റിച്ചാഡ് വെല്ലസ്ലി
ഒരു ആംഗ്ലോ-ഐറിഷ് രാഷ്ട്രീയക്കാരനും കൊളോണിയൽ ഭരണകർത്താവുമാണ് റിച്ചാഡ് വെല്ലസ്ലി എന്ന വെല്ലസ്ലി പ്രഭു (ജീവിതകാലം: 1760 ജൂൺ 20 – 1842 സെപ്റ്റംബർ 26). 1798 മുതൽ 1805 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു. പിൽക്കാലത്ത് ബ്രിട്ടീഷ് മന്ത്രിസഭയിൽ വിദേശകാര്യസെക്രട്ടറി, ഐർലൻഡിന്റെ ലോഡ് ലെഫ്റ്റനന്റ് എന്നീ ഔദ്യോഗികപദവികളും വഹിച്ചിട്ടുണ്ട്. പ്രശസ്ത ബ്രിട്ടീഷ് സൈനികോദ്യഗസ്ഥനും ഭരണകർത്താവുമായിരുന്ന ആർതർ വെല്ലസ്ലി ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു. ഇന്ത്യയിൽഫ്രെഞ്ചുകാരുടെ അവസാനശ്രമങ്ങളും അവസാനിപ്പിച്ച്, ഇന്ത്യയെ എന്നെന്നേക്കുമായി ബ്രിട്ടീഷ് നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തേടെ 1798-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിയന്ത്രണബോർഡിന്റെ അദ്ധ്യക്ഷനായിരുന്ന ഹെൻറി ഡൻഡസ് ആയിരുന്നു റിച്ചാർഡ് വെല്ലസ്ലിയെ ഇന്ത്യയിലേക്കയച്ചത്. പ്രധാനമായും സൈനികസഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സഖ്യങ്ങളിലൂടെ വെല്ലസ്ലി ഏറ്റവുമധികം നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് നിയന്ത്രണത്തിലാക്കി. ടിപ്പു സുൽത്താനെ അമർച്ച ചെയ്ത വെല്ലസ്ലി, മദ്ധ്യേന്ത്യയിലെ ഛിന്നഭിന്നമായിക്കിടന്ന മറാഠ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷ് ആധിപത്യം വ്യാപിപ്പിക്കുകയും ചെയ്തു. വെല്ലസ്ലിയുടെ സാമ്രാജ്യവിപുലീകരണനയങ്ങളിൽ പരിഭ്രാന്തിപൂണ്ട് 1805-ൽ അദ്ദേഹത്തെ കമ്പനി തന്നെ അദ്ദേഹത്തെ തിരികെവിളിക്കുകയായിരുന്നു.[1] എന്നാൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പണം ധൂർത്തടിച്ച് ചെലവഴിച്ചതിലൂടെയാണ് അദ്ദേഹത്തിന് ഡയറക്റ്റർമാരുടെ പിന്തുണ നഷ്ടമാകാനും തിരികെവിളിക്കാനുമുള്ള പ്രധാനപ്പെട്ട കാരണമായതെന്നും അഭിപ്രായമുണ്ട്.[2] കൊൽക്കത്തയിലെ ഗവൺമെന്റ് ഹൗസിന്റെ (ഇന്നത്തെ രാജ്ഭവൻ) നിർമ്മാണം,[2] ഫോർട്ട് വില്യം കോളേജിന്റെ സ്ഥാപനം ഇവയെല്ലാം വെല്ലസ്ലിയാണ് നടത്തിയത്.[1] അവലംബം
|
Portal di Ensiklopedia Dunia