രുഗ്മിണി ദേവി അരുണ്ഡേൽ
നൃത്തവിദഗ്ദ്ധയും സംഗീതവിദുഷിയുമായിരുന്നു രുക്മിണിദേവി അരുണ്ഡേൽ. മധുരയിൽ 1904-ൽ ഫെബ്രുവരി 29-ന് ജനിച്ചു. ഇന്ത്യൻ നൃത്തങ്ങളെക്കുറിച്ചും പാശ്ചാത്യനൃത്തങ്ങളെക്കുറിച്ചും പഠിച്ച അവർ ഭരതനാട്യം അഭ്യസിച്ചു. ഇരുപതുകളിൽ വളരെ മോശപ്പെട്ട കലയായി കണക്കാക്കിയിരുന്ന ഭരതനാട്യത്തെ ബഹുജനശ്രദ്ധയിലെത്തിച്ചത് രുഗ്മിണീദേവിയാണ്[അവലംബം ആവശ്യമാണ്]. ഗുരു പന്തല്ലൂർ മീനാക്ഷിസുന്ദരം പിള്ളയാണ് രുക്മിണിയെ നൃത്തം അഭ്യസിപ്പിച്ചത്. പത്മഭൂഷൺ, ദേശികോത്തമ, പ്രാണിമിത്ര തുടങ്ങിയ നിരവധി പുരസ്കാരങ്ങളും ബഹുമതിപത്രങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്. സ്റ്റേജിൽ ഭരതനാട്യം അവതരിപ്പിക്കുന്നതിന് കടുത്ത എതിർപ്പുകളാണ് അവർക്ക് നേരിടേണ്ടിവന്നത്. കലകൾക്കുപരി രുഗ്മിണീദേവി ഒരു മൃഗസ്നേഹിയും അവയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇന്ത്യ റ്റുഡേയുടെ ഇന്ത്യയെ രൂപീകരിച്ച നൂറുപേരുടെ പട്ടികയിൽ രുഗ്മിണീ ദേവി ഇടം പിടിച്ചിട്ടുണ്ട്.[1] പദ്മഭൂഷനും,[2] 1967 -ൽ സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകിയാണ്[അവലംബം ആവശ്യമാണ്]. ജീവചരിത്രംആദ്യകാലജീവിതവും വിവാഹവുംമധുരയിൽ ഒരു ഉയർന്ന ബ്രാഹ്മണകുടുംബത്തിൽ 1904 ഫെബ്രുവരി 29 -നാണ് രുഗ്മിണീദേവി ജനിച്ചത്. പിതാവ് ഒരു PWD എഞ്ചിനീയർ ആയിരുന്നു. സ്ഥലംമാറ്റമുള്ള ജോലിയായതിനാൽ കുടുംബം എപ്പോഴും പലസ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടിവന്നു. 1901 -ൽ അദ്ദേഹം തിയോസഫിക്കൽ സൊസൈറ്റിയുമായി ബന്ധപ്പെട്ടു. അതുമായി ഗാഢമായ സ്വാധീനമുണ്ടായ അദ്ദേഹം ആനീ ബസന്റിന്റെ ശിഷ്യനാവുകയും വിരമിച്ചതിനുശേഷം അഡയാറിലേക്ക് താമസം മാറ്റുകയും ചെയ്തു. ഇവിടെ വച്ചാണ് തിയോസഫിയോടു മാത്രമല്ല സംസ്കാരപരമായ പുത്തൻ ആശയങ്ങളോടും നാടകത്തിനോടും സംഗീതത്തിനോടും നൃത്തത്തോടുമെല്ലാം രുക്മിണി ബന്ധപ്പെടുന്നത്. പിന്നീട് വാരണാസിയിലെ ഹിന്ദു കോളേജിന്റെ പ്രിൻസിപാൾ ആയിമാറിയ Dr. ഡോ ജോർജ്ജ് അരുണ്ഡേലിനെ ഇവിടെ വച്ചാണ് രുക്മിണി പരിചയപ്പെടുന്നത്. ആനീ ബസന്റിന്റെ അടുത്ത ആളായിരുന്നു അദ്ദേഹം. ജീവിതം മുഴുവൻ നീണ്ടുനിന്ന ഒരു ബന്ധത്തിന് അവിടെ തുടക്കമായി.[3] സമൂഹത്തെ മുഴുവൻ നടുക്കി അവർ 1920 -ൽ വിവാഹിതരായി. ജോർജ്ജിന് 42 വയസ്സും രുക്മിണിക്ക് 16 വയസ്സുമായിരുന്നു പ്രായം. അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ലെങ്കിലും വളരെ സന്തോഷകരമായ ഒരു ദാമ്പത്യമായിരുന്നു അത്. രുക്മിണിയെ നൃത്തകാര്യങ്ങളിലും അതിലെ ഗവേഷണങ്ങളിലുമെല്ലാം നിരന്തരം പ്രോൽസാഹിപ്പിച്ച് വേണ്ട പിന്തുണ നൽകുന്നതിൽ ജോർജ്ജ് എപ്പോഴും കൂടെ ഉണ്ടായിരുന്നു. വിവാഹശേഷം രുക്മിണി ലോകം മുഴുവൻ സഞ്ചരിക്കുകയും പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണയായ മരിയ മോണ്ടിസ്സോറി, കവി ജെയിംസ് കസിൻസ് എന്നിവരുമായി ബന്ധപ്പെടുകയും ചെയ്തു.[4] 1923 -ൽ ഇന്ത്യയിലെ യുവ തിയോസഫിസ്റ്റ് സംഘടനയുടെ പ്രസിഡണ്ട് ആവുകയും, 1925 -ൽ ലോക യുവ തിയോസഫിസ്റ്റ് സംഘടനയുടെ പ്രസിഡണ്ട് ആവുകയും ചെയ്തു.[5] 1928 -ൽ പ്രസിദ്ധയായ റഷ്യൻ നർത്തകി അന്ന പാവ്ലോവ മുബൈയിൽ വരികയും അരുണ്ഡേൽ ദമ്പതികൾ അവരുടെ നൃത്തം കാണാൻ പോവുകയും, അടുത്ത നൃത്തത്തിനായി അന്ന ആസ്ട്രേലിയയ്ക്ക് പോകുന്ന അതേ കപ്പലിൽ ഇവരും പോവുകയും അവരുടെ സൗഹൃദം ശക്തിപ്പെടുകയും ചെയ്തു. താമസിയാതെ അന്നയുടെ ശിഷ്യയായ ക്ലിയോ നോർഡിയുടെയടുത്തു നിന്നും രുക്മിണി നൃത്തം പഠിച്ചുതുടങ്ങുകയും ചെയ്തു.[6] പിന്നീട് അന്നയുടെ ഉപദേശപ്രകാരമാണ് രുക്മിണി ഇന്ത്യയുടെ സാമ്പ്രദായിക നൃത്തരൂപങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും തന്റെ ശേഷജീവിതം അതിനെ പുനരുജ്ജീവിപ്പിക്കാനായി മാറ്റിവയ്ക്കുകയും ചെയ്തത്.[7] കലകളെ പുനരുജ്ജീവിപ്പിക്കൽ1933 -ൽ മദ്രാസ് മ്യൂസിക് അക്കഡമിയുടെ വാർഷികസമ്മേളനത്തിലാണ് രുക്മിണി ആദ്യമായി സാദിർ എന്ന നൃത്തരൂപം കാണുന്നത്.[8] പിന്നീട് അവർ ആ നൃത്തം മൈലാപ്പൂർ ഗൗരി അമ്മയിൽ നിന്നും പഠിച്ച് അവസാനം ഇ.കൃഷ്ണ അയ്യരുടെ സഹായത്തോടെ പന്തനല്ലൂർ മീനാക്ഷി സുന്ദരം പിള്ളയുടെ അടുത്തുനിന്നും പഠിച്ച് 1935 -ൽ തിയോസഫിക്കൽ സൊസൈറ്റിയുടെ ഡയമണ്ട് ജൂബിലിക്ക് ആദ്യമായി പൊതുജനങ്ങൾക്കു മുൻപിൽ അവതരിപ്പിച്ചു.[9] തന്റെ ഭർത്താവിനൊപ്പം[10] ഗുരുകുലശിക്ഷണരീതിയിൽ സംഗീതത്തിനും നൃത്തത്തിനുമായി അഡയാറിൽ 1936 -ൽ രുക്മിണി കലാക്ഷേത്രം രൂപീകരിച്ചു. ഇന്ന് ചെന്നൈയ്ക്ക് സമീപം തിരുവണ്മിയൂരിൽ 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കലാക്ഷേത്രം, കലാക്ഷേത്ര ഫൗണ്ടേഷനുകീഴിൽ ഒരു ഡീംഡ് സർവ്വകലാശാലയാണ്. 1962 -ൽ ആണ് കലാക്ഷേത്രം ഇങ്ങോട്ടു മാറ്റിയത്.[11] രാധാ ബർണിയർ, ശാരദ ഹോഫ്‌മാൻ, അഞ്ജലി മെഹ്ർ, കമലാദേവി ചാട്ടൊപാദ്ധ്യായ, ശകുന്തള പാണിഗ്രാഹി, സി. വി. ചന്ദ്രശേഖർ, യാമിനി കൃഷ്ണമൂർത്തി, ലീല സാംസൺ എന്നിവർ കലാക്ഷേത്രത്തിൽ പഠനം നടത്തിയ പ്രശസ്തരിൽ ചിലരാണ്.[12] സാദിർ എന്നപേരിലാണ് ഭരതനാട്യം അറിയപ്പെട്ടിരുന്നത്. അതിനെ ഇന്നു കാണുന്ന രീതിയിൽ ആക്കിയെടുത്തത് ഇ.കൃഷ്ണ അയ്യരും രുക്മിണിദേവിയും കൂടിയാണ്. ദേവദാസി സമ്പ്രദായത്തിലുണ്ടായിരുന്ന നൃത്തരൂപത്തിലെ ശൃംഗാര-ആഭാസ ഭാവങ്ങളെ മാറ്റി ലോകം ശ്രദ്ധിക്കുന്നരീതിയിൽ അതിൽ വേണ്ട മാറ്റങ്ങൾ വരുത്തി അവർ അതിനെ യാഥാസ്ഥിതികർക്കും സ്വീകാര്യമായരീതിയിൽ ചിട്ടപ്പെടുത്തിയെടുത്തു.[13] വയലിൻ[14] പോലെയുള്ള വാദ്യങ്ങളുടെ അകമ്പടി ചേർത്ത് ക്ഷേത്രവിഗ്രഹങ്ങളിൽ ഉള്ളതുപോലുള്ള കർണ്ണാഭരണങ്ങൾ ചേർത്ത്, വസ്ത്രാലങ്കാരങ്ങൾ പരിഷ്കരിച്ച്, നൃത്തരൂപത്തിന്റെ മുഖമുദ്ര തന്നെ രുക്മിണി മാറ്റിയെടുത്തു.[15] അവരുടെ ഗുരുവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അവിടെയുള്ള കലാരൂപങ്ങളുടെ നിർമ്മാണത്തിന് അതതു മേഖലയിലെ വിദഗ്ദ്ധരെത്തന്നെ ഓരോ വിഭാഗവും കൈകാര്യം ചെയ്യുന്നതിൽ രുക്മിണി നിയോഗിച്ചു. മുൻപെങ്ങുമില്ലാത്ത വിധം നവീനങ്ങളായ പ്രതിഫലങ്ങളാണ് അതിനു ലഭിച്ചത്. ഇന്ത്യൻ ഇതിഹാസങ്ങളായ വാല്മീകിയുടെ രാമായണവും ജയദേവരുടെ ഗീതാഗോവിന്ദവും നൃത്തനാടകരൂപങ്ങളായി അവതരിപ്പിക്കപ്പെട്ടു.[16] നൃത്തനാടകങ്ങളായി സീതാസ്വയംവരം, ശ്രീരാമവനഗമനം, പാദുകപട്ടാഭിഷേകം, ശബരീമോക്ഷം, കുന്തളകുറുവഞ്ചി, രാമായണ, കുമാരസംഭവം, ഗീതാഗോവിന്ദം, ഉഷാപരിണയം എന്നിവയെല്ലാം നിർമ്മിച്ചു.[17] ബസന്റ് തിയോസഫിക്കൽ ഹൈസ്കൂളിൽ പാഠ്യക്രമങ്ങൾ രൂപീകരിക്കാനായി 1939 -ൽ ഡോ. ജോർജ്ജ് അരുണ്ഡേൽ ഡോ.മരിയ മോണ്ടിസ്സോറിയെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇന്ത്യയിൽ അങ്ങനെ ആദ്യമായി മോണ്ടിസ്സോറി വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു.[18] പിന്നീട് ബസന്റ് അരുണ്ഡേൽ സീനിയർ സെക്കണ്ടറി സ്കൂളും രൂപീകരിച്ചു. കലാക്ഷേത്രത്തിന്റെ കാമ്പസ്സിൽ കുട്ടികൾക്കായി മരിയ മോണ്ടിസ്സോറി സ്കൂൾ, ക്രാഫ്റ്റ് എഡ്യൂക്കേഷൻ ആന്റ് റിസർച്ച് സെന്റർ, യു. വി. സ്വാമിനാഥ അയ്യർ ലൈബ്രറി എന്നിവയെല്ലാം ഉണ്ടാക്കി. 1956 -ൽ ദലൈലാമ കലാക്ഷേത്രം സന്ദർശിച്ചു. ഇതേത്തുടർന്ന് ടിബറ്റിലെ അഭയാർത്ഥിക്കുട്ടികളെ കലാക്ഷേത്രത്തിൽ പഠിപ്പിക്കുന്നതിന് രുഗ്മിണീദേവി മുങ്കൈ എടുക്കുകയുണ്ടായി. ഡൊ. യു. വി. സ്വാമിനാഥ അയ്യരുടെ ഹസ്തലിഖിതഗ്രന്ഥശേഖരം 1943 -ൽ രുഗ്മിണീദേവിയുടെ ശ്രമഫലമായി കലാക്ഷേത്രത്തിനു ലഭിച്ചു. പുരാതന തമിഴ് ഭാഷയേയും സംസ്കാരത്തെയും പറ്റിയുള്ള ഗവേഷണവിവരണങ്ങളും ഗ്രന്ഥശേഖരങ്ങളും അടങ്ങിയ ഈ ഗ്രന്ഥശാലയ്ക്ക് സ്വന്തമായ ഒരു ഗവേഷണപ്രസിദ്ധീകരണ വിഭാഗമുണ്ട്. പിൽക്കാലം1952 -ലും 1956 -ലും രുഗ്മിണീദേവിയെ രാജ്യസഭയിലെക്ക് നോമിനെറ്റ് ചെയ്തു.[19] മൃഗങ്ങളുടെ ക്ഷേമത്തിൽ അതീവ ശ്രദ്ധാലുവായ രുക്മിണി മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെയുള്ള നിയമം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു, പിന്നീട് 1962 -ൽ അവരുടെ നേതൃത്വത്തിൽ മൃഗക്ഷേമ ബോഡ് ഉണ്ടാക്കുകയും, 1986 -ൽ മരിക്കുന്നതുവരെ അവർ ആ ബോഡിൽ തുടരുകയും ചെയ്തു. ഒരു കർശനക്കാരിയായ സസ്യാഹാരിയായിരുന്ന രുക്മിണിദേവി രാജ്യത്ത് സസ്യാഹാരിത്തം പ്രോൽസാഹിപ്പിക്കാൻ ധാരാളം പ്രയത്നിച്ചിട്ടുണ്ട്. 1955 മുതൽ തന്റെ മരണം വരെ 31 വർഷം ആഗോളസസ്യാഹാര സംഘടനയുടെ വൈസ് പ്രസിഡണ്ടായിരുന്നു രുക്മിണി ദേവി.[20] ഇന്ത്യൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് നാമനിർദ്ദേശം നൽകാൻ 1977 -ൽ മൊറാർജി ദേശായി പറഞ്ഞെങ്കിലും അവരത് നിരസിക്കുകയായിരുന്നു.[21] ഇന്ത്യയിലെ പുരാതന രീതിയിലുള്ള വസ്ത്രചിത്രീകരണത്തെ നവീകരിക്കാനായി 1978 -ൽ കലാക്ഷേത്രത്തിൽ കലംകാരി സെന്റർ തുടങ്ങുകയുണ്ടായി.[22] 1986 ഫെബ്രുവരി 24 -ന് ചെന്നൈയിൽ വച്ച് രുക്മിണി ദേവി അരുണ്ഡേൽ മരണമടഞ്ഞു. പൈതൃകം1994 ജനുവരിയിൽ കലാക്ഷേത്രത്തിനെ ഇന്ത്യൻ പാർലമെന്റ് ഒരു ആൿടിലൂടെ ദേശീയപ്രാധാന്യമുള്ള സ്ഥാപനമാക്കി പ്രഖ്യാപിച്ചു.[23][24] രുക്മിണി ദേവിയുടെ നൂറാം ജന്മദിനത്തിന്റെ ഭാഗമായി ക്ലാസുകളും സെമിനാറുകളും ഉൽസവങ്ങളുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ 2004 ഫെബ്രുവരി 29 -ന് കലാക്ഷേത്രത്തിലും ലോകത്തിലെ മറ്റു പല ഇടങ്ങളിലും നടന്നു.[25] കലാക്ഷേത്രത്തിൽ അന്നേ ദിവസം പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമെത്തി ഗാനങ്ങളും കച്ചേരികളുമായി ആഘോഷിച്ചു.[26] അന്നുതന്നെ ഡൽഹിയിലെ ലളിതകലാ ഗാലറിയിൽ അവരുടെ ജീവിത്തത്തെപ്പറ്റി ഒരു ചിത്രപ്രദർശനം നടത്തുകയും അന്നത്തെ രാഷ്ട്രപതി അബ്ദുൾ കലാം ഡോ. സുനിൽ കോതാരി എഴുതി മുൻരാഷ്ട്രപതി ആർ. വെങ്കട്ടരാമൻ അവതാരിക എഴുതിയ രുക്മിണിദേവിയുടേ ജീവചരിത്രം പ്രകാശിപ്പിക്കുകയും ചെയ്തു.[27][28][29] പുരസ്കാരങ്ങളും ബഹുമതികളും
ഇതുംകാണുകഅധിക വായനയ്ക്ക്
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia