പ്രാഥമികമായി ചെക്കുകളും മറ്റു ഡോക്യുമെന്റുകളും ക്ലിയർ ചെയ്യാനായി ബാങ്കുകൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് മാഗ്നറ്റിക് ഇങ്ക് കാരക്റ്റർ റെക്കഗ്നിഷൻ അല്ലെങ്കിൽ എം.ഐ.സി.ആർ. ചെക്കിന്റെയോ മറ്റ് വൗച്ചറുകളുടെയോ താഴെയായി എം.ഐ.സി.ആർ. ലൈൻ എന്നഭാഗത്താണ് വിവരം എൻകോഡ് ചെയ്യുന്നത്. ഏതുതരം രേഖയാണിത്, ബാങ്കിന്റെ കോഡ്, ബാങ്കിലെ അക്കൗണ്ട് നമ്പർ, ചെക്കിന്റെ നമ്പർ, തുക, തുടങ്ങിയവയാണ് സാധാരണഗതിയിൽ ഈ കോഡിൽ ഉൾപ്പെടുത്തുന്നത്. ഇത് വായിക്കാനുള്ള ഉപകരണത്തിന് (എം.ഐ.സി.ആർ. കോഡ് റീഡർ) ഈ വിവരങ്ങൾ നേരിട്ട് വായിച്ചെടുക്കാൻ സാധിക്കും. ബാർകോഡുകളിൽ നിന്ന് വ്യത്യസ്തമായി എം.ഐ.സി.ആർ. അക്ഷരങ്ങളും അക്കങ്ങളും മനുഷ്യർക്ക് വായിച്ചെടുക്കാൻ സാധിക്കും. എം.ഐ.സി.ആർ. ഇ-13ബി ഫോണ്ട് അന്താരാഷ്ട്ര അടിസ്ഥാനമായി തിരഞ്ഞെടുത്തിട്ടുണ്ട്.[1] സി.എം.സി.-7 എന്ന ഫോണ്ട് യൂറോപ്പിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.