റെൻസെലയർ /rɛnsəˈlɪər/അമേരിക്കൻ ഐക്യനാടുകളിലെന്യൂയോർക്ക് സംസ്ഥാനത്ത് റെൻസെലയർ കൗണ്ടിയിലെ ഒരു നഗരമാണ്. ഇത് ഹഡ്സൺ നദിയുടെ കിഴക്ക് ഭാഗത്ത് അൽബാനിക്ക് നേരേ എതിർവശത്തായി സ്ഥിതിചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 9,392 ആയിരുന്നു.[3] റെൻസെലയർ കൗണ്ടിയുടെ പടിഞ്ഞാറൻ അതിർത്തിയിലാണ് നഗരം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ റെൻസെലയർ നഗരം എന്നറിയപ്പെടുന്ന ഈ പ്രദേശം പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാർ സ്ഥിരതാമസമാക്കിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു പ്രധാന റെയിൽവേ കേന്ദ്രമായി മാറിയ ഈ നഗരത്തിന് സമ്പന്നമായ വ്യാവസായിക ചരിത്രമുണ്ട്. തിരക്കേറിയ ആംട്രാക്ക് സ്റ്റേഷന്റെ സൈറ്റായതിനാൽ ഇത് ഇക്കാലത്തും ഒരു റെയിൽവേ കേന്ദ്രമായി തുടരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഡൈ വ്യവസായത്തിന്റെ ആദ്യകാല സ്ഥലങ്ങളിൽ ഒന്നായിരുന്ന റെൻസെലയർ, ആസ്പിരിൻ ഉൽപാദിപ്പിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രദേശംകൂടിയായിരുന്നു.