ഭൂമിയുടെ ചരിത്രം![]() കോടിക്കണക്കിന് വർഷങ്ങക്കു മുൻപ് ഭൂമി രൂപം കൊണ്ടത് മുതൽ ഇന്നേവരെ അതിന്ന് ബാഹ്യമായും ആന്തരികമായും ഉണ്ടായ വികാസപരിണാമങ്ങളുടെ വിവരണമാണ് ഭൂമിയുടെ ചരിത്രം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമിയുടെ ഗതകാലസ്ഥിതികളും അതിന്റെ ചരിത്രത്തിലെ പ്രധാനസംഭവങ്ങളും മനസ്സിലാക്കാൻ ശാസ്ത്രത്തിന്റെ മിക്കവാറും എല്ലാ ശാഖകളും ഉപയോഗപ്പെടുത്തേണ്ടിവരുന്നുണ്ട്. പ്രപഞ്ചത്തിന്റെ പ്രായത്തിന്റെ ഏതാണ്ട് മൂന്നിലൊന്നാണ് ഭൂമിയുടെ പ്രായം എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. അത്രയും കാലത്തിനിടയിൽ ഭൂമിയിൽ അനുസ്യൂതവും എണ്ണിയാലൊടുങ്ങാത്തതുമായ നിരവധി മാറ്റങ്ങൾ അതിന്റെ ആന്തരികഘടനയിലും അതിനെ വലയം ചെയ്തുനിൽക്കുന്ന അന്തരീക്ഷത്തിലും അതിൽ ഉരുത്തിരിഞ്ഞ ജൈവമണ്ഡലത്തിലും സംഭവിച്ചിട്ടുണ്ട്. ഏതാണ്ട് 454 കോടിവർഷങ്ങൾക്കു മുൻപ് സൂര്യനു ചുറ്റുമുണ്ടായിരുന്ന സൗരവാതകപടലങ്ങൾ (Solar Nebula)ഉറഞ്ഞുകൂടിയാണ്(accretion) ഭൂമി ഉണ്ടായത്. അക്കാലത്ത് ഭൗമന്തരീക്ഷത്തിലുണ്ടായിരുന്നത് അഗ്നിപർവ്വതങ്ങളുടെ സ്ഫോടനം പുറത്തെത്തിച്ചിരുന്ന വാതകങ്ങളാകാനേ തരമുള്ളു. അതിൽ പ്രാണവായുവിന്റെ അളവ് തീരെ ഇല്ലായിരുന്നു. അതിലുണ്ടായിരുന്ന മറ്റു വാതകങ്ങളാകട്ടെ, ഇന്നുകാണുന്ന മട്ടിലുള്ള, മനുഷ്യനടക്കമുള്ള മിക്കവാറും എല്ലാ ജീവിവർഗങ്ങൾക്കും ഹാനികരവുമായിരുന്നു. അതിഭീമങ്ങളായ അഗ്നിപർവ്വതസ്ഫോടനങ്ങളും ശൂന്യാകാശത്തുനിന്ന് ധാരാളമായി വന്നു വീണുകൊണ്ടിരുന്ന അന്യവസ്തുക്കളും കാരണം ഭൂമിയുടെ ഭൂരിഭാഗവും ഉരുകിത്തിളച്ചു കിടന്നിരുന്നു. അക്കൂട്ടത്തിലുണ്ടായ ഒരു അത്യുഗ്രൻ ഉൽക്കാപാതമാണ് ഭൂമിയുടെ ഭ്രമണാക്ഷം ചരിച്ചതും അതിൽ നിന്ന് വലിയൊരു ഭാഗം അടർത്തിത്തെറിപ്പിച്ച് ചന്ദ്രനെ സൃഷ്ടിച്ചതും എന്ന് കരുതപ്പെടുന്നു. കാലംകൊണ്ട് ഭൂമി തണുത്തുറയുകയും അതിന്ന് ഉറച്ച ഒരു പുറംതോട് ഉണ്ടാകുകയും ചെയ്തപ്പോൾ അതിന്നുപുറമെ ജലം സംഭൃതമാകാൻ തുടങ്ങി. ഭൂമിയിൽ ഏറ്റവും ആദ്യത്തെ ജൈവരൂപം പ്രത്യക്ഷപ്പെടുന്നത് 380 - 350 കോടി വർഷങ്ങൾക്കുമുൻപുള്ള കാലത്താണ്. അതിന്റെ അറിയപ്പെടുന്ന ആദ്യതെളിവുകൾ പടിഞ്ഞാറൻ ഗ്രീൻലാൻഡിൽനിന്നും അസ്ത്രേലിയയിൽനിന്നും ആണ് കിട്ടിയിട്ടുള്ളത്. പടിഞ്ഞാറൻ ഗ്രീൻലാൻഡിലെ 370 കോടി വർഷം പഴക്കം നിർണ്ണയിച്ച പാറകളിൽനിന്ന് ജൈവപ്രക്രിയയിൽ നിന്ന് രുപം കൊണ്ട ഗ്രാഫൈറ്റ് ശകലങ്ങൾ കണ്ടെത്തിയിട്ടുണ്ട്]][1] . പടിഞ്ഞാറൻ ആസ്ത്രേലിയയിലെ 348 കോടി വർഷം പഴക്കം കണ്ട മണൽപ്പാറകളിൽനിന്ന് മൈക്രോബുകളുടെ ഫോസ്സിലുകളും കണ്ടെത്തിയിട്ടുണ്ട്]].[2][3] . പ്രകാശസംശ്ലേഷണശേഷിയുള്ള ജൈവരൂപങ്ങൾ 200 കോടി വർഷങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ടതോടെ അവ ഭൗമാന്തരിക്ഷത്തിൽ പ്രാണവായു നിറക്കാൻ തുടങ്ങി. ഏതാണ്ട് 58 കോടി വർഷം മുൻപ് വരെ ജീവൻ അതിന്റെ സൂക്ഷ്മരൂപത്തിൽ, ലളിതമാതൃകകളിൽ മാത്രമാണ് നിലനിന്നിരുന്നത്. ഈ കാലത്താണ് ബഹുകോശജീവികളുടെ ഉദയം. പിന്നീട് വന്ന കാംബ്രിയൻ കാലഘട്ടത്തിൽ ജീവൻ, അതിശീഘ്രവും അതിവുപുലവുമായ തോതിൽ വൈവിദ്ധ്യം സമാർജ്ജിച്ചു.ഇക്കാലത്താണ് ഇന്നു കാണുന്ന മിക്കവാറും എല്ലാ ജീവിവർഗ്ഗങ്ങളുടേയും ഉദയം. ഭൂമി ഉണ്ടായതുമുതൽതന്നെ ഭൗമാന്തർശാസ്ത്രപരമായ മാറ്റങ്ങളും ജീവൻ ഉടലെടുത്തതോടെതന്നെ അതിന്റെ ജീവശാസ്ത്രപരമായ മാറ്റങ്ങളും നിരന്തരമായി നമ്മുടെ ഗ്രഹത്തിൽ സംഭവിക്കുന്നുണ്ടായിരുന്നു. ജൈവമാതൃകകൾ തുടർച്ചയായി പരിണമിച്ചുകൊണ്ടിരിക്കുകയും പുതിയ രൂപങ്ങൾ കൈവരിക്കുകയും ചെയ്തു. അവയോരോന്നിലും പലപ്പോഴും പുതിയ അവാന്തരവിഭാഗങ്ങളും ഉടലെടുത്തുകൊണ്ടിരുന്നു. ചില ജീവിവർഗ്ഗങ്ങൾക്ക് പലകാരണങ്ങൾകൊണ്ടും വംശനാശം സംഭവിക്കുകയും ചെയ്തു പോന്നു. ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്ന ഭൗമഫലകങ്ങൾ സമുദ്രങ്ങളുടേയും വൻകരകളുടേയും അതിരുകൾ തുടർച്ചയായി മാറ്റിമറിച്ചിരുന്നതുകൊണ്ട് അവയെ ആശ്രയിച്ചുനിൽക്കുന്ന ജീവിവർഗങ്ങളും മാറിക്കൊണ്ടിരുന്നു. തിരിച്ച് ജൈവമണ്ഡലം ഭൂമിയുടെ അജൈവമണ്ഡലത്തിലും സ്വാധീനം ചെലുത്തി; ഓസോൺ പാളിയുടെ രൂപപ്പെടുത്തൽ, അന്തരീക്ഷം പ്രാണവായുസമ്പന്നമാക്കൽ, മണ്ണിന്റെ നിർമ്മിതി എന്നിവയെല്ലാം അങ്ങനെ സംഭവിച്ചതാണ്. സൗരയൂഥത്തിന്റെ രൂപീകരണം.ഭൂമിയടക്കമുള്ള സൗരയൂഥത്തിന്റെ രൂപീകരണത്തെപ്പറ്റി സാമാന്യേന അംഗീകരിക്കപ്പെട്ട സിദ്ധാന്തം സൗരവാതകപടലസിദ്ധാന്തമാണ്(Solar Nebula Hypothesis) [4]. ![]() ഇതനുസരിച്ച് സൗരയൂഥത്തിന്റെ ഉറവിടം താരാപഥങ്ങൾക്കിടയിലെ ശൂന്യസ്ഥലിയിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന പൊടിപടലങ്ങളും വാതകങ്ങളുമടങ്ങിയ ഒരു വമ്പൻ സൗരവാതകമേഘത്തിൽ നിന്നാണ്. 1380 കോടി വർഷങ്ങൾക്കു മുമ്പ് നടന്ന മഹാവിസ്ഫോടനത്തിൽ നിന്നുണ്ടായ ഹൈഡ്രജനും ഹീലിയവും പിന്നെ താരവിസ്ഫോടനങ്ങളിൽ നിന്നുണ്ടാകുന്ന ഘനവസ്തുക്കളും ആണ് അതിലുണ്ടായിരുന്നത് [5]. ഏതാണ്ട് 450 കോടി വർഷങ്ങൾക്കു മുൻപ് ഈ വാതകപടലം - സമീപത്തുണ്ടായ ഒരു താരവിസ്ഫോടനത്തിന്റെ(Super Nova) ശക്തിയാലെന്നു കരുതപ്പെടുന്നു – സങ്കോചിക്കാനും ചുറ്റിത്തിരിയാനും തുടങ്ങി. അതിന്റെ വേഗം കൂടിവന്നതോടേ വർദ്ധിച്ചുവന്ന ഗുരുത്വാകർഷണവും മറ്റു ബലങ്ങളും കാരണം ഈ വാതകപടലം അതിന്റെ ഭ്രമണാക്ഷത്തിന്ന് ലംബമായി വൃത്താകൃതിയിൽ, ഒരു തട്ടിന്റെ രൂപത്തിൽ, മണ്ഡലാകൃതി സ്വീകരിച്ചാണ് തിരിഞ്ഞിരുന്നത്. ഈ ആദിമഗ്രഹപടലത്തിനകത്ത് സൂക്ഷ്മകണികകൾ തമ്മിൽ തുടർച്ചയായുണ്ടായ കൂട്ടിമുട്ടലുകളിലൂടെ, അവയെല്ലാം ഉരുകിച്ചേർന്ന് കിലോമീറ്ററുകൾ മാത്രം വ്യാസമുള്ള ആദിമഗ്രഹങ്ങൾ ഉണ്ടാകുകയും അവ വാതകപടലത്തിന്റെ കേന്ദ്രത്തെ ചുറ്റിത്തിരിയാൻ തുടങ്ങുകയും ചെയ്തു.[6]. ഈ ആദിമഗ്രഹപടലത്തിന്റെ കേന്ദ്രത്തിൽ ആൻഗുലർ മോമെന്റം വളരെ കുറവായിരുന്നതുകൊണ്ട് വർദ്ധമാനമായ തോതിൽ വാതകകേന്ദ്രീകരണം നടക്കുകയും തുടർന്നുണ്ടായ വർദ്ധിച്ച താപനിലയും മർദ്ദവും കാരണം ഹൈഡ്രജൻ അണുതലത്തിൽ ഉരുകിച്ചേർന്ന് ഹീലിയം ഉണ്ടാകാൻ തുടങ്ങുകയും ചെയ്തു. ഈ ഭാഗം കൂടുതൽ സങ്കോചിക്കാനിടവരികയും ടി ടൗറി ഗണത്തിൽപ്പെട്ട ഒരു നക്ഷത്രം അവിടെ രൂപം കൊള്ളുകയും ചെയ്തു. ഇതാണ് പിന്നീട് നമ്മുടെ ഇന്നത്തെ സൂര്യനായി രൂപാന്തരം പ്രാപിച്ചത്. അതിനിടെ ഗുരുത്വാകർഷണം കാരണം വാതകപടലം അതിന്റെ കേന്ദ്രത്തിന്നു പുറത്ത് അനേകം വളയങ്ങളായി മാറിയിരുന്നു. ഈ വളയങ്ങളിലെ ആദിമഗ്രഹങ്ങൾ തമ്മിൽ കൂട്ടിമുട്ടി അവ തമ്മിൽ അടിഞ്ഞുകൂടിയാണ് പിന്നീട് ഇന്നത്തെ ഗ്രഹങ്ങൾ ഉണ്ടായത് .[6] ഇക്കൂട്ടത്തിലാണ് 454 കോടി വർഷങ്ങൾക്കു മുമ്പ് ഭൂമിയും സഞ്ചയിക്കപ്പെടുന്നത്. അതിന്റെ പൂർത്തീകരണത്തിന്ന് ഒന്നോ രണ്ടോ കോടി വർഷങ്ങൾ എടുത്തിട്ടുണ്ടാകണം. വാതകപടലത്തിന്റെ, ഘനീഭവിച്ചുരുകിച്ചേർന്ന് വലിയ വസ്തുക്കളാകാതെ നിന്ന ഭാഗങ്ങളൊക്കെ പിന്നീട് സൗരവാതത്തിന്റെ ശക്തിയിൽ സൗരയൂഥത്തിൽനിന്നുതന്നെ തൂത്തെറിയപ്പെട്ടു.പ്രപഞ്ചത്തിൽ പുതുതായുണ്ടാകുന്ന നക്ഷത്രങ്ങൾക്കു ചുറ്റും ഇതുപോലുള്ള അടിഞ്ഞുകൂടൽ പ്രക്രിയ വഴി സഞ്ചയിതമണ്ഡലങ്ങൾ(Accretion Disks) രൂപം കൊള്ളുന്നുണ്ടെന്നും അവയിൽ ഗ്രഹങ്ങൾ ജന്മമെടുക്കുന്നുണ്ടെന്നുമാണ് ശാസ്ത്രലോകം കണക്കാക്കുന്നത്[7] ആദിമഭൂമി ഇങ്ങനെ അടിഞ്ഞുകൂടൽ വഴി വലുതായി വന്നു. ഇരുമ്പുമായി ചേർന്ന് ഖരരൂപത്തിലോ ദ്രവരൂപത്തിലോ ഉള്ള ലായനികൾ സൃഷ്ടിക്കാൻ കഴിവുള്ള, ഉയർന്ന സാന്ദ്രതയുള്ള ലോഹങ്ങൾ (siderophile metals) ഉരുകിച്ചേരാനാവശ്യമായ താപനില സമാർജ്ജിക്കും വരെ - അവ അങ്ങനെ ലായനികളായി ഇരുമ്പിനൊപ്പം ഭൂമിയുടെ കേന്ദ്രത്തിലേക്ക് മുങ്ങിത്താണുപോകാൻ സദ്ധ്യതയുണ്ടായിരുന്നു - ഈ സഞ്ചയനം തുടർന്നു. അതോടെ, ഇരുമ്പടക്കം, അവയൊക്കെ, ഭാരം കൂടിയതുകാരണം, ഭൂമിയുടെ അടിത്തട്ടിലേക്ക് താണുപോയി. അയോദുരന്തം(Iron Catastrophe) എന്നു വിളിക്കുന്ന ഈ സംഭവം ഭൂമിക്ക് ലോഹസമ്പുഷ്ടമായ ഒരു കേന്ദ്രഭാഗവും (Core) സിലിക്കേറ്റുകൾ നിറഞ്ഞ ഒരു പുറംഭാഗവും(Proto Mantle) ഉണ്ടാകുന്നതിൽ കലാശിച്ചു. ഇതുണ്ടായത് ഭൂമി രൂപംകൊള്ളാൻ തുടങ്ങി ഒരു കോടി വർഷങ്ങൾക്കുള്ളിലാണ്. അതോടെ തട്ടുകളായുള്ള ഒരു ഘടനയും ഒരു കാന്തികമണ്ഡലവും ഭൂമിക്ക് ലഭ്യമാകുകയും ചെയ്തു [8] ഇന്ന് ഈ കേന്ദ്രഭാഗത്തിന്റെ ഏറ്റവും ഉള്ളിലെ ഭാഗം തണുത്ത ഖരരൂപത്തിലും അതിന്നു പുറത്തെ ഭാഗം ഉരുകിയ ദ്രവരൂപത്തിലുമാണ്. തണുത്തുകൊണ്ടിരിക്കുന്ന (ഓരോ നൂറുകോടി വർഷങ്ങൾ തോറും 100 ഡിഗ്രി സെല്ഷ്യസ് എന്ന തോതിൽ [9]). ഈ ആന്തരികകേന്ദ്രഭാഗം ദ്രവരൂപത്തിൽ തിളച്ചുകിടക്കുന്ന ബഹിർഭാഗത്തിലേക്ക് വളർന്നുവരികയാണെന്നൊരു സിദ്ധാന്തം ജെ.എ. ജേക്കബ്സ് [10] എന്ന ശാസ്ത്രജ്ഞൻ മുന്നോട്ട് വച്ചിട്ടുമുണ്ട്. ആദ്യയുഗങ്ങൾഭൂമിയുടെ ചരിത്രത്തിലെ ആദ്യയുഗമായ ഹേഡിയൻ(Hadean)യുഗമായി നിർണ്ണയിക്കപ്പെട്ടിട്ടുള്ളത് ഭൂമിയുടെ രൂപീകരണം മുതൽ 380 കോടി വർഷങ്ങൾ [11] വരെ ആണ്. ഇന്നേവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ള പാറകളിൽ ഏറ്റവും കൂടുതൽ പ്രായമുള്ളതിന്ന് 400 കോടി വർഷത്തെ [12] [13][14]പഴക്കമാണുള്ളത്. അവയിൽ നിന്ന് കാലാവസ്ഥാശോഷണവും ഖാദനവും മൂലം വേർപെട്ടുകാണപ്പെടുന്ന(Detrital) സിർക്കോൺ പരലുകൾക്ക് 440 കോടി വർഷത്തെ പഴക്കവും നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. ഈ കാലമാകട്ടെ ഭൂവൽക്കത്തിന്റേയും (Crust), ഒരുപക്ഷേ ഭൂമിയുടെ തന്നേയും, രൂപീകരണം നടന്നുകഴിഞ്ഞ ഉടനെയുള്ള കാലമാണ്. ചന്ദ്രന്റെ രൂപീകരണത്തെക്കുറിച്ചുള്ള ബൃഹദാഘാതസിദ്ധാന്തം (Giant Impact Hypothesis) അനുസരിച്ച് ആദിഭൂവൽക്കത്തിന്റെ നിർമ്മിതിക്ക് തൊട്ടു പിന്നാലെ ഒരു ചെറിയ ആദിമഗ്രഹം ഭൂമിയിൽ വന്നിടിക്കുകയും ആ ആഘാതത്തിൽ ഭൂവൽക്കത്തിന്റേയും അതിന്നടിയിലെ പാളി(Mantle)യുടേയും കുറച്ചുഭാഗം ശൂന്യതയിലേക്ക് തെറിച്ചുവീണ് ചന്ദ്രൻ ഉണ്ടാകുകയും ചെയ്തു[15][16][17] ഗ്രഹപ്രതലങ്ങളുടെ പ്രായം കണക്കാക്കാൻ സ്വീകരിക്കാറുള്ള ഗർത്തഗണനരീതി(Crater Counts) അനുസരിച്ച് നാനൂറ്റിപ്പത്ത് കോടി വർഷങ്ങൾക്കുമുമ്പ് പിൽക്കാല ഉൽക്കാവർഷപാതം(Late Heavy Bombardment) എന്നറിയപ്പെടുന്ന ഒരു ഉൽക്കാപാതപരമ്പര ആരംഭിച്ചിരുന്നു. അത് 410 കോടിവർഷങ്ങൾക്കുമുൻപ് ആരംഭിച്ച് ഹേഡിയൻ യുഗത്തിന്റെ അവസാനഘട്ടമായ 380 കോടി വർഷം മുമ്പു വരെ നീണ്ടുനിൽക്കുകയുമുണ്ടായി[18] കൂടാതെ ഭൂമിയുടെ അകം ഇന്നത്തേക്കാൾ വളരെയേറെ ചുട്ടുപഴുത്തും പുറം തണുത്ത് ഘനീഭവിച്ചും ഇരുന്നതുകൊണ്ട് വർദ്ധമാനമായ തോതിൽ അതിബൃഹത്തായ അഗ്നിപർവ്വതസ്ഫോടനങ്ങളും നടന്നുപോന്നു[19] . എന്നിരുന്നാലും 440 കോടി പഴക്കം കൽപ്പിക്കുന്ന സിർക്കോൺ പരലുകൾ കിട്ടിയവക്ക് ജലസമ്പർക്കം ഉണ്ടായിരുന്നതായി കാണുന്നതിൽനിന്ന് അന്നേകാലത്തുതന്നെ സമുദ്രങ്ങൾ ഉണ്ടായിക്കഴിഞ്ഞിരുന്നു എന്നും കണക്കാക്കപ്പെടുന്നുണ്ട് [20]. അടുത്തയുഗമായ ആർച്ചിയൻയുഗത്തിന്റെ (Archean Eon) തുടക്കത്തോടെ ഭൂമി വളരെയേറെ തണുത്തു കഴിഞ്ഞിരുന്നു. അന്തരീക്ഷത്തിൽ പ്രാണവായുവും ഒസോൺ പാളിയും ഇല്ലാതിരുന്നതുകൊണ്ട് ഇന്നു കാണുന്ന ജീവമാതൃകകളിൽ ഏറെയെണ്ണത്തിന്നും ആർച്ചിയൻ പരിതോവസ്ഥകളിൽ നിലനിൽക്കാനാകുമായിരുന്നില്ല. എന്നിരുന്നാലും ഈ കാലത്താണ് ജീവന്റെ പ്രാഗ്രൂപങ്ങൾ പ്രത്യക്ഷപ്പെടുന്നത്. അക്കാലത്തുനിന്നുള്ള, അതായത് 350 കോടി വർഷത്തോളം പഴക്കമുള്ള പ്രാചീന അശ്മകങ്ങൾ ഇതിന്നു തെളിവായി കണ്ടുകിട്ടിയിട്ടുണ്ട് [21]. ജീവന്റെ ഉത്പത്തിക്ക് ഹേഡിയൻ യുഗത്തിന്റെ തുടക്കത്തോളം, അതായത് 440 കോടി വർഷത്തോളം, പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന ശാസ്ത്രജ്ഞരും ഉണ്ട്. അവർ പറയുന്നത് “പിൽക്കാല ഉൽക്കാവർഷപാത”(Late Heavy Bombardment) കാലത്ത് ജീവൻ ഭൂപ്രതലത്തിന്നടിയിലുണ്ടായിരുന്ന ഊഷരജലനാളികളിൽ(Hydrothermal Vents) നിലനിന്നുകൊണ്ട് കാലത്തെ അതിജീവിച്ചു എന്നാണ് [22]. ചന്ദ്രന്റെ ഉത്പത്തിസൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും തമ്മിലുള്ള വലിപ്പത്തിന്റെ അനുപാതം കണക്കിലെടുക്കുമ്പോൾ ഭൂമിയുടെ നൈസർഗിക ഉപഗ്രഹമായ ചന്ദ്രൻ വളരെ വലുതാണെന്ന് പറയാം[23][24][25]. അമേരിക്കയുടെ അപ്പോളോ ചാന്ദ്രയാത്രകൾക്കിടയിൽ ചന്ദ്രനിലെ പാറകളുടെ സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ കൊണ്ടുവന്നിരുന്നു. റേഡിയോമെട്രിക് കാലഗണന ഉപയോഗിച്ച് ഈ പാറകളുടെ പ്രായം നിർണ്ണയിച്ചപ്പോൾ അത്, 453 കോടി വർഷങ്ങൾ (ഒരു കോടി വർഷങ്ങളുടെ വ്യത്യാസത്തിൽ) ആണെന്നു കണ്ടിരുന്നു[26]. അതായത് ചന്ദ്രന്റെ രൂപീകരണം സൗരയൂഥം ഉണ്ടായി മൂന്ന് കോടി വർഷം കഴിഞ്ഞാണെന്ന് അന്ന് കണക്കാക്കപ്പെട്ടിരുന്നു[27]. എന്നാൽ പുതുതായി കിട്ടിയ തെളിവുകൾ അനുസരിച്ച് അത് 448 കോടി വർഷങ്ങൾകു മുമ്പാണെന്ന് നിർണ്ണയിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ഭൂമി ഉണ്ടായിക്കഴിഞ്ഞ് 7 മുതൽ 11 കോടി വർഷങ്ങൾക്കുള്ളിലാണ് ചന്ദ്രൻ ഉണ്ടായതെന്ന് വരുന്നു[28] ചന്ദ്രന്റെ രൂപീകരണത്തിനെക്കുറിച്ച് മുന്നോട്ടുവക്കുന്ന ഏത് സിദ്ധാന്തങ്ങളും താഴെ പറയുന്ന മൂന്ന് വസ്തുതകളെ. സാധൂകരിക്കേണ്ടതുണ്ട്. ആദ്യത്തേത്, ഭൂമിയുടെ ആപേക്ഷികസാന്ദ്രത 5.5[29] ആണെന്നിരിക്കെ, അതിനേക്കാൾ കുറഞ്ഞ ചന്ദ്രന്റെ ആപേക്ഷികസാന്ദ്രതയും (3.3)@ ചന്ദ്രന്നുള്ള വളരെ ചെറിയ ഒരു ലോഹീയകേന്ദ്ര(Metalic Core)വുമാണ്. രണ്ടാമത് ചന്ദ്രനിൽ ജലമൊഴികെ പെട്ടെന്ന് ബാഷ്പീകരിക്കുന്ന മറ്റൊരു ദ്രവവസ്തുക്കളുടേയും സാന്നിദ്ധ്യമില്ല എന്നതാണ്. മൂന്നാമത് ഭൂമിക്കും ചന്ദ്രനും ഒരേ ഓക്സിജ്ൻ ഐസോടോപ് സിഗ്നേചർ കാണപ്പെടുന്നു എന്നതാണ്. പലരും മുന്നോട്ടു വക്കുന്ന സിദ്ധാന്തങ്ങളിൽ മുകളിൽ പറഞ്ഞ മൂന്ന് വസ്തുതകൾക്കും സാധൂകരണം നൽകുന്നതായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത് ബൃഹദാഘാതസിദ്ധാന്തമാണ്. അതുപ്രകാരം ചൊവ്വാഗ്രഹത്തിനോളം വലിപ്പമുള്ള (തെയിയ എന്ന് വിളിക്കുന്ന[30]) ഒരു ഗ്രഹസമാനവസ്തു ആദിഭൂമിയിൽ വന്നിടിച്ചു കടന്നുപോയിയെന്ന് സിദ്ധാന്തിക്കപ്പെടുന്നു[31][32][33] ആ ആഘാതത്തിൽ, പിൽക്കാലത്ത് ദിനോസറുകളുടെ വംശനാശത്തിന്നിടയക്കിയ ചിക്സുലുബ് ആഘാതത്തേക്കാൾ 10 കോടി മടങ്ങ് ഊർജ്ജം വിസർജ്ജിക്കപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. അത് ഭൂമിയുടെ പുറമ്പാളിയിൽ ഒരുഭാഗം ബാഷ്പീകരിക്കാനും രണ്ട് ഗ്രഹങ്ങളേയും ദ്രവീകരിക്കാനും പര്യാപ്തമായിരുന്നു[34][35]. ഭൂമിയുടെ പുറമ്പാളിക്കടിയിൽ നിന്ന് ഒരു ഭാഗം തെറിച്ചുപോകുകയും അത് ഭൂമിയെ പ്രദക്ഷിണം വക്കാൻ തുടങ്ങുകയും ചെയ്തു. ഈ സിദ്ധാന്തപ്രകരം ചന്ദ്രന്റെ അസാധാരണമായ ആന്തരികഘടന[36] എന്തുകൊണ്ടാണ് താരതമ്യേന ലോഹരഹിതമായതെന്ന്[37] വിശദീകരിക്കപ്പെടുന്നുണ്ട്. തെറിച്ചുപോയി ഭൂമിയെ ചുറ്റാനാരംഭിച്ച ഭാഗം ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ അടിഞ്ഞുകൂടി ഏകമാനമായി മാറിയിരിക്കണം. അതിന്റെ തന്നെ ഗുരുത്വാകർഷണം കാരണം ആ വസ്തു പിന്നീട് ഗോളാകൃതി ആർജ്ജിക്കുകയും ചെയ്തു. അതാണ് ചന്ദ്രൻ[38]. ആദ്യ വൻകരകൾഭൂമിയുടെ അന്തരാളങ്ങളിൽ നിന്ന് പുറത്തേക്കുള്ള താപപ്രവാഹത്തിന്റെ ഫലമായി ഭൗമഫലകങ്ങളുടെ ചലനങ്ങൾക്ക് കാരണമായ മാന്റിൽ കൺവെക്ഷൻ എന്ന പ്രതിഭാസം ഉടലെടുക്കുന്നുണ്ട്[39]. സമുദ്രമദ്ധ്യമലനിരകളോടു(MidOcean ridges)ചേർന്ന് ഉറപ്പും കട്ടിയുമുള്ള ഭൗമഫലകങ്ങളുടെ രൂപികരണമാണ് ഇതിന്റെ ഒരു പരിണതി. അവപതനമേഖലകളിൽ വച്ച് ഈ ഫലകങ്ങൾ അവപതനം(Subduction) സംഭവിച്ച് മാന്റിലിലേക്ക് ഉരുകിച്ചേരുന്നു. ആർച്ചിയൻ യുഗത്തിന്റെ ആദ്യകാലത്ത് (ഏതാണ്ട് 300 കോടി ന്വർഷം മുമ്പ്)മാന്റിൽ ഇന്നത്തേക്കാൾ ചൂടുള്ളതായിരുന്നു- അന്ന് ഏതാണ്ട് 1600 ഡിഗ്രി സെന്റിഗ്രേഡ്[40] താപനില അതിനുണ്ടായിരുന്നു. അതുകാരണം മാന്റിൽ കൺവെക്ഷന്റെ വേഗവും കൂടുതലായിരുന്നു. ഇന്നത്തേപ്പോലുള്ള ഭൗമഫലകചലനങ്ങൾ അന്നുണ്ടായിരുന്നെങ്കിൽ അവയും ഇന്നത്തേക്കാൾ വളരെ കൂടിയ വേഗതയിലായിരുന്നിരിക്കും.ഹേഡിയൻ, ആർച്ചിയൻ യുഗങ്ങളിൽ അവപതനമേഖലകൾക്ക്(Subduction Zones) ബാഹുല്യം ഏറെയായിരുന്നിരിക്കാനും അതുകൊണ്ട് ഭൗമഫലകങ്ങൾ ഇന്നത്തേക്കാൾ ചെറുതായിരിക്കാനുമാണ് സാദ്ധ്യത[41]. ഭൂമിയുടെ പ്രതലം ആദ്യമായി ഖരീഭവിച്ചപ്പോൾ രൂപംകൊണ്ട പുറമ്പാളി ഈ ഹേഡിയൻകാലത്തെ ദ്രുതഫലകചലനങ്ങളും “പിൽക്കാല ഉൽക്കാവർഷാപാതവും”(Late Heavy Bombardment) കാരണം മുഴുവനായും അപ്രത്യക്ഷമായി. പുറമ്പാളിയിൽ ഖരവസ്തുക്കൾ വിവിധ തട്ടുകളിലായി ഒട്ടുംതന്നെ മാറിയിരുന്നില്ലെന്നതുകൊണ്ട്[42] ഇന്നത്തെ അന്തർസമുദ്രപുറമ്പാളികളേപ്പോലെ അവയും ബസാൾട് സമ്പുഷ്ടമായിരുന്നു. ഭൂമിയുടെ പുറമ്പാളിയുടെ അടിത്തട്ട് ഭാഗികമായി ദ്രവീകരിക്കപ്പെട്ടതിന്റെ ഫലമായി, അതിലെ പാറകളും മറ്റും അവയുടെ സാന്ദ്രതക്കനുസരിച്ച് വിവിധ തട്ടുകളിൽ നിരന്ന് രൂപം കൊണ്ട ഇന്നത്തെ ഭൂഖണ്ഡപാളികളുടെ ആദ്യകാല വിശാലശകലങ്ങൾ, ഹേഡിയൻ യുഗത്തിന്റെ അന്ത്യത്തിൽ, ഏതാണ്ട് 400 കോടി വർഷങ്ങൾക്കുമുമ്പാണ് പ്രത്യക്ഷപ്പെട്ടത്. ഇവയിൽ ഇന്നും ബാക്കിനിൽക്കുന്നവയെ ക്രാറ്റണുകൾ(Cratons) എന്നു വിളിക്കുന്നു. ഹേഡിയൻ ആർച്ചിയൻ യുഗങ്ങളിൽ നിന്നുള്ള ഈ ശകലങ്ങളെ കേന്ദ്രീകരിച്ചാണ് ഇന്നത്തെ വൻകരകൾ വളർന്നുവന്നത്[43]. കാനഡയിലുള്ള വടക്കനമേരിക്കൻ ക്രാറ്റണിലാണ് ഭൂമിയിൽ കാണപ്പെടുന്നതിൽ ഏറ്റവും പ്രായമുള്ള പാറകൾ കാണപ്പെടുന്നത്. അവക്ക് നാനൂറ് കോടി വർഷത്തെ പഴക്കമുണ്ട്. അവയിൽ ഉയർന്ന താപനിലയിൽ രൂപമാറ്റം സംഭവിച്ച്തിന്റെ ലക്ഷണങ്ങൾ കാണാനുണ്ടെങ്കിലും അവയിലും അടിഞ്ഞുകൂടി ഉണ്ടായ അംശങ്ങളുടെ അവശിഷ്ടങ്ങൾ, ജലത്തിലൂടെ ഒഴുകിപ്പോയപ്പോൾ സംഭവിച്ച ഖാദനത്തിന്റെ ഫലമായി ഉരുണ്ടുപോയ തരികൾ, കാണപ്പെടുന്നത് അക്കാലത്തും പുഴകളും കടലുകളും ഉണ്ടായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു[44]. സമുദ്രങ്ങളും അന്തരീക്ഷവുംകാലാകാലങ്ങളിലായി ഭൂമിക്ക് മൂന്നുതരം അന്തരീക്ഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ആദ്യത്തേത് സൗരമേഘത്തിൽ നിന്ന് ഗുരുത്വാകർഷണം വഴി സമ്പാദിച്ചതായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് ഹൈഡ്രജനും ഹീലിയവുമായിരുന്നു. പിൽക്കാലത്ത് സൗരവാതങ്ങളുടെയും ഭൂമി പുറപ്പെടുവിച്ച താപത്തിന്റേയും ഫലമായി അവയെല്ലാം തിരിയെ താരാപഥങ്ങൾക്കിടയിലേക്ക് തൂത്തെറിയപ്പെട്ടു. അതുകൊണ്ടാണ്` നമ്മുടെ ഇന്നത്തെ അന്തരീക്ഷത്തിൽ ഈ രണ്ട് വാതകങ്ങൾക്കും, പ്രപഞ്ചത്തിലെങ്ങും ഇവ രണ്ടും സമൃദ്ധമായി കാണപ്പെടുമ്പോഴും, ദൗർലഭ്യം വന്നത്[45]. ചന്ദ്രനെ സൃഷ്ടിച്ച ബൃഹദാഘാതത്തിനു ശേഷം ഉരുകിക്കിടന്നിരുന്നപ്പോൾ ഭൂമിയിൽ നിന്ന് പുറത്തുവന്ന ദ്രുതബാഷ്പീകരണശീലമുള്ള വാതകങ്ങളും പിന്നീട് അഗ്നിപർവ്വതസ്ഫോടനങ്ങളിലൂടെ ഉരുണ്ടുകൂടിയ വാതകങ്ങളും ചേർന്നതായിരുന്നു രണ്ടാമത്തെ അന്തരീക്ഷം. ഇതിൽ ഹരിതഗൃഹവാതകങ്ങളായിരുന്നു കൂടുതൽ; പ്രാണവായു തുലോം കുറവുമായിരുന്നു[46]. പിന്നീട്, ഏതാണ്ട് 280 കോടി വർഷങ്ങൾക്കു മുമ്പ് ബാക്ടീരിയകൾ പ്രാണവായു ഉത്പാദിപ്പിക്കാൻ തുടങ്ങിയതോടെ പ്രാണവായുസമ്പുഷ്ടമായ മൂന്നാമത്തെ അന്തരീക്ഷവും സംജാതമായി[47]. അന്തരീക്ഷവും സമുദ്രവും രൂപംകൊണ്ടതിനെപ്പറ്റി ആദ്യകാലത്ത് നടത്തിയ പഠനപദ്ധതികളനുസരിച്ച് രണ്ടാമത്തെ അന്തരീക്ഷ്ത്തിന്റെ ഉത്പത്തി ഭൂമിക്കുള്ളിൽ നിന്ന് വന്ന വാതകങ്ങൾകൊണ്ടാണെന്നായിരുന്നു നിഗമനം. എന്നാൽ ഇപ്പോൾ കണക്കാക്കപ്പെടുന്നത്, ഈ ദ്രുതബാഷ്പീകരണശീലമുള്ള മിക്ക വാതകങ്ങളും അന്തരീക്ഷത്തിൽ വന്നുപെട്ടത് ആദിഭൂമിയുടെ അടിഞ്ഞുകൂടൽ പ്രക്രിയയുടെ കാലത്തുതന്നെ, അന്ന് ഭൂമിയിൽ വന്നുപതിച്ച വസ്തുക്കൾ ആ പതനത്തിന്റെ ആഘാതത്തിൽത്തന്നെ ബാഷ്പീകരിക്കപ്പെട്ടുപോകുന്ന ഇമ്പാക്റ്റ് ഡിഗാസ്സിങ് (Impact Degassing)എന്ന പ്രതിഭാസത്തിലൂടെ നടന്ന ബാഷ്പീകരണത്തിലൂടെയാണെന്നാണ്. അങ്ങനെയാണെങ്കിൽ സമുദ്രങ്ങളും അന്തരീക്ഷവും ഭൂമി ഉണ്ടായ കാലം മുതൽ തന്നെ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ടാകണം[48]. അന്നത്തെ അന്തരീക്ഷത്തിൽ ജലബാഷ്പവും കാർബൺ ഡയോക്സൈഡും നൈട്രജനും കൂടാതെ ചെറിയ തോതിൽ മറ്റു വാതകങ്ങളും ഉണ്ടായിരുന്നു[49]. നീരാവികൊണ്ട് പാറകൾ ജലീകരിക്കപ്പെടുന്നതിന്ന് ഏറെക്കാലം വേണ്ടിവരുമെന്നതിനാലും ഹിമരൂപീകരണത്തെ തടഞ്ഞുകൊണ്ട് സൗരമേഘം വളരെ ഉയർന്ന താപനിലയിൽ ചുറ്റും ഉണ്ടായിരുന്നതുകൊണ്ടും സൂര്യനിൽ നിന്ന് ഭൂമിയുടെ അത്രയും ദൂരത്തിൽ(Astronomical Unit- AU) ഭ്രമണം ചെയ്തിരുന്ന അണുഗ്രഹങ്ങൾ ഒന്നുംതന്നെ ഭൂമിയിൽ ജലം സംഭൃതമാകുന്നതിന് കാരണമാകാൻ സാദ്ധ്യതയില്ല [50] [51]. സൗരവാതകമണ്ഡലത്തിന്റെ അതിരുകളിൽനിന്നുള്ള ഉൽക്കകളും ഭൂമിയേക്കാൾ സൂര്യനിൽനിന്ന് രണ്ടര ഇരട്ടി ദൂരത്തിൽ(2.5 AU)നിന്നെങ്കിലുമുള്ള ഏതാനും വലിയ ശിശുഗ്രഹങ്ങളും ആയിരിക്കണം ഭൂമിക്ക് ജലം പ്രദാനം ചെയ്തത്. വാൽനക്ഷത്രങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കും. ഇന്ന് വാൽനക്ഷത്രങ്ങൾ കാണപ്പെടുന്നത് നെപ്റ്റ്യൂണിന്നുമപ്പുറത്താണെങ്കിലും ആ പഴയകാലത്ത് സൗരയൂഥത്തിന്റെ അകത്തളങ്ങളിൽ തന്നെ അവ ധാരാളമായുണ്ടായിരുന്നുവെന്നാണ് കമ്പ്യൂട്ടർ നിരീക്ഷണങ്ങൾ കാണിക്കുന്നത്[52]. ഭൂമി തണുത്തുവന്നതോടെ ഈ നീരാവിയിൽ നിന്ന് മേഘങ്ങൾ രൂപംകൊണ്ടു. പിന്നെ മഴ വരികയും സമുദ്രങ്ങൾ നിറയുകയും ചെയ്തു. അടുത്ത കാലത്ത് കിട്ടിയ തെളിവുകൾ സൂചിപ്പിക്കുന്നത് 440 കോടി വർഷങ്ങൾക്കു മുമ്പുതന്നെ[53] സമുദ്രങ്ങൾ രൂപം കൊള്ളാൻ തുടങ്ങിയിരുന്നു എന്നാണ്. ആർച്ചിയൻ യുഗത്തിന്റെ ആരംഭത്തോടെ അവ ഭൂമിയൊട്ടാകെ പരന്നുകഴിഞ്ഞിരുന്നുവെന്ന ഈ നിഗമനം വിശദീകരിക്കാൻ ബുദ്ധിമുട്ട് ഏറെയുണ്ട്. കാരണം നമ്മുടെ സൂര്യന്, മറ്റെല്ലാ നക്ഷത്രങ്ങളേയും പോലെ, അതിന്റെ ഉത്പത്തിയിൽ ഇന്നത്തേതിന്റെ 70% പ്രകാശമേ ഉണ്ടായിരുന്നുള്ളുവെന്നും പിന്നീട് പ്രായം ചെല്ലുംതോറും അതിന് പ്രകാശവും ചൂടും കൂടിവരികയാണെന്നുമുള്ള വസ്തുതയാണ് അതിൽ പ്രധാനം. അങ്ങനെയാണെങ്കിൽ ഭൂമിയിൽ സംഭൃതമാകുന്ന ജലം (മിക്ക പഠനരീതികളും കാണിക്കുന്നതാകട്ടെ അക്കാലത്ത് ഭൂമി മുഴുവൻ ഹിമാഛാദിതമായിരുന്നു എന്നുമാണ്[54]. [55].) കാലം ചെല്ലുംതോറും ബാഷ്പീകരണം മൂലം ആവിയായ് പുറത്തേക്ക് പോകേണ്ടതായിരുന്നില്ലേ എന്ന ചോദ്യം അവിടെ ഉദിക്കുന്നുണ്ട്. അങ്ങനെ സംഭവിക്കാതിരുന്നതിന്റെ ഒരു കാരണമായി കാണുന്നത് അക്കാലത്ത് ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടായിരുന്ന, ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡയോക്സൈഡിന്റേയും മീഥേനിന്റേയും ആധിക്യമാണ്. കാർബൺ ഡയോക്സൈഡ് എത്തിയത് അഗ്നിപർവ്വതങ്ങളിൽ നിന്നും മീഥേൻ ആദ്യകാല മൈക്രോബുകൾ ഉത്പാദിപ്പിച്ചതുമാകാം. മറ്റൊരു ഹരിതഗൃഹവാതകമായ അമോണിയയും അഗ്നിപർവ്വതങ്ങൾ ധാരാളം വിസർജ്ജിച്ചിരുന്നുവെങ്കിലും അതൊക്കെയും അൾട്രാ വയലറ്റ് റേഡിയേഷൻ കാരണം പെട്ടെന്നുതന്നെ വിഘടിക്കപ്പെട്ടിരുന്നു[56]. കോടിക്കണക്കിന്ന് വർഷങ്ങൾക്കിടയിൽ ഭൗമോപരിതലത്തിന്ന് തുടർച്ചയായി മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. പഴയ വൻകരകൾ പിളരുകയും പുതിയവ ഉണ്ടാകുകയും ചെയ്തു. പുതുയായുണ്ടായവ നീങ്ങിനീങ്ങിച്ചെന്ന് മറ്റുള്ളയവയിലിടിക്കുകയും പലപ്പോഴും ഒരൊറ്റ പെരുംവൻകര(Super Continet)യായിത്തീരുകയും അവ വീണ്ടും പിളരുകയും ചെയ്യുന്നുണ്ടായിരുന്നു. അറിയപ്പെടുന്നതിൽ ഏറ്റവും പഴയ പെരുംവൻകരയായിരുന്നു റോഡീനിയ(Rodinia). അത് 75 കോടി വർഷങ്ങൾക്കുമുമ്പ് പിളരാനാരംഭിച്ചു. 54-60 കോടി വർഷങ്ങൾക്കുമുമ്പ് അതിന്റെ ഖണ്ഡങ്ങളെല്ലാം വീണ്ടും ഒത്തുകൂടാൻ തുടങ്ങുകയും പന്നോട്ടിയ(Pannotia) എന്ന മറ്റൊരു പെരുംവൻകര ഉണ്ടാകുകയും ചെയ്തു. അതിനുശേഷം രൂപംകൊണ്ട പാൻജിയ(Pangea) എന്ന വൻകര 18 കോടി വർഷങ്ങൾക്കുമുമ്പ് വിഘടിച്ച് ഇന്നു കാണുന്ന വൻകരകളായിത്തീരുകയാണുണ്ടായത്. അതുപോലെ ഭൂമിയുടെ ചരിത്രത്തിൽ പലതവണ അതിനെ മൊത്തമായി ഹിമം ആവരണം ചെയ്തിട്ടുണ്ടെന്നും കണ്ടെത്തപ്പെട്ടിട്ടുണ്ട്. 65 കോടി വർഷങ്ങൾക്കുമപ്പുറത്ത് ഒരു കാലത്ത് അങ്ങനെയൊന്ന്-ഒരു ഹിമഭൂഗോളം(Snowball Earth)- ഉണ്ടായിട്ടുള്ളതായും കണക്കാക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ദീർഘകാലം നീണ്ടുനിന്ന മറ്റൊരു ഹിമഭൂഗോളം ഉണ്ടായത് പ്രാഗ്കാലവർഷങ്ങൾ 250 കോടിക്കും 210 കോടിക്കും ഇടയിലാണെന്നു കരുതപ്പെടുന്നുണ്ട്. നാലുകോടി വർഷങ്ങൾക്കുമുമ്പാണ് ഹിമയുഗങ്ങളുടെ ഇന്ന് നിലവിലുള്ള പരമ്പര തുടങ്ങുന്നത്. അതാകട്ടെ ഓരോ 4 മുതൽ 10 വരെ ദശസഹസ്രം വർഷങ്ങൾക്കിടയിലായി ആവർത്തിക്കപ്പെടുന്നുമുണ്ട്. അപ്പോഴൊക്കെ ധ്രുവപ്രദേശങ്ങളിൽ ഹിമം ഉറഞ്ഞുകൂടുകയും പിന്നീട് ഉരുകിപ്പോകുകയും ചെയ്യുന്ന പ്രതിഭാസം നടന്നിട്ടുണ്ട്. ഇപ്പോഴത്തെ ഹിമയുഗത്തിന്റെ ഏറ്റവും ഒടുവിലത്തെ ഹിമാനിവികാസം(Glaciation) അവസാനിച്ചത് ഏതാണ്ട് 10,000 വർഷങ്ങൾക്കു മുമ്പു മാത്രമാണ്. ഭൗമാന്തർശാസ്ത്ര കാലഗണനഭൂമിയുടെ ചരിത്രത്തെ, അതിലെ വിവിധ കാലഘട്ടങ്ങൾ നിർണ്ണയിച്ച്, കാലഗണനയുടെ ഒരു പട്ടികയുണ്ടാക്കി, ചിട്ടപ്പെടുത്തി പഠനസഹായകമാംവിധം ക്രമീകരിച്ചിരിക്കുന്നതിനെയാണ് ഭൗമാന്തർശാസ്ത്ര കാലഗണന (Geological Time Scale) എന്നു പറയുന്നത്. അത് ഭൂമിയുടെ ![]() ചരിത്രത്തെ പ്രധാനമായും കാംബ്രിയൻ കാലഘട്ടത്തിന്നു മുൻപും പിൻപും എന്ന മട്ടിൽ രണ്ടായി വേർതിരിക്കുന്നു. ആദ്യത്തേതിനെ പ്രി-കാംബ്രിയൻ മഹായുഗം എന്നു പറയുന്നു. ഭൂമിയുടെ ഉത്പത്തിമുതൽ ഏതാണ്ട് 58 കോടി വർഷ്ങ്ങൾക്കു മുൻപുവരെയുള്ള കാലമാണ് ഇത്. ഇതിനെത്തന്നെ വീണ്ടും പല കാലഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. കാംബ്രിയൻ കാലഘട്ടം മുതൽ ഇന്നേവരെയുള്ള കാലത്തിനെ ഫിനെറോസോയിക് യുഗം എന്നും വിളിക്കുന്നു. ഇതിനേയും വിവിധ കാലഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഭൗമാന്തർശാസ്ത്രകാലഗണനയിൽ ഭൂമിയുടെ ചരിത്രകാലത്തിനെ മഹായുഗം, യുഗം, യുഗഖണ്ഡം, മഹാകാലം, കാലം, കാലഘട്ടം എന്നിങ്ങനെ ആറ് ഇടവേളകളായി തിരിച്ചിട്ടുണ്ട്. അതിൽ ഏക മഹായുഗമായ പ്രീ കാംബ്രിയൻ മഹായുഗമാണ് ഏറ്റവും ദൈർഘ്യമേറിയത്. പ്രി കാംബ്രിയൻ മഹായുഗംഭൗമാന്തർശാസ്ത്രകാലഗണനയുടെ പട്ടികയിൽ 90% വും ഈ മഹായുഗത്തിലാണ് പെടുത്തിയിട്ടുള്ളത്. 460 കോടി വർഷങ്ങൾക്കുമുമ്പു മുതൽ തുടങ്ങുന്ന അത് 54.1 കോടി വർഷങ്ങൾക്കുമുമ്പ് അവസാനിക്കുന്നു. ഇതിനെ ഹേഡിയൻ, ആർച്ചിയൻ, പ്രോടെറോസോയിക് എന്നീ യുഗങ്ങളായി തിരിച്ചിരിക്കുന്നു. ഹേഡിയൻ യുഗംഹേഡിയൻ യുഗത്തിലാണ്(പ്രാഗ്കാലവർഷങ്ങൾ 460 കോടിക്കും 400 കോടിക്കും ഇടയിൽ) സൗരയൂഥം രൂപംകൊണ്ടത്. ഈ യുഗത്തിൽ നിന്നുള്ള ശിലാവശിഷ്ടങ്ങളൊന്നും തന്നെ ലഭ്യമല്ല. ഈ കാലത്തേതെന്ന് കരുതുന്നവയായി നമുക്ക് കിട്ടിയിട്ടുള്ളത് 440 കോടി വർഷം പ്രായം മതിക്കുന്ന സിർക്കോൺ പരലുകളാണ്[57] [58]അഗ്നിപർവ്വതസ്ഫോടനങ്ങളും പുറത്തുനിന്ന് വന്ന് വീണുകൊണ്ടിരുന്ന ഉൽക്കകളും മറ്റും കാരണം ഭൗമോപരിതലം തിളച്ചുകിടന്നിരുന്നു. അന്നത്തെ അന്തരീക്ഷം ജലബാഷ്പസമ്പുഷ്ടമാകാൻ തുടങ്ങിയപ്പോൾ ഭൂമി പതുക്കെ തണുത്തുവന്ന് അതിന്ന് ഒരു ഉറച്ച ഉപരിതലം ഉണ്ടായി. ഇക്കാലത്താണ് ബൃഹദാഘാതസിദ്ധാന്തപ്രകാരം ചന്ദ്രന്റെ ഉത്പത്തി. പിന്നീട് അന്തരീക്ഷത്തിലെ ബാഷ്പം ഘനീഭവിക്കുകയും ഉൽക്കകൾ കൊണ്ടുവന്ന ഹിമം ഉരുകുകയും ചെയ്തപ്പോൾ സമുദ്രങ്ങൾ ഉണ്ടാകാൻ തുടങ്ങി[59]. പിൽകാല ഉൽക്കാവർഷാപാതം (Late Heavy Bombardment) സംഭവിച്ചതും ഇക്കാലത്താണ്. ആർച്ചിയൻ യുഗംപ്രാഗ്കാലവർഷങ്ങൾ 400 കോടി മുതൽ 250 കോടി വരെയുള്ള കാലയളവിനെയാണ് ആർച്ചിയൻ യുഗമെന്ന് വിളിക്കുന്നത്. ഇക്കാലത്തേക്ക് പാറകളും വൻകരാഫലകങ്ങളും(Continental Plates) ഉണ്ടാകാൻ മാത്രം ഭൂമി തണുത്തുകഴിഞ്ഞിരുന്നു. ചില ശാസ്ത്രജ്ഞർ കരുതുന്നത് ഇക്കാലത്തും താപനില ഉയർന്നുതന്നെ നിന്നിരുന്നുവെന്നും അതുകൊണ്ട് ഭൗമഫലകങ്ങളുടെ ചലനം താരതമ്യേന വേഗത്തിലായിരുന്നു എന്നുമാണ്. ആർച്ചിയൻ യുഗത്തിൽനിന്നുള്ള പാറകൾ അഗ്നിപർവ്വതങ്ങളുടെ സ്ഫോടനം കൊണ്ടും മറ്റും അടിഞ്ഞുകൂടി ആഴക്കടലുകളിൽ കാണപ്പെടുന്ന ബലം വന്ന മെറ്റാമോർഫിക്ക് പാറകളാണ്. പ്രാഗ്കാലവർഷങ്ങൾ 350 കോടി ആയപ്പോളേക്ക് ഭൂമിയുടെ കാന്തികമണ്ഡലം രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ഇന്നത്തേക്കാൾ 100 മടങ്ങ് ശക്തിയിലാണ് സൗരവാതങ്ങൾ അടിച്ചിരുന്നതെങ്കിലും ആദ്യമായി രൂപംകൊണ്ട ഈ കാന്തികമണ്ഡലം ഭൂമിയുടെ അന്തരീക്ഷത്തെ സൗരവാതത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിച്ചുനിർത്താൻ പര്യാപ്തമായി. ഇങ്ങനെ ഒരു കാന്തികമണ്ഡലമില്ലാതിരുന്നതുകൊണ്ടാണ് ചൊവ്വയുടെ അന്തരീക്ഷം സൗരവാതത്തിൽപ്പെട്ട് അപ്രത്യക്ഷമായത് എന്നാണ് നിഗമനം. എങ്കിലും ഭൂമിയുടെ കാന്തികശക്തി ഇന്നത്തേക്കാൾ കുറവും കാന്തികമണ്ഡലത്തിന്റെ വ്യാപ്തി ഇന്നത്തേതിന്റെ പകുതിയുമായിരുന്നു[60]. പ്രോടെറോസോയിക് യുഗംപ്രോടെറോസോയിക് യുഗത്തിൽ (പ്രാഗ്കാലവർഷങ്ങൾ 250 കോടിക്കും 54.1 കോടിക്കും ഇടയിൽ) ഭൗമോപരിതലത്തിന്നുണ്ടായ മാറ്റങ്ങൾ മിക്കതും ആർച്ചിയൻ യുഗത്തിലുണ്ടായതിനേക്കാൾ പൂർണ്ണവും വ്യക്തവുമാണ്. ആർച്ചിയൻ യുഗത്തിൽ ആഴക്കടലുകളിലായിരുന്നു പാറകൾ ഉണ്ടായിവന്നതെങ്കിൽ ഈ യുഗത്തിൽ വൻകരകൾക്കുചുറ്റുമുള്ള ആഴം കുറഞ്ഞ കടൽഭാഗങ്ങളിലാണ് പാറകൾ രൂപംകൊണ്ടത്. ഇവയാകട്ടെ ആർച്ചിയൻ പാറകൾക്കത്രയും രൂപാന്തരീകരണം(Metamorphosis) സംഭവിച്ചിട്ടില്ലാത്തവയുമായിരുന്നു[61]. ഈ പാറകളെക്കുറിച്ചുള്ള പഠനങ്ങളിൽനിന്ന് വ്യക്തമായത് പ്രോടെറോസോയിക് യുഗത്തിൽ വൻകരകളുടെ രൂപീകരണം കൂടുതൽ വേഗത്തിലും വളരെ കൂടുതലും ആയിരുന്നു എന്നാണ്. പെരുംവൻകരാചക്രങ്ങളും(Super Continent Cycles) ഇക്കാലത്ത് കൂടുതലായിരുന്നു[62]. എതാണ്ട് 75 കോടി വർഷങ്ങൾക്കുമുമ്പ്[63], അറിയപ്പെടുന്നതിൽ ആദ്യത്തെ പെരും വൻകരയായ റൊഡീനിയ പിളരാൻ തുടങ്ങി. അവ പിന്നീട് പ്രാഗ്കാലവർഷങ്ങൾ 60 കോടിക്കും 54 കോടിക്കുമിടയിൽ അടിഞ്ഞുചേർന്ന് പന്നോട്ടിയ എന്ന പെരുംവൻകര ആയിത്തീർന്നു[64][65]. അറിയപ്പെടുന്നതിൽ ആദ്യത്തെ ഹിമാനിവൽകരണം(Glaciation) നടക്കുന്നത് പ്രൊടെറോസോയിക് യുഗത്തിലാണ്. അതിന്റെ തുടക്കത്തിൽ തന്നെ ഒരു ഹിമാനിവൽകരണം നടന്നിരുന്നു. പിന്നീട് നിയോ പ്രോടെറോസ്ഓയിക് യുഗഖണ്ഡത്തിൽ നാല് തവണ ഹിമാനിവൽക്കരണം നടക്കുകയുണ്ടായി. അതിൽ അവസാനത്തേതായ വരാംഗിയൻ ഹിമാനിവൽക്കരണത്തിന്നൊടുവിൽ ഒരു ഹിമഭൂഗോളവും(Snowball Earth)ഉണ്ടായി[66]. ഫനെറോസോയിക് യുഗംഇത് ഇപ്പോൾ നിലവിലുള്ള യുഗമാണ്. 54.1 കോടി വർഷങ്ങൾക്കു മുമ്പു മുതൽ ഇന്നേവരെയുള്ള സമയമാണ് ഇത്. ഈ യുഗത്തിൽ പന്നോട്ടിയ എന്ന പെരുംവൻകര വിഘടിച്ചുപോകുകയും പിന്നീട് കാലമേറെച്ചെന്ന് അവയൊക്കെ അടിഞ്ഞുകൂടി പാൻജിയ എന്ന പെരും വൻകരയുണ്ടാകുകയും ചെയ്തു. പാൻജിയ പിന്നീട് പിളർന്നു നീങ്ങി ഇന്നത്തെ വൻകരകളും ഉണ്ടായി. ഈ യുഗത്തെ പാലിയോസോയിക്, മെസോസോയിക്, സെനോസോയിക് എന്നിങ്ങനെ മൂന്ന് യുഗഖണ്ഡങ്ങളാക്കി തിരിച്ചിട്ടുണ്ട്. പാലിയോസോയിക് യുഗഖണ്ഡംപാലിയോസോയിക്(Paleozoic)യുഗഖണ്ഡമെന്ന് പറയുന്നത് പ്രാഗ്കാലവർഷങ്ങൾ 54.1 കോടിക്കും 25.2കോടിക്കും ഇടയിലുള്ള കാലമാണ്[67]. ഇതിനെ കാംബ്രിയൻ(Cambrian), ഓർഡോവിഷ്യൻ(Ordovician), സിലൂറിയൻ(Silurian), ഡെവോണിയൻ(Devonian), (കാർബോണിഫെറസ് Carboniferous), പെർമിയൻ(Permian) എന്നിങ്ങനെ ആറ് മഹാകാലങ്ങളായി തിരിച്ചിട്ടുണ്ട്. പെരുംവൻകരയായ പന്നോട്ടിയ വിഘടിച്ചുകഴിഞ്ഞയുടനെ, അക്കാലത്തുണ്ടായ ഒരു ആഗോളഹിമയുഗത്തിന്റെ അവസാനത്തോടേയാണ് ഈ കാലം ആരംഭിക്കുന്നത്. തുടർന്ന് ഭൂമിയിലെ കരഭാഗം മുഴുവൻ താരതമ്യേന ചെറിയ അസംഖ്യം തുണ്ടുകളായി മാറി. ഈ കാലത്തിന്റെ അവസാനത്തോടെ അവയൊക്കെയും വീണ്ടും അടിഞ്ഞുകൂടുകയും ഭൂമിയിൽ അന്നുള്ള ഏതാണ്ടെല്ലാ കരഭാഗങ്ങളും ഉൾക്കൊള്ളുന്ന, പാൻജിയ(Pangaea) എന്ന പെരുംവൻകര ഉണ്ടാകുകയും ചെയ്തു. കാംബ്രിയൻ മഹാകാലംകാംബ്രിയൻ കാലം ഭൗമാന്തർശാസ്ത്രകാലഗണനയിലെ ഒരു പ്രധാന ഭാഗമാണ്. പ്രാഗ്കാലവർഷങ്ങൾ 54.1 കോടിയാകുന്നിടത്ത് ഇതാരംഭിക്കുന്നു[68]. പ്രോടെറോസോയിക് യുഗത്തിന്റെ അവസാനത്തിലെ നിയോ പ്രോടെറോസോയിക് യുഗഖണ്ഡത്തിലെ പെരുംവൻകരയായിരുന്ന പന്നോട്ടിയ വിഘടിച്ചാണ് കാംബ്രിയൻ വൻകരകളുണ്ടായത്. ഏറെസ്ഥലത്ത് പരന്നുകിടന്നിരുന്ന അക്കാലത്തെ സമുദ്രങ്ങൾക്ക് ആഴം തീരെ കുറവായിരുന്നു. അസാധാരണമാം വിധം വേഗത്തിലായിരുന്നു വൻകരകൾ പ്രയാണം ചെയ്തിരുന്നത്. പന്നോട്ടിയയിൽ നിന്ന് വിഘടിച്ച ശേഷം ലോറെൻഷിയ(Laurentia), ബാൾട്ടിക്ക(Baltica), സൈബീരിയ(Siberia) എന്നീ വൻകരകൾ സ്വതന്ത്രങ്ങളായിത്തന്നെ നിന്നു. ഗോണ്ഡ്വാന(Gondwana) വൻകര ദക്ഷിണധ്രുവത്തിലേക്ക് നീങ്ങിപ്പോയി. ദക്ഷിണാർദ്ധഗോളത്തെ വലയം ചെയ്തുകൊണ്ടുള്ള പന്തലാസ്സ(Panthalassa) എന്ന വമ്പൻ സമുദ്രവും പ്രോട്ടോ ടെത്തിസ്(Proto Tethis Ocean), ഇയപെറ്റസ്(Iapetus Ocean), ഖാന്റി(Khanty Ocean) തുടങ്ങിയ ചെറുസമുദ്രങ്ങളും ആണ് അക്കാലത്ത് ഉണ്ടായിരുന്നത്. ഓർഡോവിഷ്യൻ മഹാകാലം48.54 കോടി വർഷങ്ങൾക്കു മുമ്പ്[69] ഓർഡോവിഷ്യൻ മഹാകാലം തുടങ്ങുന്നതോടെ കാംബ്രിയൻ- ഓർഡോവിഷ്യൻ വംശനാശപരമ്പര എന്നു വിളിക്കുന്ന ഒരു വൻജന്തുനാശം സംഭവിക്കുകയുണ്ടായി. ഓർഡോവിഷ്യനിൽ തെക്കൻ ഭൂഖണ്ഡങ്ങളൊക്കെ ഒത്തുചേർന്ന് ഗോണ്ഡ്വാന എന്ന ഒരു പെരുംവൻകര രൂപം കൊള്ളുകയുമുണ്ടായി. ഗോണ്ഡ്വാന ഭൂമദ്ധ്യരേഖയോട് ചേർന്നാണ് രൂപം കൊണ്ടതെങ്കിലും പിന്നീട് അത് ദക്ഷിണധ്രുവപ്രദേശത്തേക്ക് നീങ്ങിപ്പോയി നേരത്തേ പന്നോട്ടിയ എന്ന പെരുംവൻകര വിഘടിച്ചുണ്ടായ ലോറെൻഷിയ, ബാൾട്ടിക്ക, സൈബീരിയ എന്നീ വൻകരകൾ അപ്പോഴും സ്വതന്ത്രങ്ങളായിത്തന്നെ നിന്നിരുന്നു. പക്ഷേ ഇയാപെറ്റസ് കടലിന്റെ വിസ്തൃതി കുറച്ചുകൊണ്ട് ബാൾട്ടിക്ക ലോറെൻഷിയക്കടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഗോണ്ഡ്വാനയിൽ നിന്ന് വിഘടിച്ചുപോന്ന അവലോണിയ എന്ന ഭൂഖണ്ഡം വടക്കോട്ട് ലോറെൻഷിയക്കു നേറെ നീങ്ങിക്കൊണ്ട് റെയിക്ക് സമുദ്രത്തിന്ന് രൂപംകൊടുക്കുന്നുമുണ്ടായിരുന്നു. ഈ മഹാകാലത്തിന്റെ അവസാനത്തോടെ ഗോണ്ഡ്വാന ധ്രുവപ്രദേശത്തെ സമീപിച്ചുകഴിഞ്ഞിരുന്നതുകൊണ്ട് അത് ഹിമാനികൾ കൊണ്ട് മൂടപ്പെടുകയും ചെയ്തിരുന്നു. ഓർഡോവിഷ്യൻ മഹാകാലത്തിനൊപ്പം അവസാനിച്ചത്, അക്കാലത്ത് ചത്തുതീർന്ന ജീവജാലങ്ങളുടെ ശതമാനക്കണക്ക് നോക്കുമ്പോൾ, ഭൂമിയുടെ ചരിത്രത്തിൽ എക്കാലത്തുമായുണ്ടായിട്ടുള്ള, അഞ്ച് വൻവംശനാശപ്രക്രിയകളിൽ എറ്റവും വലിയ രണ്ടാമത്തെ വശനാശപ്രക്രിയയായിരുന്നു. ഇത് സംഭവിച്ഛത് പ്രാഗ്കാലവർഷം 44.7 - 44.3 കോടി കൊല്ലങ്ങൾക്കിടയിൽ, ഓർഡോവിഷ്യൻ- സിലൂറിയൻ മഹാകാലങ്ങളുടെ അതിരുകളിൽ വച്ചായിരുന്നു[70]. അതിനേക്കാൾ വലിയ ഒരു വംശനാശം പെർമിയൻ-ട്രയാസ്സിക് വംശനാശം മാത്രമായിരുന്നു., ഈ വംശനാശങ്ങൾക്ക് കാരണം ഒരു ഹിമയുഗത്തിന്റെ തുടക്കത്തിൽ നിന്നായിരുന്നുവെന്നാണ് പൊതുവേ സ്വീകൃതമായ നിഗമനം. ഓർഡോവിഷ്യൻ മഹാകാലത്തിന്റെ അവസാനത്തോടെ, അതിന്റെ മുഖമുദ്രയായിരുന്ന ഹരിതവാതകഗൃഹാവസ്ഥക്ക് അന്ത്യം കുറിച്ച ഹിമാന്റിയൻ ഘട്ടത്തിലായിരുന്നു ഇത്. അഞ്ചുലക്ഷം മുതൽ പതിനഞ്ചുലക്ഷം വർഷങ്ങൾ വരെ ദൈർഘ്യം ഈ ഹിമയുഗത്തിന്നുണ്ടായിരുന്നിരിക്കണം[71]. ഇതിനെത്തുടർന്ന് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് 7000 പി.പി.എമ്മിൽ നിന്ന് 4400 പി.പി.എം. ആയി കുറഞ്ഞു. അത് അക്കാലത്ത് ഏറ്റവും കൂടുതൽ ജന്തുജാലങ്ങൾ ഉണ്ടായിരുന്ന ആഴംകുറഞ്ഞ കടലുകളെ ബാധിച്ചു. ദക്ഷിണധ്രുവത്തിനു സമീപത്തെത്തിയ ഗോണ്ഡ്വാനയെ ഹിമപാളികൾ പൊതിഞ്ഞു. ഗോണ്ഡ്വാനയുടെ ഭാഗങ്ങളായിരുന്ന ഇന്നത്തെ ദക്ഷിണാഫ്രിക്കയിൽ നിന്നും തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നും ഇതിന്നുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്. സിലൂറിയൻ മഹാകാലംഏതാണ്ട് 44.34 കോടി വർഷ്ങ്ങൾക്കുമുമ്പു മുതലാണ് സിലൂറിയൻ മഹാകാലത്തിന്റെ തുടക്കമായി കണക്കാക്കുന്നത്[72]. വീണ്ടും തെക്കോട്ട് സാവകാശം നീങ്ങിക്കൊണ്ടിരുന്ന ഗോണ്ഡ്വാനയിൽ സിലൂറിയൻ മഹാകാലത്തിലെ ഹിമപ്പരപ്പ് ഓർഡോവിഷ്യന്റെ അന്ത്യത്തോടെ നടന്ന ഹിമവൽക്കരണകാലത്തേതിനേക്കാൾ, പക്ഷേ, കുറവായിരുന്നു. ഹിമപ്പുതപ്പുകളും ഹിമാനികളും ഉരുകിവന്നതുകൊണ്ട് സമുദ്രനിരപ്പ് കൂടിക്കൊണ്ടിരുന്നു. ഒറ്റപ്പെട്ടുകിടന്നിരുന്ന ക്രാറ്റണുകളും ഭൂഖണ്ഡശകലങ്ങളും അക്കാലത്ത് ഭൂമദ്ധ്യരേഖക്കരികിലേക്കെത്തുകയും യൂറമേരിക്ക എന്ന രണ്ടാമതൊരു പെരുംവൻകര രൂപപ്പെടാൻ തുടങ്ങുകയും ചെയ്തു. പന്തലാസ്സ എന്ന സമുദ്രം ഉത്തരാർദ്ധഗോളത്തിനെ ഏതാണ്ട് മുഴുവനായുംതന്നെ മൂടിനിന്നിരുന്നു. അക്കാലത്തെ ചെറുസമുദ്രങ്ങൾ പ്രോട്ടോ ടെത്തിസ്, പാലിയോ ടെത്തിസ്, റെയിക്, അവലോണിയക്കും ലോറെൻഷിയക്കുമിടയിലെ ഇയപെറ്റസ്, പുതുതായി രൂപംകൊണ്ട യുറാൾ കടൽ തുടങ്ങിയവയായിരുന്നു. ഡെവോണീയൻ മഹാകാലംപ്രാഗ്കാലവർഷങ്ങൾ ഏതാണ്ട് 41.9 മുതൽ 35.9 വരെ കോടി കൊല്ലങ്ങൾക്കിടയിലെ സമയത്തേയാണ് ഡെവോണിയൻ മഹാകാലമെന്ന് വിളിക്കുന്നത്[73]. ഇക്കാലത്ത് ഭൗമഫലകചലനങ്ങൾ ശ്രദ്ധേയമായ ഗതിവേഗം കൈക്കൊണ്ടിരുന്നു. ലോറേഷ്യയും ഗോണ്ഡ്വാനയും തല്ഫലമായി കൂടുതൽ അടുത്തു. ലൗറഷ്യ എന്നുകൂടി വിളിച്ചുപോരുന്ന യൂറമേരിക്ക ഇക്കാലത്തോടെ രൂപം കൊണ്ടത്, ഉത്തരായനരേഖയോട് ചേർന്ന്, ലോറെൻഷ്യയും ബാൾട്ടിക്കയും തമ്മിൽ ഒന്നിച്ചുകൂടിയതുകൊണ്ടായിരുന്നു. വരണ്ടുകിടന്നിരുന്ന, മരുഭൂസമാനമായ ഈ പ്രദേശങ്ങളിൽ, വരൾച്ചക്ക് ദൃഷ്ടാന്തമായ ഓക്സീകരിച്ച ഇരുമ്പിന്റെ അംശം ധാരാളമുള്ള ചുവന്ന മണൽപ്പാറകളുള്ള തട്ടുകൾ രൂപം കൊള്ളുകയും ചെയ്തു.അക്കാലത്തോടെതന്നെ മദ്ധ്യരേഖക്കടുത്ത് ഇന്നത്തെ വടക്കേ അമേരിക്കയേയും യൂറോപ്പിനേയും വഹിക്കുന്ന ഫലകങ്ങൾ ഒന്നിച്ചുചേർന്ന് പാൻജിയ എന്ന പെരുംവൻകര രൂപപ്പെടുന്നുണ്ടായിരുന്നു. ഈ പ്രക്രിയക്കിടയിൽ വടക്കുകിഴക്കൻ അമേരിക്കയിലെ അപ്പലാച്ചിയൻ മലനിരകളും ബ്രിട്ടനിലെ കാലിഡോണിയൻ മലനിരകളും കൂടുതൽ ഉയരമാർജ്ജിച്ചു. ഗോണ്ഡ്വാന അപ്പോഴും തകരാതെ നിന്നിരുന്നു. അധുനിക യൂറേഷ്യയുടെ മറ്റുഭാഗങ്ങൾ ഉത്തരാർദ്ധഗോളത്തിൽ തന്നെയായിരുന്നു. ലോകമെങ്ങും സമുദ്രനിരപ്പ് വളരെ ഉയർന്നുനിന്നതുകൊണ്ട് കരയുടെ നല്ലൊരു ഭാഗം അഴംകുറഞ്ഞ കടലുകളായി മാറിയിരുന്നു. ആഴം വളരെ കൂടുതലുണ്ടായിരുന്ന പന്തലാസ്സ എന്ന മഹാസമുദ്രം ബാക്കി ഭാഗം മുഴുവൻ നിറഞ്ഞു നിന്നു. ചെറുസമുദ്രങ്ങളായി പ്രോട്ടോ ടെത്തിസ്, പാലിയോ ടെത്തിസ്, റെയിക്, യുറാൾ എന്നിവയുമുണ്ടായിരുന്നു. യുറാൾ കടൽ പിന്നീട് സൈബീരിയയും ബാൾട്ടിക്കയും തമ്മിൽ ചേർന്നതോടെ അപ്രത്യക്ഷമാവുകയും ചെയ്തു. കാർബോണിഫെറസ് മഹാകാലം![]() പ്രാഗ്കാലവർഷം 35.89 കോടിക്കും 29.89 കോടിക്കും ഇടയിലുള്ള കാലയളവിനേയാണ് കാർബോണിഫെറസ് മഹാകാലമെന്ന് പറയുന്നത്[74]. ഡെവോണിയൻ മഹാകാലത്തിന്റെ അന്ത്യത്തോടെ ഏറെ താഴ്ന്നുപോയിരുന്ന സമുദ്രനിരപ്പ് ഇക്കാലത്ത് വീണ്ടും ഉയരുകയുണ്ടായി. അതോടെ വൻകരകളെ ചുറ്റിക്കൊണ്ട് വീണ്ടും ആഴംകുറഞ്ഞ കടലുകളുണ്ടായി. അവയിൽ കാർബോണിഫെറസ്സിന്റെ ആദ്യപാദങ്ങളിൽ വൻതോതിൽ കാർബണേറ്റുകൾ അടിഞ്ഞുകൂടുകയുമുണ്ടായി. ദക്ഷി ണധ്രുവത്തിലെ താപനില വീണ്ടും കുറേക്കൂടി താണുപോയി. ഗോണ്ഡ്വാനയുടെ ദക്ഷിണഭാഗങ്ങൾ ഇക്കാലത്തത്രയും ഹിമാനികളുടെ പിടിയിലായിരുന്നു. പക്ഷേ ആ ഹിമാനികൾ ഡെവോണിയൻ മഹാകാലത്തിന്റെ ബക്കിയായിരുന്നോ അതോ പുതുതായുണ്ടായവയായിരുന്നോ എന്ന കാര്യം തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. പക്ഷേ ഈ അവസ്ഥകൾക്കൊന്നും മദ്ധ്യരേഖക്കടുത്ത പ്രദേശങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാനായില്ല. അവിടങ്ങളിൽ അക്കാലത്ത് ധാരാളം കൽക്കരിച്ചതുപ്പുകൾ(Coal Swamps) ഉടലെടുത്തു. ഈ മഹാകാലത്തിന്റെ മദ്ധ്യത്തിൽ സമുദ്രനിരപ്പ് വീണ്ടും താണുപോയതുകൊണ്ട് കടൽജീവികൾക്കിടയിൽ കടുത്ത മറ്റൊരു ജന്തുനാശവും സംഭവിക്കുകയുണ്ടായി. അതിൽ ക്രിനോയ്ഡുകൾക്കും(Crinoids) അമ്മോണൈറ്റുകൾക്കുമാണ്(Ammonites) കൂടുതൽ നഷ്ടം സംഭവിച്ചത്. ഒരു പെരുംവൻകര(പാൻജിയ) രൂപംകൊള്ളുന്ന കാലമായിരുന്നതുകൊണ്ട് കാർബോണിഫെറസ് മഹാകാലത്ത് ധാരാളം മലനിരകളും രൂപംകൊണ്ടിരുന്നു. ദക്ഷിണാർദ്ധഗോളത്തിൽ രൂപമാറ്റമില്ലാതെ നിന്നിരുന്ന ഗോണ്ഡ്വാന, ഇക്കാലത്ത് വടക്കനമേരിക്കയും യൂറോപ്പും ചേർന്നുനിന്നിരുന്ന ലൗറഷ്യയുമായി, ഇന്നത്തെ വടക്കനമേരിക്കയുടെ കിഴക്കൻ തീരത്ത് കൂട്ടിയിടിച്ചു. തല്ഫലമായാണ് യൂറോപ്പിലെ ഹെർസിനിയൻ, വടക്കനമേരിക്കയിലെ അല്ലെഘെനിയൻ എന്നീ പർവ്വതസൃഷ്ടികൾ(Orogeny) നടന്നത്. ആ കൂട്ടിയിടി അപ്പലാച്ചിയൻ മലനിരകൾക്ക് ഉയരം കൂട്ടുകയും അതിനെ കൂടുതൽ തെക്കോട്ട് വ്യാപിപ്പിക്കുകയും ചെയ്തു[75]. അതേ കാലത്തുതന്നെയായിരുന്നു ഇന്നത്തെ കിഴക്കൻ യൂറേഷ്യൻഫലകം യുറാൾ മലകലുടെ സ്ഥാനത്തുവച്ച് യൂറോപ്പുമായി ചേർന്നത്. കാർബോണിഫെറസ് മഹാകാലത്തെ പ്രധാനസമുദ്രങ്ങൾ പന്തലാസ്സയും പാലിയോ ടെത്തിസ്സും ആയിരുന്നു. മറ്റു ചെറുസമുദ്രങ്ങളൊക്കെ ചുരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. തെക്കൻ-വടക്കൻ അമേരിക്കകൾ കൂടിച്ചേർന്നതോടെ റെയിക് സമുദ്രം ഇല്ലാതായി. ബാൾട്ടിക്കയും സൈബീരിയയും കൂടിച്ചേർന്നപ്പോൾ യുറാൾ സമുദ്രം ഇല്ലാതാകുകയും യുറാൾ മലനിര രൂപംകൊള്ളുകയും ചെയ്തു. പെർമിയൻ മഹാകാലംപ്രാഗ്കാലവർഷം 29.89 കോടിക്കും 25.21 കോടിക്കും ഇടയിലുള്ള കാലയളവിനെയാണ് പെർമിയൻ മഹാകാലം എന്നു പറയുന്നത്[76]. ഈ മഹാകാലത്തിൽ കിഴക്കനേഷ്യയുടെ ചില ഭാഗങ്ങളൊഴികെ, ഭൂമിയിലെ എല്ലാ പ്രധാന കരഭാഗങ്ങളും കൂടിച്ചേർന്ന് പാൻജിയ എന്ന ഒരു പെരുംവൻകര ഉണ്ടായിത്തീർന്നു. ഭൂമദ്ധ്യരേഖയുടെ ഇരുവശത്തുമായി ധ്രുവപ്രദേശങ്ങളോളം പരന്നുകിടന്ന അത് പന്തലാസ്സ, ഏഷ്യക്കും ഗോണ്ഡ്വാനക്കുമിടയിലുണ്ടായിരുന്ന പാലിയൊ ടെത്തിസ് സമുദ്രം എന്നിവയിലെ സമുദ്രപ്രവാഹങ്ങളെ മാറ്റിമറിച്ചു. ഗോണ്ഡ്വാനയിൽ നിന്ന് വിഘടിച്ച് ലൗറേഷ്യയുടെ നേരെ നീങ്ങിക്കൊണ്ടിരുന്ന സിമ്മേറിയ എന്ന ഭൂഖണ്ഡം പാലിയോ ടെത്തിസ് കടലിന്റെ വിസ്തൃതി കുറച്ചുകൊണ്ടിരുന്നു. സിമ്മേറിയയുടെ തെക്ക് ടെത്തിസ് കടൽ എന്ന ഒരു പുതിയ കടൽ രൂപം കൊണ്ട് വളരുകയായിരുന്നു. അത് മെസോസോയിക് യുഗഖണ്ഡത്തിന്റെ ഭൂരിഭാഗം സമയത്തും നിലനിന്നിരുന്നു. വമ്പൻ വൻകരസമുച്ചയങ്ങളിലെ വിവിധഭാഗങ്ങളിൽ കാലാവസ്ഥകൾ അതീവവ്യത്യസ്തങ്ങളായിരുന്നു. പലയിടത്തും മഴക്കാറ്റുകൾ കൃത്യമായ ഇടവേളകളിൽ കനത്ത മഴ കൊണ്ടുവന്നിരുന്നു. പാൻജിയയിൽ പലേടത്തും മരുഭൂമികളുടെ ആധിക്യവുമുണ്ടായിരുന്നു. മെസോസോയിക് യുഗഖണ്ഡംപ്രാഗ്കാലവർഷം 25.2 കോടിക്കും 6.6 കോടിക്കും ഇടയിലുള്ള കാലയളവിനെയാണ് മെസോസോയിക് യുഗഖണ്ഡമെന്നു വിളിക്കുന്നത്[77]. പാലിയോസോയിക് യുഗഖണ്ഡത്തിൽ ഭൂഖണ്ഡങ്ങളും പർവ്വതങ്ങളും അതിവേഗത്തിൽ ഉണ്ടായിവന്നിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ മെസോസോയിക്ക് മഹാകാലത്ത് അവ വളരെ പതുക്കെയാണ് സംഭവിച്ചുകൊണ്ടിരുന്നത്.പതുക്കെയണെങ്കിലും പെരുംവൻ കരായായ പാൻ ജിയ പിളരൻ തുടങ്ങുകയും ലൗറേഷ്യ എന്ന വടക്കൻ ഭൂഖണ്ഡവും ഗോണ്ഡ്വാന എന്ന അതെക്കൻ ഭൂഖണ്ഡവുമായി അത് പിർഇയുകയും ചെയ്തു. അതോടെയാണ് വടക്കൻ അറ്റ്ലാന്റിക് കരയോരം (യു.എസ്സിന്റെ ഇന്നത്തെ കിഴക്കൻ തീരം) രൂപംകൊണ്ടത്. ട്രയാസ്സിക് മഹാകാലം![]() പ്രാഗ്കാലവർഷം 25.21 കോടിക്കും 20.13 കോടിക്കും ഇടയിലുള്ള സമയത്തേയാണ് ട്രയാസ്സിക് മഹാകാലമെന്ന് പറയുന്നത്[78]. ഇക്കാലത്ത് ഭൂമിലുണ്ടായിരുന്ന മിക്കവാറും കരഭാഗങ്ങളൊക്കെ, പാൻജിയ(“എല്ലാ കരകളും”) എന്നുവിളിക്കുന്ന ഒരൊറ്റ പെരുംവൻകരയായി മാറിയിരുന്നു. അത് ഏറെക്കുറെ മദ്ധ്യരേഖയുടെ രണ്ട് ഭാഗത്തുമായി പരന്നുകിടന്നു. അതിന്റെ രൂപം ഒരു പോക്കാച്ചിത്തവള കിഴക്കോട്ടു നോക്കി വായ്പിളർന്നു നിൽക്കുന്നപോലെയായിരുന്നു. ആ വായ്ഭാഗത്തിനകത്തായിരുന്നു ടെത്തിസ് കടൽ. പാലിയോസോയിക് യുഗഖണ്ഡസമയത്തെ പാലിയോ ടെത്തിസ് കടൽ ഇല്ലാതായാണ് പുതിയ കടലുണ്ടായത്.ട്രയാസ്സിക് കാലത്ത്, വിശിഷ്യാ അതിന്റെ അവസാനത്തോടെ, ഈ പാൻജിയ നീങ്ങിമാറാൻ തുടങ്ങിയിരുന്നെങ്കിലും അത് വിഘടിക്കാൻ തുടങ്ങിയിരുന്നില്ല. ബാക്കി ഭൂമി മുഴുവൻ നിറഞ്ഞുകിടന്നിരുന്നത് പാൻതലാസ്സ(“എല്ലാ സമുദ്രങ്ങളും”) എന്ന മഹാസമുദ്രമായിരുന്നു. ട്രയാസ്സിക് കാലത്ത് ആഴക്കടലുകളിൽ ഊറിക്കൂടിയ അടുക്കുപാളികളൊക്കെ പിൽക്കാലത്ത് സമുദ്രഫലകങ്ങളുടെ അവപതനം കാരണം അപ്രത്യക്ഷമായി. അതുകാരണം ട്രയാസ്സിക് കാലത്തെ സമുദ്രങ്ങളെപ്പറ്റി അധികം വിവരങ്ങളൊന്നും ശേഖരിക്കാനായിട്ടില്ല. തന്മൂലം ആ സമയത്തേക്കുറിച്ചുള്ള പഠനങ്ങളൊക്കെ നടത്തിയിട്ടുള്ളത് കായൽപ്രദേശങ്ങളിലും മറ്റ് അതിലവണപരിതോവസ്ഥകളിലും ഉണ്ടായിരുന്ന ഞണ്ടുകൾ, കൊഞ്ചുകൾ തുടങ്ങിയവയുടേയും കരയിലുണ്ടായിരുന്ന നട്ടെല്ലുള്ള ജീവികളുടേയും പഠനങ്ങളിൽ നിന്നാണ്[79]. ജുറാസ്സിക് മഹാകാലംപ്രാഗ്കാലവർഷം 20.13 കോടിക്കും 14.5 കോടിക്കും ഇടയിലുള്ള സ്മ്യത്തേയാണ് ജുറസ്സിക് മഹാകാലം എന്നു പറയുന്നത്[80]. ഇക്കാലത്ത് പെരുംവൻകരയായ പാൻജിയ പൊട്ടിപ്പിളർന്ന് രണ്ട് പെരുംവൻകരകളുണ്ടായി; വടക്കുഭാഗത്ത് ലൗറേഷ്യയും തെക്കുഭാഗത്ത് ഗോണ്ഡ്വാനയും. വടക്കനമേരിക്കക്കും ഇന്നത്തെ മെക്സിക്കോയിലെ യുക്കാറ്റൻ അർദ്ധദ്വീപിന്നും ഇടയിൽ മെക്സിക്കോ ഉൾക്കടൽ തുറന്നുവന്നു. ജുറാസ്സിക്ക് മഹാകാലത്തിൽ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്ന് വീതി വളരെ കുറവായിരുന്നു. തെക്കൻ അറ്റ്ലാന്റിക്കാകട്ടെ ഉണ്ടായിരുന്നതുമില്ല. (തുടർന്നു വന്ന ക്രെട്ടേഷ്യസ് മഹാകാലത്തിലാണ്, ഗോണ്ഡ്വാന പിളരുന്നതോടെ, തെക്കൻ അറ്റ്ലാന്റിക്ക് സമുദ്രം ഉണ്ടായത്.) ടെത്തിസ് കടൽ അടഞ്ഞുപോകുകയും നിയോ ടെത്തിസ് രൂപം കൊള്ളുകയും ചെയ്തു. ഒരിടത്തുനിന്നും ഹിമാനിവൽക്കരണത്തിന്റെ തെളിവുകൾ അക്കാലത്തേതായിട്ടില്ല; എങ്ങും ഊഷ്മളമായ കാലാവസ്ഥയായിരുന്നു. ട്രയാസ്സിക് മഹാകലത്തിലേതുപോലെ ധ്രുവങ്ങൾക്കടുത്ത് കരയൊന്നുമുണ്ടയിരുന്നില്ല. വിശാലങ്ങളായ ഹിമപ്പരപ്പുകളും ഇല്ലായിരുന്നു.ജുറാസ്സിക് മഹാകാലത്തിന്റെ അടയാളങ്ങൾ പടിഞ്ഞാറൻ യൂറോപ്പിൽനിന്ന് ധാരളം കണ്ടെത്തിയിട്ടുണ്ട്. വൻകരയുടെ മിക്കഭാഗങ്ങളും ഉഷ്ണമേഖലകളിലെ ആഴം കുറഞ്ഞ കടലുകൾക്കടിയിലായിരുന്ന അക്കാലത്തെ അടായാളപ്പെടുത്തുന്ന ധാരാളം സമുദ്രതീരങ്ങൾ അവിടെയുണ്ട്. അവയിൽ പ്രധാനമായവ ബ്രിട്ടണിലെ ജുറാസ്സിക് കോസ്റ്റും(ഇതൊരു ലോകപൈതൃകസ്ഥാനം ആണ്) ജർമ്മനിയിലെ ഹോൾസ്മഡൻ(Holzmaden), സോൺഹോഫെൻ(Solnhofen) പ്രദേശങ്ങളുമാണ്. വടക്കേ അമേരിക്കയിൽ അത്തരം പ്രദേശങ്ങൾ വളരെ കുറവാണ്. ജുറസ്സിക് മഹാകലാത്തുനിന്നുള്ള അടയാളങ്ങൾ, പ്രധാനമായും കാണപ്പെടുന്ന മറ്റു സ്ഥലങ്ങൾ റഷ്യ, ഇന്ത്യ, തെക്കെ അമേരിക്ക, ജപ്പാൻ, ആസ്ത്രേലിയ എന്നിവിടങ്ങളിലാണ്. ക്രെട്ടേഷ്യസ് മഹാകാലം![]() പ്രാഗ്കാലവർഷം 14.5 കോടിക്കും 6.6 കോടിക്കും ഇടയിലാണ് ക്രെട്ടേഷ്യസ് മഹാകാലം[81]. ക്രെട്ടേഷ്യസ് മഹാകാലത്തിലാണ് പെരുംവൻ കരയായ പാൻജിയ അതിന്റെ പിളർപ്പ് പൂർത്തിയക്കിയത്. ഇന്നു കാണുന്ന വൻകരകളായി അത് അക്കാലത്ത് വിഘടിച്ചുകഴിഞ്ഞിരുന്നെങ്കിലും അവയുടെ സ്ഥാനങ്ങൾ ഇന്നത്തേതിൽ നിന്ന് വളരെയേറെ വ്യത്യസ്തങ്ങളായിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ വീതി കൂടിവന്നതോടെ വടക്കേ അമേരിക്കയിൽ പല പ്രധാനപ്പെട്ട പർവ്വതസൃഷ്ടികളും(Orogenies) സംഭവിച്ചു. ക്രെട്ടേഷ്യസ്സിന്റെ തുടക്കത്തിൽ ഒന്നായിത്തന്നെ നിന്നിരുന്ന ഗോണ്ഡ്വാന പതുക്കെപ്പതുക്കെ പിളർന്ന് തെക്കേഅമേരിക്ക, അന്റാർട്ടിക്ക, ആസ്ത്രേലിയ, ഇന്ത്യയും മഡഗാസ്കറും ചേർന്ന ഒരു വൻകര എന്നിങ്ങനെ വിഘടിച്ച് അഫ്രിക്കയിൽ നിന്ന് അകന്നുപോകാൻ തുടങ്ങി. അങ്ങനെ തെക്കൻ അറ്റ്ലാന്റിക് സ്മുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവ രൂപംകൊണ്ടു. ഈ മാറ്റങ്ങൾക്ക് ഹേതുവായ ഭൗമഫലകചലനങ്ങൾ കാരണം കടലുകൾക്കടിയിലും കൂറ്റൻ മലനിരകൾ രൂപംകൊണ്ടതോടെ ആഗോളവ്യാപകമാായി കടൽനിരപ്പ് ഉയർന്നു. ആഫ്രിക്കയുടെ വടക്ക് ടെത്തിസ് കടൽ ചുരുങ്ങിക്കൊണ്ടിരുന്നു. വീതിയേറിയ ആഴം കുറഞ്ഞ ഉൾക്കടലുകൾ വടക്കനമേരിക്കയിലും യൂറോപ്പിലും രൂപം കൊള്ളുകയും ഈ മഹാകാലത്തിന്റെ അവസാനത്തോടെ ഇല്ലാതാകുകയും ചെയ്തു. ഇക്കൂട്ടത്തിൽ വടക്കേ അമേരിക്കയിലുണ്ടായിരുന്ന, എതാണ്ട് 760 മീറ്റർ മാത്രം ആഴമുണ്ടായിരുന്ന വെസ്റ്റേൺ ഇന്റീരിയർ സീവേ (Western Interior Seaway) എന്ന ഉൾക്കടല് തെക്കുവടക്കായി ആ ഭൂഖണ്ഡത്തെ രണ്ടായി പകുത്തുകൊണ്ട് ആർട്ടിക് സമുദ്രത്തേയും മെക്സിക്കൻ ഉൾക്കടലിനേയും തമ്മിൽ ബന്ധിപ്പിച്ചിരുന്നു. ഇവ പിൻവാങ്ങിയപ്പോഴേക്കും അവിടങ്ങളിൽ ധാരാളം സമുദ്രാവശിഷ്ടങ്ങൾ ഊറിക്കൂടിയിരുന്നു. ക്രെട്ടേഷ്യസ് കാലത്ത്, സമുദ്രജലം ഇങ്ങനെ കടന്നുകയറിനിന്നതിന്റെ മൂർദ്ധന്യത്തിൽ, ഭൂമിയുടെ മൂന്നിലൊന്നു ഭാഗവും മുങ്ങിക്കിടക്കുകയായിരുന്നു. ഫെനറോസോയിക് യുഗത്തിൽ മറ്റേത് മഹാകാലത്തുമൂണ്ടായതിനേക്കൾ ഏറ്റവും കൂടുതൽ ചോക്ക്(Chalk) കരയിൽ ഊറിക്കൂടിയത് ക്രെട്ടേഷ്യസ് മഹാകാലത്തിലാണ്. ഉയർന്നുപൊങ്ങിവന്ന അസംഖ്യം കൂറ്റൻ അന്തർസമുദ്രമലനിരകൾക്കിടയിലൂടെ ചുറ്റിക്കറങ്ങാൻ തുടങ്ങിയ സമുദ്രജലത്തിൽ കാൽസ്യത്തിന്റെ അളവ് ഗണനീയമാംവിധം കൂടി. അത് പല ജീവികൾക്കും കൂടുതൽ സാദ്ധ്യതകൾ തുറന്നിട്ടു. അമേരിക്കയിൽ മൊണ്ടാനയിലും കൻസാസിലും പിന്നെ യൂറോപ്പിലും ചൈനയിലും ആണ് ക്രെട്ടേഷ്യസ് മഹാകാലത്തിന്റെ അടയാളങ്ങൾ പ്രധാനമായും കാണപ്പെടുന്നത്. ഇന്ത്യയിൽ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന, കൂറ്റൻ ലാവാതടങ്ങളായ(LavaTraps), ആഗ്നേയശിലകൾ നിറഞ്ഞ മലനിരകൾ ക്രെട്ടേഷ്യസ് മഹാകാലത്തിന്റെ അന്ത്യത്തോടെയാണ് രൂപം കൊണ്ടത്. സെനോസോയിക് യുഗഖണ്ഡം![]() ക്രെട്ടേഷ്യസ്- പാലിയോജീൻ മഹാകാലങ്ങളിലായി സംഭവിച്ച ഒരു വൻ ജന്തുനാശപരമ്പര മുതൽ ഇന്നേവരെയുള്ള 6.6 കോടി വർഷങ്ങളേയാണ് സെനോസോയിക് യുഗഖണ്ഡമെന്ന് പറയുന്നത്. മെസോസോയിക് യുഗഖണ്ഡത്തിന്റെ അവസാനത്തോടെ ഭൂഖണ്ഡങ്ങളൊക്കെയും ഏറെക്കുറെ അവയുടെ ഇന്നത്തെ സ്ഥിതിയിൽ എത്തിക്കഴിഞ്ഞിരുന്നു. ലൗറേഷ്യ വടക്കേ അമേരിക്കയും യൂറേഷ്യയുമായി മാറിയിരുന്നു. ഗോണ്ഡ്വാന വിഘടിച്ച് തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്ത്രേലിയ, അന്റാർട്ടിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവയായി മാറി. അവയിൽ ഇന്ത്യൻ ഉപഭൂഖണ്ഡം വടക്കോട്ട് കൂടുതൽ നീങ്ങിച്ചെന്ന് ഏഷ്യൻ ഫലകവുമായി കൂട്ടിയിടിച്ചു. ആ ആഘാതഫലമായി ഹിമാലയപർവ്വതനിര ഉയർന്നു വന്നു. വടക്കൻ ഭൂഖണ്ഡങ്ങളെ ആഫ്രിക്കയിൽനിന്നും ഇന്ത്യയിൽ നിന്നും വേർതിരിച്ചിരുന്ന ടെത്തിസ് കടൽ ചെറുതായിവരികയും ഇന്നത്തെ മദ്ധ്യധരണിക്കടലായിത്തീരുകയും ചെയ്തു. പാലിയോജീൻ മഹാകാലംപ്രാഗ്കാലവർഷം 6.6 കോടികും 2.303 കോടിക്കും ഇടയിലുള്ള സമയത്തേയാണ് പാലിയോജീൻ മഹാകാലമെന്ന് പറയുന്നത്[82]. സെനോസോയിക് യുഗഖണ്ഡത്തിന്റെ ആദ്യഭാഗമായ ഇതിനെ പാലിയോസീൻ, ഇയോസീൻ, ഓലിഗോസീൻ എന്നിങ്ങനെ മൂന്ന് കാലങ്ങളായി ഭാഗിച്ചിട്ടുണ്ട്. പാലിയോസീൻ കാലംപ്രാഗ്കാലവർഷം 6.6 കോടിക്കും 5.6 കോടിക്കും ഇടയിലുള്ള സമയത്തേയാണ് പാലിയോസീൻ കാലമെന്ന് പാറയുന്നത്[83]. ക്രെട്ടേഷ്യസ് മഹാകാലത്തിലെ ഫലകചലനങ്ങൾ ഈ കാലത്ത് ഭൂഖണ്ഡങ്ങളുടെ ഇന്നത്തെ സ്ഥിതിയിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരുന്നു. ലൗറേഷ്യ മൂന്നായി വിഘടിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. യൂറോപ്പും ഗ്രീൻലാൻഡും തമ്മിൽ അന്നും ചേർന്നുനിന്നിരുന്നു. വടക്കനമേരിക്കയും ഏഷ്യയുമായി ചെറിയതോതിൽ കരബന്ധം നിലനിന്നിരുന്നു. അമേരിക്കയിലെ റോക്കി പർവ്വതനിരകൾക്ക് ഉയരം കൂടിക്കൊണ്ടിരുന്നു. വടക്ക്-തെക്ക് അമേരിക്കകൾക്കിടയിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഒരു കടലുണ്ടായിരുന്നു. ഗോഡ്വാനയുടെ വിഘടനത്തോടെയുണ്ടായ ഭൂഖണ്ഡങ്ങൾ കൂടുതൽ ദൂരങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഇയോസീൻ കാലംപ്രാഗ്കാലവർഷം 5.6 കോടിക്കും 3.39 കോടിക്കും ഇടയിലാണ് ഇയോസീൻ കാലം[84]. ഇക്കാലത്തിന്റെ തുടക്കത്തിൽ ആസ്ത്രേലിയയും അന്റർട്ടിക്കയും ബന്ധപ്പെട്ടുകിടന്നിരുന്നു. ചൂടേറിയ ഉഷ്ണമേഖലാപ്രവാഹങ്ങളും തണുത്ത അന്റാർട്ടിക്ക് ജലസഞ്ചയവും തമ്മിൽ ഇടകലരാൻ അവസരമുണ്ടായിരുന്നതുകൊണ്ട് സമുദ്രങ്ങളിലൂടെ താപം ഭൂമിയൊട്ടാകെ ഒരുപോലെ എത്തിപ്പെട്ടിരുന്നതുകാരണം അന്തരീക്ഷതാപനില എല്ലായിടത്തും ഉയർന്നു നിന്നിരുന്നു. എന്നാൽ 4.5 കോടി ന്വർഷങ്ങൾക്ക് മുമ്പ് ആസ്ത്രേലിയ തെക്കൻ ഭൂഖണ്ഡത്തിൽ നിന്ന് വേർപെട്ടതോടെ ഉഷ്ണമേഖലാപ്രവാഹങ്ങളുടെ തെക്കോട്ടുള്ള ഗതി തിരിച്ചുവിടപ്പെട്ടു. തുടർന്ന് ഈ രണ്ട് വൻ കരകൾക്കുമിടയിൽ ഒറ്റപ്പെട്ട ഒരു ശീതജലസഞ്ചയം രൂപംകൊണ്ടു. അത് അന്റാർട്ടിക്ക് പ്രദേശത്തെ തണുപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ആ പ്രദേശമൊട്ടാകെ തണുത്തുറയുകയും ഹിമപാളികളും ശീതജലവും കൂടുതൽ കൂടുതൽ വടക്കോട്ട് പരന്ന് ശീതീകരണം ശക്തമാക്കുകയും ചെയ്തു. അങ്ങനെ ഹിമയുഗങ്ങൾ ഒന്നിനുപിറകേ ഒന്നായി, തുടർച്ചയായി വരികയും പോകുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ രീതിക്ക് തുടക്കമാകുന്നത് ഏതാണ്ട് 4 കോടി വർഷങ്ങൾക്കു മുമ്പാണ്. ഓളിഗോസീൻ കാലംപ്രാഗ്കാലവർഷം 3.4 കോടിക്കും 2.3 കോടിക്കും ഇടയിലുള്ള സമയത്തേയാണ് ഓളിഗോസീൻ കാലമെന്ന് പറയുന്നത്. [85]. ഇക്കാലത്ത് അന്റാർട്ടിക്ക കൂടുതൽ ഒറ്റപ്പെട്ടുപോകുകയും ഒരു സ്ഥിരഹിമകവചം അതിനെ പൊതിയുകയും ചെയ്തു. വടക്കേ അമേരിക്കയിൽ മലനിരകൾ ഉയർന്നുകൊണ്ടിരുന്നു. ആഫ്രിക്കൻ ഫലകം, വടക്കോട്ട്, യൂറേഷ്യൻ ഫലകത്തിലേക്ക് തള്ളിക്കയറാൻ തുടങ്ങിയതോടെ ടെത്തിസ് കടലിന്റെ ബാക്കികൾ ഒറ്റപ്പെട്ടുപോകുകയും ആല്പ്സ് പർവ്വതനിര പൊങ്ങിവരാൻ തുടങ്ങുകയും ചെയ്തു. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും അക്കാലത്തെ ജന്തുസഞ്ചയങ്ങൾക്ക് സാമ്യം കാണുന്നതുകൊണ്ട് ഓളിഗോസീനിന്റെ ആദ്യപാദത്തിൽ ആ രണ്ട് വൻ കരകൾ തമ്മിൽ കരമാർഗ്ഗം ബന്ധിക്കപ്പെട്ടിരുന്നു എന്നാണ് അനുമാനം. തെക്കേ അമേരിക്ക, ഇക്കാലത്ത്, അന്റാർട്ടിക്കയിൽ നിന്ന് വേർപെടുകയും വടക്കോട് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്തു. അതോടെ അന്റാർട്ടിക്കിനു ചുറ്റും ധ്രുവപ്രദക്ഷിണമായി ഒരു ശീതപ്രവാഹം (Antartic Circumpolar Current) രൂപം കൊള്ളുകയും ആ ഭൂഖണ്ഡം അതിശീഘ്രം തണുത്തുറയാൻ തുടങ്ങുകയും ചെയ്തു. നിയോജീൻ മഹാകാലംപ്രാഗ്കാലവർഷം 2.3 കോടിക്കും 25.8 ദശലക്ഷത്തിനും ഇടക്കുള്ള സമയമാണ് നിയോജീൻ മഹാകാലം. ഇതിനെ മയോസീൻ, പ്ലയോസീൻ, എന്നിങ്ങനെ രണ്ട് കാലങ്ങളായി തിരിച്ചിട്ടുണ്ട്. മയോസീൻ കാലം![]() പ്രാഗ്കാലവർഷം 2.3 കോടിക്കും 53 ദശലക്ഷത്തിനും ഇടയിലാണ് മയോസീൻ കാലം[86]. ഈ സമയത്ത് വടക്കൻ-തെക്കൻ അമേരിക്കകളെ ബന്ധിപ്പിക്കുന്ന ഇന്നത്തെ പനാമാ കരയിടുക്ക് രൂപം കൊണ്ടിട്ടില്ലായിരുന്നു. അവിടെ ശാന്തസമുദ്രതിർത്തിയോടു ചേർന്നുള്ള അവപതനമേഖലയിലെ ഫലകചലനങ്ങൾകൊണ്ട് ആൻഡീസ് പർവ്വതനിരകളും ഇന്നത്തെ മദ്ധ്യഅമേരിക്കൻ പ്രദേശങ്ങളും (ഗ്വാട്ടിമാല, നിക്കരാഗ്വേ, ഹോണ്ഡുരാസ്, ബെലിസ് പ്രദേശങ്ങൾ) പൊങ്ങിവരാൻ തുടങ്ങിയത് ഈ സമയത്താണ്. ഇന്ത്യൻ ഭൂഖണ്ഡം ഏഷ്യൻ വൻകരയിലേക്ക് ഇടിച്ചുകയറിക്കൊണ്ടിരുന്നു. ഇന്നത്തെ തുർക്കി-അറേബിയൻ പ്രദേശങ്ങളോട് ചേർന്ന് ആഫ്രിക്കൻ ഭൂഖണ്ഡം, പ്രാഗ്കാലവർഷം 1.9 കോടിക്കും 1.2 കോടിക്കും ഇടയിൽ, യൂറേഷ്യൻ ഭൂഖണ്ഡത്തിൽ ചെന്നു മുട്ടിയതോടെ ടെത്തിസ് കടൽ ചുരുങ്ങി ഇല്ലാതായി. അതേത്തുടർന്ന് ഉണ്ടായ പടിഞ്ഞാറൻ മദ്ധ്യധരണിപ്രദേശങ്ങളിൽ ഭൂനിരപ്പ് ഉയർന്നതും ആഗോളതലത്തിൽ സമുദ്രനിരപ്പിലുണ്ടായ കുറവും കാരണം മദ്ധ്യധരണിക്കടൽ - ഇന്നത്തെ ജിബ്രാൾട്ടർ കടലിടുക്ക് അന്നില്ലായിരുന്നു - കുറേ കാലത്തേക്ക് വരണ്ടു കിടന്നു. [87] [88] അക്കാലത്ത് ആഗോള സമുദ്രനിരപ്പിൽ നിന്നും 3 മുതൽ 5 വരെ കിലോമീറ്റർ ആഴത്തിൽ അത് തുറന്നുകിടന്നിരുന്നു. അപൂർവം ചില സ്ഥലങ്ങളിൽ അതിലവണീകൃതമായ ജലം, ഇന്നത്തെ ചാവുകടലിലേതുപോലെ, കെട്ടിക്കിടന്നിരുന്നു. പിന്നീട് 53 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജിബ്രാൾട്ടർ തുറക്കപ്പെടുകയും അറ്റ്ലന്റിക് സമുദ്രത്തിൽ നിന്ന് ജലം മദ്ധ്യധരണിക്കടലിലേക്ക് ഒഴുകി നിറയുകയും ചെയ്തു. ഇന്നും മദ്ധ്യധരണിക്കടലിലെ ജലത്തിന്ന് മറ്റു സമുദ്രഭാഗങ്ങളിലുള്ളതിനേക്കാൾ ലവണത ഏറെ കൂടുതലാണ്[89] പ്ലയോസീൻ കാലംപ്രാഗ്കാലവർഷം 53 ലക്ഷത്തിന്നും 25.8 ലക്ഷത്തിന്നും ഇടക്കാണ് പ്ലയോസീൻ കാലം[90]. ഈ കാലത്താണ് ഭൂഖണ്ഡങ്ങളെല്ലാം അവയുടെ ഇന്നത്തെ സ്ഥാനത്തുനിന്നും 250 കി.മീ. അകലെനിന്ന് 70 കി.മീ അടുത്തേക്ക് നീങ്ങിയെത്തിയത്. ഇക്കാലത്തുതന്നെയാണ് പനാമ കരയിടുക്ക് പൊങ്ങിവന്ന് രണ്ട് അമേരിക്കൻ വൻകരകളേയും തമ്മിൽ ബന്ധിപ്പിച്ചതും. ഇതോടെ രണ്ട് ഭൂഖണ്ഡങ്ങളിലെയും ജന്തുജാലങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പകർന്നെത്തി. പുതിയ ജന്തുക്കൾ പെട്ടെന്ന് എത്തിപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ വംശനാശം സംഭവിച്ച്ത് തെക്കേ അമേരിക്കയിൽ മാത്രമായുണ്ടായിരുന്ന വിവിധതരം സഞ്ചിമൃഗങ്ങൾക്കായിരുന്നു. അറ്റ്ലന്റിക് സമുദ്രവും ശാന്തസമുദ്രവും മദ്ധ്യരേഖക്കടുത്ത് വേർപെട്ടപ്പോൾ, രണ്ട് ധ്രുവപ്രദേശങ്ങളിൽനിന്നും ശീതജലം ഒഴുകിയെത്താൻ തുടങ്ങിയതോടെ, അറ്റ്ലാന്റിക് സമുദ്രത്തിന്റെ താപനില താഴ്ന്നു. ഇപ്പുറത്ത് മദ്ധ്യധരണിക്കടൽ രൂപം കൊണ്ടു. സമുദ്രനിരപ്പിൽ വന്ന കുറവ് അലാസ്കക്കും ഏഷ്യക്കുമിടയിൽ ഒരു കരമാർഗ്ഗം തുറന്നു. പ്ലയോസീൻ കാലത്തിന്റെ അവസാനത്തോടെ, ക്വാട്ടേർണറി മഹാകാലത്തിന്റെ തുടക്കത്തോടെ, ഇപ്പോഴത്തെ ഹിമയുഗം തുടങ്ങി. അതിനു ശേഷം ധ്രുവപ്രദേശങ്ങളിൽ ഹിമാനിവൽക്കരണത്തിന്റേയും മഞ്ഞുരുകലിന്റേയും ആവർത്തനചക്രങ്ങൾ, 40000 - 100000 കൊല്ലങ്ങൾക്കിടയിൽ, പലതവണ ഉണ്ടായിട്ടുണ്ട്. ക്വാട്ടേർണറി മഹാകാലംസെനോസോയിക് യുഗഖണ്ഡത്തിലെ ഏറ്റവും ഒടുവിലത്തെ മഹാകാലമാണ് ക്വാട്ടേർണറി മഹാകാലം. 25.88 ലക്ഷം വർഷങ്ങൾക്ക് മുമ്പു മുതൽ ഇന്നേവരേയുള്ള കാലമാണ് ഇത്. ഇതിനെ പ്ലയസ്റ്റോസീൻ, ഹോളോസീൻ എന്ന രണ്ട് കാലഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ ഭൂഖണ്ഡങ്ങളുടെ സ്ഥാനങ്ങളിൽ കാര്യമായ വ്യാത്യാസം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഈ കാലയളവ് തുടങ്ങുന്നതോടെയാണ് പരിണാമപരമ്പരയിൽ നരസമാനരായ മനുഷ്യപൂർവികരെല്ലാം പ്രത്യക്ഷപ്പെടുന്നത്. ഇക്കാലത്ത് ഇടക്കിടെയുണ്ടായിരുന്ന ഹിമയുഗചക്രത്തിന്റെ ഫലമായി ബോസ്ഫറസ് കടലിടുക്ക്, ഇംഗ്ലീഷ് ചാനൽ, ബാൾടിക് മേഖലയിലെ സ്കാഗെറാക്ക് കടലിടുക്ക്, ബെറിങ് കടലിടുക്ക് തുടങ്ങിയവ ഇടക്കിടെ, കടൽനിരപ്പ് ഉയരുകയും താഴുകയും ചെയ്യുന്നതിന്നനുസരിച്ച്, മുങ്ങിപ്പോകുകയും പൊങ്ങിവരികയും ചെയ്യുന്നുണ്ടായിരുന്നു. പ്ലയസ്റ്റോസീൻ കാലംപ്രാഗ്കാലവർഷം 25.88 ലക്ഷം വർഷങ്ങൾക്കും 11700 വർഷങ്ങൾക്കും ഇടക്കുള്ള കാലഘട്ടമാണ് ഇത്. ഈ സമയത്ത് ഭൂഖണ്ഡങ്ങളുടെ സ്ഥാനങ്ങൾക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇക്കാലത്ത് അവ തമ്മിലുള്ള ദൂരം 100 കി.മീ. യിൽ കൂടുതൽ വ്യത്യാസപ്പെട്ടിട്ടില്ല. ഹോളോസീൻ കാലംഇത് പ്രാഗ്കാലവർഷം 11700 മുതൽ ഇന്നേവരെയുള്ള കാലഘട്ടമണ്. ഇക്കാലത്ത് ഭൂഖണ്ഡങ്ങളുടെ നീക്കം ഒരു കിലോമീറ്ററിൽ കുറവായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴത്തെ ഹിമയുഗത്തിന്റെ ഏറ്റവും ഒടുവിലത്തെ ഹിമാനികാലം ഏതാണ്ട് 10000 കൊല്ലങ്ങൾക്കുമുമ്പ് അവസാനിച്ചു. ഹോളോസീനിന്റെ ആദ്യകാലങ്ങളിൽ മഞ്ഞുരുകൽ കാരണം കടൽനിരപ്പ് 35 മീറ്റർ വരെ പൊങ്ങിവന്നിരുന്നു. 40 ഡിഗ്രി അക്ഷാംശത്തിന്നു വടക്കുള്ള ഭാഗങ്ങളിൽ പലയിടത്തും ഈ കാലഘട്ടത്തിലെ ഹിമാനികാലങ്ങളിൽ ഹിമപാളികളുടെ ഭാരം മൂലം ഭൂമി താഴ്ന്നുപോയിരുന്നത് പിന്നീട്, പ്ലയ്സ്റ്റോസീനിന്റെ അന്ത്യകാലത്തും ഹോളോസീൻ കാലഘട്ടത്തിലുമായി 180 മീറ്റർ വരെ ഉയർന്നുവന്നിട്ടുണ്ട്. ഈ ഉയരം വക്കൽ പ്രക്രിയ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഹിമപാളികൾ ഉരുകിമാറുമ്പോൾ കടൽനിരപ്പ് ഉയർന്നുവന്നതുകാരണം, ഇങ്ങനെ ഭൂപ്രതലം താഴ്ന്നുപോയിടത്തെക്കൊക്കെ, തൽക്കാലത്തേക്ക്, ഇന്നത്തെ കടൽക്കരകളിൽ നിന്ന് വളരെ ദൂരെക്കുപോലും, കടൽ കടന്നുകയറുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥലങ്ങൾ കൂടാതെ തടാകങ്ങളുടെ അടിത്തട്ടുകൾ, വെള്ളപ്പൊക്കമുണ്ടാകാറുള്ള സമതലങ്ങൾ, ഗുഹകൾ, എന്നിവിടങ്ങളിൽ നിന്നുമാണ് ഹോളോസീൻ കാലത്തെ അശ്മകങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത്. ഹിമാനികാലത്തിന്നുശേഷം ഭൂമി തിരികെ പൊങ്ങിവന്നതിനേക്കാൾ വേഗത്തിൽ കടൽനിരപ്പ് ഉയർന്നിരുന്നതുകൊണ്ട് മദ്ധ്യരേഖാപ്രദേശത്തിന്നടുത്തുള്ള സമുദ്രതീരങ്ങളിൽ ഹോളോസീൺ കാലത്തുനിന്നുള്ള അവശിഷ്ടങ്ങൾ കുറവായേ കാണപ്പെടുന്നുള്ളൂ. ബാൾട്ടിക് കടലിന്റെ തീരങ്ങളിൽ ഉയർന്നുവന്നിരിക്കുന്ന സ്ഥലങ്ങൾ ഇങ്ങനെ ഹിമാനികാലത്തിന്നുശേഷം ഉയർന്നുവന്നവയാണ്. ഇവിടങ്ങൾ ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണ്. തന്മൂലം വടക്കൻ യൂറോപ്പിൽ ഇടക്കിടെ ചെറിയ ഭൂകമ്പങ്ങൾ ഉണ്ടാകുന്നുമുണ്ട്. വടക്കൻ അമേരിക്കയിൽ ഈ പ്രതിഭാസത്തിന്റെ ഫലമായി ചൂണ്ടിക്കാണിക്കാറുള്ളത്, പണ്ട് ടൈറെൽ കടൽ എന്ന പേരിലുണ്ടായിരുന്ന വലിയൊരു ജലാശയം അതിന് ചുറ്റുമുള്ള കര പൊങ്ങിപ്പൊങ്ങി വന്ന്, ചെറുതായി, ഇന്നത്തെ ഹഡ്സൺ ബേ ആയിമാറിയതാണ്. അവലംബം
|
Portal di Ensiklopedia Dunia