രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ![]() ബ്രിട്ടന്റെ അധികാരപരിധിയിലുണ്ടായിരുന്ന ഇന്ത്യൻ പ്രദേശങ്ങളും നാട്ടുരാജ്യങ്ങളും ഉൾപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യയും ബ്രിട്ടനും ഒരുമിച്ചുനിന്നുകൊണ്ട് 1939 സെപ്റ്റംബറിൽ നാസി ജർമ്മനിക്കെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയും രണ്ടാം ലോകമഹായുദ്ധത്തിൽ (1939-45) പങ്കെടുക്കുകയും ചെയ്തു.[1] യുദ്ധത്തിൽ സഖ്യകക്ഷികളുടെ ഭാഗത്തു നിന്നിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ അഞ്ചു ലക്ഷത്തോളം സൈനികർ അച്യുതണ്ട് ശക്തികൾക്കെതിരെ വിവിധ സ്ഥലങ്ങളിൽ യുദ്ധം ചെയ്തു. ബ്രിട്ടീഷ് കമാൻഡിനു കീഴിലാണ് ഇവർ യുദ്ധം ചെയ്തത്. സൈനികസഹായത്തിനു പുറമേ ചൈനയിലും മറ്റുമുള്ള അമേരിക്കൻ ദൗത്യങ്ങൾക്കായി ധനസഹായം നൽകിക്കൊണ്ടും യുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യ പങ്കാളിയായി. പ്രധാനമായും ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങൾക്കെതിരെയുള്ള യുദ്ധങ്ങളിലാണ് ബ്രിട്ടീഷ് ഇന്ത്യയിലെ സൈനികർ പങ്കെടുത്തത്. 1945 ഓഗസ്റ്റിൽ ജപ്പാന്റെ പരാജയത്തെത്തുടർന്ന് സിംഗപ്പൂർ, ഹോങ് കോങ് എന്നീ ബ്രിട്ടീഷ് കോളനികളെ സ്വതന്ത്രമാക്കുന്നതിലും ഇന്ത്യൻ സൈന്യം പ്രധാന പങ്കുവഹിച്ചിരുന്നു. ഇന്ത്യൻ സൈനികർ ഇല്ലായിരുന്നുവെങ്കിൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ അതിജീവിക്കുവാൻ ബ്രിട്ടനു കഴിയില്ലായിരുന്നുവെന്ന് മുൻ ബ്രിട്ടീഷ് ഫീൽഡ് മാർഷലും 1942 മുതൽ ബ്രിട്ടീഷ് ഇന്ത്യയുടെ കരസേനാ മേധാവിയുമായിരുന്ന സർ ക്ലൗഡ് ഔച്ചിൻലെക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.[2][3] രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനു വേണ്ടി ഇന്ത്യ യുദ്ധം ചെയ്യുന്നതിനെ ആൾ ഇന്ത്യ മുസ്ലീം ലീഗ് അനുകൂലിച്ചിരുന്നു. എന്നാൽ അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതിനെ നേരിട്ടു പിന്തുണച്ചിരുന്നില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നൽകുകയാണെങ്കിൽ യുദ്ധത്തിൽ പങ്കെടുക്കാമെന്ന് അവർ ബ്രിട്ടനു വാഗ്ദാനം നൽകി. പക്ഷേ കോൺഗ്രസിന്റെ ആവശ്യം ബ്രിട്ടൻ നിരാകരിച്ചു. ഇതേത്തുടർന്ന് 1942 ഓഗസ്റ്റിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ സമരം എന്ന ബഹുജനപ്രക്ഷോഭം ആരംഭിച്ചു. സമരത്തിൽ പങ്കെടുത്ത പതിനായിരക്കണക്കിനു നേതാക്കളെ ബ്രിട്ടീഷുകാർ ജയിലിലടച്ചു. ബ്രിട്ടീഷുകാർ തടവിലാക്കി വച്ചിരുന്ന ഇന്ത്യൻ സൈനികരെ സംഘടിപ്പിച്ചുകൊണ്ട് സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ ആർമി എന്നൊരു സേന ബ്രിട്ടനെതിരെ യുദ്ധത്തിനു തയ്യാറെടുക്കുന്നുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്റെ പിന്തുണയോടെ അവർ ബ്രിട്ടീഷ് ബർമ്മ ആക്രമിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ പങ്കാളിത്തം ബ്രിട്ടനെ സംബന്ധിച്ച് വളരെ നിർണ്ണായകമായിരുന്നു. നാസി ജർമ്മനിക്കും ജപ്പാൻ സാമ്രാജ്യത്തിനുമെതിരെ യുദ്ധം ചെയ്യാൻ ബ്രിട്ടീഷുകാർക്കു വേണ്ട ധനസഹായവും സൈനിക പിന്തുണയും ഇന്ത്യയിൽ നിന്നു ലഭിച്ചു.[4] ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ സ്ഥാനത്തു സ്ഥിതിചെയ്യുന്നതിനാലും വലിയ അളവിൽ യുദ്ധോപകരണങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനാലും ഇന്ത്യയെ ഉപയോഗിച്ച് ജപ്പാൻ സാമ്രാജ്യത്തിന്റെ കുതിപ്പിനു തടയിടാമെന്ന് ബ്രിട്ടൺ കണക്കുകൂട്ടിയിരുന്നു.[5] രണ്ടാം ലോകമഹായുദ്ധകാലത്ത് ഉത്തരാഫ്രിക്കയിലും കിഴക്കൻ ആഫ്രിക്കയിലും പശ്ചിമ മരുപ്രദേശങ്ങളിലും പോരാടിയ ഏറ്റവും വലിയ സഖ്യകക്ഷിസേനകളിൽ ഒന്നായിരുന്നു ബ്രിട്ടീഷ് ഇന്ത്യൻ സൈന്യം. യുദ്ധം ഏറ്റവും ശക്തമായിരുന്ന കാലത്ത് ഏതാണ്ട് 25 ലക്ഷം ഇന്ത്യൻ സൈനികർ ലോകമെങ്ങും യുദ്ധം ചെയ്തിരുന്നതായി പറയപ്പെടുന്നു.[6] രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്നത്തെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങളിൽ നിന്നുൾപ്പടെ 87000-ൽ അധികം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് കണക്കാക്കപ്പെടുന്നു.[7] യുദ്ധത്തിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യാവസായിക ശക്തിയായി ഇന്ത്യ മാറി. രാഷ്ട്രീയ സാമ്പത്തിക സൈനിക രംഗങ്ങളിലെ പുരോഗതി 1947-ൽ ബ്രിട്ടനിൽ നിന്നു സ്വാതന്ത്ര്യം നേടാൻ ഇന്ത്യയ്ക്കു കരുത്തു നൽകി.[8] ക്വിറ്റ് ഇന്ത്യാ സമരം![]() ഗാന്ധിജി, പട്ടേൽ, മൗലാനാ ആസാദ് എന്നിവർ നയിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാസി ജർമ്മനിയെ വിമർശിച്ചിരുന്നുവെങ്കിലും അവർക്കെതിരെ യുദ്ധം ചെയ്യാൻ താൽപര്യപ്പെട്ടിരുന്നില്ല.[9] ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നൽകാത്തിടത്തോളം കാലം ബ്രിട്ടീഷ് സർക്കാരുമായി സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് 1942 ഓഗസ്റ്റിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചു. പക്ഷെ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നൽകുവാൻ ബ്രിട്ടൻ വിസമ്മതിച്ചു. സമരത്തിൽ പങ്കെടുത്ത 60000-ത്തോളം കോൺഗ്രസ് നേതാക്കളെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ക്രൂരപീഡനമുറകളിലൂടെ സമരം അടിച്ചമർത്തുവാൻ ബ്രിട്ടൻ ശ്രമിച്ചുകൊണ്ടിരുന്നു. പ്രമുഖ നേതാക്കളെയെല്ലാം 1945 ജൂൺ വരെ തടവിലിട്ടു. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർത്തിരുന്ന മുസ്ലീം ലീഗ് ബ്രിട്ടീഷ് രാജിനെ പിന്തുണച്ചു.[10] 1940-ൽ ഇന്ത്യ ബ്രിട്ടനോടൊപ്പം ചേർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുമെന്ന് വൈസ്രോയ് ലിൻലിത്ഗോ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ നേതാക്കളോടു ചർച്ച ചെയ്യാതെയാണ് വൈസ്രോയിയുടെ പ്രഖ്യാപനം നടന്നത്.[1] അതിനാൽ വൈസ്രോയിയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് ഇന്ത്യൻ നേതാക്കൾ രംഗത്തെത്തി. അഹിംസാ മാർഗ്ഗത്തിലൂടെ ബ്രിട്ടനിൽ നിന്നു സ്വാതന്ത്യം നേടിയെടുക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് പാർട്ടി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി. സായുധ വിപ്ലവത്തിലൂടെ ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നു സ്വതന്ത്രയാക്കും എന്നു തീരുമാനിച്ചുകൊണ്ട് അദ്ദേഹം ഒരു സൈന്യം തന്നെ രൂപപ്പെടുത്തിയെടുത്തു. ബ്രിട്ടന്റെ ശത്രുക്കളായ ജർമ്മനിയുമായും ഇറ്റലിയുമായും ജപ്പാനുമായും അദ്ദേഹം സഖ്യമുണ്ടാക്കി. ജപ്പാന്റെ പിന്തുണയോടെ സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമി ബ്രിട്ടീഷ് ബർമ്മ ആക്രമിച്ചു.[11] സിംഗപ്പൂരിൽ അദ്ദേഹം ആസാദ് ഹിന്ദ് ഗവൺമെന്റ് രൂപീകരിച്ചു. [12] ഇന്ത്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കൽ1939-ൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ 2,05,000 പേരുണ്ടായിരുന്നു. ഇത് 1945 ആയപ്പോഴേക്കും 25 ലക്ഷമായി ഉയർന്നു.[13] 1942-ൽ ബ്രിട്ടീഷ് പ്രദേശങ്ങളായ ബർമ്മയും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ജപ്പാൻ സൈന്യം പിടിച്ചെടുത്തു. 1943 ഒക്ടോബർ 21-ന് ആൻഡമാൻ ദ്വീപുകൾ അവർ ആസാദ് ഹിന്ദ് ഗവൺമെന്റിനു കൈമാറി. അടുത്ത വർഷം മാർച്ചിൽ ജപ്പാന്റെ സഹായത്തോടെ ഇന്ത്യൻ നാഷണൽ ആർമി ബ്രിട്ടീഷ് ഇന്ത്യയിലേക്ക് ആക്രമിച്ചു കയറുകയും കൊഹിമ വരെ എത്തുകയും ചെയ്തു. അതിനുശേഷം കൊഹിമ യുദ്ധവും ഇംഫാൽ യുദ്ധവുമുണ്ടായി. 1945-ൽ ജപ്പാന്റെ പരാജയത്തെത്തുടർന്ന് ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷുകാർ തിരിച്ചുപിടിച്ചു.[14] രണ്ടാം ലോകമഹായുദ്ധം ശക്തി പ്രാപിച്ചിരുന്ന 1943-ൽ ബംഗാളിൽ കടുത്ത ക്ഷാമം ഉണ്ടാകുകയും പത്തുലക്ഷത്തിലധികം പേർ പട്ടിണി കിടന്നു മരിക്കുകയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ബംഗാളിലും മറ്റു പ്രദേശങ്ങളിലും അടിയന്തര ഭക്ഷണമോ ധനസഹായമോ നൽകാതിരുന്നത് വലിയ വിവാദമായിരുന്നു. ചിത്രശാല
കുറിപ്പുകൾ
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia