റോക്കി മലനിരകളിലെ പുള്ളിപ്പനി
റിക്കറ്റ്സിയ റിക്കറ്റ്സി (Rickettsia rickettsi) എന്ന ബാക്ടീരിയം മനുഷ്യരിൽ ഉണ്ടാക്കുന്ന രോഗമാണ് റോക്കി മലനിരകളിലെ പുള്ളിപ്പനി. അമേരിക്കൻ ഐക്യനാടുകളിലും പരിസരപ്രദേശങ്ങളിലുമാണ് ഈ രോഗം കൂടുതലായും കാണപ്പെടുന്നത്. ഇക്സോയിഡ് വിഭാഗത്തിലെ ഡെർമാസെന്റർ ആന്റർസോണി എന്ന ചെള്ളാണ് രോഗവാഹിയായ ജീവി. ഇതേ രോഗത്തെ പല സ്ഥലങ്ങളിലും ടോബിയ പനി, സാവോ പോളോ പനി, മാക്യുലാർ ചെള്ള് പനി എന്നിങ്ങനെ വിളിക്കാറുണ്ട്. പനിയും തലവേദനയും, ദേഹത്ത് ചുവന്ന പുള്ളികളുമാണ് രോഗലക്ഷണം. രോഗനിർണ്ണയം നടത്തി ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം[1]. പ്രകൃതിചരിത്രംഒരു ജന്തുജന്യ രോഗമാണ് റോക്കി മലനിരകളിലെ പുള്ളിപ്പനി. ചെള്ളുകളാണ് [2] ഈ അസുഖം മനുഷ്യരിലേക്ക് പടർത്തുന്നത്. ചെള്ളിന്റെ കടിയേറ്റ വ്യക്തികളിൽ അസുഖം കാണപ്പെടുന്നു. വളരെ അപൂർവ്വമായി ചെള്ളിന്റെ ശരീരസ്രവങ്ങളോ, മലമോ സ്പർശിച്ചവരിലും രോഗമുണ്ടാവാറുണ്ട്. പെൺചെള്ളുകൾ മുട്ടകളിലേക്ക് അസുഖം പടർത്തുന്നു. ഇണ ചേരുന്ന സമയത്ത് ആൺ ചെള്ളുകൾ പെൺ ചെള്ളുകളിലേക്ക് അസുഖം പകർത്താം. ഒരിക്കൽ രോഗം ബാധിച്ച ചെള്ളുകൾ ജീവിതാവസാനം വരെ രോഗവാഹകയായിരിക്കും. രോഗലക്ഷണങ്ങൾപനി, ഓക്കാനം, ഛർദ്ദി, തലവേദന, പേശിവേദന എന്നിവയാണ് തുടക്കത്തിലെ പ്രധാന രോഗലക്ഷണങ്ങൾ. പിന്നീട് മാക്യുലോ-പാപ്യുലാർ പുള്ളികളും, പെറ്റക്കിയൽ പുള്ളികളും പ്രത്യക്ഷമാകും. പെറ്റക്കിയൽ പുള്ളികൾ ഉണ്ടാവുന്നതു കൊണ്ടാണ് ഈ രോഗത്തെ പുള്ളിപ്പനി എന്ന് വിളിക്കുന്നത്. വായറുവേദനയും സന്ധിവേദനയും രോഗത്തിന്റെ അവസാനഘട്ടങ്ങളിൽ കാണപ്പെടാം. ആദ്യം കൈകാലുകളിൽ പുള്ളികൾ പ്രത്യക്ഷപ്പെടും, പിന്നീട് നെഞ്ചിലെക്കും വയറിലേക്കും വ്യാപിക്കും. പനി വന്ന് രണ്ടുമുതൽ അഞ്ചു വരെ ദിവസങ്ങൾക്കുള്ളിൽ പാടുകൾ പ്രത്യക്ഷപ്പെടാം. എന്നാൽ 30 മുതൽ 60 ശതമാനം വരെ ആളുകളിൽ പാടുകൾ കാണാറില്ല. ത്രോംബോസൈറ്റോപീനിയ, ഹൈപ്പോനെട്രീമിയ എന്നിവയും രോഗത്തിന്റെ ഭാഗമായി കാണപ്പെടാറുണ്ട്. ശ്വാസകോശം, നാഡീവ്യൂഹം, ദഹനേന്ദ്രിയ വ്യൂഹം, മൂത്രാശയവ്യൂഹം എന്നിവയെയും ഈ രോഗം ബാധിക്കുന്നു. ജി6പിഡി എന്ന രാസാഗ്നിയുടെ കുറവുള്ളവർക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. രോഗനിർണ്ണയംസാംക്രമികരോഗശാസ്ത്രപരമായാണ് പുള്ളിപ്പനിക്ക് രോഗനിർണ്ണയം നടത്തുന്നത്. ഒരേ സ്ഥലത്തു ജീവിക്കുന്ന പലരിലും ഒരേ സമയം പനി കാണപ്പെട്ടാൽ പുള്ളിപ്പനി സംശയിക്കേണ്ടതാണ്. എന്നാൽ ലാബുകളിൽ നിന്ന് രോഗനിർണ്ണയം നടത്തുന്നതിനു മുൻപുതന്നെ ചികിത്സ തുടങ്ങിയിരിക്കണം. ടെട്രാസൈക്ലിൻ എന്ന ആന്റിബയോട്ടിക്കിനോട് പ്രതികരിക്കുന്നില്ലെങ്കിൽ രോഗം റോക്കി പുള്ളിപ്പനിയാവാനുള്ള സാധ്യത വളരെ കുറവാണ്. ചികിത്സഡോക്സിസൈക്ലിൻ എന്ന ആന്റിബയോട്ടിക്കാണ് ഏറ്റവും നല്ല പ്രതിവിധി [3]. പനി മാറിക്കഴിഞ്ഞ് കുറഞ്ഞത് മൂന്നു ദിവസം കൂടിയെങ്കിലും മരുന്ന് കഴിച്ചിരിക്കണം. ക്ലോറംഫെനിക്കോൾ ചികിത്സയ്ക്കായി ഉപയോഗിക്കാമെങ്കിലും രക്തത്തിലെ മരുന്നിന്റെ അളവ് കൂടെക്കൂടെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചെള്ളുകൾ കടിച്ചവർക്ക് രോഗം വരാതിരിക്കാനായി ആന്റീബയോട്ടിക്കുകൾ നൽകുന്നത് നല്ലതല്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കാൻ ഇതുമൂലം താമസം നേരിട്ടേയ്ക്കാം [4]. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾWikimedia Commons has media related to റോക്കി മലനിരകളിലെ പുള്ളിപ്പനി. വിക്കിസ്പീഷിസിൽ ഇക്സോഡിഡേ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. വിക്കിസ്പീഷിസിൽ റിക്കറ്റ്സിയ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia