ധനു രാശിയിൽ ഗാലാക്റ്റിക് ബൾജിന് സമീപത്തായി സ്ഥിതിചെയ്യുന്ന ദീർഘവൃത്താകൃതിയുള്ള ഒരു ഗോളീയ താരവ്യൂഹമാണ്മെസ്സിയർ 22 (M22) അഥവാ NGC 6656. രാത്രിയിൽ ഏറ്റവും പ്രഭയോടെ കാണുന്ന ഗോളീയ താരവ്യൂഹങ്ങളിലൊന്നാണിത്.
ചരിത്രം
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നല്ല പ്രകാശമുള്ളതായി കാണുന്നതിനാൽ ഏറ്റവുമാദ്യം നിരീക്ഷിക്കപ്പെട്ട ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ് മെസ്സിയർ 22. 1665-ൽ അബ്രഹാം ഐൽ ആണ് ഇതിനെ ആദ്യമായി നിരീക്ഷിച്ചത്.[3] 1764 ജൂൺ 5-ന് ചാൾസ് മെസ്സിയർ തന്റെ പട്ടികയിലെ ഇരുപത്തി രണ്ടാമത്തെ അംഗമായി ഇതിനെ ഉൾപ്പെടുത്തി. 1930-ൽ ഹാർലോ ഷാപ്‌ലി M22-നെ വിശദമായി നിരീക്ഷണങ്ങൾക്ക് വിധേയമാക്കി. എഴുപതിനായിരം നക്ഷത്രങ്ങളെ M22-ൽ കണ്ടെത്തിയ അദ്ദേഹം താരവ്യൂഹത്തിന് സാന്ദ്രമായ കാമ്പുണ്ടെന്നും നിരീക്ഷിച്ചു..[10] ഇതിനുശേഷം 1959-ൽ ഹാൽട്ടൺ ആർപ്, വില്യം മെൽബൺ എന്നിവരും താരവ്യൂഹത്തെക്കുറിച്ച് പഠിച്ചു.[11]ഒമേഗ സെന്റോറിക്ക് സമാനമായി ഈ താരവ്യൂഹത്തിലെ ചുവന്ന ഭീമൻ നക്ഷത്രങ്ങൾക്ക് ഉയർന്ന വർണ്ണവ്യാപ്തിയുണ്ടെന്ന് കണ്ടെത്തിയത് M22-ന്റെ കൂടുതൽ വിശദമായ പഠനങ്ങൾ നടക്കാൻ കാരണമായി. 1977-ൽ ജെയിംസ് ഹെസ്സർ ആണ് ഈ വിഷയത്തിൽ പഠനങ്ങൾ നടത്താനാരംഭിച്ചത്.[3][12]
സവിശേഷതകൾ
ഭൂമിക്ക് ഏറ്റവും സമീപത്തായി സ്ഥിതിചെയ്യുന്ന ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ് മെസ്സിയർ 22. 10,600 പ്രകാശവർഷം മാത്രമാണ് ദൂരം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ 32' കോണീയവ്യാസമുള്ള താരവ്യൂഹത്തിന്റെ യഥാർത്ഥ വ്യാസം 99 ± 9 പ്രകാശവർഷമാണ്. 32 ചരനക്ഷത്രങ്ങൾ ഇതുവരെ M22-ൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗാലാക്റ്റിക് ബൾജിന്റെ മുന്നിലായി നിലകൊള്ളുന്നതിനാൽ പശ്ചാത്തലത്തിലെ നക്ഷത്രങ്ങളുടെമേലുള്ള മൈക്രോലെൻസിങ് പ്രഭാവം പഠിക്കാൻ താരവ്യൂഹത്തെ ഉപയോഗപ്പെടുത്തുന്നു.[8] M22 താരതമ്യേന ലോഹീയത കുറഞ്ഞ താരവ്യൂഹമാണ്, ഭൂമിക്ക് സമീപത്തായാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഡസ്റ്റ് എക്സ്റ്റിങ്ഷൻ മൂലം ലഭിക്കുന്ന പ്രകാശം കുറവായതിനാൽ 5.5 ആണ് ദൃശ്യകാന്തിമാനം. ഉത്തരാർദ്ധഗോളത്തിലെ മധ്യ അക്ഷാംശങ്ങളിൽ നിന്ന് നിരീക്ഷിക്കുമ്പോൾ (യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയവ) ഏറ്റവും പ്രകാശമേറിയ ഗോളീയ താരവ്യൂഹമാണ് M22.[13]
ഗ്രഹനീഹാരിക നിരീക്ഷിക്കപ്പെട്ടിട്ടുള്ള നാല് ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ് മെസ്സിയർ 22 (മെസ്സിയർ 15, NGC 6441, പാലൊമാർ 6 എന്നിവയാണ് മറ്റുള്ളവ). ഐറാസ് ഉപഗ്രഹമുപയോഗിച്ച് 1986-ൽ ഫ്രെഡ് ജില്ലെറ്റും സഹപ്രവർത്തകരുമാണ് IRAS 18333-2357 എന്ന ജ്യോതിശാസ്ത്രവസ്തുവിനെ കണ്ടെത്തിയത്.[14] ഇതൊരു നീഹാരികയാണെന്ന് തിരിച്ചറിഞ്ഞത് 1989-ലാണ്.[15]GJJC1 എന്ന കാറ്റലോഗ് സംഖ്യ നൽകപ്പെട്ടിരിക്കുന്ന ഗ്രഹനീഹാരികയുടെ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്നത് ഒരു നീലനക്ഷത്രമാണ്. വെറും ആറായിരം വർഷം മാത്രമാണ് നീഹാരികയുടെ പ്രായം.[3]
10-20 സൗരപിണ്ഡം വരുന്ന രണ്ട് തമോദ്വാരങ്ങൾ M22-ൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വെരി ലാർജ് അറേ ആണ് ഇവയെ കണ്ടെത്തിയത്, പിന്നീട് ചന്ദ്ര എക്സ്-റേ ദൂരദർശിനിയും ഇവയെ നിരീക്ഷിച്ചു.[16] താരവ്യൂഹങ്ങളിൽ നിന്ന് തമോദ്വാരങ്ങൾ പുറന്തള്ളപ്പെടുന്ന പ്രതിഭാസത്തിന് മുമ്പ് കരുതിയതിനെക്കാൾ കാര്യക്ഷമത കുറവാണെന്നാണ് ഇവയുടെ സാന്നിദ്ധ്യം തെളിയിക്കുന്നത്. അഞ്ചിനും നൂറിനുമിടയിൽ തമോദ്വാരങ്ങൾ M22-ൽ സ്ഥിതിചെയ്യുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു[17] നക്ഷത്രങ്ങളും തമോദ്വാരങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനമാകാം താരവ്യൂഹത്തിന്റെ കാമ്പിന് ഇത്ര വലിപ്പമുണ്ടാകാൻ കാരണം.
M22ന്റെ സ്ഥാനം
അവലംബം
↑Shapley, Harlow; Sawyer, Helen B. (1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, Bibcode:1927BHarO.849...11S. {{citation}}: Unknown parameter |month= ignored (help)
↑Marks, Michael; Kroupa, Pavel (2010), "Initial conditions for globular clusters and assembly of the old globular cluster population of the Milky Way", Monthly Notices of the Royal Astronomical Society, 406 (3): 2000–2012, arXiv:1004.2255, Bibcode:2010MNRAS.406.2000M, doi:10.1111/j.1365-2966.2010.16813.x. {{citation}}: Unknown parameter |month= ignored (help) Mass is from MPD on Table 1.
↑Strader, J.; Chomiuk, L.; MacCarone, T. J.; Miller-Jones, J. C. A.; Seth, A. C. (2012). "Two stellar-mass black holes in the globular cluster M22". Nature. 490 (7418): 71–73. doi:10.1038/nature11490. PMID23038466.