ബ്രിട്ടീഷ് എയർവേസ്
ബിഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബ്രിട്ടീഷ് എയർവേസ് ആണു യുണൈറ്റഡ് കിംഗ്‌ഡത്തിൻറെ പതാക വാഹക എയർലൈൻ. വിമാനങ്ങളുടെ എണ്ണത്തിൻറെ കാര്യത്തിൽ യുണൈറ്റഡ് കിംഗ്‌ഡത്തിലെ ഏറ്റവും വലിയ എയർലൈനും ബ്രിട്ടീഷ് എയർവേസ് ആണ്. യാത്രക്കാരുടെ എണ്ണത്തിൽ ഈസിജെറ്റിനു പിറകിൽ യുണൈറ്റഡ് കിംഗ്‌ഡത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എയർലൈനാണ് ബ്രിട്ടീഷ് എയർവേസ്. എയർലൈനിൻറെ പ്രധാന ഹബ്ബായ ലണ്ടൻ ഹീത്രോ എയർപോർട്ടിനു സമീപമുള്ള വാട്ടർസൈഡിലാണ് എയർലൈനിൻറെ ആസ്ഥാനം. ബ്രിട്ടീഷ് എയർവേസ് ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷൻ ഗ്രൂപ്പായ ഇന്റർനാഷണൽ എയർലൈൻ ഗ്രൂപ്പിൻറെ (ഐഎജി) ഭാഗമാണ്. അമേരിക്കൻ എയർലൈൻസ്,കാതി പസിഫിക്, ക്വാൻട്ടസ്, കാനഡിയൻ എയർലൈൻസ് എന്നിവയുടെ കൂടെ വൺവേൾഡ് എയർലൈൻ അലയൻസിൻറെ സ്ഥാപക അംഗങ്ങളിൽ ഒന്നാണ് ബ്രിട്ടീഷ് എയർവേസ്. നിലവിൽ 300-ൽ അധികം വിമാനങ്ങളാണ് ബ്രിട്ടീഷ് എയർവേസിനുള്ളത്, 100-ൽ അധികം വിമാനങ്ങൾക്കു ഓർഡർ നൽകിയിട്ടുമുണ്ട്. ചരിത്രം1971-ൽ സിവിൽ ഏവിയേഷൻ ആക്ട് പാസാക്കിയശേഷം ബ്രിട്ടീഷ് ഓവർസീസ് കോർപറേഷൻ(ബിഒഎസി), ബ്രിട്ടീഷ് യൂറോപ്പിയൻ എയർവേസ് (ബിഇഎ) എന്നിവയെ നടത്താനായി യുണൈറ്റഡ് കിംഗ്ഡം സർക്കാർ ബ്രിട്ടീഷ് എയർവേസ് ബോർഡ് സ്ഥാപിച്ചു. 1972 സെപ്റ്റംബർ 1 മുതൽ ബിഒഎസിയുടേയും ബിഇഎയുടേയും പ്രവർത്തനങ്ങൾ ബ്രിട്ടീഷ് എയർവേസ് ഗ്രൂപ്പ് ഏറ്റെടുത്തു. ബിഒഎസിയും ബിഇഎയും ഒന്നാക്കിമാറ്റി 1974 മാർച്ച് 1-നു ബ്രിട്ടീഷ് എയർവേസ് സ്ഥാപിച്ചു. [4] അന്നത്തെ ഏറ്റവും വലിയ രണ്ടാമത്തെ യുണൈറ്റഡ് കിംഗ്‌ഡത്തിലെ എയർലൈനായ ബ്രിട്ടീഷ് കാലെഡോനിയനുമായി രണ്ടു വർഷം നീണ്ടുനിന്ന കടുത്ത മത്സരത്തിനുശേഷം 1976-ൽ സർക്കാർ ഏവിയേഷൻ പോളിസിയിൽ മാറ്റങ്ങൾ വരുത്തി ഇരു എയർലൈനുകളും തമ്മിലുള്ള മത്സരം അവസാനിപ്പിച്ചു. ബ്രിട്ടീഷ് എയർവേസും എയർ ഫ്രാൻസും സൂപ്പർസോണിക് വിമാനമായ എയറോസ്പേഷ്യൽ-ബിഎസി കോൺകോർഡ് വിമാനം ഉപയോഗിച്ചിരുന്നു, ലോകത്തിലെ ആദ്യത്തെ സൂപ്പർസോണിക് യാത്രാവിമാന സർവീസ് നടന്നത് 1976 ജനുവരിയിൽ ലണ്ടൻ ഹീത്രോയിൽനിന്നും ബഹ്‌റൈനിലേക്കാണ്. [5] താച്ചർ സർക്കാർ 1981-ൽ ബ്രിട്ടീഷ് എയർവേസിനെ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചു. സർ ജോൺ കിംഗ്, പിന്നീട് ലോർഡ് കിംഗ്, എയർലൈനിനെ ലാഭത്തിലേക്കു തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ചെയർമാനാക്കി. മറ്റു പല വലിയ എയർലൈനുകളും നഷ്ടത്തിലായപ്പോഴും ബ്രിട്ടീഷ് എയർലൈൻസിനെ ലാഭകരമായി നടത്തിയതിൻറെ ക്രെഡിറ്റ് കിംഗിനാണ്. [6] പതാക വാഹക എയർലൈൻ സ്വകാര്യവത്കരിച്ചു 1987-ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ചേർക്കപ്പെട്ടു.അതേ വർഷംതന്നെ യുകെയിലെ രണ്ടാമത്തെ വലിയ എയർലൈൻ ആയിരുന്ന ബ്രിട്ടീഷ് കാലെഡോനിനെ ബ്രിട്ടീഷ് എയർവേസ് ഏറ്റെടുത്തു. [7] ലക്ഷ്യസ്ഥാനങ്ങൾആറു ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടെ 160-ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബ്രിട്ടീഷ് എയർവേസ് സർവീസ് നടത്തുന്നു. മനുഷ്യവാസമുള്ള 6 ഭൂഖണ്ഡങ്ങളിലേക്കും സർവീസ് നടത്തുന്ന ചുരുക്കം ചില എയർലൈനുകളിൽ ഒന്നാണ് ബ്രിട്ടീഷ് എയർവേസ്. [8] എയർ ചൈന, ഡെൽറ്റ എയർലൈൻസ്, എമിരേറ്റ്സ്, എത്തിഹാദ് എയർവേസ്, കൊറിയൻ എയർ, ക്വാൻട്ടസ്, ഖത്തർ എയർവേസ്, സിംഗപ്പൂർ എയർലൈൻസ്, സൗത്ത് ആഫ്രിക്കൻ എയർവേസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയാണ് മറ്റു എയർലൈനുകൾ. കോഡ്ഷെയർ ധാരണകൾബ്രിട്ടീഷ് എയർവേസുമായി കോഡ്ഷെയർ അല്ലെങ്കിൽ പങ്കാളിത്ത ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: എയർ ലിംഗസ്, എയർ ബാൾട്ടിക്, എയർ ബെർലിൻ, അലാസ്ക എയർലൈൻസ്, എയർ ഇന്ത്യ, അമേരിക്കൻ എയർലൈൻസ്, ബാങ്കോക്ക് എയർവേസ്, കാതി പസിഫിക്, ഫിൻഎയർ, ഫ്ലൈബ്, ഗൾഫ് എയർ, ഐബീരിയ, ജപ്പാൻ എയർലൈൻസ്, ജെറ്റ്ബ്ലൂ, ലാൻ എയർലൈൻസ്, ലോഗൻഎയർ, മലേഷ്യ എയർലൈൻസ്, മെരിഡിയാന ഫ്ലൈ, ക്വാൻട്ടസ്, ഖത്തർ എയർവേസ്, റോയൽ ജോർദാനിയൻ, എസ്7 എയർലൈൻസ്, ടം എയർലൈൻസ്, വ്യുലിംഗ്, വെസ്റ്റ്ജെറ്റ്. [9] അവലംബം
|
Portal di Ensiklopedia Dunia