ബ്ലൂറിഡ്ജ് മലനിരകൾ
ബ്ലൂറിഡ്ജ് മലനിരകൾ ബൃഹത്തായ അപ്പലേച്ചിയൻ മലനിരകളുടെ ഒരു ഭൂപ്രകൃതിശാസ്ത്രപരമായ പ്രവിശ്യയാണ്. കിഴക്കൻ ഐക്യനാടുകളിൽ സ്ഥിതിചെയ്യുന്ന ഇത് മേരിലാന്റ്, പടിഞ്ഞാറൻ വിർജീനിയ, കോമൺവെൽത്ത് ഓഫ് വിർജീനിയ, വടക്കൻ കരോലിന, തെക്കൻ കരോലിന, ടെന്നസീ, ജോർജിയ എന്നീ വിവിധ സംസ്ഥാനങ്ങളിലൂടെ തെക്കൻ പെൻസിൽവാനിയിയിൽനിന്ന് 550 മൈലുകൾ തെക്കുപടിഞ്ഞാറേയ്ക്ക് വ്യാപിച്ചുകിടക്കുന്നു.[1] വടക്കും തെക്കുമുള്ള ഭൂപ്രകൃതിശാസ്ത്രപരമായ മേഖലകളെ ഉൾക്കൊണ്ടിരിക്കുന്ന ഈ പ്രവിശ്യ, റോണോക്ക് നദീവിടവിനടുത്തുവച്ച് വിഭജിക്കപ്പെടുന്നു.[2] ബ്ലൂറിഡ്ജിന് പടിഞ്ഞാറും അപ്പലേച്ചിയന്റെ മുഖ്യഭാഗത്തിനുമിടയിലായി അപ്പലേച്ചിയൻ നിരകളിലെ വടക്ക് റിഡ്ജ് ആന്റ് വാലി പ്രവിശ്യ ഇതിന്റെ പടിഞ്ഞാറൻ അതിരായി സ്ഥിതിചെയ്യുന്നു. അകലെനിന്നു വീക്ഷിക്കുമ്പോൾ നീല നിറത്തിലാണ് ബ്ലൂ റിഡ്ജ് മലനിരകൾ കാണപ്പെടുന്നത്. ഈ പ്രദേശത്തെ സസ്യങ്ങൾ ഉയർന്ന അളവിൽ അന്തരീക്ഷത്തിലേയ്ക്കു വമിപ്പിക്കുന്ന ഐസോപ്രീൻ സംയുക്തങ്ങൾ[3] മൂടൽമഞ്ഞുപോലെ പരക്കുന്നതാണ് ബ്ലൂ റിഡ്ജ് മലനിരകൾക്കു നീല വർണ്ണം തോന്നിപ്പിക്കുന്നതിന്റെ കാരണം.[4] ബ്ലൂ റിഡ്ജ് പ്രവിശ്യയുടെ പരിധിയിൽ രണ്ടു പ്രധാന ദേശീയോദ്യാനങ്ങളാണുള്ളത് - വടക്കൻ ഭാഗത്തുള്ള ഷെനാൻഡോ ദേശീയോദ്യാനവും തെക്കൻ ഭാഗത്തുള്ള ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് ദേശീയോദ്യാനങ്ങളുമാണിവ. ഇതുകൂടാതെ ജോർജ്ജ് വാഷിങ്ടൺ ആന്റ് ജെഫേഴ്സൺ ദേശീയ വനങ്ങൾ, ചെറോക്കി ദേശീയവനം, പിസ്ഗാഹ് ദേശീയ വനം, നന്തഹാല ദേശീയ വനം, ചട്ടഹൂച്ചീ ദേശീയ വനം എന്നിവയും ഈ പ്രവിശ്യയുടെ ഭാഗങ്ങളാണ്. രണ്ടു ദേശീയോദ്യാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 469 മൈൽ (755 കിലോമീറ്റർ) നീളം വരുന്ന നയനമനോഹരമായ ബ്ലൂ റിഡ്ജ് പാർക്വേയും ബ്ലൂറിഡ്ജ് പ്രവിശ്യക്കുള്ളിൽ നിലനിൽക്കുന്നു. ഭൂമിശാസ്ത്രം![]() "ബ്ലൂ റിഡ്ജ്" എന്ന പദം ചിലപ്പോൾ അപ്പലേച്ചിയൻ മലനിരകളുടെ കിഴക്കൻ അരികിനോ അല്ലെങ്കിൽ മുൻനിരകൾക്കോ മാത്രമായി പ്രയോഗിച്ചിട്ടുണ്ടെങ്കിലും, ബ്ലൂ റിഡ്ജ് പ്രവിശ്യയുടെ ഭൂമിശാസ്ത്രപരമായ നിർവചനമനുസരിച്ച് ഇത് ഗ്രേറ്റ് സ്മോക്കി മൌണ്ടൻസ്, ഗ്രേറ്റ് ബാൽസംസ്, റോൺസ്, ബ്ലാക്സ്, ബ്രഷി മൌണ്ടൻസ് (ബ്ലൂ റിഡ്ജിന്റെ ഒരു ശിഖരം), മറ്റ് പർവത നിരകൾ എന്നിവയെ വലയം ചെയ്ത് പടിഞ്ഞാറേയ്ക്ക് റിഡ്ജ് ആന്റ് വാലി പ്രദേശങ്ങൾ വരെ വ്യാപിച്ചുകിടക്കുന്നു. ബ്ലൂ റിഡ്ജ് മലനിരകൾ വടക്കു ദിശയിൽ പെൻസിൽവാനിയയിലേയ്ക്കും പിന്നീട് സൗത്ത് മൌണ്ടൻ വരെയും വ്യാപിക്കുന്നു. സൗത്ത് മൌണ്ടൻ ഗെറ്റിസ്ബർഗിനും ഹാരിസ്ബർഗിനുമിടയിൽ വെറും കുന്നുകളായി ചുരുങ്ങുമ്പോൾ, ബ്ലൂ റിഡ്ജിന്റെ കാതലായ പുരാതന ശിലാവ്യൂഹം വടക്കുകിഴക്കുഭാഗത്തുകൂടി ന്യൂജേഴ്‌സിയിലൂടെ ഹഡ്സൺ നദിയുടെ ഉന്നതപ്രദേശങ്ങളിലേയ്ക്കു വ്യാപിച്ച് അന്തിമമായി മസാച്യുസെറ്റ്സിലെ ബെർക്‌ഷയേർസ് മേഖലയിലേയ്ക്കും വെർമോണ്ടിലെ ഗ്രീൻ പർവതനിരകളിലേക്കും എത്തിച്ചേരുന്നു. ബാഫിൻ ദ്വീപിനു തെക്ക്, കിഴക്കൻ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന പർവതങ്ങൾ ബ്ലൂ റിഡ്ജ് നിരകളിൽ അടങ്ങിയിരിക്കുന്നു. 125 ഓളം കൊടുമുടികൾ 5,000 അടിയിലേറെ (1,500 മീറ്റർ) ഉയരമുള്ളതാണ്.[5] 6,684 അടി (2,037 മീറ്റർ) ഉയരമുള്ള മൌണ്ട് മിച്ചലാണ് ബ്ലൂ റിഡ്ജിലെ (മുഴുവൻ അപ്പലാചിയൻ ശൃംഖലയിലേയും) ഏറ്റവും ഉയർന്ന കൊടുമുടി. വടക്കൻ കരോലിനയിലും ടെന്നസിയിലുമുള്ള 39 കൊടുമുടികൾ 6,000 അടിയിലേറെ (1,800 മീറ്റർ) ഉയരമുള്ളതാണ്; താരതമ്യപ്പെടുത്തുമ്പോൾ, അപ്പലാചിയൻ ശൃംഖലയുടെ വടക്കൻ ഭാഗത്ത് ന്യൂ ഹാംഷെയറിലെ മൗണ്ട് വാഷിംഗ്ടൺ മാത്രമാണ് 6,000 അടിക്ക് മുകളിലുള്ളത്. ഈ പർവത ഗണങ്ങൾക്കായി പീക്ക് ബാഗേഴ്സ് ഉപയോഗിക്കുന്ന ഒരു പദമാണ് “സതേൺ സിക്സേഴ്സ്”.[6] ബ്ലൂ റിഡ്ജ് പാർക്ക്‌വേ തെക്കൻ അപ്പാലാച്ചിയനുകളുടെ ശിഖരങ്ങളിലൂടെ 469 മൈൽ (755 കിലോമീറ്റർ) ദൂരത്തിൽ കുടന്നു പോകുകയും ഷെനാൻഡോവ, ഗ്രേറ്റ് സ്മോക്കി മലനിരകൾ എന്നീ രണ്ട് ദേശീയോദ്യാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു. പാർക്ക്‌വേയിലുടനീളമുള്ള പല സ്ഥലങ്ങളിലും, ഇളം നിറത്തിലും ഇരുണ്ട നിറത്തിലുമുളള ധാതുക്കളടങ്ങിയ ഞൊറികളായുള്ള മെറ്റാമോർഫിക് പാറക്കൂട്ടങ്ങളുണ്ട് (ഗ്നെയ്സ്), അവ ചിലപ്പോൾ മാർബിൾ കേക്കിലെ മടക്കുകളും ചുഴികളും പോലെ കാണപ്പെടുന്നു. അവലംബം
|
Portal di Ensiklopedia Dunia