അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി, 2011-ലെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹത്തിന് ഹോണറി പാം ഡി ഓർ പുരസ്കാരം സമ്മാനിക്കപ്പെട്ടു.[2] 1979 മുതൽ 2018 ൽ അദ്ദേഹത്തിന്റെ മരണം വരെ തിരക്കഥാകൃത്ത് ക്ലേർ പെപ്ലോയെ ആയിരുന്നു അദ്ദേഹം വിവാഹം കഴിച്ചിരുന്നത്.[3]
ജീവിതരേഖ
ഇറ്റലിയിലെ എമിലിയ-റൊമാഗ്ന മേഖലയിലെ നഗരമായ പാർമയിലാണ് അദ്ദേഹം ജനിച്ചത്. ഒരു അദ്ധ്യാപികയായിരുന്ന നിനെറ്റയുടേയും (ഗ്യോവാനാർഡി) ഒരു കവി, പേരെടുത്ത കലാ ചരിത്രകാരൻ, പദ്യസമാഹാര രചയിതാവ്, ചലച്ചിത്ര നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ആറ്റിലിയോ ബെർതുലൂച്ചിയുടേയും മൂത്തപുത്രനായിരുന്നു അദ്ദേഹം.[4] അദ്ദേഹത്തിന്റെ അമ്മ ഓസ്ട്രേലിയയിൽ ജനിച്ച, ഇറ്റാലിയൻ പിതാവിന്റേയും ഒരു ഐറിഷ് മാതാവിന്റേയും മകളായിരുന്നു.[5][6]
ഒരു കലാപരമായി അന്തരീക്ഷത്തിൽ വളർന്നുവന്ന ബെർതുലൂച്ചി, തന്റെ പതിനഞ്ചാമത്തെ വയസിൽ തന്നെ എഴുതിത്തുടങ്ങുകയും പ്രേമിയോ വിയാരെഗ്ഗിയോ ഉൾപ്പെടെയുള്ള നിരവധി അന്തസുറ്റ സാഹിത്യ പുരസ്കാരങ്ങൾ അദ്ദേഹത്തിന്റെ ആദ്യ പുസ്തകത്തിനു ലഭിക്കുകയും ചെയ്തു.
കലാജീവിതം
ബെർത്തോലൂച്ചി ആദ്യകാലത്ത് തന്റെ പിതാവിനെപ്പോലെതന്നെ ഒരു കവിയായി മാറാൻ അദമ്യമായി ആഗ്രഹിച്ചിരുന്നു. ഈ ഉദ്ദേശം മനസ്സിൽവച്ചുകൊണ്ട് അദ്ദേഹം 1958 മുതൽ 1961 വരെ റോം സർവകലാശാലയിലെ ആധുനിക സാഹിത്യ ഫാക്കൽറ്റിയിൽ ചേരുകയുണ്ടായി. അവിടെവച്ച് പസോളിനിയുടെ അസിസ്റ്റന്റ് ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം ചലച്ചിത്രരംഗത്തേയ്ക്കു പ്രവേശിച്ചത്.