മിർ അക്ബർ ഖൈബർ
അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്ന പി.ഡി.പി.എയുടെ പാർചം വിഭാഗത്തിന്റെ നേതാവായിരുന്നു മിർ മുഹമ്മദ് അക്ബർ ഖൈബർ എന്ന അക്ബർ ഖൈബർ (ജീവിതകാലം:1925 - 1978 ഏപ്രിൽ 17). ഇദ്ദേഹത്തിന്റെ കൊലപാതകത്തെത്തുടർന്ന് രൂപമെടുത്ത പ്രതിഷേധപരിപാടികളുടെ ഫലമായാണ് അഫ്ഗാനിസ്താനിൽ കമ്യൂണിസ്റ്റ് ഭരണത്തിന് തുടക്കം കുറിച്ചത്. അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (പി.ഡി.പി.എ.) സ്ഥാപകപ്രവർത്തകനായിരുന്ന മിർ അക്ബർ ഖൈബറുടെ നേതൃത്വത്തിൽ പുറത്തിറക്കിയിരുന്ന പാർചം എന്ന പത്രത്തിന്റെ പേരാണ് ബാബ്രക് കാർമാലിന്റെ നേതൃത്വത്തിലുള്ള പ്രബലവിഭാഗമായ പാർചം വിഭാഗം സ്വീകരിച്ചിരുന്നത്. മുഹമ്മദ് ദാവൂദ് ഖാൻ രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്ന കാലയളവിൽ, പാർചം വിഭാഗത്തിനായി സൈനികർക്കിടയിൽ പ്രവർത്തിക്കുക എന്നതായിരുന്നു മിർ അക്ബർ ഖൈബറുടെ പ്രധാന പ്രവർത്തനം[1]. ആദ്യകാലം1925-ൽ കാബൂളിന് തെക്കുള്ള ലോഗറിൽ ആണ് അക്ബർ ഖൈബർ ജനിച്ചത്. 1959-ൽ വിപ്ലവപ്രവർത്തനങ്ങളുടെ പേരിൽ ഇദ്ദേഹം തടവിലായി. ഇക്കാലയളവിൽ ജയിലിൽ വച്ചാണ് ഖൈബർ, ബാബ്രക് കാർമാലിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും വളരെ അടുത്ത ബന്ധം പുലർത്തുകയും പി.ഡീ.പി.എയിൽ ഒരേ വിഭാഗത്തിൽ പ്രവർത്തിക്കുകയും ചെയ്തു[1]. മരണംകമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പാർചം വിഭാഗത്തിന്റെ പിന്തുണയിലാണ് മുഹമ്മദ് ദാവൂദ് ഖാൻ അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തിയത്. എന്നാൽ 1975-നു ശേഷം ദാവൂദ് ഖാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. ഇതിനിടയിൽ 1978 ഏപ്രിൽ 17-നാണ് മിർ അക്ബർ ഖൈബർ കൊല്ലപ്പെട്ടത്. ഖൈബറിന്റെ കൊലയാളി, ദാവൂദ് ഖാന്റെ ആളുകളാണോ അതോ ഖൈബറിന്റെ തന്നെ മാർക്സിസ്റ്റ് എതിരാളികാളാണൊ എന്നും, കൊലചെയ്യപ്പെട്ട സാഹചര്യവും ശരിയായി വിലയിരുത്തപ്പെട്ടിട്ടില്ലെങ്കിലും മാർക്സിസ്റ്റുകാർ ഈ കൊലപാതകം ദാവൂദിനു മേൽ ചാർത്തുകയും ഇതേത്തുടർന്നുണ്ടായ സോർ വിപ്ലവത്തിൽ കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലെത്തുകയും ചെയ്തു.[1] അവലംബം
|
Portal di Ensiklopedia Dunia