2019 മേയ് 8ന്, സുപ്രീം കോടതികേരളത്തിലെമരട് മുനിസിപ്പാലിറ്റിയിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ തീരദേശപരിപാലന നിയമം ലംഘിച്ചതിനാൽ ഒരു മാസത്തിനകം പൊളിച്ചുകളയാൻ ഉത്തരവിട്ടു. ഇതിൽ നാല് അപാർട്ട്മെന്റുകൾ മാത്രമേ നിർമ്മിക്കപ്പെട്ടിരുന്നുള്ളൂ.[1] ജയിൻസ് കോറൽ കോവ്(ജയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ ലിമിറ്റഡ്), H2O ഹോളി ഫെയ്ത്ത് (ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), ആൽഫ സെറീൻ (ആൽഫ വെൻച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), ഗോൾഡൻ കായലോരം (കെ.പി. വർക്കി & വി.എസ്. ബിൽഡേഴ്സ്) എന്നിവയാണ് നിർമ്മാണം പൂർത്തിയായതും താമസക്കാരുള്ളതുമായ നാല് അപ്പാർട്ട്മെന്റുകൾ. അഞ്ചാമത്തെ ബിൽഡറായ ഹോളി ഹെരിറ്റേജ് നിർമ്മാണാനുമതി ലഭിച്ചുവെങ്കിലും കെട്ടിടം നിർമിച്ചിരുന്നില്ല.[2]
1986ഭോപ്പാൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണനിയമം 1986 നവംബർ 19ന് നിലവിൽ വന്നു. മനുഷ്യപരിതഃസ്ഥിതിയെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുകയായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം. മനുഷ്യർക്ക് ഉണ്ടാകാനിടയുള്ള അപകടങ്ങളെ പ്രതിരോധിക്കുക, മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും സ്ഥാവര വസ്തുക്കളുടെയും പരിതഃസ്ഥിതി കൂടുതൽ മെച്ചപ്പെട്ടതാക്കുക എന്നിവയെ സംബന്ധിച്ചായിരുന്നു നിയമം. മുൻകാലത്ത് ഉണ്ടാക്കിയ നിയമങ്ങൾ (വാട്ടർ ആക്റ്റ്, എയർ ആക്റ്റ് എന്നിവ ഉദാഹരണങ്ങൾ) അനുസരിച്ചുള്ള കേന്ദ്രഗവണ്മെന്റിന്റെയും സംസ്ഥാന അഥോറിറ്റികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നിയമമായാണ് ഈ നിയമം വിഭാവനം ചെയ്തത്.[3]
1991 ഫെബ്രുവരി മാസത്തിൽ വനം പരിസ്ഥിതി മന്ത്രാലയം (MoEF) 1986 -ലെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ച് ഒരു നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. തീരപ്രദേശത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായിരുന്നു ഇത്. നോട്ടിഫിക്കേഷൻ അനുസരിച്ച് തീരസംരക്ഷണത്തിനായി തീരപ്രദേശത്തെ നാല് തരം മേഖലകളായി തിരിച്ചു (കോസ്റ്റൽ റെഗുലേഷൻ സോൺ - CRZ).[4]
1995 മരട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എതിർപ്പില്ല എന്ന സർട്ടിഫിക്കേറ്റ് (നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് - NOC) ഗോൾഡൻ കായലോരം ബിൽഡറിന് നൽകി.[5]
1996 കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ നിലവിൽ വന്നു.[6]
2005 തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സീനിയർ ടൗൺ പ്ലാനർ (വിജിലൻസ്) നടത്തിയ അന്വേഷണത്തിൽ മരട് പഞ്ചായത്ത് സെക്രട്ടറിയുടെ മേശയിൽ നിന്ന് ചില കെട്ടിടങ്ങളുടെ ഫയലുകൾ പിടിച്ചെടുത്തു. മരട് ഗ്രാമ പഞ്ചായത്ത് കെട്ടിടങ്ങൾ പണിയുവാൻ അനുമതി നൽകിയതും ഈ വർഷമാണ്.[1][2]
2007 കേരള സർക്കാർ മരട് പഞ്ചായത്തിന് ഒരു കത്തും അതോടൊപ്പം വിജിലൻസ് അന്വേഷണത്തിൽ നിയമലംഘനങ്ങളും പൊരുത്തക്കേടുകളും കണ്ടെത്തിയ കെട്ടിടങ്ങളുടെ പട്ടികയും അയച്ചുകൊടുത്തു. 1999ലെ കേരള മുനിസിപ്പാലിറ്റി ബിൽഡിങ് കോഡിന്റെ (KMBR) പതിനാറാം ചട്ടം അനുസരിച്ച് പട്ടികയിലുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിനുള്ള പെർമിറ്റുകൾ റദ്ദാക്കുവാനായിരുന്നു കത്തിലെ നിർദ്ദേശം. ഈ കത്ത് ലഭിച്ചതോടെ പഞ്ചായത്ത് എല്ലാ കെട്ടിടനിർമാതാക്കൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചു.[2][1] തീരദേശ സംരക്ഷണ മേഖലയുടെ ലംഘനം, 1.25 -ന് മുകളിലുള്ള തറവിസ്തീർണ്ണ അനുപാതം (ഫ്ലോർ ഏരിയ റേഷ്യോ - FAR), തുറന്ന സ്ഥലങ്ങൾ സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനം, അവസാന പ്ലാൻ ഫയലിൽ ഇല്ലാതിരിക്കുക, പ്രവേശനപാതയുടെ വീതി കാണിക്കാതിരിക്കുക എന്നിങ്ങനെ പല തരത്തിലുള്ള ചട്ട ലംഘനങ്ങളാണ് കണ്ടെത്തിയതെങ്കിലും എന്താണ് കുറ്റം എന്ന് എടുത്തുപറയാത്ത ഒരേ തരത്തിലുള്ള ആരോപണമുള്ള നോട്ടീസാണ് എല്ലാ നിർമാതാക്കൾക്കും നൽകിയത്. (തീരദേശ സംരക്ഷണ മേഖലയുടെ ലംഘനം ഇല്ലാതിരുന്നുവെങ്കിലും കുറ്റകൃത്യം എന്താണ് എന്ന് വ്യക്തമാക്കാത്ത ഇതേ നോട്ടീസാണ് ഗോൾഡൻ കായലോരം എന്ന കെട്ടിടത്തിനും നൽകിയത് എന്നത് ഉദാഹരണം.[7]) നോട്ടീസ് റദ്ദാക്കുവാനും നോട്ടീസ് എന്തിനാണ് അയച്ചത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കുവാനും അപേക്ഷിച്ച് തങ്ങൾ നൽകിയ കത്തിന് മറുപടി ലഭിക്കുവാനും ആൽഫ വെൻച്വേഴ്സ് ഒരു റിട്ട് ഹർജി നൽകി. കേരള ഹൈക്കോടതി റിട്ട് ഹർജി അനുവദിക്കുകയും ഈ നോട്ടീസ് അനുസരിച്ച് കെട്ടിടനിർമാതാക്കൾക്കെതിരേയുള്ള എല്ലാ നടപടികളും നിർത്തലാക്കുവാനും ഒരു ഇടക്കാല ഉത്തരവ് ഇറക്കി. ഇതോടൊപ്പം തന്നെ നിയമമനുസരിച്ച് സ്റ്റോപ്പ് മെമോ നൽകുവാനും ഹൈക്കോടതി പഞ്ചായത്തിനെ അനുവദിച്ചു (മരട് പഞ്ചായത്ത് നാളിതുവരെ നിയമമനുസരിച്ചുള്ള സ്റ്റോപ്പ് മെമോ കെട്ടിടനിർമാതാക്കൾക്ക് നൽകിയിട്ടില്ല). ഇതിനാൽ ആൽഫ വെൻച്വേഴ്സ് കെട്ടിടനിർമ്മാണം തുടർന്നു.[8] ജെയിൻ ഹൗസിങ്, ഹോളി ഫെയ്ത്ത്, കെ.പി. വർക്കി എന്നിവരും നിർമ്മാണം തുടർന്നു. ഹോളിഡേ ഹെറിറ്റേജ് പക്ഷേ തങ്ങളുടെ നിർമ്മാണ പദ്ധതി ഉപേക്ഷിച്ചു.[2][9] 2007-ൽത്തന്നെ ഒരു പഞ്ചായത്തംഗം സത്യവാങ്മൂലത്തിൽ മരട് കോസ്റ്റൽ റെഗുലേഷൻ സോണിലെ രണ്ടാം വിഭാഗത്തിൽ (CRZ II) പെടും എന്ന് പ്രസ്താവിച്ചു.[10] പഞ്ചായത്ത് അപ്പീലുമായി പിന്നീട് ഡിവിഷൻ ബഞ്ചിനെ സമീപിച്ചുവെങ്കിലും അപ്പീൽ തള്ളി.
2010 നവംബർ മാസത്തിൽ മരട് പഞ്ചായത്ത് ഒരു മുനിസിപ്പാലിറ്റി ആയി മാറി.[2]
2011 2011-ലെ കോസ്റ്റൽ റെഗുലേഷൻ സോൺ നോട്ടിഫിക്കേഷൻ അനുസരിച്ച് തയ്യാറാക്കിയ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ അനുസരിച്ച് മരട് കോസ്റ്റൽ റെഗുലേഷൻ സോൺ രണ്ട് (CRZ-II) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടു.[9]
2012 കേരള ഹൈക്കോടതിയുടെ സിങ്കിൾ ബഞ്ച് മരട് പഞ്ചായത്ത് ആൽഫ വെഞ്ച്വേഴ്സിന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കി.[11]
2013 കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് വിധി പറഞ്ഞു. 2007 -ൽ പഞ്ചായത്ത് നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിലനിൽക്കുന്നതല്ല എന്നും ചട്ടങ്ങൾ പാലിക്കാത്ത തരത്തിലാണ് എഴുതിയിരിക്കുന്നത് എന്നും വിധിച്ചു. എല്ലാ കുറ്റവും മരട് മുനിസിപ്പാലിറ്റിയുടേതാണ് എന്ന് വിധിയിൽ വ്യക്തമായി പറഞ്ഞിരുന്നു.[8][9]
2014 കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി (KCZMA) കേസിൽ കക്ഷിയാവുകയും സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയും ചെയ്തു.
2018 പഞ്ചായത്ത് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് കെട്ടിടനിർമാതാക്കൾ മറുപടി നൽകുന്നതിന് പകരം ഹൈക്കോടതിയിൽ പെറ്റീഷൻ നൽകുകയായിരുന്നു എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 2018 നവംബർ 27-ന് കെട്ടിടങ്ങൾ CRZ II മേഖലയിലാണോ അതോ III മേഖലയിലാണോ എന്ന് നിർണ്ണയിക്കാനായി സുപ്രീം കോടതി ഒരു വിദഗ്ദ്ധ കമ്മിറ്റി രൂപികരിച്ചു. 1991-ലെ സി.ആർ.ഇസെഡ്. നോട്ടിഫിക്കേഷനും 1996ലെ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാനും അനുസരിച്ച് പ്രദേശം സി.ആർ.എസ്. III -ൽ പെടും എന്ന് കമ്മിറ്റി കണ്ടെത്തി. KCZMA യുടെ അനുമതിയില്ലാതെയായിരുന്നു മരട് പഞ്ചായത്ത് നിർമ്മാണാനുമതി നൽകിയത് എന്നായിരുന്നു റിപ്പോർട്ട്. 2011-ലെ സി.ആർ.ഇസെഡ്. നോട്ടിഫിക്കേഷൻ അനുസരിച്ച് തയ്യാറാക്കിയ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ അനുസരിച്ച് പ്രദേശം സി.ആർ.ഇസെഡ്. II-ൽ പെടും എന്നായിരുന്നു കെട്ടിടനിർമാതാക്കളുടെ വാദം. എങ്കിലും KCZMA-യുടെ വാദം സുപ്രീം കോടതി അംഗീകരിച്ചു.[1]
2019 മേയ് അഞ്ച് അപ്പാർട്ട്മെന്റുകളും ഒരു മാസത്തിനുള്ളിൽ തകർക്കണം എന്ന് സുപ്രീം കോടതി വിധിച്ചു.[1] കേരള സർക്കാർ ചെന്നൈ ഐ.ഐ.ടി.യെ കെട്ടിടം തകർക്കുന്നതിനായുള്ള പദ്ധതി തയ്യാറാക്കാൻ സമീപിച്ചു.[9] കോടതി വിധിച്ച ഒരുമാസം കഴിയുകയും ഈ കാലയളവിൽ നാല് കെട്ടിടങ്ങളിലെ താമസക്കാർ സമർപ്പിച്ച റിട്ട് ഹർജികളും റിവ്യൂ ഹർജികളും കോടതി തള്ളുകയും ചെയ്തു.
2019 സെപ്റ്റംബർ 2019 സെപ്റ്റംബർ 6-ലെ ഒരു ഉത്തരവിൽ സെപ്റ്റംബർ 20-ഓടെ കെട്ടിടങ്ങൾ പൊളിച്ച് റിപ്പോർട്ട് നൽകണം എന്ന് ഉത്തരവിട്ടു.[12][13] ഇതിനെത്തുടർന്ന് താമസക്കാരോട് ഒഴിയണം എന്ന് ആവശ്യപ്പെട്ട് നോട്ടിസുകൾ നൽകി. ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തങ്ങൾ ചെറുക്കും എന്നാണ് താമസക്കാരുടെ നിലപാട്.[14]
ഗോൾഡൻ കായലോരം
2019 സെപ്റ്റംബർ 10-ന് ഗോൾഡൻ കായലോരം അപ്പാർട്ട്മെന്റ് ഒരു തിരുത്തൽ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചു. പെറ്റീഷ്ൻ കോടതി രജിസ്ട്രിയിൽ സ്വീകരിച്ചു. മേയ് 8ലെ സുപ്രീം കോടതി ഉത്തരവിലെ ഗുരുതരമായ പിശകുകൾ ഈ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. സുപ്രീം കോടതിയുടെ അനുമതി കൂടാതെ കോടതി നിർദ്ദേശിച്ച മൂന്നംഗ കമ്മിറ്റി ഒരു അഞ്ചംഗ ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു എന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.[15]
ഗോൾഡൻ കായലോരം എന്ന കെട്ടിടത്തിന് എൻ.ഒ.സി. (NO.A3.3/95) മരട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൽകിയത് 1995-ലായിരുന്നു. ഇതിന്റെ കോപ്പി 2007-ലെ കേസ് ഡബ്യു.പി.(സി)നം. 23293 (ഡബ്ല്യു) എക്സിബിറ്റ് പി1 ആയി കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.[5] ഇത് 1996-ലെ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ നിലവിൽ വരുന്നതിന് മുൻപാണ് സംഭവിച്ചത്.[6]
സുപ്രീം കോടതി നിയമിച്ച മൂന്നംഗ കമ്മിറ്റി സി.ആർ.ഇസെഡ്. നിലയെക്കുറിച്ച് പ്രതികരിക്കുവാൻ കെട്ടിടനിർമാതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നു. കെട്ടിടത്തിലെ ഒരു താമസക്കാർക്കും പ്രതികരിക്കുവാൻ അവസരം നൽകിയിരുന്നില്ല. ഗോൾഡൻ കായലോരത്തിന്റെ ബിൽഡർ പറഞ്ഞത് "കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിയോ മറ്റെന്തെങ്കിലും അധികാരിയോ കായലോരം അപ്പാർട്ട്മെന്റ് തീരദേശ സംരക്ഷണ നിയമം ലംഘിച്ചു എന്ന് ആരോപിച്ചിട്ടില്ല. അതിനാൽ തീരദേശസംരക്ഷണ നിയമം അനുസരിച്ചുള്ള നടപടികളൊന്നും ഗോൾഡൻ കായലോരത്തെ സംബന്ധിച്ച് ബാധകമല്ല“ എന്നുമായിരുന്നു." [7]
Holy Faith H2O Explosion sequence
സി.ആർ.ഇസെഡ് II, III എന്നിവയും മരടും
സി.ആർ.ഇസെഡ്. I എന്ന വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങൾ പാരിസ്ഥിതിക പ്രാധാന്യമുള്ളവയും ദുർബലവും ആയിരിക്കും... വന്യജീവി ആവാസ വ്യവസ്ഥകൾ, കണ്ടൽ കാടുകൾ,... പവിഴപ്പുറ്റുകൾ, ...മത്സ്യങ്ങളുടെയോ മറ്റ് കടൽ ജീവികളുടെയോ പ്രജനന മേഖലകൾക്ക് സമീപമുള്ള പ്രദേശങ്ങൾ, ...പരിസ്ഥിതി വൈവിദ്ധ്യത്താൽ സമ്പന്നമായ പ്രദേശങ്ങൾ, ...ആഗോള താപനത്താൽ മുങ്ങിപ്പോകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങൾ, ഗവണ്മെന്റ് നിർണ്ണയിക്കുന്ന മറ്റ് മേഖലകൾ മുതലായവയാണ്......[4]
സി.ആർ.ഇസെഡ്. II എന്ന വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങൾ തീരത്തോട് ചേർന്ന് വികസനം നടന്നുകഴിഞ്ഞ പ്രദേശങ്ങളാണ്. "വികസിതപ്രദേശങ്ങൾ" എന്നത് നിർവചിച്ചിരിക്കുന്നത് ... മുനിസിപ്പാലിറ്റി പ്രദേശമോ, കാര്യമായ നിർമ്മാണപ്രവർത്തനങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞതും ഡ്രെയിനേജ്, റോഡുകൾ, ജലവിതരണം, മാലിന്യനീക്കം മുതലായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉള്ളവയോ മറ്റ് രീതിയിൽ നിയമപരമായി നിർണ്ണയിച്ചിട്ടുള്ള പട്ടണ പ്രദേശങ്ങളോ ആണ്.[4]
സി.ആർ.ഇസെഡ്. III എന്നത് പ്രായേണ ശല്യപ്പെടുത്തലുകൾ ഇല്ലാത്തതും I, II എന്നീ വിഭാഗങ്ങളിൽ പെടാത്തവയുമാണ്. ഗ്രാമങ്ങളിലെ തീരപ്രദേശങ്ങളും (വികസനപ്രവർത്തനങ്ങൾ നടന്നവയും നടന്നിട്ടില്ലാത്തവയും) മുനിസിപ്പാലിറ്റിയിലോ നിയമപ്രകാരം പട്ടണപ്രദേശങ്ങളായി നിർണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളിൽ വലിയ നിർമ്മാണപ്രവർത്തനങ്ങൾ നടന്നിട്ടില്ലാത്തവയും ആണ്.[4]
മരട് ഇപ്പോൾ മുനിസിപ്പാലിറ്റിയാണ്. മുനിസിപ്പാലിറ്റി ആകുന്നതിന് മുൻപ് തന്നെ ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെന്റ് അഥോറിറ്റിയുടെ ഭാഗമായതിലൂടെ നിയമപ്രകാരം പട്ടണപ്രദേശമായി മരടിനെ നിർണ്ണയിച്ചിട്ടുമുണ്ട്.[16]
അഭിപ്രായങ്ങൾ
കേന്ദ്ര ഗവണ്മെന്റ് 2011-ൽ പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം മരട് സി.ആർ.ഇസെഡ്. രണ്ട് എന്ന വിഭാഗത്തിൽ വന്നുകഴിഞ്ഞു എന്നും കെട്ടിടങ്ങൾ പൊളിച്ചാൽ തന്നെ അതേ സ്ഥലങ്ങളിൽ അവ പുനർ നിർമ്മിക്കാൻ സാധിക്കും എന്നാണ് മുംബൈയിൽ വക്കീലായി ജോലി ചെയ്യുകയും നാഷണൽ ലോയേഴ്സ് കാമ്പെയിൻ ഫോർ ജുഡീഷ്യൻ ട്രാൻസ്പെറൻസി ആൻഡ് റിഫോംസ് എന്ന സംഘടനയുടെ പ്രസിഡന്റുമായ വ്യക്തി അഭിപ്രായപ്പെട്ടത്. പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ നടപ്പിൽ വരുത്തുവാൻ കൊണ്ടുവരുന്ന നടപടി നിയമങ്ങളാണ് ചട്ടങ്ങൾ. ഇപ്പോൽ കെട്ടിടങ്ങൾക്ക് ബാധകമായ ചട്ടങ്ങളാണ് ഇപ്പോൽ പ്രാബല്യത്തിലുള്ള ചട്ടങ്ങൾ. കെട്ടിടങ്ങൾക്ക് സി.ആർ.ഇസെഡ്. II ബാധകമായതിനാൽ നിയമലംഘനം നടന്നു എന്ന വിഷയമേ ഉദിക്കുന്നില്ല. കേരളത്തിലെ മുനിസിപ്പാലിറ്റി നിയമവും അതിന് കീഴിലുള്ള ചട്ടങ്ങളും മറികടന്ന സുപ്രീം കോടതിയുടെ നടപടി അധികാരമേഖലയുടെ അതിർത്തിലംഘനവും ഞെട്ടിക്കുന്നതുമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.[17]
↑ 7.07.1REPORT FILED BY THE COMMITTEE CONSTITUTED AS PER THE INTERIM ORDER DATED 27.11.2018 IN SLP (C) NOS. 4238-4241/2016 AND 4231-4234/2014, BEFORE THE HONOURABLE SUPREME COURT OF INDIA. p. 17.