മേരി സെവാൾ ഗാർഡ്‌നർ (ഫെബ്രുവരി 5, 1871 - ഫെബ്രുവരി 20, 1961)[1] പൊതുജനാരോഗ്യരംഗത്തെ തന്റെ പ്രവർത്തനത്തിന് പേരുകേട്ട ഒരു അമേരിക്കൻ നഴ്‌സായിരുന്നു. ഇപ്പോൾ നാഷണൽ ലീഗ് ഓഫ് നഴ്‌സിംഗ് എന്ന് വിളിക്കപ്പെടുന്ന നാഷണൽ ഓർഗനൈസേഷൻ ഫോർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് എന്ന സംഘടന സ്ഥാപിച്ചതോടൊപ്പം പബ്ലിക് ഹെൽത്ത് നഴ്സിംഗ് എന്ന പേരിൽ നഴ്‌സുമാർക്കുള്ള ആദ്യത്തെ പബ്ലിക് ഹെൽത്ത് ടെക്‌സ്‌റ്റ്‌ബുക്കും അവർ എഴുതി. അവരുടെ നേട്ടങ്ങളുടെ പേരിൽ, 1986-ൽ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി.[2]
ആദ്യകാലജീവിതം
മേരി സെവാൾ ഗാർഡ്‌നർ 1871 ഫെബ്രുവരി 5 ന് മസാച്യുസെറ്റ്‌സിലെ ന്യൂട്ടണിൽ വില്യം, മേരി (തോൺടൺ) ഗാർഡ്‌നർ ദമ്പതികളുടെ ഏക മകളായി ജനിച്ചു.[3][4] ഗാർഡ്നറിന് അമ്മയുടെ മുൻ വിവാഹത്തിൽ നിന്ന് ചാൾസ് തോൺടൺ ഡേവിസ് എന്ന ഒരു ജ്യേഷ്ഠൻ ഉണ്ടായിരുന്നു. റോഡ് ഐലൻഡിലെപ്രൊവിഡൻസിലാണ് അവൾ വളർന്നത്.[5] നാല് വയസ്സുള്ളപ്പോൾ അവളുടെ അമ്മ മരണമടഞ്ഞു.[6] ഒരു വൈദ്യനായിരുന്ന അവളുടെ പിതാവ് സാറാ ഗാർഡ്നർ എന്ന വനിതയെ വിവാഹം കഴിച്ചു. പിതാവ് മസാച്യുസെറ്റ്സിലെ സുപ്പീരിയർ കോടതിയിലെ ജഡ്ജിയായിരുന്നത് പൗരത്വപരമായ ഉത്തരവാദിത്തത്തിലേക്കും യുക്തിസഹവുമായ ചിന്താരീതിയിലേക്കും അവളെ വളരെയധികം സ്വാധീനിക്കുന്നതിന് ഇടയാക്കി.[7]കണക്റ്റിക്കട്ടിലെ ഫാർമിംഗ്ടണിലുള്ള മിസ് പോർട്ടേഴ്സ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്ത ഗാർഡ്നർ 1890-ൽ അവിടെനിന്ന് ബിരുദം നേടി.[8] പിതാവിന്റെ മരണശേഷം, കുടുംബം റോഡ് ഐലൻഡിലെ പ്രൊവിഡൻസിലേക്ക് താമസം മാറിയതോടെ അവിടെ ഗാർഡ്നർ 1901-ൽ നഴ്‌സുമാർക്കായുള്ള ന്യൂപോർട്ട് ഹോസ്പിറ്റൽ ട്രെയിനിംഗ് സ്കൂളിൽ ചേർന്നു.[9] അവൾ 1905-ൽ ഏകദേശം മുപ്പതാം വയസ്സിൽ അവിടെനിന്ന് ബിരുദം നേടി.[10]
നഴ്സിംഗ് ജീവിതം
26 വർഷക്കാലം പ്രൊവിഡൻസ് ഡിസ്ട്രിക്റ്റ് നഴ്‌സിംഗ് അസോസിയേഷനിൽ (PDNA) നഴ്‌സ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഗാർഡ്‌നർ ആദ്യം സൂപ്രണ്ടും പിന്നീട് ഡയറക്ടറുമായി.[11] അവളുടെ നേതൃത്വത്തിൽ അത് അക്കാലത്തെ ഏറ്റവും പുരോഗമനപരമായ പൊതുജനാരോഗ്യ സംഘടനകളിലൊന്നായി മാറി.[12] ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പബ്ലിക് ഹെൽത്ത് നഴ്‌സുമാർക്ക് ചെയ്യാൻ സാധിക്കുന്ന ജോലി ഗാർഡ്നർ തിരിച്ചറിഞ്ഞു.[13] കുട്ടികളെ പരിചരിക്കുന്നതിന് ഒരു പ്രത്യേക നഴ്‌സ് തസ്തികകളിലേക്കുള്ള നിയമനം വർദ്ധിപ്പിക്കാനും പാൽ വാങ്ങാൻ കഴിയാത്ത കുടുംബങ്ങൾക്ക് സുരക്ഷിതമായ പാൽ നൽകാനും ശുദ്ധമായ പാൽ നൽകുന്ന മിൽക്ക്മാൻമാരുടെ ഒരു രജിസ്ട്രി സൃഷ്ടിക്കാനുമായി അവർ വാദിച്ചു.[14] PDNA യുടെ ശ്രമങ്ങളിലൂടെ പ്രൊവിഡൻസ് നഗരത്തിലെ ശിശുമരണ നിരക്ക് 1907-ൽ ആയിരത്തിന് 142 ആയിരുന്നത് 1917-ൽ ആയിരത്തിന് 102 ആയി കുറഞ്ഞു.[15] 1916-ൽ അവർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.[16]