മിസ് കേരള മത്സ്യം
കേരളത്തിൽ പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന ഒരു പുഴ മത്സ്യമാണ് മിസ് കേരള അഥവാ ചെങ്കണിയാൻ[2]. പുണ്ട്യസ് ഡെനിസോണി (Puntius denisonii) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് സഹ്യാദ്രിയ ഡെനിസോണി (Sahyadria denisonii) എന്നു പുനർനാമകരണം ചെയ്യണമെന്ന് നിർദ്ദേശമുയർന്നിട്ടുണ്ട്.[3][4]. ചെങ്കണഞ്ഞോൻ എന്ന പ്രാദേശിക നാമത്തിലും, ഡെനിസൺ ബാർബ്, റെഡ് ലൈൻ ടോർപിഡോ ബാർബ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അലങ്കാരമത്സ്യമെന്ന നിലയിൽ പേരെടുത്ത മിസ് കേരളയെ, വംശനാശ ഭീഷണിനേരിടുന്നതിനാൽ രാഷ്ട്രാന്തര ജൈവസംരക്ഷണസംഘത്തിന്റെ ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[5][6] വളപട്ടണം പുഴയുടെ പോഷകനദിയായ ചീങ്കണ്ണിപ്പുഴ, അച്ചൻകോവിലാർ, ചാലിയാർ എന്നിവകളിലും മുണ്ടക്കയത്തിനടുത്തുമായി നാല് ആവാസകേന്ദ്രങ്ങളിലാണ് ഇവ കാണപ്പെടുന്നത്.[7] പതിനഞ്ചു സെന്റിമീറ്ററോളം നീളമുള്ള ഉടലിന്റെ പാർശ്വഭാഗത്ത്, മദ്ധ്യത്തിൽ നിന്ന് കണ്ണോളമെത്തുന്ന ചുവന്ന രേഖയുള്ളതിനാൽ അത്യാകർഷകമായിരിക്കുന്ന "മിസ് കേരള" അലങ്കാര മത്സ്യ വിപണിയിൽ ഒന്നിന് 1500 രൂപയോളം വിലമതിക്കപ്പെടുന്നതായി പറയപ്പെടുന്നു. വ്യാപകമായ കയറ്റുമതിമൂലം വംശനാശഭീഷണിയിലായതിനെ തുടർന്നാണ് ആ അവസ്ഥയിലായ ജീവിവർഗ്ഗങ്ങളുടെ ചെമ്പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയത്.[8] പ്രകൃതിദത്തമായ ആവാസസ്ഥാനങ്ങൾക്കു വെളിയിൽ ഇതിന്റെ പ്രേരിതപ്രജനനത്തിനുള്ള ശ്രമങ്ങൾ ഭാഗികവിജയം മാത്രം കൈവരിച്ചതായി പറയപ്പെടുന്നു.[7] പേരിനു പിന്നിൽ1865 ൽ മുണ്ടക്കയത്തുനിന്ന് ഫാദർ ഹെൻട്രി ബേക്കർ ശേഖരിച്ച ഈ മത്സ്യയിനത്തിന്, ഡോ.ഫ്രാൻസിസ് ഡെ എന്ന ജന്തുശാസ്ത്രജ്ഞനാണ് മദ്രാസ് ഗവർണറും പ്രകൃതിസ്നേഹിയുമായിരുന്ന ഡെനീസനോടുള്ള ബഹുമാനാർഥം 'ലേബിയോ ഡെനിസോണി' എന്ന് പേരിട്ടത്. 'പുന്റിയസ്', 'ബാർബസ്' തുടങ്ങി പല ജീനസുകളിലായി ഈ മത്സ്യം ശാസ്ത്രലോകത്ത് അറിയപ്പെട്ടു[3]. അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Puntius denisonii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia