മൈക്കൽ ഇ. ബ്രൗൺ![]() കുള്ളൻ ഗ്രഹങ്ങളുടെയും നെപ്റ്റ്യൂണിനപ്പുറമുള്ള മറ്റു വസ്തുക്കളുടെയും കണ്ടുപിടിത്തത്തിന്റെ പേരിൽ പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞനാണ് മൈക്കൽ ഇ. ബ്രൗൺ (ജനനം 1965 ജൂൺ 5). കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഗ്രഹീയ ജ്യോതിശാസ്ത്രത്തിന്റെ പ്രൊഫസറായ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹൗമിയ, മേക്മേക്, ഈറിസ് എന്നീ കുള്ളൻ ഗ്രഹങ്ങളെ കണ്ടുപിടിച്ചത്. ജീവിതരേഖഅലബാമയിലെ ഹണ്ട്സ്‌വില്ലിലാണ് ബ്രൗൺ ബാല്യം കഴിച്ചുകൂട്ടിയത്. പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് 1983-ൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ബ്രൗൺ യു.സി. ബെർക്‌ലിയിൽ നിന്ന് ജ്യോതിശാസ്ത്രത്തിൽ 1990-ൽ മാസ്റ്റേഴ്സും 1994-ൽ ഡോക്ടറേറ്റും നേടി. 1997-ൽ കാൽടെക്കിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ ബ്രൗൺ 2002-ൽ അസോസിയേറ്റ് പ്രൊഫസറും 2003-ൽ പ്രൊഫസറുമായി. ഡയാൻ ബിന്നിയെ 2003 മാർച്ച് 1-ന് വിവാഹം കഴിച്ചു. ഇവർക്ക് ലീല ബിന്നി ബ്രൗൺ എന്ന ഒരു മകളുണ്ട് (ജനനം 2005 ജൂലൈ 7) കണ്ടുപിടിത്തങ്ങൾസൂര്യനിൽ നിന്ന് വളരെ ദൂരത്തിൽ പരിക്രമണം നടത്തുന്ന വസ്തുക്കളെ കണ്ടെത്താനുള്ള ബ്രൗണിന്റെ സർവേകളാണ് അദ്ദേഹത്തെ ജ്യോതിശാസ്ത്രലോകത്ത് പ്രശസ്തനാക്കിയത്. 14 ട്രാൻസ്-നെപ്റ്റ്യൂണിയൻ വസ്തുക്കളുൾപ്പെടെ 15 സൗരയൂഥവസ്തുക്കളെ ബ്രൗണും സംഘവും കണ്ടെത്തീയിട്ടുണ്ട്. ചാഡ് ട്രൂജിലോ, ഡേവിഡ് റാബിനോവിറ്റ്സ് എന്നിവരായിരുന്നു മിക്ക കണ്ടുപിടിത്തങ്ങളിലും സഹപ്രവർത്തകൾ. നിലവിൽ അഞ്ച് കുള്ളൻ ഗ്രഹങ്ങളുള്ളതിൽ മൂന്നെണ്ണത്തെ (ഈറിസ്, ഹൗമിയ, മേക്മേക്) ബ്രൗണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതുവരെ നിരീക്ഷിക്കപ്പെട്ടതിൽ വച്ച് പ്ലൂട്ടോയെക്കാൾ വലിപ്പമുള്ള ഒരേയൊരു ട്രാൻസ്-നെപ്റ്റ്യൂണിയൻ വസ്തുവാണ് ഈറിസ്. ഈറിസിന്റെ കണ്ടുപിടിത്തമാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഗ്രഹത്തെ നിർവചിക്കുന്നതിലേക്കും പ്ലൂട്ടോയുടെ ഗ്രഹപദവി എടുത്തുകളയുന്നതിലേക്കും നയിച്ചത്. ഇന്നർ യുർപിക്-ഊർട്ട് മേഘത്തിൽ നിന്നുള്ള ആദ്യത്തെ വസ്തുവായി കരുതപ്പെടുന്ന സെഡ്ന, ക്വാഓർ, ഓർകസ്, ഈറിസിന്റെ ഉപഗ്രഹമായ ഡിസ്നോമിയ എന്നിവയെയും ബ്രൗണാണ് ആദ്യമായി നിരീക്ഷിച്ചത്. ഹൗമിയ വിവാദംഹോസെ ലൂയിസ് ഓർടിസ് ഹൗമിയയുടെ കണ്ടുപിടിത്തം പുറത്തുവിടുന്നതിന് ആറുമാസം മുമ്പുതന്നെ ബ്രൗണും സംഘവും അതിനെ നിരീക്ഷിച്ചിരുന്നു. എങ്കിലും നിരീക്ഷണം ആദ്യം പുറത്തുവിട്ടത് ഓർട്ടിസാണെന്നതിനാൽ ബ്രൗൺ ഓർട്ടിസിന് അംഗീകാരം നൽകുന്നതിനെ പിന്തുണച്ചു. എന്നാൽ ഹൗമിയയുടെ വിവരങ്ങളും ഹൗമിയയുടെ കണ്ടുപിടിത്തം പുറത്തുവിടാനുദ്ദേശിച്ചിരുന്ന കോൺഫറൻസ് പ്രസന്റേഷന്റെ അബ്സ്ട്രാക്റ്റും ഉൾപ്പെടെയുള്ളവ സൂക്ഷിച്ചുവെച്ചിരുന്ന വെബ്സൈറ്റിലേക്ക് ഓർട്ടിസിന്റെ സ്ഥാപനത്തിൽ നിന്ന് ഇതിനു മുമ്പുള്ള ദിവസങ്ങളിൽ ഒന്നിലേറെ തവണ ആക്സസ് നടന്നതായി പുറത്തുവന്നു. ഓർട്ടിസ് മോഷണം നടത്തിയതാകാം എന്ന് ആരോപണം വന്നു; ബ്രൗണും ഓർട്ടിസും തമ്മിൽ ഈമെയിലിടപാടുകളും നടന്നു.[1] ഓർട്ടിസിന്റെ സ്ഥാപനത്തിന്റെ മേലധികാരിയായ കാർലോസ് ഡെൽ ടോറോ എല്ലാ ഉത്തരവാദിത്തവും ഓർട്ടിസിനാണെന്നുപറഞ്ഞ് കൈയൊഴിഞ്ഞു. ഹൗമിയയുടെ കണ്ടുപിടിത്തത്തിന് അംഗീകാരം തങ്ങൾക്ക് തരണമെന്നാവശ്യപ്പെട്ട് ബ്രൗൺ അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടനയെ സമീപിച്ചു. കണ്ടുപിടിച്ച വ്യക്തിയുടെ പേര് നൽകാതിരിക്കുകയും കണ്ടുപിടിച്ച സ്ഥലമായി ഓർട്ടിസിന്റെ നിരീക്ഷണശാല നൽകുകയുമാണ് സംഘടന ചെയ്തത്. എങ്കിലും പുതിയ ജ്യോതിശാസ്ത്രവസ്തുവിന് ഓർട്ടിസ് നാമനിർദ്ദേശം ചെയ്ത അറ്റേസിന എന്ന പേരിനു പകരം ബ്രൗൺ നാമദിർദ്ദേശം ചെയ്ത ഹൗമിയ എന്ന പേരാണ് സംഘടന അതിന്റെ ഔദ്യോഗികനാമമാക്കിയത്.[2] പുരസ്കാരങ്ങൾ2006-ൽ ടൈം മാസിക ബ്രൗണിനെ ലോകത്തെ ആ വർഷം ഏറ്റവും സ്വാധീനിച്ച നൂറ് വ്യക്തികളിലൊരാളായി തിരഞ്ഞെടുത്തു.[3] കാൽടെക് അധ്യാപകർക്കു നൽകുന്ന ഏറ്റവുമുയർന്ന ബഹുമതിയായ ഫെയ്ൻമാൻ പുരസ്കാരം 2007-ൽ അദ്ദേഹത്തിനു ലഭിച്ചു. 11714 മൈക്ബ്രൗൺ എന്ന ഛിന്നഗ്രഹം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്.[4] അവലംബം
|
Portal di Ensiklopedia Dunia