റോമാക്കാർക്കെഴുതിയ ലേഖനംക്രിസ്തീയബൈബിളിൽ പുതിയനിയമത്തിലെ ആറാമത്തെ ഗ്രന്ഥമാണ് പൗലോസ് റോമാക്കാർക്കെഴുതിയ ലേഖനം. ഇതിന്റെ കർത്താവ് പൗലോസ് അപ്പസ്തോലൻ തന്നെയാണെന്നും യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെയുള്ള രക്ഷയുടെ വിശദീകരണമായി എഴുതിയതാണിതെന്നും ബൈബിൾ പണ്ഡിതന്മാർ അംഗീകരിക്കുന്നു. പൗലോസിന്റെ ഏറ്റവും ദൈർഘ്യമുള്ള ലേഖനമായ ഇത് അദ്ദേഹത്തിന്റെ മുഖ്യമായ ദൈവശാസ്ത്രപൈതൃകമായി കണക്കാക്കപ്പെടുന്നു.[1] [2] ഉള്ളടക്കംറോമിലെ സഭാംഗങ്ങൾക്കുള്ള ആശംസയ്ക്കും അവർക്കുവേണ്ടിയുള്ള പ്രാർത്ഥനാവചനങ്ങൾക്കും ശേഷം പൗലോസ് ലേഖനത്തിന്റെ വിഷയം അവതരിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ സുവിശേഷത്തിലൂടെയുള്ള ദൈവത്തിന്റെ രക്ഷയുടെ സാർവലൗകികതയാണ് ഈ ലേഖനത്തിന്റെ കേന്ദ്രപ്രമേയം. യഹൂദനോ യവനനോ എന്ന ഭേദമില്ലാതെ, വിശ്വസിക്കുന്ന എല്ലാവർക്കും ആ രക്ഷയിൽ പങ്കുപറ്റാനാകുമെന്ന് പൗലോസ് വാദിക്കുന്നു.[3] എല്ലാ മനുഷ്യരും പാപത്തിന്റെ ബന്ധനത്തിൽ കഴിയുന്നവരും ദൈവതിരുമുൻപിൽ കുറ്റക്കാരുമാണെന്ന് പൗലോസ് കരുതി(1:16-17). അതിനാൽ ദൈവത്തിന്റെ മുൻപിൽ നീതീകരിക്കപ്പെടാനുള്ള ബദ്ധ്യത എല്ലാവർക്കുമുണ്ട്. യേശുവിന്റെ മരണത്തിലും ഉത്ഥാനത്തിലും കൂടി പാപികളുടെ രക്ഷ സാദ്ധ്യമാകുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ഓരോ മനുഷ്യനും നീതീകരിക്കപ്പെട്ട് ഈ രക്ഷയ്ക്ക് അവകാശിയാകുന്നു. അതിനാൽ ദൈവം ഒരേസമയം നീതിപ്രവർത്തിക്കുന്നവനും നീതീകരിക്കുന്നവനും ആകുന്നു. ദൈവം കൃപാപൂർവം ദാനമായി നൽകുന്ന രക്ഷയോട് വിശ്വാസത്തിലൂടെ പ്രതികരിക്കുമ്പോൾ മനുഷ്യരാശി നീതികരിക്കപ്പെടുന്നു. ദൈവത്തിന്റെ മുൻപിൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നത് വിശ്വാസത്തിലൂടെ മാത്രമാണെന്നതിന്റെ ഉദാഹരണമായി പൗലോസ് പഴയനിയമത്തിലെ അബ്രാഹത്തിന്റെ കാര്യം എടുത്തുകാട്ടുന്നു. യേശുവിലുള്ള വിശ്വാസം വഴി ദൈവവുമായി സ്ഥാപിക്കപ്പെടുന്ന പുതിയ ബന്ധത്തിന്റെ ഫലങ്ങൾ എന്തെന്ന് തുടർന്ന് പൗലോസ് വിശദീകരിക്കുന്നു. വിശ്വാസത്തിലൂടെ ദൈവികസമാധാനം പ്രാപിക്കുന്ന വിശ്വാസിയെ ദൈവാത്മാവ് പാപത്തിന്റേയും മരണത്തിന്റേയും ശക്തിയിൽ നിന്നു മോചിപ്പിക്കുന്നു. 5 മുതൽ 8 വരെ അദ്ധ്യായങ്ങളിൽ പൗലോസ് ദൈവികനിയമത്തിന്റെ ഉദ്ദേശ്യവും വിശ്വാസിയുടെ ജീവിതത്തിൽ ദൈവാത്മാവിനുള്ള പങ്കും വിവരിക്കുന്നു. തുടർന്ന് ലേഖകൻ, മനുഷ്യരാശിക്കുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയിൽ യഹൂദർക്കും യഹൂദേതരർക്കുമുള്ള പങ്കു പരിഗണിക്കുന്നു. യേശുവിനെ യഹൂദർ തിരസ്കരിച്ചത് യേശു വഴിയുള്ള ദൈവകൃപയിലേക്ക് മുഴുവൻ മനുഷ്യരാശിയേയും എത്തിക്കാനുള്ള ദൈവികപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു എന്നു പൗലോസ് വാദിക്കുന്നു. ഇസ്രായേലിനോടുള്ള തന്റെ വാഗ്ദാനത്തിൽ ദൈവം വിശ്വസ്തനായിരുന്നു എന്നു വാദിക്കുന്ന അദ്ദേഹം, ഇസ്രായേൽക്കാരനും ഒരിക്കൽ ക്രിസ്തുവിനെ പീഡിപ്പിച്ചിരുന്നവനുമായ തന്നെപ്പോലെ മുഴുവൻ ഇസ്രായേലും സത്യത്തിന്റെ തിരിച്ചറിവിൽ എത്തുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്നു. 9 മുതൽ 11 വരെ അദ്ധ്യായങ്ങളിൽ ഇസ്രായേൽ ജനത എങ്ങനെ തിരസ്കരിക്കപ്പെട്ടെന്നും അവിശ്വസ്തത വെടിഞ്ഞ് വിശ്വാസത്തിലേക്കു മടങ്ങുന്നതിലൂടെ വീണ്ടും ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമാകാൻ അവർക്ക് എങ്ങനെ കഴിയുമെന്നും ലേഖകൻ വിശദീകരിക്കുന്നു. അവസാനമായി, മറ്റുള്ളവരുമായുള്ള ബന്ധത്തിൽ സ്നേഹത്തിന്റെ വഴി പിന്തുടർന്നുള്ള ക്രിസ്തീയജീവിതം എങ്ങനെയായിരിക്കണമെന്ന് പൗലോസ് വിവരിക്കുന്നു. ഇവിടെ ദൈവശുശ്രൂഷ, തമ്മിൽ തമ്മിലും രാഷ്ട്രത്തോടുമുള്ള ക്രിസ്ത്യാനികളുടെ ഉത്തരവാദിത്ത്വങ്ങൾ, മനസാക്ഷിയുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം പരിഗണിക്കുന്നു. വ്യക്തിപരമായ ആശംസയും ദൈവസ്തുതിയുമായി ലേഖനം സമാപിക്കുന്നു.[4] പ്രാധാന്യംഈശോസഭാപണ്ഡിതൻ ജോസഫ് ഫിറ്റ്സ്‌മ്യേറിന്റെ അഭിപ്രായത്തിൽ യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്ന ദൈവകൃപമൂലം യഹൂദനും പുറജാതിക്കാരനും ഒരുപോലെ പ്രാപ്യമാകുന്ന നീതീകരണവും രക്ഷയും എന്ന ഇതിലെ വിഷയത്തിന്റെ ഗാംഭീര്യവും ഔന്നത്യവും തന്നെ, പിതാവായ ദൈവത്തിന്റെ നീതിയും സ്നേഹവും വെളിപ്പെടുത്തി വായനക്കാരനെ വശീകരിക്കുന്നു.[5] ഈ കൃതി ഒരു ദൈവശാസ്ത്രവ്യവസ്ഥയോ പൗലോസിന്റെ ജീവിതദൗത്യത്തിന്റെ സംഗ്രഹമോ എന്നതിനു പകരം അദ്ദേഹത്തിന്റെ നായകശില്പമാണെന്ന് പൊതുവേ സമ്മതിക്കപ്പെട്ടിരിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന എൻ ടി റൈറ്റ്സ് തുടർന്ന് അതിനെ ഇങ്ങനെ പുകഴ്ത്തുന്നു:-
നൂറ്റാണ്ടുകളിലൂടെ ക്രിസ്തീയചിന്തയെ സമഗ്രമായി സ്വാധീനിച്ച ഒരു രചനയാണ് റോമാക്കാർക്കെഴുതിയ ലേഖനം. സഭാപിതാവായ അഗസ്റ്റിനും പ്രൊട്ടസ്റ്റന്റ് നവീകരണനായകന്മാരായ ലൂഥറും കാൽവിനും മുതൽ ഇരുപതാം നൂറ്റാണ്ടിലെ പ്രഖ്യാത പൊട്ടസ്റ്റന്റ് ചിന്തകനായ കാൾ ബാർട്ട് വരെയുള്ളവരെ ഇതു നിർണ്ണായകമായി സ്വാധീനിച്ചു. ക്രൈസ്തവീകരിക്കപ്പെട്ട റോമാസാമ്രാജ്യത്തിന്റെ തകർച്ചയിൽ നിരാശപ്പെടാതെ, നാഗരികതയുടെ പതനത്തെ അതിജീവിക്കുന്ന ഒരു രാഷ്ട്രത്തെ സങ്കല്പിക്കാൻ അഗസ്റ്റിനെ സഹായിച്ചത് ഈ ലേഖനമാണ്.[൧] മദ്ധ്യയുഗങ്ങളിലെ അതിരുവിട്ട സ്ഥാപനവൽക്കരണവും ആഡംബരവും മൂലം ക്രൈസ്തവലോകം ജീർണ്ണിച്ചപ്പോൾ ദൈവത്തിന്റെ പ്രഭുത്വത്തെ അംഗീകരിച്ച് വിശ്വാസത്തിലൂടെ നീതീകരിക്കപ്പെടുന്നവരുടെ സമൂഹം എന്ന ഇതിലെ ആശയം പാശ്ചാത്യസഭയിലെ പ്രൊട്ടസ്റ്റന്റ് നവീകരണസംരംഭത്തിന്റെ നേതാക്കളായ ലൂഥറിനും കാൽവിനും വഴികാട്ടിയായി. ഭൗതികപുരോഗതി ദൈവപ്രീതിയുടെ ലക്ഷണമായി ചിത്രീകരിക്കപ്പെട്ട ഇരുപതാം നൂറ്റാണ്ടിൽ, മാനുഷികനേട്ടങ്ങളെ ദൈവകൃപയ്ക്കു പകരമായി കാണുന്നതിനെതിരെയുള്ള നിലപാടെടുക്കാൻ കാൾ ബാർട്ടിനെ പ്രേരിപ്പിച്ചതും ഈ ലേഖനമാണ്. യഹൂദജനതയുമായുള്ള ദൈവത്തിന്റെ പ്രത്യേകബന്ധത്തിന്റെ തുടർപ്രസക്തിയെ പിന്തുണക്കുന്ന ഇതിലെ നിലപാട്, പുരാതന ഇസ്രായേലിന്റെ ഇന്നത്തെ പിന്തുടർച്ചക്കാരെ കാലഹരണപ്പെട്ട ഒരു ജനതയായി കാണാനുള്ള ക്രിസ്തീയമനോഭാവത്തിനു വെല്ലുവിളിയായി നിൽക്കുന്നു.[3] കുറിപ്പുകൾ൧ ^ ക്രിസ്തുമതത്തിലേക്കുള്ള അഗസ്തിന്റെ ക്രമേണയുള്ള പരിവർത്തനത്തിന് അന്തിമപ്രേരണയായതു പോലും, റോമാക്കാർക്കെഴുതിയ ലേഖനം 13-ആം അദ്ധ്യായത്തിലെ ഈ അവസാനവാക്യങ്ങളുടെ വായന ആയിരുന്നു: "കൂത്താട്ടവും മദ്യപാനവും, ദുർവൃത്തിയും തോന്ന്യാസവും, കലഹവും അസൂയയും വിട്ട് പകലിനിണങ്ങും വിധം നമുക്കു വ്യാപരിക്കാം. കർത്താവായ യേശുക്രിസ്തുവിനെ ധരിക്കാം. ജഡികാസക്തികളെ തൃപ്തിപ്പെടുത്താൻ ഒരുമ്പെടാതിരിക്കാം." [7] ലേഖനംഅവലംബം
|
Portal di Ensiklopedia Dunia