മുഫ്തി മുഹമ്മദ് സയീദ്ജമ്മു കാശ്മീരിലെ ആറാമത്തെ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ജമ്മു കാശ്മീർ പി.ഡി.പി.) യുടെ സ്ഥാപകനുമാണ് മുഫ്തി മുഹമ്മദ് സയീദ് (1936 ജനുവരി 12 - 2016 ജനുവരി 7).[1][2] 1986-ൽ രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽ കേന്ദ്ര ടൂറിസം മന്ത്രിയായും 1989-ൽ വി.പി. സിങ്ങിന്റെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2002 മുതൽ 2005 വരെ ജമ്മു കാശ്മീരിലെ മുഖ്യമന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ശ്രീനഗറിൽ നിന്നും പാക് അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലേക്ക് ബസ് സർവീസ് ആരംഭിച്ചത്.[3] 2015 മാർച്ചിൽ കാശ്മീരിൽ ബി.ജെ.പി.-പി.ഡി.പി. സഖ്യം അധികാരത്തിലെത്തിയതോടെ രണ്ടാം തവണയും മുഖ്യമന്ത്രിയായി. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിൽ കഴിയവേ 2016 ജനുവരി 7-ന് ന്യൂഡെൽഹിയിലെ ആൾ ഇന്ത്യാ മെഡിക്കൽ സർവീസസിൽ വച്ച് അന്തരിച്ചു. ഇദ്ദേഹത്തിന്റെ മരണശേഷം മകൾ മെഹ്ബൂബ മുഫ്തി കാശ്മീരിന്റെ ആദ്യ വനിതാമുഖ്യമന്ത്രിയായി അധികാരത്തിലെത്തി.[4] കാശ്മീരിന്റെ മുഖ്യമന്ത്രി പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെയാളാണ് മുഫ്തി മുഹമ്മദ് സയീദ്. 1982-ൽ ഷെയ്ക്ക് മുഹമ്മദ് അബ്ദുല്ലയാണ് പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കാശ്മീർ മുഖ്യമന്ത്രി.[3] സ്വകാര്യ ജീവിതം1936 ജനുവരി 12-നു തെക്കൻ കാശ്മീരിലെ ബിജ്ബെഹറ എന്ന ഗ്രാമത്തിൽ ജനനം. ഗുൽഷൻ നാസിറിനെയാണ് സയീദ് വിവാഹം കഴിച്ചത്. പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തി, മസൂദ സയീദ്, റൂബിയ സയീദ്, തസാദക് മുഫ്തി എന്നിവർ മക്കളാണ്.[5] രാഷ്ട്രീയ ജീവിതംഅറുപതുകളുടെ തുടക്കത്തിൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നുകൊണ്ടാണ് മുഫ്തി മുഹമ്മദ് സെയ്ദ് രാഷ്ട്രീയജീവിതം ആരംഭിച്ചത്.[2] എഴുപതുകളിൽ കാശ്മീരിലെ എം.എൽ.എ.യും കോൺഗ്രസ് അധ്യക്ഷനുമായിരുന്നു. 1986-ൽ രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽ കേന്ദ്ര ടൂറിസം മന്ത്രിയായി. 1987-ലെ രാജീവ്-ഫാറൂഖ് കരാറിനെത്തുടർന്ന് കോൺഗ്രസ് ഉപേക്ഷിച്ചുകൊണ്ട് വി.പി.സിങ്ങിന്റെ ജനമോർച്ചപാർട്ടിയിൽ അംഗമായി. 1989-ൽ വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ ജനമുന്നണി സർക്കാർ അധികാരത്തിലെത്തിയപ്പോൾ സയീദ് ആഭ്യന്തരമന്ത്രിയായി. ഈ പദവി അലങ്കരിക്കുന്ന ആദ്യത്തെ മുസ്ലീം വിഭാഗക്കാരനാണ് ഇദ്ദേഹം.[3]. കുറച്ചു നാളുകൾക്കു ശേഷം കോൺഗ്രസിലേക്കു മടങ്ങിയെത്തിയെങ്കിലും 1999-ൽ വീണ്ടും പാർട്ടി ഉപേക്ഷിച്ചു. അതിനുശേഷം മകൾ മെഹ്ബൂബ മുഫ്തിയുമായി ചേർന്ന് ജമ്മു കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി.) രൂപീകരിച്ചു. കശ്മീർ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ ഉപാധികളില്ലാതെ കാശ്മീരികളുമായി ചർച്ച ആരംഭിക്കണമെന്ന ആവശ്യത്തോടെയായിരുന്നു പാർട്ടിയുടെ രൂപീകരണം.[6] 2002-ൽ കാശ്മീരിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കി പി.ഡി.പി. അധികാരത്തിലെത്തുകയും മുഫ്തി മുഹമ്മദ് സയീദ് മുഖ്യമന്ത്രിയാവുകയും ചെയ്തു.[3] 2005 വരെ കാശ്മീരിന്റെ മുഖ്യമന്ത്രിയായി തുടർന്നു. 2015-ൽ കാശ്മീരിൽ ബി.ജെ.പി.യുമായി സഖ്യം ചേർന്ന് പി.ഡി.പി. വീണ്ടും അധികാരത്തിലെത്തിയപ്പോഴും സയീദ് തന്നെയാണ് മുഖ്യമന്ത്രിയായത്. 2015 മാർച്ചിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി. 2015 ഡിസംബറിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഡെൽഹിയിലെ ഓൾ ഇന്ത്യാ മെഡിക്കൽ സർവീസസിൽ പ്രവേശിപ്പിച്ചു. ആദ്യം നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് ഹൃദയാഘാതം ഉണ്ടായതോടെ സ്ഥിതി മോശമായി. തുടർന്ന് 2016 ജനുവരി 7-ന് 80ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ജന്മഗ്രാമമായ ബിജ്ബെഹറയിലെ ദാരാ ഷികോഹ് ശ്മശാനത്തിലായിരുന്നു കബറടക്കം.[2][7] അവലംബം
പുറംകണ്ണികൾMufti Mohammad Sayeed എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia