റിപ്പബ്ലിക്ക് ഓഫ് ടെക്സസ്
1836 മുതൽ 1846 വരെ അമേരിക്കൻ ഐക്യനാടുകൾക്കും മെക്സിക്കോയ്ക്കും മദ്ധ്യേ നിലനിന്നിരുന്ന ഒരു സ്വതന്ത്ര രാജ്യമായിരുന്നു റിപ്പബ്ലിക്ക് ഓഫ് ടെക്സസ്. ടെക്സസ് വിപ്ലവത്തിലൂടെ മെക്സിക്കോയിൽനിന്ന് സ്വാതന്ത്ര്യം സിദ്ധിച്ച റിപ്പബ്ലിക്ക് വെലാസ്കോ ഉടമ്പടികൾ പ്രകാരം ഇന്നത്തെ ടെക്സസ് പ്രദേശം മുഴുവനും കൂടാതെ ഇന്നത്തെ ന്യൂ മെക്സിക്കോ, ഒക്‌ലഹോമ, കൻസസ്, കൊളറാഡോ, വ്യോമിങ് എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ചിലതും ചേർന്നതായിരുന്നു. അമേരിക്കൻ ഐക്യനാടുകളുമായുള്ള രാജ്യത്തിന്റെ കിഴ്ക്കേ അതിർത്തി അമേരിക്കൻ ഐക്യനാടുകളും സ്പെയിനും തമ്മിൽ 1819ൽ ഉണ്ടാക്കിയ ആഡംസ്-ഓനിസ് ഉടമ്പടി പ്രകാരം നിശ്ചയിക്കപ്പെട്ടിരുന്നു. മെക്സിക്കോയുമായുള്ള തെക്കും പടിഞ്ഞാറേ അതിർത്തിയും റിപ്പബ്ലിക്ക് നിലനിന്ന കാലത്തോളം തർക്കവിഷയമായി നിലകൊണ്ടു. ടെക്സസ് റയോ ഗ്രാൻഡേ അതിർത്തിയായി അവകാശപ്പെട്ടപ്പോൾ മെക്സിക്കോ ന്യൂവെസെസ് നദി അതിർത്തിയായി അവകാശപ്പെട്ടു. ഈ തർക്കം പിന്നീട് ടെക്സസ് ഏറ്റെടുക്കലിനുശേഷം നടന്ന മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിനു കാരണമായിത്തീർന്നു. |
Portal di Ensiklopedia Dunia