്യൂരിറ്റി ഡയറക്ടർ ജനറൽ അറിയിച്ചു. [5] സ്ഫോടനം നൂറുകണക്കിന് ടൺ ടിഎൻടിയ്ക്ക് തുല്യമായ ഫലങ്ങൾ ഉളവാക്കിയതായി കരുതപ്പെടുന്നു.[6] ഇരുന്നൂറ് കിലോമീറ്റർ അകലെ സൈപ്രസിൽ വരെ ഇതിൻ്റെ പ്രതിധ്വനി ഉണ്ടായി. [1]
സ്ഫോടനങ്ങൾ
ആദ്യത്തേതും ചെറുതുമായ സ്ഫോടനത്തിൽ തീയുടെ മുകളിൽ ഒരു പുക മേഘം രൂപപ്പെടുകയും പടക്കങ്ങളോട് സാമ്യമുള്ള മിന്നുന്ന പ്രകാശം അവയുടെ ഉള്ളിൽ കാണപ്പെടുകയും ചെയ്തു. രണ്ടാമത്തെ സ്ഫോടനം പ്രാദേശിക സമയം 18:08:18 നാണ് സംഭവിച്ചത്. [7] ഇത് ബെയ്റൂട്ട് നഗരത്തെ പിടിച്ചുകുലുക്കി. ചുവന്ന നിറത്തിലുള്ള പൊടിപടലങ്ങൾ വായുവിലേക്ക് ഉയരുകയും ചെയ്തു. [8] രണ്ടാമത്തെ സ്ഫോടനം വടക്കൻ ഇസ്രായേലിലും 240 കിലോമീറ്റർ (150 മൈൽ) അകലെയുള്ള സൈപ്രസിലും അനുഭവപ്പെട്ടു. സ്ഫോടനത്തിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവീസ് റിപ്പോർട്ട് ചെയ്തു.
കാരണം
സ്ഫോടനത്തിന്റെ കാരണം ഉടനടി നിർണ്ണയിക്കപ്പെട്ടിട്ടില്ല. [9] സ്‌ഫോടനം നടന്നത് ഒരു സ്ഫോടന സാമഗ്രികളുടെ വെയർഹൗസിലാണ്. എന്നാൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം എണ്ണ സംഭരണ കേന്ദ്രത്തിലോ രാസവസ്തുക്കളുടെ സംഭരണ കേന്ദ്രത്തിലോ ആകാമെന്നാണ്. [1][10][11]നൈട്രേറ്റുകൾ, സ്ഫോടകവസ്തുക്കളും രാസവസ്തുക്കളും സംഭരിക്കുന്നഗോഡൗണുകൾ തുറമുഖത്തുണ്ടായിരുന്നു. [12] അമോണിയം നൈട്രേറ്റ് കണ്ടുകെട്ടുകയും വർഷങ്ങളോളം സൂക്ഷിക്കുകയും ചെയ്തതാണ് സ്ഫോടനത്തിന് കാരണമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ അറിയിച്ചു. [13] അമോണിയം നൈട്രേറ്റ് മോൾഡോവ - ഫ്ലാഗുചെയ്ത ചരക്ക് കപ്പലായ എംവി റോസസുമായി ബന്ധപ്പെട്ടിരുന്നു, ഇത് എഞ്ചിൻ പ്രശ്‌നങ്ങളുമായി 2014 ൽ ബെയ്റൂട്ടിൽ എത്തിയതാണ്. [14]