കാനഡയിലെബ്രിട്ടീഷ് കൊളമ്പിയയിൽ സ്ഥിതിചെയ്യുന്ന കാമ്പസ് സൗകര്യങ്ങളുള്ള ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ് ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാല. സാധാരണയായി UBC എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്നു. 1908 ൽ മക്ഗിൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്ന പേരിൽ സ്ഥാപിതമായ ഈ സർവകലാശാല 1915 ൽ സ്വതന്ത്ര സ്ഥാപനമായിത്തീരുകയും ഇന്നത്തെ പേരു സ്വീകരിക്കുകയും ചെയ്തു. ഉന്നത പഠനത്തിനുള്ള ബ്രിട്ടീഷ് കൊളമ്പിയയിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ സർവ്വകലാശാലയുടെ വാൻകൂവർ, ഒക്കനാഗനൻ വാലി കാമ്പസുകളിലായി ഏകദേശം 60,000 ൽപ്പരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.[5] ആർട്സ്, സയൻസ്, യുബിസി ഫാക്കൽട്ടി ഓഫ് മെഡിസിൻ, സൌദർ സ്കൂൾ ഓഫ് ബിസിനസ്[6] എന്നിങ്ങനെ 5 വലിയ ഫാക്കൽറ്റികളിലാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും എൻറോൾ ചെയ്തിട്ടുള്ളത്. യുബിസിയുടെ 4.02 ചതുരശ്ര കിലോമീറ്റർ (993 എക്കർ) വിസ്തൃതിയുള്ള വാൻകൂവർ കാമ്പസ് വാൻകൂവർ [7] പട്ടണമദ്ധത്തിൽനിന്ന് 10 കിലോമീറ്റർ (6 മൈൽ) ദൂരത്തിൽ പടിഞ്ഞാറായി യൂണിവേഴ്സിറ്റി എൻഡോവ്മെന്റ് ഭൂമിയിലാണ് നിലനിൽക്കുന്നത്. കെലോവ്നയിലുള്ള 2.09 ചതുരശ്രകിലോമീറ്റർ (516 എക്കർ) വിസ്തൃതിയുള്ള ഒക്കനാഗൻ കാമ്പസ് 2005 ലാണ് എറ്റെടുക്കപ്പെട്ടത്.