കിഴക്കൻ ലഡാക്കിനെയും അക്സായി ചിന്നിനെയും വേർതിരിക്കുന്ന യഥാർത്ഥ നിയന്ത്രണ രേഖയുടെ പടിഞ്ഞാറൻ ഭാഗം (സിഐഎയുടെ ഭൂപടം). ഡെംചോക്ക് മേഖലയിൽ രണ്ട് ക്ലെയിം ലൈനുകൾ മാത്രമാണ് കാണിച്ചിരിക്കുന്നത്. 1962 ലെ ഒരു ഹ്രസ്വ യുദ്ധത്തിന്റെ കേന്ദ്രമായിരുന്നു ഈ വരി. പടിഞ്ഞാറൻ (അക്സായി ചിൻ) മേഖലയിലെ അതിർത്തിയെക്കുറിച്ചുള്ള ഇന്ത്യൻ, ചൈനീസ് അവകാശവാദങ്ങൾ, മക്കാർട്ട്നി-മക്ഡൊണാൾഡ് ലൈൻ, ഫോറിൻ ഓഫീസ് ലൈൻ, ചൈന-ഇന്ത്യൻ യുദ്ധസമയത്ത് ചൈനീസ് സേന പ്രദേശങ്ങൾ കൈയടക്കിയതിന്റെ പുരോഗതി എന്നിവയും മാപ്പ് കാണിക്കുന്നു.
ഇന്ത്യൻ യൂണിയൻ പ്രദേശമായലഡാക്കിൽ ഇന്ത്യൻ അധീനതയിലുള്ള പ്രദേശങ്ങളിൽ നിന്ന് ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ (ടിബറ്റൻ സ്വയംഭരണമേഖലയടക്കം) വേർതിരിക്കുന്നതും, കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലാത്തതുമായ സാങ്കല്പിക അതിർത്തി രേഖയാണ് യഥാർത്ഥ നിയന്ത്രണ രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ - എൽ.എ.സി ) എന്ന പേരിൽ അറിയപ്പെടുന്നത്.[1],[2] 1959-ൽ ചൗ എൻലായിജവഹർലാൽ നെഹ്‌റുവിന് എഴുതിയ കത്തിലാണ് ആദ്യമായി ഈ പദം ഉപയോഗിച്ചത് . [3] ഈ പദം പിന്നീട് 1962 ലെ ചൈന-ഇന്ത്യൻ യുദ്ധത്തിനുശേഷം രൂപംകൊണ്ട അതിർത്തി രേഖയെ പരാമർശിക്കുന്നു, ഇരു രാജ്യങ്ങളും ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ ഇത് ചൈന-ഇന്ത്യൻ അതിർത്തി തർക്കത്തിന്റെ ഭാഗമായി തുടരുന്നു . [4],[5],[6]
"ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ" എന്ന പദം പ്രധാനമായും രണ്ട് രീതിയിൽ നിർവചിക്കാം. ഒന്ന്, ചുരുങ്ങിയ അർഥത്തിൽ ഇത് ലഡാക്കും ചൈനീസ് അധീനതയിലുള്ള ടിബറ്റൻ സ്വയം ഭരണപ്രവിശ്യയും തമ്മിലുള്ള അതിർത്തിയെ സൂചിപ്പിക്കുന്നതാവാം. മറ്റൊരർഥത്തിൽ എൽ.ഓ.സിയിൽ നിന്നു തുടങ്ങി വലിയ തർക്കങ്ങളില്ലാത്ത ഹിമാചൽപ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ അതിർത്തികളിലൂടെ കിഴക്ക് മക്മഹോൺ രേഖയിൽ അവസാനിക്കുന്ന അതിർത്തിരേഖ ഇന്ത്യയുംപീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും (പിആർസി) തമ്മിലുള്ള ഫലപ്രദമായ അതിർത്തിയാണ്.
അവലോകനം
കാറകോറം ചുരത്തിൽ നിന്ന് ആരംഭിച്ച് അരുണാചൽ പ്രദേശിൽ അവസാനിക്കുന്ന ചൈന-ഇന്ത്യൻ അതിർത്തി ഇന്ത്യൻ യൂണിയൻ പ്രദേശമായലഡാക്ക്,ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പൂർവ, പൂർവോത്തര, ഉത്തര അതിർത്തിരേഖയായി തീരുന്നു. 4,056 കിലോമീറ്റർ നീളമുള്ള ഈ രേഖ ,പശ്ചിമമേഖല, മധ്യമേഖല, പൂർവമേഖല എന്നിങ്ങനെ മൂന്നായി തരം തിരിക്കപ്പെട്ടിരിക്കുന്നു. പശ്ചിമഭാഗം ലഡാക്കിനേയും വലിയ തർക്കമില്ലാത്ത മധ്യഭാഗം ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളേയും പൂർവഭാഗം അരുണാചൽപ്രദേശിനേയും ചൈനീസ് അധീനതയിലുള്ള ടിബറ്റൻ സ്വംയംഭരണപ്രദേശത്തിൽ നിന്നു വേർതിരിക്കുന്ന അതിർത്തിയായി കിടക്കുന്നു. എന്നാൽ ഈ അതിർത്തി രേഖ കാറകോറം മലയിടുക്കുകളിൽ നിന്നല്ല, അതിനുമെത്രയോ തെക്കായിട്ടാണ് ആരംഭിക്കുന്നതെന്നും, രേഖയുടെ നീളം ഏതാണ്ട് 2000 കിലോമീറ്റർ മാത്രമാണെന്നും ചൈന വാദിക്കുന്നു[7]. മാത്രമല്ല ഈ അതിർത്തി കൃത്യമായി പര്യവേഷണം ചെയ്യപ്പെട്ടിട്ടില്ല. 1962 ലെ ചൈന-ഇന്ത്യൻ യുദ്ധത്തിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അനൗപചാരിക വെടിനിർത്തൽ രേഖയായും 1993-ൽ ഉഭയകക്ഷി കരാറിൽ 'യഥാർത്ഥ നിയന്ത്രണ രേഖ' ആയും അതിർത്തി ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയുണ്ടായി [8]. പക്ഷെ ഈ നിയന്ത്രണരേഖ വ്യക്തമായും കൃത്യമായും എവിടേയും, ഒരു ഭൂപടത്തിലും രേഖപ്പെടുത്തപ്പെട്ടില്ല[9].
ചൈനയും ഇന്ത്യയും തമ്മിൽ ഔദ്യോഗിക അതിർത്തികളൊന്നും ചർച്ച ചെയ്തിട്ടില്ലെങ്കിലും, ഇന്ത്യൻ സർക്കാർ 1865 ലെ ജോൺസൺ ലൈൻ പടിഞ്ഞാറൻ മേഖലയിലെ അതിർത്തിയായി അവകാശപ്പെടുന്നു, അതേസമയം അതിനുമെത്രയോ പടിഞ്ഞാറ് ,1962-ൽ ചൈനീസ് സൈന്യം നില്പറപ്പിച്ചതെവിടേയോ അതാണ് അതിർത്തിയെന്നു പിആർസി സർക്കാർ കണക്കാക്കുന്നു .[9][10],
ചരിത്ര വസ്തുതകൾ
ദുർഗമവും അപ്രാപ്യവുമായിരുന്ന ഹിമാലയൻ പ്രദേശങ്ങളിലെ അതിർത്തികൾ പഴയകാലത്ത് പരമ്പരാഗതമായ രീതിയിൽ കീഴ്വഴക്കമനുസരിച്ചാണ് അംഗീകരിക്കപ്പെട്ടിരുന്നത്. ജനവാസമില്ലാത്ത മഞ്ഞുമൂടിയ താഴ്വാരങ്ങളും,. കച്ചവടക്കാരും തീർഥാടകരും ഉപയോഗിച്ചിരുന്ന ഒറ്റയടിപ്പാതകളും ആരും അവകാശപ്പെടാത്ത ഇടങ്ങൾ ( നോ മാൻസ് ലാൻഡ്) ആയിരുന്നെന്ന് ബ്രിട്ടീഷ് പര്യവേഷകൻ യംഗ്ഹസ്ബൻഡ് വിവരിക്കുന്നു. [11],[12] . ഇവിടങ്ങളിൽ പര്യവേഷണം ചെയ്ത് അതിരുകൾ കൃത്യമായി അടയാളപ്പെടുത്താൻ ശ്രമം നടത്തിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്.[13],[14] ഹിമാലയൻ മലമ്പാതകളിലൂടേയും ചുരങ്ങളിലൂടേയുമുള്ള ചരക്കു നീക്കങ്ങൾ സുഗമമാക്കാനായി ഇന്ത്യൻ നാട്ടുരാജ്യങ്ങളുമായി കച്ചവട ഉടമ്പടികൾ തയ്യാറാക്കാൻ, കമ്പനിക്ക് ഇതാവശ്യമായിരുന്നു [15],[16],[17],[18]. ഇതനുസരിച്ചാണ് 1865-ൽ ജോൺസൺ-അർഡഗ് രേഖയും പിന്നീട് 1899-ൽ മകാർട്ട്ണി-മക്ഡോണാൾഡ് രേഖയും ചർച്ചക്കായി കമ്പനി ചൈനക്കു മുമ്പാകെ വെച്ചത്. 1912 -ൽ ചിംഗ് വംശത്തിൻറെ രാജവാഴ്ച അവസാനിപ്പിച്ച് ചൈനീസ് റിപബ്ലിക് നിലവിൽ വന്ന ശേഷം, ചൈനയും തിബത്തുമായുള്ള ഇന്ത്യൻ അതിർത്തികൾ ക്രമീകരിക്കാൻ 1914-ൽ ബ്രിട്ടീഷിന്ത്യൻ ഗവണ്മെൻറ് വീണ്ടും മുൻകൈയെടുത്തു. സിംല കൺവെൻഷൻ എന്നറിയപ്പെടുന്ന ഈ ത്രികക്ഷി സമ്മേളനത്തിൽ മക്മഹോൺ രേഖ ചർച്ച ചെയ്യപ്പെട്ടു. അഭിപ്രായവ്യത്യാസങ്ങൾ കാരണം ചൈനീസ് പ്രതിനിധി ഒഴിഞ്ഞുമാറി,[16],[19]. ബ്രിട്ടീഷിന്ത്യയും തിബത്തും തമ്മിലുള്ള കരാറായി ഇത് ഔദ്യോഗികരേഖകളിൽ ഇടം പിടിച്ചു.[20],[21] .
ഇന്ത്യ-ചൈന അതിർത്തിത്തർക്കത്തെ കുറിച്ച് അമേരിക്കൻ ചാരസംഘടന സി.ഐ.എ തയ്യാറാക്കിയ പഠനത്തിൽ സൂചിപ്പിക്കുന്നത് ,1950 മുതൽകൊണ്ട് അതിർത്തിരേഖയുടെ കിടപ്പു വ്യക്തമാക്കി ഉഭയകക്ഷി തീരുമാനത്തിലെത്താൻ ചൈന തയ്യാറാവാഞ്ഞത് മനഃപൂർവമായിരുന്നെന്നാണ്[22]. എന്നാൽ ഇന്ത്യയുടെ ചേരിചേരാനയവും സോവിയറ്റ് റഷ്യയുമായുള്ള സൗഹാർദ്ദവും അമേരിക്കക്ക് അരോചകമായിരുന്നെന്നും തന്മൂലം ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ഗുരുതരമാക്കാൻ സി.ഐ.എ. ശ്രമിച്ചുവെന്നും ആരോപണമുണ്ട്[23].
ചൗ എൻലായി എഴുതിയ കത്തിൽ സിക്കിം-ടിബറ്റ് അതിർത്തി 1890-ലെ ഉടമ്പടി പ്രകാരമാണ് എന്നും 1895ൽ തന്നെ പ്രദേശത്ത് അത് ഇരുകൂട്ടരും അടയാളപെടുത്തിയിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടുന്നു. [24] എന്നാൽ 1959ൽ നെഹ്റു എഴുതിയ മറ്റൊരു കത്തിൽ ടിബറ്റ്-ഭൂട്ടാൻ അതിർത്തി, ചൈനീസ് ഭൂപടങ്ങളിൽ തെറ്റായി കാണിച്ചിരിക്കുന്നു എന്നതിനാൽ അതേ സെക്റ്ററിലുള്ള ഇന്ത്യ-ടിബറ്റ് അതിർത്തികളെ കുറിച്ച് ചർച്ച നടത്തേണ്ടിയിരിക്കുന്നു എന്നും പറയുന്നു. എന്നാൽ ഇവയൊക്കെ കോമിൻറേൺ കാലത്തെ ഭൂപടങ്ങളാണെന്നും, അവയെ ഗണ്യമാക്കേണ്ടതില്ലെന്നും പുതുതായി ഭൂസർവേ നടത്തിയശേഷം അതിർത്തികളൊക്കെ കൃത്യമായി അടയാളപ്പെടുത്താമെന്നും ചൈന മറുപടി നല്കി.[25]
യഥാർഥനിയന്ത്രണ രേഖയുടെ കിടപ്പ്
1959 നവംബർ 7-ന് ചൈനീസ് പ്രധാനമന്ത്രി ആയിരുന്ന ചൗ എൻലായി അതിർത്തി രേഖയെ സംബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന് രണ്ട് കത്തുകൾ അയച്ചിരുന്നു. 'തത്കാലം കിഴക്കൻ മേഖലയിലെ മക്മോഹൻ രേഖയേയും പടിഞ്ഞാറൻ മേഖലയിൽ ഇരു രാജ്യങ്ങളും എവിടംവരെ നിയന്ത്രണം ചെലുത്തുന്നുവോ അതിനെ ' യഥാർത്ഥ നിയന്ത്രണ രേഖയുമായും കണക്കാക്കണമെന്ന് ചൗ എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. [26].[27] പക്ഷെ ഇരു കക്ഷികളും അംഗീകരിച്ച യഥാർഥ നിയന്ത്രണരേഖ ഒന്നായിരുന്നില്ല[28].
പാംഗോങ് തടാകം
പാംഗോഗ് തടാകത്തിൻറെ വടക്കൻതീരത്ത് വിരലുകൾ (ഫിംഗേഴ്സ്) എന്നു വിശേഷിപ്പിക്കപ്പെടുന്നതും പടിഞ്ഞാറുനിന്ന് കിഴക്കോട്ട് എണ്ണപ്പെടുന്നതുമായ എട്ടു മുനമ്പുകളെ ആധാരമാക്കിയാണ് ഇന്ത്യ എൽ.എ.സി നിർവചിച്ചത്. എട്ടാമത്തെ വിരലിലൂടെയാണ് എൽ.എ.സി എന്നായിരുന്നു ഇന്ത്യയുടെ വാദം[29]. ചൈന ഇത് അംഗീകരിച്ചതായി രേഖകളില്ല. എങ്കിലും 1993 ലും 1996 ലും ഒപ്പുവച്ച ചൈന-ഇന്ത്യൻ കരാറുകളിൽ "എൽഎസി" എന്ന പദം നിയമപരമായ അംഗീകാരം നേടി. 1996 ലെ കരാർ പ്രകാരം, “ഇരുവശങ്ങളിലെയും പ്രവർത്തനങ്ങളൊന്നും യഥാർത്ഥ നിയന്ത്രണത്തിന്റെ പരിധി ലംഘിക്കുകയില്ല.” [30] എന്നംഗീകരിച്ചു. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനവും ശാന്തതയും നിലനിർത്തുന്നതിനുള്ള 1993 ലെ കരാറിലെ ആറാം വകുപ്പ് പ്രകാരം പരസ്പര സമ്മത പ്രകാരം ഇന്ത്യയ്ക്കും ചൈനക്കും ഇടയിൽ പരസ്പരവിശ്വാസം വളർത്തുവാനുള്ള നിരവധി നടപടികൾ ഇരു രാജ്യങ്ങളും കൈക്കൊള്ളുകയും ചെയ്തു.[31] എന്നാൽ ഇപ്പോൾ നാലാമത്തെ വിരലുവരെ ചൈന അവകാശം സ്ഥാപിച്ചിരിക്കുന്നു[29].
ചൈനീസ് സൈന്യം എല്ലാ വർഷവും നൂറുകണക്കിന് തവണ അനധികൃതമായി ഈ പ്രദേശത്ത് പ്രവേശിക്കുന്നുണ്ടെന്ന് ഇന്ത്യൻ സർക്കാർ അവകാശപ്പെടുന്നു.[32]2013-ൽ ലഡാക്കിലെ ദൗലത് ബെഗ് ഓൾഡി എന്ന സ്ഥലത്ത് ചൈനീസ് പട്ടാളം അതിക്രമിച്ചു കയറി ക്യാമ്പ് സ്ഥാപിച്ചു. തൊട്ടടുത്ത ദിവസം ഐ.ടി.ബി.പി ഇത് കണ്ടുപിടിക്കുകയും 300 മീറ്റർ മാറി ഇന്ത്യൻ സൈന്യത്തിന്റെ ക്യാമ്പ് സ്ഥാപിക്കുകയും ചെയ്തു. 20 ദിവസത്തോളം നീണ്ടു നിന്ന ചർച്ചകൾക്ക് ശേശം ഈ പ്രശ്‌നം ഒത്തുതീരുകയും ചൈന പിന്മാറുകയും ചെയ്തു.[19]
2017-ൽ സിക്കിമിനോട് ചേർന്ന ഡോക് ലാമിൽ ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിൽ ചൈന റോഡ് നിര്മിക്കുന്നതുമായി വീണ്ടും തർക്കം ഉടലെടുത്തു.[33] ഇന്ത്യക്കൊപ്പം ഭൂട്ടാനും ചൈനയുടെ ഈ ഏകപക്ഷീയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.[34][35][36][37][38][39] 2017 ജൂണിൽ ഓപ്പറേഷൻജൂണിപ്പറിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ഇത് തടയുവാനായി സിക്കിം അതിർത്തി കടന്ന് മുന്നോട്ട് നീങ്ങി. ഓഗസ്റ്റ് അവസാനം ഇന്ത്യയും ചൈനയും പ്രശ്‌നങ്ങളെല്ലാം അവസാനിച്ചെന്ന് പ്രഖ്യാപിക്കുകയും സൈന്യത്തെ പിൻവലിക്കുകയും ചെയ്തു.[40][36][41]
2020 മേയ് 5 മുതൽ ചൈന-ഇന്ത്യൻ സൈനികർ അതിർത്തിയിലെ സ്ഥലങ്ങളിൽ ആക്രമണാത്മക നടപടികളിലും ഏറ്റുമുട്ടലുകളിലും ഏർപ്പെട്ടിരുന്നു. 2020 ജൂൺ 16 ന് നടത്തിയ ചൈനീസ് പ്രകോപനത്തിൽ ഒരു കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.[42] ഇതുവരെ 43 ചൈനീസ് സൈനികർ മരണമടഞ്ഞിട്ടുണ്ടെന്നും നിരവധി സൈനികർക്ക് പരിക്കേറ്റതായും ഇന്ത്യൻ മാധ്യമ വൃത്തങ്ങൾ അവകാശപ്പെട്ടിട്ടുണ്ട്.[43][44] ലഡാക്കിലെ പാങ്കോംഗ് തടാകത്തിനും സിക്കിമിലെ നാഥു ലാ ചുരത്തിനും സമീപമാണ് സംഭവങ്ങൾ. കൂടാതെ കിഴക്കൻ ലഡാക്കിലെ സ്ഥലങ്ങളിൽ1962 ലെ ചൈന-ഇന്ത്യൻ യുദ്ധത്തിൽ തുടരുന്ന യഥാർത്ഥ നിയന്ത്രണ രേഖയ്ക്കൊപ്പം (എൽഎസി) യുദ്ധസമാനമായ അന്തരീക്ഷമാണ് നടക്കുന്നത്. ഗാൽവാൻ നദീതടത്തിലാണ് ഏറ്റവും പുതിയസംഭവം.[45][46]
↑Alder, G.J (1962). British India's Northern Frontier 1865-1895. London: Royal Commonwealth Society/Longmans. pp. 1–14.
↑Aitchison, C.U (1983) [1929]. A Collection of Treaties,Engagements And Sanads Relating to India and Neighbouring countries (Revised upto 1929) Vol.14 (Reprint). New Delhi: Mittal. p. 17.
ഓപ്പൺസ്ട്രീറ്റ്മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്ന ലഡാക്കിന്റെ അതിർത്തികൾ കിഴക്കും തെക്കും (ഡെംചോക്ക് സെക്ടർ ഉൾപ്പെടെ) യഥാർത്ഥ നിയന്ത്രണ രേഖയെ പ്രതിനിധീകരിക്കുന്നു.