മഹാസാമ്പത്തികമാന്ദ്യം![]() ![]() ![]() രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ട്മുൻപുള്ള ദശാബ്ദങ്ങളിൽ ലോകമെമ്പാടും പടർന്നുപിടിച്ച രൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ് മഹാ സാമ്പത്തിക മാന്ദ്യം അഥവാ ഗ്രേറ്റ് ഡിപ്രഷൻ എന്ന പേരിൽ അറിയപ്പെടുന്നത്. പല രാജ്യങ്ങളിൽ പല വർഷങ്ങളിലായി രൂക്ഷമായി കാണപ്പെട്ടുവെങ്കിലും, മിക്ക രാജ്യങ്ങളിലും മഹാ സാമ്പത്തികമാന്ദ്യം 1929 -ഓടെ തുടങ്ങി 1930കളുടെ അവസാനമോ, 1940 കളുടെ തുടക്കത്തിലോ അവസാനിച്ചു. [1] ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും ദൈർഘ്യമേറിയതും ആഴത്തിൽ പടർന്നുപിടിച്ചതുമായ ഈ സാമ്പത്തിക ഇടിവിനെ, ആഗോളസാമ്പത്തികരംഗത്തിന് സംഭവിക്കാവുന്ന അധഃപതനത്തിന്റെ ഉദാഹരണമായി ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ചിത്രീകരിക്കാറുണ്ട്. [2] കറുത്ത ചൊവ്വ എന്ന് പിന്നീട് കുപ്രസിദ്ധമായ 1929 ഒക്ടോബർ 29 ന്, അമേരിക്കയിലെ ഓഹരി വിപണിയായ "വാൾ സ്ട്രീറ്റ്" ൽ തുടങ്ങിയ തകർച്ചയാണ് പിന്നീട് ലോകമെമ്പാടും പടർന്നത്.[1] മഹാ സാമ്പത്തികമാന്ദ്യം, ഫലത്തിൽ സമ്പന്നരെന്നോ, ദരിദ്രരെന്നോ വ്യത്യാസമില്ലാതെ, എല്ലാ ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചു. വ്യക്തിഗത വരുമാനങ്ങൾ, നികുതി വരവുകൾ, ലാഭങ്ങൾ തുടങ്ങിയവയ്ക്കെല്ലാം കനത്ത തോതിൽ ഇടിവ് സംഭവിക്കുകയും, അന്താരാഷ്ട്ര വ്യാപാരം, പകുതി മുതൽ മൂന്നിൽ രണ്ടു വരെയായി കുറയുകയും ചെയ്തു. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 25 ശതമാനവും, മറ്റ് ചില രാജ്യങ്ങളിൽ ഇത് 33 ശതമാനം വരെയും ആയി വർദ്ധിച്ചു.[3] വ്യവസായത്തെ അമിതമായി ആശ്രയിച്ചിരുന്ന വൻ നഗരങ്ങൾക്കാണ് സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യപ്രഹരം ലഭിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ പല രാജ്യങ്ങളിലും പൂർണ്ണമായും സ്തംഭിച്ചു. ധാന്യവിളകൾക്ക് 60 ശതമാനം വരെ വിലയിടിവ് സംഭവിച്ചത് കൃഷിയേയും, ഗ്രാമപ്രദേശങ്ങളേയും ബാധിച്ചു. [4][5][6] കുത്തനെ ഇടിഞ്ഞ തൊഴിൽ അവശ്യകതയും, ഇതര തൊഴിൽ അവസരങ്ങളുടെ അഭാവവും നാണ്യവിളകൾ, ഖനികൾ തുടങ്ങിയ മേഖലകളെ ശക്തമായി ബാധിച്ചു. [7] 1930 കളുടെ മധ്യത്തോടെ രാജ്യങ്ങൾ സാമ്പത്തിക ആരോഗ്യം വീണ്ടെടുത്തുതുടങ്ങി. എന്നാൽ മിക്ക രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യത്തിന്റെ ദൂഷ്യവശങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കം വരെ നീണ്ടുനിന്നു. [8] അവലംബം
|
Portal di Ensiklopedia Dunia