മിഡ്ജ്ലെ ജോൺ ജെന്നിങ്സ്1857-ലെ ഒന്നാംസ്വാതന്ത്ര്യസമരകാലത്ത് ഡെൽഹിയിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷുകാരനായ ക്രിസ്ത്യൻ മിഷണറി പ്രവർത്തകനായിരുന്നു മിഡ്ജ്ലെ ജോൺ ജെന്നിങ്സ് (ഇംഗ്ലീഷ്: Midgley John Jennings, മരണം: 1857). പാതിരി ജെന്നിങ്സ് എന്ന് സാധാരണ അറിയപ്പെടുന്നു. ഇന്ത്യയിലെ ജനങ്ങളുടെ (തന്റെ വീക്ഷണത്തിലുള്ള) തെറ്റായ വിശ്വാസങ്ങളെ ഏതുവിധേനയെങ്കിലും ബലമായി പിഴുതുമാറ്റി അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കണം എന്നായിരുന്നു ജെന്നിങ്സിന്റെ പക്ഷം. ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഇന്ത്യയിൽ ലഭിച്ച അധികാരത്തെ അതിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കരുതി.[1] ശിപായിലഹളക്കാലത്ത് ഡെൽഹിയിൽ ബ്രിട്ടീഷുകാർക്കെതിരെ മതപരമായ എതിർപ്പ് ശക്തമാകുന്നതിന് ജെന്നിങ്സിന്റെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്. ദില്ലിയിലെ നഗരവാസികളെ ആവശ്യമെങ്കിൽ ബലം പ്രയോഗിച്ചും ഈസ്റ്റ് ഇന്ത്യ കമ്പനി ക്രിസ്തുമതത്തിലേക്ക് മാറ്റും എന്ന ഒരു ധാരണ നഗരവാസികൾക്കിടയിൽ ഉണ്ടാക്കുന്നതിന് കാരണക്കാരൻ ജെന്നിങ്സ് ആയിരുന്നു.[2] ഡെൽഹിയിലെ പ്രശസ്തമായ സെയിന്റ് സ്റ്റീഫൻസ് കോളേജ് ഒരു ഹൈസ്കൂൾ രൂപത്തിൽ സ്ഥാപിച്ചതും ഇദ്ദേഹമാണ്.[3] ഇന്ത്യയിൽ1832-ൽ ഇന്ത്യയിലെത്തിയ ജെന്നിങ്സ് വിവിധ ഹിൽസ്റ്റേഷനുകളിൽ തുടക്കത്തിൽ മിഷണറി പ്രവർത്തനം നടത്തി പേരെടുത്തു.[2] റെജിനോൾഡ് ഹെബറിന്റെ പാത പിന്തുടർന്ന ജെന്നിങ്സ്, മതപ്രചാരണത്തിനായി ഏതു കടുത്ത മാർഗ്ഗങ്ങളും പ്രയോഗിക്കണമെന്ന പക്ഷക്കാരനായിരുന്നു.[4] കുംഭമേളയിൽ പങ്കെടുത്തുകൊണ്ട് അവിടെവച്ച് ഹിന്ദുക്കളുടെ വിശ്വാസങ്ങളെ ചെകുത്താൻ വിശ്വാസങ്ങളാണെന്ന് ആക്ഷേപിച്ച് ജനങ്ങളെ മതപരിവർത്തനം നടത്താൻ വരെ ജെന്നിങ്സ് ശ്രമിച്ചിട്ടുണ്ട്.[5] ഡെൽഹിയിൽ1852-ൽ ഡെൽഹിയിൽ ചാപ്ലൈൻ ആയി വളരെ ആശിച്ച നിയമനം നേടി.[2] ഡെൽഹിയിലെ ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രഖ്യാപിതലക്ഷ്യമായിരുന്നു. അതിനായി അദ്ദേഹം നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു.[1] ഡെൽഹിയിലെ ജനങ്ങളുടെ ആത്മീയനിലവാരത്തെക്കുറിച്ച് അദ്ദേഹത്തിന് വളരെ മോശം അഭിപ്രായമായിരുന്നു. കാമദാഹം മാത്രമാണ് ഡെൽഹിയിലെ മതിൽക്കെട്ടിനുള്ളിൽ ഭരിക്കുന്നത് എന്നായിരുന്നു ജെന്നിങ്സിന്റെ അഭിപ്രായം.[1] ഡെൽഹിയിൽ ചെങ്കോട്ടയിൽത്തന്നെ ലാഹോർ ഗേറ്റിൽ ക്യാപ്റ്റൻ ഡഗ്ലസിന്റെയും അദ്ദേഹത്തിന്റെ നിയമപ്രകാരമല്ലാത്ത ഭാര്യയോടും ഒപ്പമായിരുന്നു ജെന്നിങ്സിന്റെ താമസം. ഡഗ്ലസിന്റെ ഭാര്യ, ജെന്നിങ്സിന്റെ മിഷണറി പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണക്കാരിയായിരുന്നു. അൽപകാലത്തിനുശേഷം ഡഗ്ലസും ഭാര്യയും വേർപിരിഞ്ഞിരുന്നു.[6] ജെന്നിങ്സിന്റെ മകളായ ആനിയും അദ്ദേഹത്തോടൊപ്പം ഡെൽഹിയിലുണ്ടായിരുന്നു. സെന്റ് ജെയിംസ് പള്ളിയിലെ ഗാനസംഘത്തിലെ അംഗമായിരുന്നു ആനി.[7] ഇവിടെ മറ്റുള്ളവരെ മാനിക്കാത്ത തരത്തിലുള്ള സ്വഭാവം മൂലം ഡെൽഹിയിലെ ഇംഗ്ലീഷ് സമൂഹത്തിൽ ജെന്നിങ്സിന് കാര്യമായ സുഹൃത്തുക്കളെയൊന്നും ലഭിച്ചില്ല. ജെന്നിങ്സ് നന്ദിയില്ലാത്തവനെന്നാണ് ഡെൽഹി റെസിഡന്റായിരുന്ന തോമസ് മെറ്റ്കാഫിന്റെ അഭിപ്രായമെങ്കിൽ അദ്ദേഹം ഒരു മതഭ്രാന്തനാണെന്നാണ് റെസിഡന്റിന്റെ പുത്രനായിരുന്ന തിയോഫിലസിന്റെ അഭിപ്രായം.[6] സുഖഭോഗങ്ങളെ ഉപേക്ഷിച്ച് മതപരമായി ജീവിക്കാനുള്ള ജെന്നിങ്സിന്റെ ശൈലി ബ്രിട്ടീഷുകാർക്കും സ്വീകാര്യമായിരുന്നില്ല.[5] ദില്ലിയിലെ തദ്ദേശീയമുസ്ലീങ്ങളുടെ പക്ഷം ചേർന്നിരുന്ന പത്രമായ ദെഹ്ലി ഉർദു അക്ബാറും, ബ്രിട്ടീഷ് അനുകൂലപത്രമായ ഡെൽഹി ഗസറ്റും ജെന്നിങ്സിന്റെ മതഭ്രാന്തിനെക്കുറിച്ച് ഒരേ അഭിപ്രായം പങ്കിട്ടു.[6] ദില്ലിയിലെ തദ്ദേശീയരും ആദ്യകാല ബ്രിട്ടീഷ് ഉദ്യോഗസ്ഥരും കൂടിക്കലർന്ന് ജീവിച്ചിരുന്ന സ്ഥാനത്ത്, ജെന്നിങ്സിനെപ്പോലുള്ള തീവ്രക്രിസ്തീയവാദികൾ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കാൻ കാരണമായി. ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തെ തടഞ്ഞു. ജെന്നിങ്സിന് മുമ്പ് നിരവധി മിഷണറിമാർ ഡെൽഹിയിൽ പ്രവർത്തനം നടത്തിയിരുന്നെങ്കിലും അവരൊന്നും അദ്ദേഹത്തെപ്പോലെയുള്ള തുറന്ന എതിർപ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല. ഡെൽഹിയിലെ മുസ്ലീം പള്ളികളും അമ്പലങ്ങളും ലക്ഷ്യമാക്കി പ്രവർത്തനം നടത്തണണെന്നായിരുന്നു ജെന്നിങ്സിന്റെ വിചാരം. മുൻ മിഷണറിമാരിൽ നിന്ന് വ്യത്യസ്തമായി ജെന്നിങ്സ് ഡെൽഹിയുടെ ചാപ്ലൈൻ ആയതിനാൽ കമ്പനിയിൽ നിന്നുള്ള ധനസഹായവും അദ്ദേഹത്തിനുണ്ടായിരുന്നു. വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ ഗവർണറും, പഞ്ചാബിന്റെ കമ്മീഷണറും ജെന്നിങ്സിന്റ മിഷൻ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. അതുകൊണ്ട് ജെന്നിങ്സിന്റെ പ്രവത്തനങ്ങൾക്ക് സർക്കാരിന്റെ പരിപാടികളെന്ന രീതിയിലുള്ള ഔദ്യോഗികപരിവേഷം ലഭിച്ചിരുന്നു.[8] ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ഡെൽഹിയിലെ ജനങ്ങൾ ബ്രിട്ടീഷുകാർക്കെതിരായ നിലപാട് സ്വീകരിക്കാനുള്ള പ്രധാനപ്പെട്ട കാരണം ഇതായിരുന്നു. ജെന്നിങ്സിന് രണ്ട് സഹായികളുണ്ടായിരുന്നു. മുസ്ലീങ്ങളെയും ഹിന്ദുക്കളെയും ലക്ഷ്യമാക്കുന്നതിനായി, അതിലൊരാൾ ഉർദുവും പേർഷ്യനും പഠിച്ചയാളും രണ്ടാമത്തെയാൾ സംസ്കൃതം പഠിച്ചയാളുമായിരുന്നു. ഇരുവരും ഡെൽഹി കോളേജിൽ രഹസ്യമായി ബൈബിൾ പഠിപ്പിക്കാൻ ആരംഭിച്ചു. ഇത് ഡെൽഹി നിവാസികളിൽ സംശയമുണർത്തി. 1852 ജൂലൈയിൽ ജെന്നിങ്സിന്റെ പ്രവർത്തനങ്ങൾക്ക് ഒരു ഫലം കണ്ടു. ഡെൽഹിയിലെ പ്രമുഖരായ രണ്ടു ഹിന്ദുക്കൾ മതം മാറി. മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫറിന്റെ സ്വകാര്യവൈദ്യൻമാരിലൊരാളായ ഡോക്റ്റർ ചമൻ ലാലും അദ്ദേഹത്തിന്റെ സുഹൃത്തും ഡെൽഹി കോളേജിലെ ഗണിതാദ്ധ്യാപകനുമായിരുന്ന മാസ്റ്റർ രാമചന്ദ്രയുമായിരുന്നു ഇവർ. ജൂലൈ 11 ഞായറാഴ്ച സെയിന്റ് ജെയിംസ് പള്ളിയിൽവച്ചുള്ള പൊതുചടങ്ങിൽ ഇവരെ മാമോദിസ മുക്കി മതം മാറ്റൽ ചടങ്ങ് ജെന്നിങ്സ് ആഘോഷമാക്കി.[9] ഈ സംഭവം നഗരവാസികളുടെ അനിഷ്ടത്തിന് കാരണമായി.[2] ഇതിനെത്തുടർന്ന് മാസ്റ്റർ രാമചന്ദ്ര പഠിചപ്പിച്ചിരുന്ന ഡെൽഹി കോളേജിൽനിന്ന് ആളുകൾ കുട്ടികളെ പിൻവലിക്കാൻ തുടങ്ങി. ബ്രിട്ടീഷ് അനുകൂലികളായ മുസ്ലീം പണ്ഡിതർ പോലും അവർക്കെതിരെ നിലപാടെടുക്കാനും ആരംഭിച്ചു.[10] 1853 മേയിൽ ഒരു മുന്തിയ കുടുംബത്തിലെ സയ്യിദിനെ മതം മാറ്റാനും പാതിരി ജെന്നിങ്സിനായി. ഡെൽഹിയിലെ മൗലികവാദികളുടെ കേന്ദ്രമായ മദ്രസ ഇ റഹീമിയ്യയിലെ പണ്ഡിതസംഘം, ജെന്നിങ്സിനെതിരെ ശക്തമായ പ്രതിഷേധമൊരുക്കാൻ ഇത് കാരണമായി. എതിർപ്പുകൾ ശക്തമായെങ്കിലും അവക്കെതിരെ കൂടുതൽ ആഞ്ഞടിച്ച് ഫലം നേടണമെന്നാണ് ജെന്നിങ്സും അനുഗാമികളും തീരുമാനിച്ചത്.[11] 1853-ൽ പുതിയ റെസിഡന്റായി ചുമതലയേറ്റ സൈമൺ ഫ്രേസർ, തന്റെ മിഷനറി സംഘത്തിൽ ചേർന്നതോടെ ജെന്നിങ്സിന്റെ ഡെൽഹിയിലെ പ്രവർത്തനം കൂടുതൽ സുഗമമായി.[7] അവലംബം
കുറിപ്പുകൾ
|
Portal di Ensiklopedia Dunia