2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 2001-ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് മണ്ഡലപുനർനിർണ്ണയ കമ്മീഷൻ ഈ മണ്ഡലത്തിന് രൂപം നൽകിയത്. 2009-ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.[2] ആ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റും അന്നത്തെ കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദ് എതിർസ്ഥാനാർത്ഥിയായ സി.പി.എം. നേതാവ് ടി.കെ. ഹംസയെ പരാജയപ്പെടുത്തി തിരഞ്ഞെടുക്കപ്പെടുകയും തുടർച്ചയായി രണ്ടാം വട്ടം മന്ത്രിയാകുകയും ചെയ്തു.[3] 2014-ലെ തിരഞ്ഞെടുപ്പിലും അഹമ്മദ് വിജയം ആവർത്തിച്ചു. [4] എം.പിയായി തുടരവേ 2017 ഫെബ്രുവരി ഒന്നിന് അദ്ദേഹം അന്തരിച്ചു. തുടർന്ന് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയും പി.കെ. കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[5]