ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
![]() പോർട്ടോ റിക്കോയ്ക്ക് കിഴക്കായി കരീബിയൻ പ്രദേശത്തുള്ള ബ്രിട്ടീഷ് വിദേശ ആധിപത്യ പ്രദേശമാണ് ഔദ്യോഗികമായി വിർജിൻ ദ്വീപുകൾ[3] എന്നറിയപ്പെടുന്ന ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ (BVI). ഈ ദ്വീപുകൾ ഭൂമിശാസ്ത്രപരമായി വിർജിൻ ഐലന്റ് ദ്വീപസമൂഹത്തിന്റെ ഭാഗമായതും ലെസ്സെർ ആന്റില്ലെസിലെ ലീവാർഡ് ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നതുമാണ്. ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ പ്രധാന ദ്വീപുകളായ ടോർട്ടോള, വിർജിൻ ഗോർഡ, അനെഗാഡ, ജോസ്റ്റ് വാൻ ഡൈക് എന്നിവയും മറ്റ് 50 ചെറിയ ദ്വീപുകളും കെയിസുകളും ഉൾക്കൊണ്ടിരിക്കുന്നു. 15 ദ്വീപുകളിലെങ്കിലും മനുഷ്യവാസമുണ്ട്. തലസ്ഥാനമായ റോഡ് ടൌൺ 20 കിലോമീറ്റർ (12 മൈൽ) നീളവും 5 കിലോമീറ്റർ (3 മൈൽ) വീതിയുമുള്ള വലിയ ദ്വീപായ ടോർട്ടോളയിലാണ് സ്ഥിതിചെയ്യുന്നത്. 2010 ലെ കനേഷുമാരി കണക്കുകൾ പ്രകാരം ദ്വീപുകളിലെ ആകെ ജനസംഖ്യ ഏകദേശം എണ്ണം 28,000 ആയിരുന്നു. ഇതിൽ ഏതാണ്ട് 23,500 പേർ ടെർട്ടോളയിലാണ് താമസിച്ചിക്കുന്നത്. ദ്വീപുകൾക്കായുള്ള ഏറ്റവും പുതിയ യുനൈറ്റഡ് നേഷൻസ് കണക്കുകളിൽ (2016) ജനസംഖ്യ 30,661 ആയിരുന്നു.[4] ബ്രിട്ടീഷ് വിർജിൻ ദീപു നിവാസികൾ ബ്രിട്ടീഷ് വിദേശ ഭൂവിഭാഗങ്ങളുടെ പൗരന്മാരും 2002 മുതൽ ബ്രിട്ടീഷ് പൗരന്മാരുമാണ്. ഈ ഭൂവിഭാഗം യൂറോപ്യൻ യൂണിയന്റെ ഭാഗമല്ല എന്നതുപോലെ യൂറോപ്യൻ യൂണിയന്റെ നിയമത്തിന് നേരിട്ട് വിധേയമല്ല എന്നുവരികിലും ബ്രിട്ടീഷ് വിർജിൻ ദ്വീപു നിവാസികൾ തങ്ങളുടെ ബ്രിട്ടീഷ് പൗരത്വം കാരണമായി യൂറോപ്യൻ യൂണിയനിലെ പൗരന്മാരായി കണക്കാക്കപ്പെടുന്നു.[5] ദ്വീപുകളുടെ പേര്പ്രദേശത്തിന്റെ ഔദ്യോഗികനാമം ഇപ്പോഴും "വിർജിൻ ദ്വീപുകൾ" എന്നാണ്, പക്ഷെ "ബ്രിട്ടീഷ്" എന്ന ഉപസർഗ്ഗം പലപ്പോഴും ഉപയോഗിക്കപ്പെടുന്നു. 1917 ൽ സമീപത്തെ അമേരിക്കൻ പ്രദേശം "ഡാനിഷ് വെസ്റ്റ് ഇൻഡീസ്" എന്ന പേരിൽനിന്നും "വിർജിൻ ഐലന്റ്സ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ്" എന്നാക്കി മാറ്റിയതിനാൽ ബ്രിട്ടീഷ് പ്രദേശത്തെ വേർതിരിച്ചറിയാനായിരിക്കാം ഇത് സാധാരണയായി ഉപയോഗിക്കുന്നതെന്നു പൊതുവേ കരുതുന്നു. എന്നിരുന്നാലും പ്രാദേശിക ചരിത്രകാരന്മാർ ഈ വാദത്തെ ചോദ്യം ചെയ്യുന്നു. 1857 ഫെബ്രുവരി 21 നും 1919 സെപ്റ്റംബർ 12 നും ഇടയിലുണ്ടായിരുന്ന പല പ്രസിദ്ധീകരണങ്ങളും പൊതുരേഖകളും ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ പ്രദേശം ബ്രിട്ടീഷ് വിർജിൻ ഐലന്റ്സ് എന്നു നേരത്തതന്നെ അറിയപ്പെട്ടിരുന്നുവെന്ന് അവർ സമർത്ഥിക്കുന്നു.[6] ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലെ സർക്കാർ പ്രസിദ്ധീകരണങ്ങളിൽ "ദ ടെറിറ്ററി ഓഫ് ദ വിർജിൻ ഐലന്റ്സ്" എന്നാരംഭിക്കുന്ന പേരിൽ ഉപയോഗിക്കുന്നതോടൊപ്പം പ്രദേശത്തിന്റെ പാസ്പോർട്ടുകളിൽ "വിർജിൻ ഐലന്റ്സ്" എന്നു മാത്രമായും എല്ലാ നിയമങ്ങളും "വെർജിൻ ദ്വീപുകൾ" എന്ന വാക്കുകളോടെയുമാണ് ആരംഭിക്കുന്നത്. അതു മാത്രമല്ല, "വിർജിൻ ദ്വീപുകൾ" എന്ന പേരുപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് "എല്ലാ ശ്രമങ്ങളും നടത്തണം" എന്ന് പ്രദേശത്തിന്റെ ഭരണഘടനാ കമീഷനും അഭിപ്രായപ്പെടുകയുണ്ടായി.[7] എന്നാൽ BVI ഫിനാൻസ്, BVI ഇലക്ട്രിസിറ്റി കോർപ്പറേഷൻ, BVI ടൂറിസ്റ്റ് ബോർഡ്, BVI അത്ലറ്റിക് അസോസിയേഷൻ, BVI ബാർ അസോസിയേഷൻ തുടങ്ങി വിവിധ പൊതുകാര്യവകുപ്പുകളും പൊതുമരാമത്ത് വകുപ്പുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ "ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ" അല്ലെങ്കിൽ BVI എന്ന പേര് ഉപയോഗിക്കുന്നതു തുടരുന്നു. ഇന്നും പിന്തുടരുന്ന ഒരു രീതിയുടെ ഭാഗമെന്ന നിലയിൽ ഈ പ്രദേശത്തെ തപാൽ സ്റ്റാമ്പുകളിൽ "ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ" (മുമ്പ് ലളിതമായി "വിർജിൻ ദ്വീപുകൾ" എന്നുപയോഗിച്ചിരുന്നു) എന്നു രേഖപ്പെടുത്തേണ്ടതാണെന്നു നിഷ്കർഷിക്കുന്ന ഒരു മെമ്മോറാണ്ടം 1968 ൽ ബ്രിട്ടീഷ് സർക്കാർ ഒരു പുറപ്പെടുവിക്കുകയുണ്ടായി.[8] ഇത് 1959-ൽ പ്രദേശത്തെ അമേരിക്കൻ കറൻസിയുടെ സ്വീകാര്യത, പ്രദേശത്തെ തപാൽ സ്റ്റാമ്പുകൾക്കുള്ള യുഎസ് കറൻസി പരാമർശനം എന്നിവയിൽനിന്നുമുള്ള ആശയക്കുഴപ്പ സാധ്യത ഒഴിവാക്കുന്നതിനായിരിക്കാവുന്നതാണ്. ചരിത്രംക്രി.മു. 100-നടുത്ത് ദക്ഷിണ അമേരിക്കയിൽ നിന്നും കുടിയേറിയ അരവാക്കുകളാണ് വിർജിൻ ദ്വീപുകളിലെ ആദ്യ അധിവാസികൾ (എന്നിരുന്നാലും 1500 ബി.സി.യ്ക്കു മുമ്പുള്ള ദ്വീപുകളിലെ അമേരിന്ത്യൻ സാന്നിദ്ധ്യത്തേക്കുറിച്ചുള്ള ചില തെളിവുകൾ നിലനിൽക്കുന്നുണ്ട്).[9] 15 ആം നൂറ്റാണ്ടിൽ ലെസ്സർ ആന്റിലെസ് ദ്വീപുകളിൽ നിന്ന് കൂടുതൽ ആക്രമണാത്മകയുള്ളവരും കരീബിയൻ കടലിന്റെ നാമകരണത്തിനു കാരണക്കാരുമായ ഒരു ഗോത്രവർഗ്ഗമായ കാരിബുകളാൽ പുറത്താക്കപ്പെടുന്നതുവരെ വരെ അരവാക്കുകൾ ഈ ദ്വീപുകളിൽ അധിവസിച്ചിരുന്നു. തന്റെ സ്പാനിഷ് പര്യവേഷണത്തിന്റെ ഭാഗമായ 1493 ലെ അമേരിക്കകളിലേയ്ക്കുള്ള രണ്ടാം നാവികയാത്രയിൽ ഇതുവഴി സഞ്ചരിച്ച ക്രിസ്റ്റഫർ കൊളംബസ് ആയിരുന്നു വിർജിൻ ദ്വീപുകൾ ആദ്യമായി ദർശിച്ച യൂറോപ്യൻ. കൊളംബസ് ദ്വീപുകൾക്ക് സെന്റ് ഉർസുലയുടെ ബഹുമാനാർത്ഥം മനോരഞ്‌ജകമായ സാന്ത ഉർസുല വൈ ലാസ് വൺസ് മിൽ വിർജെനെസ് എന്ന പേരു നൽകുകയും ഇതു ചുരുങ്ങി ലാസ് വെർജെസനെസ് (ദ വിർജിൻസ്) എന്നായിത്തീരുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കണ്ടുപിടിക്കപ്പെട്ട ഈ ദ്വീപുകളുടെമേൽ സ്പാനിഷ് സാമ്രാജ്യം അവകാശവാദമുന്നയിക്കുകയുണ്ടായെങ്കിലും അവർ ഒരിക്കലും ദ്വീപുകളിൽ താമസമാക്കിയിരുന്നില്ല. തുടർന്നുള്ള വർഷങ്ങളിൽ ഇംഗ്ലീഷ്, ഡച്ച്, ഫ്രഞ്ച്, സ്പാനിഷ്, ഡാനിഷ് തുടങ്ങിയവർ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് തിരക്കുകൂട്ടുകയും ഇത് ദ്വീപുകൾ കടൽക്കൊള്ളക്കാരുടെ നിരന്തരമായ കുപ്രസിദ്ധ ഉപദ്രവങ്ങൾക്കിടയാക്കുയും ചെയ്തു. ഈ കാലഘട്ടത്തിൽ ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ ഏതെങ്കിലുമൊരു അമേരിന്ത്യൻ വർഗ്ഗങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് യാതൊരു രേഖകളുമില്ല എന്നിരുന്നാലും അടുത്തുള്ള സൈന്റ് ക്രോയിക്സിൽ വസിച്ചിരുന്ന തദ്ദേശവാസികളിൽ ഭൂരിഭാഗവും കൊല്ലപ്പെടുകയോ അങ്ങിങ്ങായി ഒറ്റപ്പെട്ടുകിടക്കുകയോ ചെയ്തിരുന്നു. 1648 ആയപ്പോഴേയ്ക്കും ഡച്ചുകാർ ടോർട്ടോള ദ്വീപിൽ ഒരു സ്ഥിരവാസകേന്ദ്രം പടുത്തുയർത്തി. 1672 ൽ ഇംഗ്ലീഷുകാർ ടോർട്ടോല ഡച്ചുകാരിൽ നിന്നും പിടിച്ചെടുക്കുകയും തുടർന്ന് 1680 ൽ അനെഗാഡ, വിർജിൻ ഗോർഡ എന്നിവയിലും തങ്ങളുടെ അധിനിവേശ തുടരുകയും ചെയ്തു. അതേസമയം, 1672-1733 കാലഘട്ടത്തിൽ ഡാനിഷുകാർ സമീപ ദ്വീപുകളായ സെയിന്റ് തോമസ്, സെയിന്റ് ജോൺ, സെയിന്റ് ക്രോയിക്സ് ദ്വീപുകൾ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. ![]() ബ്രിട്ടീഷ് ദ്വീപുകൾ പ്രധാനമായും തന്ത്രപ്രധാനമായ പ്രദേശമായി കണക്കാക്കപ്പെട്ടിരുന്നതും ഇവയിലെ കോളനികൾ പ്രത്യേകിച്ച് സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമായിരുന്ന സമയത്ത് സ്ഥാപിക്കപ്പെട്ടതുമായിരുന്നു. ബ്രിട്ടീഷുകാർ ഇവിടെ കരിമ്പുകൃഷി അവതരിപ്പിക്കുകയും ഇത് ദ്വീപുകളിലെ വിദേശ വ്യാപാരത്തിന്റെ സ്രോതസ്സും പ്രധാന വിളയും ആയിത്തീരുകയും കരിമ്പിൻ തോട്ടങ്ങളിൽ ജോലി ചെയ്യാനായി അടിമകളെ ആഫ്രിക്കയിൽ നിന്ന് കൊണ്ടുവരികയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ഈ ദ്വീപുകൾ സാമ്പത്തികമായി ഏറെ പുരോഗതി കൈവരിച്ചിരുന്നുവെങ്കിലും ഈ പ്രദേശത്തെ അടിമത്തനിരോധനം, വിനാശകാരിയായ ഒരു ചുഴലിക്കാറ്റ് പരമ്പര, യൂറോപ്പിലെയും അമേരിക്കയിലെയും പഞ്ചസാര വിളകളുടെ കൂടിയ ഉത്പാദനം എന്നീ കാരണങ്ങൾ കൂടിച്ചേർന്നുവന്നത് ദ്വീപുകളിലെ കരിമ്പിന്റെ ഉത്പാദനം ഗണ്യമായി കുറയ്ക്കുകയു സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാലഘട്ടത്തിലേക്ക് ദ്വീപുകൾ നയിക്കപ്പെടുകയും ചെയ്തു. 1917-ൽ ഡെൻമാർക്കിൽ നിന്ന് സെയിന്റ് ജോൺ, സെയിന്റ് തോമസ്, സെയിന്റ് ക്രോയിക്സ് എന്നീ ദ്വീപുകൾ അമേരിക്കൻ ഐക്യനാടുകൾ 25 ദശലക്ഷം യു.എസ്. ഡോളറിനു വിലയ്ക്കു വാങ്ങുകയും അവയെ യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ എന്നു പുനർനാമകരണം നടത്തുകയും ചെയ്തു. ബ്രിട്ടീഷ് വിർജിൻ ദ്വീപുകളുടെ ഭരണം ബ്രിട്ടീഷ് ലീവാർഡ് ദ്വീപുകളുടെ ഭാഗമായോ അല്ലെങ്കിൽ സെൻറ് കിറ്റ്സ് ആന്റ് നെവിസിന്റെ ഭാഗമായോ പലവിധത്തിൽ ദ്വീപുകളിലെ ബ്രിട്ടീഷ് സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഒരു ഭരണാധികാരിയാണു കൈകാര്യം ചെയ്യുന്നത്. 1960 ൽ ദ്വീപുകൾക്ക് പ്രത്യേക കോളനി പദവി ലഭിക്കുകയും 1967 ൽ സ്വയംഭരണാവകാശള്ളതായിത്തീരുകയും ചെയ്തു. 1960 മുതൽ ദ്വീപുകൾ തങ്ങളുടെ പാരമ്പരാഗതമായ കാർഷിക സമ്പദ്വ്യവസ്ഥയിൽ നിന്നു വ്യതിചലിച്ച് വിനോദസഞ്ചാരത്തിലേക്കും സാമ്പത്തിക സേവനങ്ങളിലേക്കും നീങ്ങുകയും കരീബിയൻ രാജ്യങ്ങളിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നായി മാറുകയു ചെയ്തു. ഭൂമിശാസ്ത്രംബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ വിവിധ വലിപ്പങ്ങളിലുള്ള ഏകദേശം 60 ഉഷ്ണമേഖലാ കരീബിയൻ ദ്വീപുകളാണുള്ളത്. ഇവയിൽ ടോർട്ടോള 20 കിലോമീറ്റർ (12 മൈൽ) നീളവും 5 കിലോ മീറ്റർ (3 മൈൽ) വീതിയുള്ളതും മറ്റുള്ളവ ചെറിയ ജനവാസമില്ലാത്ത ദ്വീപുകളുൾപ്പെട്ടതുമാണ്. ഇവയെല്ലാംകൂടി ഏകദേശം 150 ചതുരശ്ര കിലോമീറ്റർ (58 ചതുരശ്ര അടി മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. അവ യു.എസ്. വെർജിൻ ദ്വീപുകളിൽ നിന്ന് ഏതാനും മൈൽ കിഴക്കായി വിർജിൻ ഐലന്റ് ദ്വീപസമൂഹങ്ങളുടെ ഭാഗമെന്ന നിലയിൽ പോർട്ടോ റിക്കോ പ്രധാന കരയിൽനിന്ന് ഏകദേശം 95 കിലോമീറ്റർ (59 മൈൽ) അകലെയായി സ്ഥിതിചെയ്യുന്നു. ഏകദേശം 150 കിലോമീറ്റർ (93 മൈൽ) കിഴക്ക്, തെക്കു-കിഴക്കായി ആൻഗ്വില്ല സ്ഥിതി ചെയ്യുന്നു. വടക്കൻ അറ്റ്ലാന്റിക് മഹാസമുദ്രം ദ്വീപുകളുടെ കിഴക്കായും കരീബിയൻ കടൽ പടിഞ്ഞാറു ഭാഗത്തായും സ്ഥിതി ചെയ്യുന്നു. ഭൂരിഭാഗം ദ്വീപുകളും അഗ്നിപർവതജന്യവും പർവ്വത പ്രകൃതിയുള്ളതും പരുക്കൻ ഭൂപ്രകൃതിയുള്ളതുമാണ്. മറ്റു ദ്വീപുകളിൽനിന്ന് അനെഗാഡ ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായതും ചുണ്ണാമ്പുകല്ലും പവിഴപ്പുറ്റും ഉൾപ്പെടുന്ന ഒരു പരന്ന ദ്വീപുമാണ്. ടോർട്ടോള, വിർജിൻ ഗോർഡ, അനെഗാഡ, ജോസ്റ്റ് വാൻ ഡൈക് എന്നീ നാലു പ്രധാന ദ്വീപുകൾക്ക് പുറമെ ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലുൾപ്പെട്ടിരിക്കുന്ന മറ്റു ദ്വീപുകളും കാണുക:
കാലാവസ്ഥബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ വാണിജ്യവാതങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ഉഷ്ണമേഖലാ മഴക്കാട് കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. വർഷം മുഴുവനും നേരിയ വ്യത്യാസം മാത്രം കാണിക്കുന്ന താപനിലയാണുള്ളത്. തലസ്ഥാനമായ റോഡ് ടൌണിൽ പ്രതിദിന പരമാവധി താപനില 32 ° C (89.6 ° F) വേനൽ കാലത്തും ശൈത്യകാലത്ത് 29 ° C (84.2 ° F) ഉം ആണ് അനുഭവപ്പെടാറുള്ളത്. വേനൽക്കാലത്തെ സാധാരണനിലയിലുള്ള ഏറ്റവു കുറഞ്ഞ ദൈനംദിന താപനില ഏകദേശം 24 ° C (75.2 °F) കുറഞ്ഞ താപനില 21 °C (69.8 °F) ആയിരിക്കും. ഇവിടുത്തെ വർഷിക മഴ ശരാശരി 1,150 മില്ലീമീറ്ററാണ് (45.3 ഇഞ്ച്), ഇത് കുന്നിൻപ്രദേശങ്ങളിൽ ഉയർന്നനിലയിലും തീരപ്രദേശങ്ങളിൽ താഴ്ന്ന നിലയിലുമായിരിക്കും. വളരെ അസ്ഥിരമായ മഴക്കാലമാണെങ്കിലും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങൾ ശരാശരി ഈർപ്പമുള്ളതും ഫെബ്രുവരി മുതൽ നവംബർ വരെയുള്ള മാസങ്ങൾ ശരാശരി വരൾച്ചാ മാസങ്ങളുമായിരിക്കും.
ഇർമ ചുഴലിക്കൊടുങ്കാറ്റ്2017 സെപ്തംബർ 6 ന് വീശിയടിച്ച് ഇർമ ചുഴലിക്കാറ്റ് ഈ ദ്വീപുകളിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചതോടൊപ്പം BVI ൽ നാലു മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കരീബിയൻ ഡിസാസ്റ്റർ എമർജൻസി മാനേജ്മെന്റ് ഏജൻസി ദ്വീപുകളിലുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചത് ടോർട്ടോള ദ്വീപിലായിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ 2017 സെപ്തംബർ 13 ന് ടോർട്ടോല സന്ദർശിക്കുകയും ഇവിടുത്തെ നാശനഷ്ടങ്ങൾ വിലയിരുത്തുകയും ഇത് തന്നെ ഹിരോഷിമയിലെ ആറ്റംബോബ് വർഷത്തിന്റെ ഫോട്ടോകളെ ഓർമപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 8 ന് ബ്രിട്ടീഷ് സർക്കാർ സൈനികരോടൊപ്പം മെഡിക്കൽ സാമഗ്രികളും മറ്റു സഹായങ്ങളും എത്തിച്ചിരുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾക്കകം കൂടുതൽ സൈനികർ എത്തുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൂടുതൽ വിപുലമായ സഹായം നൽകുന്നതിനായി നിയോഗിക്കപ്പെട്ട HMS ഓഷ്യൻ എന്ന കപ്പൽ ഈ ദ്വീപുകളിൽ അടുത്ത രണ്ട് ആഴ്ചത്തേക്കുള്ളിൽ എത്തിച്ചേരുമെന്നു പ്രതീക്ഷിക്കപ്പെട്ടില്ല. ബ്രിട്ടീഷ് ദ്വീപുകളിൽ സംഭവിച്ച തകർച്ചയെ മറികടക്കുവാൻ വൻതോതിലുള്ള ഒരു ദുരന്തനിവാരണ പദ്ധതി നടപ്പാക്കാൻ നെക്കർ ദ്വീപിലെ (ബ്രിട്ടീഷ് വിർജിൻ ഐലന്റ്സ്) താമസക്കാരനും വ്യവസായിയുമായ റിച്ചാർഡ് ബ്രാൻസൺ യുകെ ഗവൺമെന്റിന്റെ ശ്രദ്ധ ക്ഷണിച്ചു. "ഹ്രസ്വകാല സഹായങ്ങളോടൊപ്പം ദീർഘകാല അടിസ്ഥാനസൗകര്യ വികസന പദ്ധതികളും" ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. ബിവിഐയെ പുനർനിർമ്മിക്കുന്നതിന് സമഗ്ര സഹായ പാക്കേജിനും പ്രീമിയർ ഒർലാൻഡോ സ്മിത്തും ആവശ്യപ്പെട്ടിരുന്നു. സെപ്തംബർ 10 ന് കരീബിയൻ ദ്വീപുകൾക്കായി 32 ദശലക്ഷം പൗണ്ടിന്റെ ഒരു ചുഴലിക്കാറ്റ് ദുരിതാശ്വാസ ഫണ്ട് നൽകുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് വാഗ്ദാനം ചെയ്തു. ഇതേസമയംതന്നെ ബ്രിട്ടീഷ് റെഡ് ക്രോസ് അഭ്യർത്ഥന വഴി പൊതുജനങ്ങളുടെ സംഭാവനകളും സ്വരൂപിക്കപ്പെട്ടു. യു.കെ. വിർജിൻ ഐലൻഡിലേയ്ക്ക് നീക്കിവയ്ക്കുന്ന തുകയെ സംബന്ധിച്ചുള്ള വിവരങ്ങൾ വാർത്താ മാധ്യമങ്ങൾക്ക് നൽകിയിരുന്നില്ല. ബ്രിട്ടീഷ് ദ്വീപുകളെ പുനരധിവസിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാരുടെ പ്രതിബദ്ധത സ്ഥിരീകരിക്കുകയെന്ന ലക്ഷ്യമായിരുന്നു 2017 സെപ്തംബർ 13 ലെ ബോറിസ് ജോൺസന്റെ കരീബിയൻ ടൂർ സമയത്തെ ടോർട്ടോളയിലേയ്ക്കുള്ള സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, സഹായ പാക്കേജിനേക്കുറിച്ചുള്ള കൂടുതൽ അഭിപ്രായങ്ങൾ ഒന്നും അദ്ദേഹത്തിൽനിന്നു ലഭിച്ചില്ല. തടികൾ, കുപ്പി വെള്ളം, ഭക്ഷണം, കുഞ്ഞുങ്ങൾക്കുള്ള പാൽ, കിടക്കകൾ, വസ്ത്രങ്ങൾ, അതുപോലെതന്നെ പത്ത് പിക്കപ്പ് ട്രക്കുകൾ, നിർമ്മാണ വസ്തുക്കൾ, ഹാർഡ്വെയർ തുടങ്ങിയവയുമായി HMS Ocean (L12) എന്ന കപ്പൽ BVI ദ്വീപുകളിലേക്കുള്ള വഴിയിലാണ് എന്നദ്ദേഹം സ്ഥിരീകരിച്ചിരുന്നു. രാഷ്ടീയംഈ പ്രദേശം പാർലമെന്ററി ജനാധിപത്യ സംവിധാനമാണ് പിന്തുടരുന്നത്. ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലെ പരമമായ എക്സിക്യുട്ടീവ് അതോറിറ്റിയെ ബ്രിട്ടീഷ് രാജ്ഞി പ്രതിനിധീകരിക്കുകയും ഈ മേൽക്കോയ്മ ബ്രിട്ടീഷ് വിർജിൻ ഐലൻഡിലെ ഗവർണർ രാജ്ഞിക്കുവേണ്ടി പ്രാവർത്തികമാക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ഉപദേശമനുസരിച്ച് ഗവർണറെ രാജ്ഞി നിയമിക്കുന്നു. പ്രതിരോധവും ഭൂരിഭാഗം വിദേശകാര്യങ്ങളും യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഉത്തരവാദിത്തമാണ്. അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia