റാറ ദേശീയോദ്യാനം
നേപ്പാളിൽ റാറ തടാകത്തിന്റെ സ്ഥാനം ![]() നേപ്പാളിലെ ഹിമാലയൻ പ്രദേശത്തെ ഒരു സംരക്ഷിത പ്രദേശമാണ് റാറ ദേശീയോദ്യാനം. മുഗു, ജുംല എന്നീ ജില്ലകളിലായി ഏകദേശം 106 ചതുരശ്ര കിലോമീറ്റർ (41 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതും 1976-ൽ നിലവിൽവന്നതുമായ നേപ്പാളിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണിത്. കോണിഫെറസ് വനങ്ങളാൽ നിബിഡമായതാണ് ഈ പ്രദേശം[1]. ഈ ദേശീയോദ്യാനത്തിന്റെ ഒരു പ്രധാന സവിശേഷതയെന്നു പറയാവുന്നത് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2,990 മീറ്റർ (9,810 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന, പൈൻമരക്കാടുകളാൽ ആവൃതമായ നയനാനന്ദകരമായ റാറ തടാകമാണ്. ഈ തടാകത്തിന്റെ പരമാവധി ആഴം 167 മീറ്ററാണ്. അണ്ഡാകൃതിയിലുള്ള ഈ തടാകത്തിന് ഏകദേശം 5 കിലോമീറ്ററോളം നീളവും, 3 കിലോമീറ്റർവരെ വീതിയുമുണ്ട്. നേപ്പാളിലെ ഹുംല - ജുംല എന്നീ ഭൂപ്രദേശങ്ങളിലെ തദ്ദേശീയ സസ്യജീവജാലങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം തടാകത്തിന്റെ തന്നെ അപൂർവ്വ മനോഹാരിത സംരക്ഷിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. നേപ്പാളിലെ പടിഞ്ഞാറൻ ഹിമാലയൻ പ്രദേശത്തെ അനതിവിദൂരമായ കർണലി പ്രദേശിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഒരു ശുദ്ധജലതടാകമായ ഇത് മഹേന്ദ്ര താൽ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഉദ്യാനമേഖലയിലെ മറ്റ് ഉയരമുള്ള കൊടുമുടികളിൽ തടാകത്തിനു വടക്കു ഭാഗത്തായുള്ള 3,731 മീറ്റർ ഉയരമുള്ള റുമ കുണ്ട്, 3,444 മീറ്റർ ഉയരമുള്ള മാലിക കുണ്ട് എന്നിവ ഉൾപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ വടക്കുകിഴക്കുഭാഗത്തെ അതിരിൽ ചുചേമര തടാകവും തെക്കുവശത്തെ ചെങ്കുത്തായ ചരിവിൽ ഗുർച്ചി തടാകവും കാണപ്പെടുന്നു. കാലാവസ്ഥതികച്ചും സുഖദമായ വേനൽക്കാലം അനുഭവപ്പെടുന്ന ഇവിടെ ശരത്കാലം തണുപ്പേറിയതാണ്. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള കാലവും ഏപ്രിൽ മുതൽ മെയ് വരെയുമുള്ള കാലവുമാണ് ഉദ്യാന സന്ദർശനത്തിനുള്ള ഏറ്റവും മികച്ച സമയം. ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വെള്ളം തണുത്തുറയുന്ന കാലാവസ്ഥയാണ്. ഈ സമയം ഒരു മീറ്റർ വരെയുള്ള അളവിൽ മഞ്ഞുപൊഴിയുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലം ഇളംചൂടുള്ള കാലാവസ്ഥയാണ്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മൺസൂൺ കാലം ഹ്രസ്വമാണ്[2]. 1994 മുതൽ 2003 വരെയുള്ള കാലത്തെ ശരാശരി വർഷപാതത്തിന്റെ അളവ് 800 മില്ലീമീറ്റർ ആയിരുന്നു. തടാകത്തിന്റെ ഉപരിതല താപനില 7.5°C മുതൽ 7.6°C വരെയാണ്[3]. സസ്യമൃഗജാലങ്ങൾറാറ ദേശീയോദ്യാനത്താൽ വലയം ചെയ്പ്പെട്ടു കിടക്കുന്ന റാറ തടാക മേഖലയിൽ അത്യപൂർവ്വമായ ജന്തുസസ്യവിഭാഗങ്ങളെ കണ്ടുവരുന്നു. റോഡോഡെൻഡ്രോൺ, ഫിർ, ബർച്ച്, ഓക്ക് (മരം), തുടങ്ങിയ സ്പീഷീസുകൾ ഉപ-ആൽപൈൻ പ്രദേശത്ത് കാണപ്പെടുന്നു. 1074 തരം വൃക്ഷലതാദികൾ ഇവിടെനിന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇതിൽ 16 തരം സസ്യങ്ങൾ തദ്ദേശീയമായി മാത്രം കണ്ടുവരുന്നവയാണ്. ശരത്കാലത്ത് ഇലകൾ കൊഴിഞ്ഞുപോകുന്ന തരം വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ ഉദ്യാനത്തിൽ ഹിമാലയൻ ഹോഴ്സ്-ചെസ്റ്റ് നട്ട് (Aesculus indica), വാൽനട്ട് (Junglans regia) എന്നീ വൃക്ഷങ്ങളും കാണപ്പെടുന്നു. 51 തരം സസ്തനികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ 241 ഇനം പക്ഷികൾ തടാകമേഖലയിലുള്ളതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു[4]. ![]() 1976-ൽ സ്ഥാപിതമായ റാറ ദേശീയോദ്യാനത്തിൽ സംരക്ഷിത വർഗ്ഗങ്ങളായ ഹിമാലയൻ കറുത്ത കരടി, ചുവന്ന പാണ്ട, കസ്തൂരിമാൻ, ഗൊറാലുകൾ (ആടുകളുടെയോ, കൃഷ്ണമൃഗത്തിന്റെയോ ഛായയുള്ള മൃഗം) ഹിമാലയൻ താർ, കാട്ടു പന്നി എന്നിവയെ കണ്ടുവരുന്നു. പുള്ളിപ്പുലി, ചെന്നായ എന്നിവയെയും അപൂർവ്വമായി ഇവിടെ കണ്ടുവരുന്നുണ്ട്. തടാകത്തിനു സമീപമുള്ള വനങ്ങളിൽ അനേകജാതി പക്ഷികൾ കൂടുകൂട്ടിയിരിക്കുന്നതിനാൽ പക്ഷിനിരീക്ഷകരുടെ പറുദീസയെന്ന നിലയിൽ ഈ വനമേഖല പ്രസിദ്ധമാണ്. ഈ മേഖലയിൽ മാത്രം കണ്ടുവരുന്ന 3 തരം മത്സ്യ വർഗ്ഗങ്ങളും തവളയുടെ ഒരു വർഗ്ഗവും (നനോരന റാറിക്ക) തടാകത്തിലുണ്ട്. ഇവിടെയുള്ള ശുദ്ധ ജലവാസിയായ മത്സ്യങ്ങളുടെ ഒരു കുടുംബമാണ് സ്പ്രിനിഡെ അഥവാ പരൽ. 1979-ൽ റാറ സ്നോട്രൗട്ട്, നേപ്പാളീസ് സ്നോട്രൗട്ട് എന്നീ സ്പ്രിനിഡെ മത്സ്യങ്ങൾ ആദ്യമായി കണ്ടെത്തിയത് റാറ തടാകത്തിലായിരുന്നു. വിനോദസഞ്ചാരംദേശീയോദ്യാനം സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാനഘടകം റാറ തടാകമാണ്. വേനൽക്കാലത്ത് നിലത്ത് പറ്റിപിടിച്ച് വളരുന്ന 100 ൽപ്പരം പൂക്കൾ വിരഞ്ഞ് പരവതാനി വിരിച്ചതുപോലെ പരന്നുകിടക്കുന്നത് നയനാന്ദകരമായ കാഴ്ചയാണ്. തടാകത്തിന്റെ ദക്ഷിണഭാഗത്തുള്ള ചുചേമറ കൊടുമുടിയും (4048 മീ.) വനമേഖലകൾ നിറഞ്ഞ കുന്നുകളും സന്ദർശകർത്ത് മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു. കാഠ്മണ്ഡുവിൽ നിന്ന് വായുമാർഗ്ഗം 371 കി.മീ. സഞ്ചരിച്ചാൽ റാറ ദേശീയോദ്യാന പ്രദേശത്ത് എത്തിച്ചേരാം. ജുംലയിൽ സ്ഥിതി ചെയ്യുന്ന എയർ സ്ട്രിപ്പിൽ നിന്ന് മൂന്നു മണിക്കൂർ കാൽനട യാത്രയിൽ ഈ ദേശീയോദ്യാനത്തിലെത്തിച്ചേരാൻ സാധിക്കുന്നതാണ്. കൂടാതെ ജുംലയിൽ നിന്ന് 2.5 ദിവസത്തെ ട്രക്കിംഗിലൂടെയോ, സുർഖേറ്റിൽ നിന്ന് 10 ദിവസത്തെ ട്രക്കിംഗിലൂടെയോ ഉദ്യോനത്തിലെത്തിച്ചേരാവുന്നതാണ്. റാറ ദേശീയോദ്യാനത്തിൽ താമസസൗകര്യവും ആരോഗ്യകേന്ദ്രത്തിന്റെ അപര്യാപ്തതയും കൊണ്ട് വിനോദസഞ്ചാരമേഖല പൂർണ്ണമായി വികസിതമല്ല. വിനോദസഞ്ചാരികൾക്ക് വേണ്ട യാത്രാക്രമീകരണങ്ങൾ നടപ്പിലാക്കുന്നത് ഇവിടെയുള്ള ട്രക്കിംഗ് ഏജൻസിയാണ്. സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും റാറ ദേശീയോദ്യാനത്തിലേയ്ക്കുള്ള സന്ദർശനം കർശനമായി നിരോധിച്ചിരിക്കുന്നു. ചിത്രശാല
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia