റ്റു കിൽ എ മോക്കിങ്ങ്ബേർഡ് (നോവൽ)
പുലിറ്റ്സർ പുരസ്കാരം നേടിയ ഒരു ഇംഗ്ലീഷ് നോവലാണ് റ്റു കിൽ എ മോക്കിങ്ങ്ബേർഡ്. ഹാർപർ ലീയാണ് ഈ നോവലിന്റെ രചയിതാവ്. 1960-ൽ പുറത്തിറങ്ങിയ കൃതി ഉടനെതന്നെ കാര്യമായി വിറ്റഴിയുകയും നിരൂപകപ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. റ്റു കിൽ എ മോക്കിങ്ങ്ബേർഡ് ഇന്ന് അമേരിക്കൻ സാഹിത്യത്തിലെ ക്ലാസ്സിക്കുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1936-ൽ ലീക്ക് പത്തു വയസ്സായിരിക്കെ അവരുടെ പട്ടണത്തിനടുത്ത് നടന്ന ഒരു സംഭവത്തെ ഭാഗികമായി ആസ്പദിച്ചെഴുതിയ ഈ നോവൽ, അവരുടെ കുടുംബത്തെയും അയൽക്കാരെയും കുറിച്ചുള്ള നിരീക്ഷണങ്ങളെക്കൂടി അടിസ്ഥാനമാക്കുന്നു. വർണ്ണവിവേചനം, ബലാത്സംഗം എന്നീ ഗൗരവമായ വിഷയങ്ങളെ പ്രതിപാദിക്കുന്നുവെങ്കിലും ഈ കൃതി ഊഷ്മളതയ്ക്കും ഹാസ്യത്തിനും പ്രശസ്തമാണ്. നോവലിലെ കാഥികയുടെ പിതാവായ ആറ്റികസ് ഫിഞ്ച് വായനക്കാർക്ക് വീരപുരുഷനും അഭിഭാഷകർക്ക് സത്യസന്ധതയുടെ മാതൃകയുമാണ്. "അമേരിക്കയിൽ ഇരുപതാം നൂറ്റാണ്ടിൽ വർണ്ണവിവേചത്തെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ഏറ്റവുമധികം വായിക്കപ്പെട്ടത് ഒരുപക്ഷെ റ്റു കിൽ എ മോക്കിങ്ങ്ബേർഡ് എന്ന നോവലായിരിക്കാം. വർണ്ണവിവേചനത്തിനെതിരെ നിലകൊണ്ട വീരപുരുഷകഥാപാത്രങ്ങളിൽ വച്ച് ഏറ്റവും മനസ്സിൽ തങ്ങുന്ന ചിത്രം ഇതിലെ നായകനായ ആറ്റികസ് ഫിഞ്ചിന്റേതുമാകാം"[൧] എന്നാണ് നോവലിന്റെ പ്രാധാന്യത്തെ ഒരു വിമർശകൻ വിവരിച്ചത്.[1] തെക്കൻ ഗോതിക് നോവൽ, ബിൽഡുങ്സ്റൊമാൻ എന്നീ വിഭാഗങ്ങളിൽ നോവലിനെ ഉൾപ്പെടുത്താം. വർണ്ണവിവേചനത്തിലെ അനീതിയെയും നിഷ്കളങ്കതയുടെ അവസാനത്തെയും നോവൽ പ്രമേയമാക്കുന്നു. വർഗ്ഗം, ധീരത, കരുണ, തെക്കൻ സംസ്ഥാനങ്ങളിലെ സ്ത്രീപുരുഷവ്യത്യാസങ്ങൾ എന്നീ വിഷയങ്ങളും നോവൽ കൈകാര്യം ചെയ്യുന്നതായി പണ്ഡിതന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സഹിഷ്ണുതയ്കും മുൻവിധികളില്ലാതിരിക്കേണ്ടതിനും പ്രാധാന്യം നൽകുന്ന കൃതി ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിലെ പല വിദ്യാലയങ്ങളിലും പാഠപുസ്തകമാണ്. എങ്കിലും പുസ്തകം പാഠ്യപദ്ധതികളിലും ഗ്രന്ഥശാലകളിലും നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി പല മുന്നേറ്റങ്ങളുമുണ്ടായിട്ടുണ്ട്. ഇത്രയും പ്രശസ്തി കൈവരിച്ചുവെങ്കിലും നോവൽ കറുത്തവർഗ്ഗക്കാരെ കൈകാര്യം ചെയ്ത രീതിയിൽ ചില വായനക്കാർ അസന്തുഷ്ടരാണെന്ന് എഴുത്തുകാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നോവൽ പുറത്തിറങ്ങിയ ഉടനെത്തന്നെ മുപ്പതോളം പത്രമാസികകളെങ്കിലും നിരൂപണങ്ങളെഴുതിയിരുന്നു. നിരൂപണങ്ങൾ വിലയിരുത്തലിൽ വളരെയധികം വേറിട്ടുനിന്നു. അടുത്തകാലത്ത് ബ്രിട്ടീഷ് ലൈബ്രേറിയന്മാർ "മരിക്കുന്നതിനുമുമ്പ് ഓരോ മുതിർന്ന വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയിൽ" ബൈബിളിനും മുകളിലായി നോവലിനെ ഉൾപ്പെടുത്തി.[2] 1962-ൽ നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ അതേ പേരിലുള്ള ചലച്ചിത്രം മൂന്ന് ഓസ്കാറുകൾ നേടി. 1990 മുതൽ വർഷത്തിലൊരിക്കൽ ഹാർപർ ലീയുടെ ജന്മസ്ഥലമായ അലബാമയിലെ മൺറോവില്ലിൽ നോവലിനെ അടിസ്ഥാനമാക്കി ഒരു നാടകവും പ്രദർശിപ്പിക്കപ്പെടുന്നു. നാല്പതിലേറെ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ള നോവലിന്റെ മൂന്ന് കോടിയിലേറെ കോപ്പികൾ വിറ്റുതീർന്നിട്ടുണ്ട്. അനേകം പുരസ്കരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിയെത്തിയിട്ടുണ്ട്. രചനാചരിത്രം![]() 1926-ൽ അലബാമയിലെ മൺറോവില്ലിലാണ് ഹാർപർ ലീ ജനിച്ചത്. പിന്നീട് എഴുത്തുകാരനായി പേരെടുത്ത ട്രൂമാൻ കാപോട്ട് അവരുടെ ബാല്യകാലസുഹൃത്തായിരുന്നു. മോണ്ട്ഗോമറിയിലെ ഹണ്ടിങ്ങ്ടൺ കോളേജിൽ പഠിച്ച ശേഷം നിയമപഠനത്തിനായി 1945-ൽ അലബാമ സർവകലാശാലയിലേക്ക് പോയി. കോളേജ് വിദ്യാഭ്യാസത്തിനിടെ കലാലയമാസികകളിൽ എഴുതുമായിരുന്നു. കലാലയങ്ങളിൽ അക്കാലത്ത് ആരും വിഷയമാക്കാതിരുന്ന വർണ്ണവിവേചനത്തെക്കുറിച്ചുള്ള ചെറുകഥകളാണ് കൂടുതലും എഴുതിയിരുന്നത്.[3] 1950-ൽ ന്യൂ യോർക്ക് നഗരത്തിലേക്ക് താമസം മാറ്റിയ ലീ ബ്രിട്ടീഷ് ഓവർസീസ് എയർവേസ് കോർപ്പറേഷനിൽ റിസർവേഷൻ ക്ലർക്കായി ജോലി നേടി. അവിടെവച്ച് മൺറോവില്ലിലെ ജനങ്ങളെക്കുറിച്ച് ചെറുകഥകളുടെയും ഉപന്യാസങ്ങളുടെയും ഒരു സഞ്ചയം എഴുതാനാരംഭിച്ചു. പ്രസിദ്ധീകരിക്കാനായി ഈ രചനകൾ കാപോട്ട് നിർദ്ദേശിച്ച ഒരു ഏജന്റിന് 1957-ൽ കാണിച്ചുകൊടുത്തു. ജെ.ബി. ലിപ്പിൻകോട്ട് ആൻഡ് കോയിൽ ജോലി ചെയ്തിരുന്ന ഒരു എഡിറ്റർ ക്ലർക്ക് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലീയോട് നിർദ്ദേശിച്ചു. സുഹൃത്തുക്കൾ സാമ്പത്തികമായി സഹായിച്ചതിനാൽ എഴുത്തിനു വേണ്ടി ഒരു വർഷം ജോലിയിൽ നിന്ന് മാറിനിൽക്കാൻ അവർക്ക് സാധിച്ചു.[4] റ്റു കിൽ എ മോക്കിങ്ങ്ബേർഡ് പൂർത്തിയാക്കാൻ ലീ രണ്ടര വർഷമെടുത്തു. നാഷണൽ എൻഡോവ്മെന്റ് ഫോർ ദി ആർട്സിലെ വിവരണമനുസരിച്ച് എഴുത്തിനിടെ ക്ഷമ നശിച്ച ലീ ഒരിക്കൽ കൈയെഴുത്തുപ്രതി ജനാലയിലൂടെ മഞ്ഞിലേക്ക് വലിച്ചെറിഞ്ഞു. ഏജന്റ് അവരെക്കൊണ്ട് അത് തിരിച്ചെടുപ്പിക്കുകയാണുണ്ടായത്.[5] 1960 ജൂലൈ 11-നാണ് നോവൽ പ്രസിദ്ധീകൃതമായത്. ആദ്യം ആറ്റികസ് എന്ന് പേരിട്ടിരുന്ന കൃതി വെറും കഥാപാത്രവിവരണത്തിലുപരിയാണെന്ന് കാണിക്കാനാണ് പേര് റ്റു കിൽ എ മോക്കിങ്ങ്ബേർഡ് എന്ന് മാറ്റിയത്.[6] ആയിരത്തോളം പ്രതികളേ ചെലവാകുകയുള്ളൂ എന്നാണ് ലിപ്പിൻകോട്ടിലെ എഡിറ്റോറിയൽ സംഘം ലീയോട് പറഞ്ഞിരുന്നത്. നോവൽ വലിയ വിജയമൊന്നുമാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും പുസ്തകം നിരൂപകരുടെ കൈയാൽ കരുണയോടെ പെട്ടെന്ന് വധിക്കപ്പെടുമെന്നും എന്നാൽ കൃതി ഇഷ്ടപ്പെട്ട ആരെങ്കിലും തന്നെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് കരുതിയതെന്നും ലീ പിന്നീട് പറഞ്ഞു. എന്നാൽ കരുണയോടെയുള്ള വധം പോലെ തന്നെ ഭയാനകമായ പരസ്യമായ പ്രോത്സാഹനമാണ് തനിക്ക് ലഭിച്ചത്.[൨][7] റീഡേഴ്സ് ഡൈജസ്റ്റ് ഭാഗികമായി പുനഃപ്രസിദ്ധീകരിച്ചതോടെ പുസ്തകത്തിന് ധാരാളം വായനക്കാരുണ്ടായി.[8] അതുകഴിഞ്ഞ് ഇന്നുവരെ പുസ്തകത്തിന്റെ പ്രസിദ്ധീകരണം നിലച്ചിട്ടില്ല. കഥാസംഗ്രഹം![]() അലബാമയിലെ കാല്പനികനഗരമായ മേകോംബിൽ 1930-കളിലെ മൂന്ന് വർഷങ്ങളിലാണ് കഥ നടക്കുന്നത്. സ്കൗട്ട് എന്നറിയപ്പെടുന്ന ആറു വയസ്സുകാരിയായ ജീൻ ലൂയിസ ഫിഞ്ചിന്റെ വീക്ഷണകോണിലൂടെയാണ് നോവലിന്റെ ആഖ്യാനം. അമ്മ മരിച്ചതിനാൽ നാല് വയസ്സിന് മൂത്ത സഹോദരൻ ജെറെമിയോടും (ജെം) അച്ഛൻ ആറ്റികസിനോടുമൊപ്പമാണ് സ്കൗട്ട് ജീവിക്കുന്നത്. മധ്യവയസ്കനായ ആറ്റികസ് അഭിഭാഷകനാണ്. അമ്മായിയോടൊപ്പം വേനൽക്കാലം മേകോംബിൽ ചിലവഴിക്കാനെത്തിയ ചാൾസ് ബേക്കർ ഹാരിസ് (ഡിൽ) എന്ന കുട്ടിയുമായി ജെമും സ്കൗട്ടും ചങ്ങാത്തത്തിലാകുന്നു. ഏത് സമയവും വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടുന്ന അയൽക്കാരനായ ആർതർ റാഡ്‌ലിയെ (ബൂ) കുട്ടികൾക്ക് ഭയമാണ്. സ്ഥലത്തെ മുതിർന്നവർ ബൂയെക്കുറിച്ച് സംസാരിക്കാറേയില്ല. വർഷങ്ങളായി അധികമാരും അയാളെ കണ്ടിട്ടുമില്ല. ബൂ കാണാൻ എങ്ങനിരിക്കുമെന്നും അയാൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ കാരണമെന്തെന്നും കുട്ടികൾ സങ്കല്പിക്കാൻ ശ്രമിക്കുന്നു. ഡില്ലുമൊത്തുള്ള രണ്ട് വേനലവധികൾക്കു ശേഷം റാഡ്‌ലിമാരുടെ വീട്ടിനു പുറത്തെ ഒരു മരത്തിൽ തങ്ങൾക്കായി ആരോ ചെറിയ സമ്മാനങ്ങൾ കൊണ്ടുവയ്ക്കുന്നുണ്ടെന്ന് സ്കൗട്ടും ജെമും മനസ്സിലാക്കുന്നു. കുട്ടികളെ സ്നേഹിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ധാരാളം കാര്യങ്ങൾ ബൂ ചെയ്യുന്നുവെങ്കിലും ഒരിക്കലും അവർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നില്ല. വെളുത്തവർഗ്ഗക്കാരിയായ മായെല്ല യൂവെൽ എന്ന യുവതിയെ ബലാത്സംഗം ചെയ്തു എന്ന കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന ടോം റോബിൻസണു വേണ്ടി വാദിക്കാൻ കോടതി ആറ്റികസിനോടാവശ്യപ്പെടുന്നു. മേകോംബിലെ പൗരന്മാരധികവും എതിർക്കുന്നുവെങ്കിലും ടോമിനെ രക്ഷിക്കാൻ ആവുന്നത്ര പരിശ്രമിക്കാൻ ആറ്റികസ് തീരുമാനിക്കുന്നു. മറ്റു കുട്ടികൾ ആറ്റികസ് "കാപ്പിരിപ്രേമി" ആണെന്ന് പറഞ്ഞ് കുട്ടികളെ പ്രകോപിപ്പിക്കുന്നു. ആറ്റികസ് വിലക്കിയിട്ടുണ്ടെങ്കിലും അച്ഛന്റെ അഭിമാനത്തിനുവേണ്ടി അവരോട് ഏറ്റുമുട്ടാൻ സ്കൗട്ട് ശ്രമിക്കുന്നു. ടോമിനെ കൊല്ലാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളെ ആറ്റികസിനും നേരിടേണ്ടി വരുന്നു. രംഗത്തെത്തുന്ന കുട്ടികൾ അവരെ കാര്യങ്ങൾ ആറ്റികസിന്റെയും ടോമിന്റെയും വീക്ഷണകോണിൽ നിന്ന് കാണാൻ പ്രേരിപ്പിക്കുന്നതോടെ അവർ പിന്തിരിയുന്നു. കുട്ടികൾ കോടതിയിലേക്ക് വരേണ്ടെന്ന് ആറ്റികസ് വിലക്കുന്നതിനാൽ അവർ കറുത്തവർഗ്ഗക്കാർക്കായുള്ള പ്രത്യേക ബാൽക്കണിയിൽ നിന്നാണ് വാദപ്രതിവാദം കാണുന്നത്. മായെല്ലയും പിതാവ് മദ്യപാനിയായ ബോബ് യൂവെലും കള്ളം പറയുകയാണെന്ന് ആറ്റികസ് തെളിയിക്കുന്നു. മായെല്ല യഥാർത്ഥത്തിൽ ടോമിനെ വശീകരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും ഇത് കണ്ടെത്തിയ അച്ഛനാണ് മായെല്ലയെ തല്ലിയത് എന്നും തെളിയുന്നു. ടോം നിരപരാധിയെന്ന് തെളിഞ്ഞിട്ടും അയാൾ കുറ്റക്കാരനാണെന്നാണ് വിധി വരുന്നത്. ടോമിനെ കോടതി തൂക്കിക്കൊല്ലാൻ വിധിക്കുന്നതോടെ ജെമിന് നീതിവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകുന്നു. അപ്പീൽ നൽകി ടോമിനെ രക്ഷിക്കാൻ ആറ്റികസ് ശ്രമം നടത്തുന്നതിനിടെ ജയിൽ ചാടാൻ ശ്രമിക്കുന്ന ടോമിനെ അധികൃതർ വെടിവച്ചുകൊല്ലുന്നു. വിധി തനിക്കനുകൂലമായെങ്കിലും ജനങ്ങളുടെ മുമ്പിൽ അപഹാസ്യനാക്കപ്പെട്ട ബോബ് യൂവെൽ പ്രതികാരപ്രതിജ്ഞയെടുക്കുന്നു. അയാൾ തെരുവിൽ വച്ച് ആറ്റികസിന്റെ മുഖത്ത് തുപ്പുകയും ജഡ്ജിയുടെ വീട്ടിൽ അയാളില്ലാത്ത സമയം നോക്കി കയറി മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ടോമിന്റെ വിധവയെയും ബോബ് ഉപദ്രവിക്കുന്നു. ഒടുവിൽ ഒരു രാത്രി ജെമും സ്കൗട്ടും സ്കൂളിലെ ഹാലോവീൻ പരിപാടി കഴിഞ്ഞ് തനിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അവരെ ആക്രമിച്ച് കൊല്ലാൻ ബോബ് ശ്രമിക്കുന്നു. മൽപ്പിടിത്തത്തിനിടെ ജെം കൈയൊടിഞ്ഞ് അബോധാവസ്ഥയിലാകുന്നുവെങ്കിലും ഒരു അജ്ഞാതൻ കുട്ടികളുടെ രക്ഷയ്ക്കെത്തുകയും അവരെ വീട്ടിലെത്തിക്കുകയും ചെയ്യുന്നു. വീട്ടിൽ വച്ച് അത് ബൂ റാഡ്ലിയാണെന്ന് സ്കൗട്ട് മനസ്സിലാക്കുന്നു. രംഗത്തെത്തുന്ന മേകോംബ് പോലീസ് മേധാവിയായ ഹെക്ക് ടേറ്റ് ബോബ് കൊല്ലപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു. കൊലക്കുറ്റം ജെം, ബൂ ഇവരിലാരുടെയെങ്കിലും മേൽ ചാർത്തുന്നത് വിഡ്ഢിത്തവും അധാർമ്മികതയുമായിരിക്കുമെന്ന് ടേറ്റ് ആറ്റികസിനെ പറഞ്ഞ് മനസ്സിലാക്കുന്നു. വാദിക്കാൻ ആറ്റികസ് ശ്രമിക്കുന്നുവെങ്കിലും ഒടുവിൽ സ്വന്തം കത്തിമേൽ വീണാണ് ബോബ് മരിച്ചത് എന്ന ടേറ്റിന്റെ വാദം അംഗീകരിക്കുന്നു. തന്റെ കൂടെ വീട്ടിലേക്ക് നടക്കാൻ ബൂ സ്കൗട്ടിനോടാവശ്യപ്പെടുന്നു. വാതിൽക്കൽ വച്ച് ഇരുവരും പിരിയുന്നതിനു ശേഷം ബൂ വീണ്ടും സ്വയം തീർത്ത വീട്ടുതടങ്കലിൽ തുടരുന്നു. ജീവിതത്തെ അയാളുടെ വീക്ഷണകോണിൽ നിന്ന് നോക്കിക്കാണാൻ ശ്രമിക്കുന്ന സ്കൗട്ട് അയാളുടെ അനേകം ഉപകാരങ്ങൾക്ക് ഒരിക്കലും തങ്ങൾ നന്ദി പറയുകയോ പ്രത്യുപകാരം നൽകുകയോ ചെയ്തില്ലല്ലോ എന്ന് പശ്ചാത്തപിക്കുന്നു. ആത്മകഥാപരമായ അംശങ്ങൾ![]() റ്റു കിൽ എ മോക്കിങ്ങ്ബേർഡ് ആത്മകഥയല്ലെന്നും എന്നാൽ "ഒരു എഴുത്തുകാരൻ തനിക്ക് അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി എങ്ങനെ എഴുതണമെന്നുള്ളതിന് ഉദാഹരണമാണെന്നും" ഹാർപർ ലീ പറഞ്ഞിട്ടുണ്ട്.[9] ലീയുടെ ബാല്യകാലത്തെ പല സംഭവങ്ങളും പരിചയമുള്ള വ്യക്തികളും നോവലിലേതുമായി വളരെയധികം സാമ്യം പുലർത്തുന്നു. ലീയുടെ അച്ഛൻ അമസ കോൾമാൻ ലീ ആറ്റികസ് ഫിഞ്ചിനെപ്പോലെ അഭിഭാഷകനായിരുന്നു. 1919-ൽ കൊലക്കുറ്റം ആരോപിക്കപ്പെട്ട രണ്ട് കറുത്തവർഗ്ഗക്കാർക്കുവേണ്ടി അദ്ദേഹം വാദിച്ചു. എന്നാൽ കുറ്റവാളികളെന്ന് വിധിക്കപ്പെട്ട അവർ തൂക്കിലേറ്റപ്പെടുകയും അവരുടെ ശവശരീരങ്ങൾ വികൃതമാക്കപ്പെടുകയും ചെയ്തു.[10] ഇതിനുശേഷം അദ്ദേഹം ക്രിമിനൽ കേസുകളൊന്നും വാദിച്ചില്ല. മൺറോവില്ലിലെ ദിനപത്രത്തിന്റെ എഡിറ്ററും പ്രസാധകനും കൂടിയായിരുന്നു അമസ കോൾമാൻ. ആറ്റികസിൽ നിന്ന് വ്യത്യസ്തനായി ആദ്യകാലത്ത് വർണ്ണവിവേചനത്തെ അനുകൂലിച്ചിരുന്നുവെങ്കിലും പിന്നീട് ഈ ചിന്തയിൽ അയവുവന്നു.[11] സ്കൗട്ടിന്റെ അമ്മ അവർക്ക് രണ്ടുവയസ്സുള്ളപ്പോഴേ മരണമടഞ്ഞെങ്കിൽ ഹാർപർ ലീയുടെ അമ്മ മരിച്ചത് അവർക്ക് 25 വയസ്സുള്ളപ്പോഴാണ്. എന്നാൽ മാനസികപ്രശ്നങ്ങളുണ്ടായിരുന്ന ലീയുടെ അമ്മയ്ക്ക് അവരുടെ ജീവിതത്തിൽ കാര്യമായ സ്വാധീനമില്ലായിരുന്നു.[12] ജെമിനെപ്പോലെ നാല് വയസ്സിന് മൂത്ത എഡ്വിൻ എന്ന സഹോദരനും ലീക്കുണ്ടായിരുന്നു. നോവലിലെ കാല്പൂർണിയയെപ്പോലെ കറുത്തവർഗ്ഗക്കാരിയായ ഒരു ജോലിക്കാരി ദിവസവും അവരുടെ വീട്ടിൽ വരുമായിരുന്നു. ഡിൽ എന്ന കഥാപാത്രം രൂപപ്പെടുത്തിയിരിക്കുന്നത് ലീയുടെ ബാല്യകാലസുഹൃത്തായ ട്രൂമാൻ കാപോട്ടിനെ (അക്കാലത്ത് ട്രൂമാൻ പെർസൺസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്) അടിസ്ഥാനമാക്കിയാണ്.[13][14] വേനൽക്കാലത്ത് സ്കൗട്ടിന്റെ അയൽക്കാരനായിരുന്നു ഡിൽ എങ്കിൽ ട്രൂമാൻ അമ്മ ന്യൂയോർക്ക് സന്ദർശിക്കുന്ന വേളകളിൽ ലീയുടെ അയൽക്കാരിയായ തന്റെ അമ്മായിയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്.[15] ഡില്ലിനെപോലെ കാപോട്ടിനും അസാധാരണമായ ഭാവനയും കഥകളുണ്ടാക്കാനുള്ള ശേഷിയുമുണ്ടായിരുന്നു. ധാരാളം വായിക്കാനിഷ്ടപ്പെട്ടിരുന്ന ലീയും കാപോട്ടും മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തരായിരുന്നു. ആൺകുട്ടികളെപ്പോലെ പെരുമാറുമായിരുന്ന ലീ ധാരാളമായി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു. സങ്കീർണ്ണമായ ഭാഷയും ഉച്ചാരണവൈകല്യവും മൂലം കാപോട്ടിനെ മറ്റു കുട്ടികൾ കളിയാക്കുമായിരുന്നു. കൂട്ടുകാരിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട ഇരുവരും പെട്ടെന്ന് സുഹൃത്തുക്കളായി. കാപോട്ട് തങ്ങളെയിരുവരെയും വിശേഷിപ്പിച്ചത് "വ്യത്യസ്തർ" (apart people) എന്നാണ്.[16] ലീയുടെ അച്ഛൻ നൽകിയ ടൈപ് റൈറ്ററിൽ കഥകളെഴുതുകയും അത് നാടകമാക്കി ഇരുവരും ചേർന്ന് അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇരുവരും ചേർന്ന് 1960-ൽ കാൻസസ് സംസ്ഥാനത്തേക്ക് അവിടെ നടന്ന കൂട്ടകൊലപാതകത്തെക്കുറിച്ചന്വേഷിക്കാൻ നടത്തിയ യാത്രയാണ് കാപോട്ടിന്റെ നോവലായ ഇൻ കോൾഡ് ബ്ലഡിന് അടിസ്ഥാനമായത്. ഏതു സമയവും വീടടച്ചിട്ടിരുന്ന ഒരു കുടുംബം ലീയുടെ വീടിനടുത്ത് താമസിച്ചിരുന്നു. അവിടത്തെ മകൻ ഒരു കേസിൽ പെട്ടതിനെത്തുടർന്ന് അച്ഛൻ 24 വർഷം അവനെ വീട്ടുതടങ്കലിൽ വയ്ക്കുകയാണുണ്ടായത്. ഒടുവിൽ എല്ലാവരും മറന്ന ആ മനുഷ്യൻ 1952-ൽ മരണമടഞ്ഞു.[17] ടോം റോബിൻസന്റെ മാതൃക ആരെന്ന് വ്യക്തമല്ല. ഒന്നിലധികം സംഭവങ്ങൾ ടോമിന്റെ പാത്രസൃഷ്ടിക്ക് പ്രചോദനമായിട്ടുണ്ടാകാം എന്ന് ഊഹങ്ങളുണ്ട്. ലീക്ക് പത്തുവയസ്സായിരിക്കെ മൺറോവില്ലിനടുത്തുള്ള ഒരു വെള്ളക്കാരി വാൾടർ ലെറ്റ് എന്ന കറുത്തവർഗ്ഗക്കാരൻ തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ചു. ഈ കഥയും തുടർന്നുണ്ടായ കോടതിനടപടികളും ലീയുടെ അച്ഛന്റെ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ലെറ്റ് കുറ്റവാളിയെന്ന് വിധിച്ച കോടതി അയാളെ വധശിക്ഷയ്ക്ക് വിധിച്ചു. കുറ്റാരോപണം കളവാണെന്ന് പറഞ്ഞ് ധാരാളം കത്തുകൾ വന്നതിനെത്തുടർന്ന് വധശിക്ഷ ജീവപര്യന്തമാക്കി മാറ്റി. ജയിലിൽ വച്ച് ക്ഷയരോഗബാധിതനായ ലെറ്റ് 1937-ൽ മരിച്ചു.[18] സ്കോട്ട്ബറോ ബോയ്സ് സംഭവവും കഥാതന്തുവിനെ സ്വാധീനിച്ചിരിക്കാം എന്നും അഭിപ്രായമുണ്ട്.[19] രണ്ട് വെളുത്തവർഗ്ഗക്കരായ സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നാരോപിക്കപ്പെട്ട ഒമ്പത് കറുത്തവർഗ്ഗക്കാർ തെളിവുകൾ അപര്യാപ്തമായിരുന്നിട്ടും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സംഭവമാണ് സ്കോട്ട്ബറോ ബോയ്സ് സംഭവം. എന്നാൽ തെക്കന്മാരുടെ മുൻവിധികളെ വെളിവാക്കാൻ സ്കോട്ട്സ്ബറോ കേസ് ഉദാഹരണമാക്കാമെങ്കിലും തന്റെ മനസ്സിലുണ്ടായിരുന്നത് ഇത്ര സെൻസേഷണലല്ലായിരുന്ന ഒരു സംഭവമാണെന്ന് ലീ 2005-ൽ പറഞ്ഞു.[20] 1955-ൽ ഒരു വെള്ളക്കാരിയുടെ നേരെ ചൂളമടിച്ചതിന് കൊല ചെയ്യപ്പെട്ട പതിനാലുകാരനായ എമ്മെറ്റ് ടില്ലും ടോമിന് മാതൃകയായിരിക്കാം എന്ന് പറയപ്പെടുന്നു.[21] രചനാശൈലി
ലീയുടെ കഥപറയാനുള്ള കഴിവിനെ അവരുടെ രചനാശൈലിയിലെ ഏറ്റവും ശക്തമായ അംശമായി നിരൂപകർ കണക്കാക്കുന്നു. ഒരു നിരൂപണം തന്ത്രപരമായ അത്യുജ്ജ്വലത (tactical brilliance) എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.[22] മറ്റൊരു പണ്ഡിതൻ ഇപ്രകാരം എഴുതി : "കഥ പറയാനുള്ള അസാമാന്യമായ കഴിവ് ഹാർപ്പർ ലീക്കുണ്ട്. അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ്. പരിണാമത്തിന്റെ ഏച്ചുകെട്ടലുകളില്ലാതെ ഒരു രംഗം മറ്റൊന്നിലേക്ക് അലിഞ്ഞുചേരുന്നു."[23] ചുറ്റുപാടുകളെ നിരീക്ഷിക്കുന്ന കുട്ടിയും ബാല്യകാലം അയവിറക്കുന്ന മുതിർന്ന സ്ത്രീയും ചേർന്ന വ്യക്തിയാണ് നോവലിലെ കാഥിക. ആഖ്യാനത്തിലെ ഈ മിശ്രണവും ഫ്ലാഷ്ബാക്കിന്റെ ഉപയോഗവും വീക്ഷണകോണുകൾ കൊണ്ട് കളിക്കാൻ നോവലിസ്റ്റിനെ സഹായിക്കുന്നു.[24] കുട്ടികളുടെ നിരീക്ഷണങ്ങൾ, മുതിർന്നവരുടെ പരിതഃസ്ഥിതികൾ, മറച്ചുവയ്ക്കപ്പെടുന്ന ഉദ്ദേശ്യങ്ങൾ, ചോദ്യം ചെയ്യപ്പെടാത്ത സാമ്പ്രദായികത എന്നിവയെയെല്ലാം ഉപയോഗപ്പെടുത്തുന്ന ഈ ആഖ്യാനരീതി "ആനന്ദജനകമാംവിധം വഞ്ചിക്കുന്ന" (delightfully deceptive) നോവലായി റ്റു കിൽ എ മോക്കിങ്ങ്ബേർഡിനെ മാറ്റുന്നു.[25] എന്നാൽ സ്കൗട്ടിന്റെ ഭാഷയിലെ സങ്കീർണ്ണതയെയും കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാനുള്ള കഴിവിനെയും വായനക്കാർ ചോദ്യം ചെയ്യുന്നതിനും ഇത് വഴിവയ്ക്കുന്നു.[26] സ്കൗട്ടിനെയും ജെമിനെയും പോലെ പൂർണ്ണമായ സംരക്ഷണത്തിൽ വളരുന്ന കുട്ടികൾക്ക് ടോമിന്റെ ജീവൻ തന്നെ തുലാസിലായുള്ള വിചാരണയുടെ ഗുരുത്വം മനസ്സിലാക്കാനുള്ള ശേഷിയെ ഹാർഡിങ്ങ് ലെമേ, നോവലിസ്റ്റും വിമർശകനുമായ ഗ്രാൻവിൽ ഹിക്ക്സ് എന്നിവർ ചോദ്യം ചെയ്തിട്ടുണ്ട്.[27][28] ദുഃഖപര്യവസായിയായ കഥയിലും ഹാസ്യം ഉപയോഗിക്കുന്ന ലീയുടെ രീതിയെപ്പറ്റി ജാക്വലിൻ ടാവെർണിയെർ-കർബിൻ ഇപ്രകാരം പറയുന്നു : "ചിരി സുന്ദരമായ പുറംതൊലിക്കടിയിലുള്ള പഴുപ്പിനെ പുറത്തുകൊണ്ടുവരുന്നു, അതിനെ വിലകുറക്കുകയും ചെയ്യുന്നു: ഒരാൾ നോക്കിച്ചിരിക്കുന്ന ഒന്നിനും അയാളെ നിയന്ത്രിക്കാൻ സാധ്യമല്ല."[൪] ആൺകുട്ടികളെ തല്ലുകയും സാധാരണ പെൺകുട്ടികളുടെ വസ്ത്രങ്ങൾ ധരിക്കാൻ കൂട്ടാക്കാതിരിക്കുകയും വെറുതെ തെറിപറയുകയും ചെയ്യുന്ന സ്കൗട്ട് ചിരിപ്പിക്കുന്ന കഥാപാത്രമാണ്. എന്നാൽ സ്കൗട്ടിന്റെ വീക്ഷണകോണിലൂടെ കഥ പറയുന്ന ലീ ഹാസ്യാനുകരണം, ആക്ഷേപഹാസ്യം, നിന്ദാസ്തുതി എന്നിവയിലൂടെ സങ്കീർണ്ണമായ പ്രശ്നങ്ങളെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ടാവെർണിയെർ-കർബിൻ പറയുന്നു. തന്നെ വിവാഹം കഴിക്കാമെന്ന് വാക്കുനൽകിയ ഡിൽ ജെമിനോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നത് ഇഷ്ടപ്പെടാത്ത സ്കൗട്ട് ഡിൽ തന്നെ ഗൗനിക്കാനുള്ള എറ്റവും നല്ല മാർഗ്ഗം അവനെ തല്ലുകയാണെന്ന് കരുതുന്നു - അനേകം തവണ ഇത് പ്രവൃത്തിയിൽ കൊണ്ടുവരുകയും ചെയ്യുന്നു.[29] സ്കൗട്ടിന്റെ സ്കൂളിലെ ആദ്യ ദിനം അവൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന് വിശദീകരിക്കാൻ ലീ ആക്ഷേപഹാസ്യമാണ് ഉപയോഗിക്കുന്നത്. ആറ്റികസ് അവളെ എഴുത്തും വായനയും പഠിപ്പിച്ചതിനാലുണ്ടായ "നാശം" ഇല്ലാതാക്കണമെന്നും ആറ്റികസിൽ നിന്ന് കൂടുതൽ പഠിക്കരുതെന്നുമാണ് അദ്ധ്യാപിക സ്കൗട്ടിനോട് പറയുന്നത്. [30] തമാശയല്ലാത്ത സംഭവങ്ങളെ നിന്ദാസ്തുതിയിലൂടെയാണ് ലീ വരച്ചുകാട്ടുന്നത്. വർണ്ണവിവേചനത്തെ അനുകൂലിക്കുന്ന മേകോംബ് സമൂഹം എന്നിട്ടും എങ്ങനെ "നന്നായിരിക്കാൻ" ആത്മാർത്ഥമായി പരിശ്രമിക്കുന്നു എന്ന് സ്കൗട്ടും ജെമും മനസ്സിലാക്കാൻ ശ്രമിക്കുന്നു. ആക്ഷേപഹാസ്യവും നിന്ദാസ്തുതിയും ധാരാളമായി ഉപയോഗിക്കുന്നതിനാൽ നോവലിന്റെ പേരിന് സാധ്യമായ മറ്റൊരു വിശദീകരണവും ടാവെർണിയെർ-കർബിൻ നൽകുന്നു : പുസ്തകത്തിലൂടെ ലീ വിദ്യാഭ്യാസത്തെയും നീതിന്യയവ്യവസ്ഥയെയും എല്ലാം കളിയാക്കുകയാണ് (mocking).[31] കഥ മുന്നോട്ടുകൊണ്ടുപോകാൻ ലീ ഉപയോഗിക്കുന്ന രസമുള്ള മാർഗ്ഗങ്ങളെയും നിരൂപകർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.[32] ആറ്റികസ് പട്ടണത്തിനു പുറത്തുപോകുമ്പോൾ ജെം കളിക്കിടെ പള്ളിയിലെ സഹപാഠിയെ പള്ളിയിലെ ചൂളയ്ക്കടുത്തായി പൂട്ടിയിടുന്നു. വീട്ടുജോലിക്കാരിയായ കാല്പൂർണിയ കുട്ടികളെ കറുത്തവർഗ്ഗക്കാർക്കായുള്ള പള്ളിയിലേക്ക് കൊണ്ടുപോകുന്നു. അവരുടെയും ടോമിന്റെയും ജീവിതത്തെക്കുറിച്ച് കുട്ടികൾക്ക് ധാരണ നൽകാൻ ഈ സംഭവം സഹായിക്കുന്നു.[33] ഹാലോവീൻ പരിപാടികൾക്കിടെ ഉറങ്ങിപ്പോകുന്ന സ്കൗട്ട് നാടകത്തിൽ രംഗത്തെത്തുന്നത് കാണികൾക്കിടയിൽ പൊട്ടിച്ചിരിക്ക് കാരണമാകുന്നു. നാടകവേഷത്തിൽ തന്നെ വീട്ടിലേക്ക് പോകാൻ സ്കൗട്ട് തീരുമാനിക്കുന്നു. ബോബ് യൂവെൽ ആക്രമിക്കുമ്പോൾ ഈ വേഷമാണ് സ്കൗട്ടിനെ രക്ഷിക്കുന്നത്[34] വിഭാഗങ്ങൾറ്റു കിൽ എ മോക്കിങ്ങ്ബേർഡിനെ തെക്കൻ ഗോതിക് നോവൽ, ബിൽഡുങ്സ്റൊമാൻ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നു. ബൂ റാഡ്ലിയുടെയും അയാളുടെ വീടിന്റെയും ലോകാതീതമായ കഴിവുകളും ടോം റോബിൻസൺ വർണ്ണവിവേചനം മൂലം അനുഭവിക്കുന്ന അനീതിയും മൂലം ഈ നോവലിനെ ഗോതിക് വിഭാഗത്തിൽ ഉൾപ്പെടുത്താം.[35][36] മേകോംബിലെ കോടതിമുറിയുടെ വാസ്തുവിദ്യയെക്കുറിച്ചും ബൂ റാഡ്ലിയായുള്ള ഡിലിന്റെ അഭിനയത്തെക്കുറിച്ചും പരാമർശിക്കാൻ ലീ "ഗോതിക്" എന്ന പദമുപയോഗിച്ചിട്ടുണ്ട്.[37] പുറമെക്കാർക്കും തെക്കൻ ഗോതിക് നോവലുകളിൽ പ്രധാന സ്ഥാനമുണ്ട്. മേകോംബിലെ എല്ലാ അധികാരസ്ഥാനങ്ങളെയും - വിദ്യാലയത്തെയും അദ്ധ്യാപകരെയും നീതിന്യായവ്യവസ്ഥയെയും മതസ്ഥാപനത്തെയുമെല്ലാം - ലീ ചോദ്യം ചെയ്യുന്നു. എങ്കിലും സമൂഹം മുഴുവൻ ഒറ്റപ്പെടുത്തുകയാണെങ്കിലും സ്വന്തം മനഃസാക്ഷിയെയാണ് അനുസരിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന ആറ്റികസിനെ സ്കൗട്ട് എല്ലാത്തിലും മുകളിലുള്ള അധികാരസ്ഥാനമായി കരുതുന്നു.[38] എന്നാൽ ബൂ റാഡ്ലി മാനുഷികവും നന്മനിറഞ്ഞതുമായ കഥാപാത്രമാണെന്നതിനാൽ നോവലിനെ തെക്കൻ ഗോതിക് വിഭാഗത്തിലുൾപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യുന്നവരുണ്ട്. മദ്യപാനം, അഗമ്യഗമനം, ബലാത്സംഗം, വർണ്ണവിവേചനം എന്നിവയെക്കുറിച്ചെല്ലാം ലീ എഴുതിയത് മെലോഡ്രാമയില്ലാതെ യഥാതഥമായായിരുന്നു താനും. കഥാപാത്രങ്ങളുടെ പ്രശ്നങ്ങളെ ആഗോളതലത്തിലുള്ളവയായാണ് ലീ കണക്കാക്കിയത്.[36] കുട്ടികളായിരിക്കെ സ്കൗട്ടും ജെമും നോവലിൽ ജീവിതത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുകയും അവയിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു എന്നതിനാൽ നിരൂപകർ നോവലിനെ "ബിൽഡുങ്സ്റൊമാൻ" എന്ന വിഭാഗത്തിലുൾപ്പെടുത്തുന്നു. അയൽക്കാർ തങ്ങളെ നിരാശപ്പെടുത്തുന്നതിനെ സ്കൗട്ടിനെക്കാൾ ജെമിന്റെ വീക്ഷണകോണിലൂടെയാണ് ലീ പരിശോധിക്കുന്നത്. ടോമിന്റെ കാര്യത്തിൽ വിധി വന്നതിന്റെ അടുത്ത ദിവസം ജെം മിസ് മൗഡിയോട് ഇങ്ങനെ പറയുന്നു : "ഒരു പുഴുക്കൂടിനകത്ത് ജീവിക്കുന്ന പുഴുവിനെപ്പോലെയാണ്. മേകോംബിലെ ജനങ്ങൾ ലോകത്തിൽ വച്ച് ഏറ്റവും നല്ലവരാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. അവരെ കണ്ടാൽ അങ്ങനെ തോന്നുമായിരുന്നു."[൫] വർണ്ണ, വർഗ്ഗ വ്യത്യാസങ്ങളെ മനസ്സിലാക്കാൻ ജെം ബുദ്ധിമുട്ടുന്നു. വളർന്നുവരുന്ന മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായൊരു പെൺകുട്ടി എന്ന നിലയിൽ സ്കൗട്ടിന് അഭിമുഖീകരിക്കേണ്ടി വരുന്ന യാഥാർത്ഥ്യങ്ങളെയും നോവൽ പരിശോധിക്കുന്നു. തന്റെ അനുഭവങ്ങളിൽ നിന്ന് സമൂഹത്തിലെ തന്റെ സ്ഥാനവും സ്ത്രീ എന്ന നിലയിൽ തനിക്കുണ്ടാകാൻ പോകുന്ന ശക്തിയും സ്കൗട്ട് മനസ്സിലാക്കുന്നതിനാൽ നോവലിനെ ഫെമിനിസ്റ്റ് ബിൽഡുങ്സ്റൊമാൻ വിഭാഗത്തിൽ പെടുത്തുന്നവരുണ്ട്.[൬] പ്രതിപാദ്യവിഷയങ്ങൾ
പ്രസിദ്ധീകരണത്തിന് ഉടനെത്തന്നെ വളരെ പ്രശസ്തി നേടിയെങ്കിലും റ്റു കിൽ എ മോക്കിങ്ങ്ബേർഡ് മറ്റ് ആധുനിക അമേരിക്കൻ ക്ലാസ്സിക്കുകളെപ്പോലെ ആഴത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടില്ല. നോവലിനെക്കുറിച്ച് അനേകം പുസ്തകങ്ങളും ലേഖനങ്ങളുമെഴുതിയ ക്ലോഡിയ ഡഴ്സ്റ്റ് ജോൺസൺ 1994-ൽ എഴുതി : "പുറത്തിറങ്ങി 33 വർഷം കഴിഞ്ഞിട്ടും റ്റു കിൽ എ മോക്കിങ്ങ്ബേർഡ് ഒരു ഗവേഷണപ്രബന്ധത്തിന് വിഷയമായിട്ടില്ല. നോവലിനെക്കുറിച്ച് ആറ് സാഹിത്യപഠനങ്ങളേ പുറത്തിറങ്ങിയിട്ടുള്ളൂ - അവയിൽ തന്നെ മിക്കതും ഒന്നുരണ്ട് പേജ് മാത്രം ദൈർഘ്യമുള്ളതാണ്"[39] നോവലിന് മനോവികാരങ്ങളെ ഇളക്കിമറിക്കാനുള്ള ശക്തി അത് അധികം പരിശോധിക്കപ്പെടാതിരിക്കുന്നതിന്റെ കൂടി ഫലമാണ് എന്ന് മറ്റൊരു എഴുത്തുകാരൻ 2003-ൽ പറഞ്ഞു[൮] 1960-കൾക്ക് ശേഷം ഹാർപർ ലീ തന്നെ അവരുടെ നോവലിനെ വ്യാഖ്യാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു. തന്റെ പുസ്തകത്തിനു ലഭിച്ച ഉത്സാഹപൂർണ്ണമായ പ്രതികരണത്തെക്കുറിച്ച് അപൂർവ്വമായി പത്രാധിപർക്കയച്ച ഒരു കത്തിൽ ലീ ഇപ്രകാരം എഴുതി : "തെക്കൻ സംസ്ഥാനക്കാരുടെയെല്ലാം പൈതൃകമായ ക്രിസ്തീയസത്തയുള്ള മാന്യതയുടെയും പെരുമാറ്റത്തിന്റെയും ചട്ടമാണ് പുസ്തകം ചെറുവാക്കുകളിലൂടെ നിർമ്മിക്കുന്നതെന്ന് അല്പമെങ്കിലും ചിന്താശേഷിയുള്ള ആർക്കും മനസ്സിലാകും"[൯][40] തെക്കൻ സംസ്ഥാനങ്ങളിലെ ജീവിതവും വർണ്ണവിവേചനവുംപുസ്തകം പുറത്തിറങ്ങിയതോടെ കഥാതന്തു രണ്ട് വ്യത്യത ഭാഗങ്ങളായിട്ടാണെന്ന് നിരൂപകർ ചൂണ്ടിക്കാട്ടി - ഇവയെ തമ്മിൽ ബന്ധിപ്പിക്കാനുള്ള ലീയുടെ കഴിവിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്.[41] ആദ്യത്തെ ഭാഗം ബൂ റാഡ്‌ലിയെക്കുറിച്ചും അയല്പക്കത്ത് കുട്ടികൾ അനുഭവിച്ചിരുന്ന സുരക്ഷയെയും സുഖത്തെയും കുറിച്ചായിരുന്നു. അയൽക്കാരെക്കുറിച്ചുള്ള സ്കൗട്ടിന്റെയും ജെമിന്റെയും നിരീക്ഷണങ്ങൾ മിക്ക നിരൂപകർക്കും ഇഷ്ടപ്പെട്ടു. മേകോംബ് ജനതയെക്കുറിച്ചുള്ള വിശദമായ പ്രതിപാദനത്തെക്കുറിച്ച് വളരെ മതിപ്പ് തോന്നിയ ഒരു എഴുത്തുകാരൻ പുസ്തകത്തെ "തെക്കൻ കാല്പനികപ്രാദേശികത" എന്ന വിഭാഗത്തിൽ പെടുത്തി.[42] നോവലിലെ മിക്ക കഥാപാത്രങ്ങളുടെയും പെരുമാറ്റത്തെ തെക്കൻ വർണ്ണവ്യവസ്ഥയുപയോഗിച്ച് വിശദീകരിക്കുന്നതിൽ ഈ വൈകാരികപ്രാദേശികത പ്രകടമാണ്. മേകോംബ് വാസികളുടെ കുറ്റങ്ങളെയും ഗുണങ്ങളെയും അലക്സാണ്ട്ര അമ്മായി വിശദീകരിക്കുന്നത് കുടുംബപുരാണമുപയോഗിച്ചാണ് (ചൂതാട്ടത്തിന്റെയും മദ്യപാനത്തിന്റെയും ചരിത്രമുള്ള കുടുംബങ്ങൾ).[43] കാഥികയാകട്ടെ ഫിഞ്ച് കുടുംബത്തിന്റെയും മേകോംബിന്റെയും ചരിത്രത്തെക്കുറിച്ച് വളരെയധികം വിവരണം നൽകുന്നു. ടോമിനെ വശീകരിക്കാനുള്ള തന്റെ ശ്രമങ്ങളെ സമ്മതിക്കാനുള്ള മായെല്ലയുടെ ത്രാണിയില്ലായ്മയിലും "ഉള്ളതുപയോഗിച്ച് ഏറ്റവും ഉത്തമമായത് ചെയ്യുന്ന അവബോധമുള്ളവരാണ് നല്ല ആളുകൾ" എന്ന ആറ്റികസിന്റെ നിർവചനത്തിലും ഈ പ്രാദേശികത കൂടുതൽ വ്യക്തമാകുന്നു. കഥാപാത്രങ്ങളെക്കാൾ തെക്കൻ സംസ്ഥാനങ്ങളിലെ രീതികളും വിലക്കുകളുമാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്.[42] നോവലിന്റെ രണ്ടാം ഭാഗം തെക്കൻ സംസ്ഥാനങ്ങളിലെ വെളുത്തവർഗ്ഗക്കാർ നീഗ്രോകളോട് പെരുമാറുന്ന രീതിയെക്കുറിച്ചാണ്. നോവൽ പുറത്തിറങ്ങിയ ഉടനെയുള്ള വർഷങ്ങളിൽ അത് പ്രധാനമായും വർണ്ണവ്യത്യാസത്തെക്കുറിച്ചുള്ളതാണ് എന്ന രീതിയിലാണ് വീക്ഷിക്കപ്പെട്ടത്.[44] അലബാമയിൽ വർണ്ണവിവേവചനവുമായി ബന്ധപ്പെട്ട് നടന്ന രണ്ട് സംഭവങ്ങളാണ് നോവലിന് അടിസ്ഥാനമെന്ന് ന്യായമായും കരുതാമെന്ന് ക്ലോഡിയ ഡഴ്സ്റ്റ് ജോൺസൺ പറയുന്നു : ബസിൽ കറുത്തവർഗ്ഗക്കാർക്കായുള്ള പിൻഭാഗത്തേക്ക് മാറാൻ റോസ പാർക്സ് വിസമ്മതിച്ചതിന്റെ ഫലമായുണ്ടായ 1955-ലെ മോണ്ട്ഗോമറി ബസ് ബഹിഷ്കരണവും, ഓതെറിൻ ലൂസി, പോളീ മയേഴ്സ് എന്ന കറുത്തവർഗ്ഗക്കാരായ രണ്ട് കുട്ടികളെ പ്രവേശിപ്പിച്ചതിനാൽ അലബാമ സർവകലാശാലയിൽ 1956-ലുണ്ടായ കലാപവും (ഇവരിൽ മയേഴ്സ് തന്റെ അപേക്ഷ പിൻവലിക്കുകയും ലൂസി പുറത്താക്കപ്പെടുകയും ചെയ്തു).[45] നോവലിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച് രണ്ട് സാഹിത്യപണ്ഡിതർ ഇപ്രകാരവും പറഞ്ഞിട്ടുണ്ട് : "ആഭ്യന്തരയുദ്ധത്തിനും പുനർനിർമ്മാണത്തിനും ശേഷം തെക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രധാനവും സംഘർഷഭരിതവുമായ സാമൂഹികപരിവർത്തനത്തിനിടയിലാണ് റ്റു കിൽ എ മോക്കിങ്ങ്ബേർഡ് എഴുതപ്പെടുന്നതും പ്രസിദ്ധീകരിക്കപ്പെടുന്നതും. 1930-കളിലാണ് കഥ നടക്കുന്നതെങ്കിലും ഈ പരിവർത്തനം മൂലമുള്ള 1950-കളിലെ സംഘർഷങ്ങളുടെയും പിരിമുറുക്കത്തിന്റെയും ഭീതിയുടെയും ശബ്ദത്തിലാണ് നോവലിന്റെ ആഖ്യാനം."[൧൦][46] അമേരിക്കയിലെ വർണ്ണബന്ധങ്ങൾക്കുമേൽ നോവലിനുണ്ടായ പ്രഭാവം അതിന്റെ വിജയത്തിന്റെ കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. "പൗരാവകാശപ്രസ്ഥാനത്തിന്റെ വളർച്ച മൂലമുള്ള വർണ്ണപിരിമുറുക്കങ്ങളുമായി പൊരുത്തപ്പെടാൻ തെക്കൻ സംസ്ഥാനങ്ങളും അമേരിക്കയും ശ്രമിക്കുന്നതിനിടെ തക്ക സമയത്ത് സഹായവുമായാണ് പുസ്തകം അവതരിച്ചത്".[൧൧][47] ഹാർപർ ലീ പൗരാവകാശപ്രസ്ഥാനത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും പ്രസ്ഥാനവുമായി നോവലിന്റെ പ്രസിദ്ധീകരണത്തിനുള്ള അഭേദ്യമായ ബന്ധം മൂലം അവരുടെ ജീവചരിത്രങ്ങളിലും പുസ്തകത്തിന്റെ പഠനങ്ങളിലും പ്രസ്ഥാനചരിത്രത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള ധാരാളം വിവരണങ്ങളുണ്ട്.[48][49][50] ടോം റോബിൻസൺറ്റെ മാതൃക എമ്മെറ്റ് ടിൽ ആയിരുന്നുവെന്ന് അഭിപ്രായപ്പെടുന്ന പാട്രിക് ക്യുര ഇരുവർക്കും സഹിക്കേണ്ടിവന്ന അനീതികൾ എണ്ണിക്കാണിക്കുന്നു. കറുത്തവർഗ്ഗക്കാരനായ ബലാത്കാരി പവിത്രമായ തെക്കൻ സ്ത്രീത്വത്തെ ഉപദ്രവിക്കുന്ന ബിംബം ക്യൂറ ചൂണ്ടിക്കാട്ടുന്നു.[21] ലൈംഗികമെന്ന സൂചനയെങ്കിലും നൽകുന്ന തരത്തിൽ കറുത്തവർഗ്ഗക്കാരായ പുരുഷന്മാർ വെള്ളക്കാരികളോട് എന്ത് ചെയ്താലും പറഞ്ഞാലും "കുറ്റവാളിക്ക്" അക്കാലത്ത് മരണശിക്ഷയായിരുന്നു ലഭിച്ചിരുന്നത്. ടോം നിരപരാധിയെന്ന് കാണിക്കുന്ന ധാരാളം തെളിവുകളുണ്ടായിരുന്നിട്ടും ദരിദ്രരായ വെളുത്തവർഗ്ഗക്കാരായ കർഷകരടങ്ങിയ വിധികർത്താക്കളുടെ സമിതി അയാൾ കുറ്റവാളിയെന്ന് വിധിക്കുന്നു. കൂടുതൽ വിദ്യാഭ്യാസമുള്ള മിതവാദികളായ ജനങ്ങൾ പോലും വിധിയെ അനുകൂലിക്കുന്നു. അനീതിക്കിരയായ നോവലിലെ കറുത്തവർഗ്ഗക്കാരൻ കുറ്റം ചെയ്യാൻ പോലും സാധിക്കാത്ത വികലാംഗനായിരുന്നു.[21] വെളുത്തവർഗ്ഗക്കാരായ തെക്കൻ എഴുത്തുകാരുടെ രചനകളിലെ "അവിവേകിയും തുണയറ്റവനും തനിക്കുവേണ്ടി പ്രതിരോധിക്കാനാകാത്തവനുമായ, വെള്ളക്കാർ നീതിയോടെ കാര്യങ്ങൾ നടത്തുന്നതിനെ ആശ്രയിച്ചുകഴിയുന്ന"[൧൨] കറുത്തവർഗ്ഗക്കാരന്റെ വാർപ്പുമാതൃകയ്ക്ക് ഉദാഹരണമാണ് ടോം.[51] വാദത്തിന്റെ തലേന്ന് കൊലചെയ്യാൻ വരുന്ന സംഘത്തിൽ നിന്ന് ആറ്റികസിന്റെയും കുട്ടികളുടെയും ഇടപെടലിലൂടെ രക്ഷപ്പെടുന്നെങ്കിലും ടോം ജയിൽ ചാടാൻ ശ്രമിക്കുന്നതിനിടെ അത്യന്തം ഹിംസാത്മകമായ രീതിയിൽ 17 വെടിയുണ്ടകളേറ്റ് കൊല്ലപ്പെടുന്നു. വർണ്ണവിവേചനവും അനീതിയും പ്രതീകാത്മകമായും നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ ജോലിയല്ലാതിരുന്നിട്ടുകൂടി ഭ്രാന്തൻനായയെ ആറ്റികസിന് കൊല്ലേണ്ടിവരുന്നു. [52] മേകോംബ് ജനതയുടെ മുൻവിധിയുടെ പ്രതീകമാണ് നായ എന്ന് കരോലിൻ ജോൺസ് പറയുന്നു. വിജനമായ തെരുവിൽ കാത്തുനിന്ന് നായയെ വെടിവച്ചുകൊല്ലുന്ന ആറ്റികസിനു തന്നെ വെള്ളക്കാരായ പൗരന്മാരുടെ സഹായമില്ലാതെ പട്ടണത്തിലെ വർണ്ണവിവേചനത്തിനെതിരെ തനിച്ച് പോരാടേണ്ടിവരുന്നു.[53] വാദത്തിന്റെ തലേന്ന് ടോമിനെ കൊലചെയ്യാനായി വരുന്ന ആൾക്കൂട്ടത്തിൽ നിന്ന് അയാളെ രക്ഷിക്കുമ്പോഴും ടോമിനായി വാദിക്കുമ്പോഴും ആറ്റികസ് ഒറ്റയ്ക്കാണ്. ഭ്രാന്തൻനായയുടെ സംഭവത്തിൽ നിന്നുള്ള സ്വപ്നസമാനമായ ബിംബങ്ങൾ കോടതിയിലെ ചില രംഗങ്ങളെ വിവരിക്കാൻ ലീ ഉപയോഗിക്കുന്നു. ജോൺസ് എഴുതുന്നു : "ടോം റോബിൻസൺറ്റെ മനുഷ്യപ്രകൃതിയെപ്പോലും നിഷേധിക്കുന്ന വർണ്ണവിവേചനമാണ് മേകോംബിലെ യഥാർത്ഥ ഭ്രാന്തൻനായ. ജൂറിക്കു മുമ്പിൽ ആറ്റികസ് വാദിക്കുമ്പോൾ ജൂറിയുടെയും പട്ടണജനതയുടെയും കോപത്തിന് തലവച്ചുകൊടുക്കുകയാണ്"[൧൩][53] വർണ്ണവിവേചനത്തെക്കുറിച്ച് സംസാരിക്കുന്നുവെങ്കിലും നോവലിലെ കറുത്തവർഗ്ഗക്കാരായ കഥാപാത്രങ്ങളെക്കുറിച്ച് വെളുത്തവർഗ്ഗക്കാരെപ്പോലെ സമഗ്രമായ പ്രതിപാദനമില്ല.[54] വർണ്ണവിവേചനപരമായ വിശേഷണങ്ങളുള്ളതിനാലും കറുത്തവർഗ്ഗക്കാരായ കഥാപാത്രങ്ങളെ അന്ധവിശ്വാസികളായ വാർപ്പുമാതൃകകളായി അവതരിപ്പിക്കുന്നതിനാലും കാല്പൂർണിയയെ അങ്കിൾ ടോംസ് കാബിനിലെ സംതൃപ്തനായ അടിമയുടെ പുതിയൊരു രൂപം മാത്രമായി ചിത്രീകരിക്കുന്നതിനാലും നോവൽ കറുത്തവർഗ്ഗക്കാരെ തരംതാഴ്ത്തിക്കാട്ടുന്നതായി കരുതുന്നവരുണ്ട്.[55] സ്കൗട്ടിന്റെ ആഖ്യാനം മൂലം വായനക്കാർക്ക് നിഷ്കളങ്കരും സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരുമായി നിൽക്കാൻ സാധിക്കുന്നു. "സ്കൗട്ടിന്റെ ശബ്ദത്തിലെ 'ഞാനല്ല' സ്വരം കറുത്തവരും വെളുത്തവരും ആണുങ്ങളും പെണ്ണുങ്ങളുമായ നമ്മെ സമൂഹത്തിലെ നമ്മുടെ സ്ഥാനം മനസ്സിലാക്കാൻ സഹായിക്കുന്നു."[൧൪][54] വർണ്ണവ്യത്യാസവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ വെളുത്തവർഗ്ഗക്കാരായ വായനക്കാർ പൊതുവെ നല്ല രീതിയിൽ സ്വീകരിച്ചെങ്കിലും കറുത്തവർഗ്ഗക്കാരായ വായനക്കാരിൽ നിന്നുള്ള പ്രതികരണം മിശ്രമായിരുന്നു. നോവലിനുവേണ്ടി ദി ഇംഗ്ലീഷ് ജർണൽ പ്രസിദ്ധീകരിച്ച അധ്യാപനസഹായി ഇപ്രകാരം പറയുന്നു : "ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് ആശ്ചര്യജനകവും ശക്തവുമായി തോന്നുന്നത് മറ്റൊരു കൂട്ടത്തിന് താഴ്ത്തിക്കെട്ടുന്നതായി തോന്നാം."[൧൫][56] കാനഡയിൽ നിന്നുള്ള ഒരു ലാംഗ്വേജ് ആർട്സ് കൺസൾട്ടന്റ് കണ്ടെത്തിയത് വെള്ളക്കാരായ വിദ്യാർത്ഥികളിൽ നോവൽ നല്ല പ്രഭാവമുണ്ടാക്കിയപ്പോൾ കറുത്തവർഗ്ഗക്കാർക്ക് കൃതി മനോവീര്യം കെടുത്തുന്നതായി അനുഭവപ്പെട്ടു എന്നാണ്. സ്കൂളിൽ നാടകത്തിൽ കാല്പുർണിയയുടെ ഭാഗമവതരിപ്പിച്ച ഒരു പെൺകുട്ടി തന്റെ പ്രതികരണം ഇപ്രകാരം വ്യക്തമാക്കി : "അത് (നോവൽ) വെള്ളക്കാരുടെ വീക്ഷണകോണിൽ നിന്നാണ്, ഏതാണ്ടൊരു റേസിസ്റ്റ് വീക്ഷണകോണിൽ നിന്ന്. ആഫിക്കൻ അമേരിക്കൻ കഥാപാത്രങ്ങളെക്കുറിച്ച് നാം കാര്യമായൊന്നും കാണുന്നില്ല. അവരെ വ്യക്തിപരമായ തലത്തിൽ മനസ്സിലാക്കാൻ സാധിക്കുകയില്ല. എങ്കിലും നോവലിന് സാർവജനികമായ ഒരു സന്ദേശം നൽകാനുണ്ട്. നോവൽ അടിസ്ഥാനപരമായി വർണ്ണവിവേചനത്തെക്കുറിച്ചാണെന്ന് എനിക്കറിയാം, എങ്കിലും നോവലിൽ നിന്ന് അതുമാത്രമല്ല ലഭിക്കുന്നത്"[൧൬][57] വർഗ്ഗംതെക്കൻ അലബാമയുടെ ജെയ്ൻ ഓസ്റ്റിൻ ആകാൻ താൻ ആഗ്രഹിച്ചിരുന്നതായി 1964-ൽ ഒരു അഭിമുഖത്തിൽ ഹാർപർ ലീ വ്യക്തമാക്കുകയുണ്ടായി.[36] ഇരുവരും കൈകാര്യം ചെയ്ത വിഷയങ്ങളിൽ സമാനതകൾ കാണാനാകും. ലീയും ഓസ്റ്റിനും സമൂഹത്തിലെ നിലവിലുള്ള അവസ്ഥയെ എതിർക്കുകയും സമൂഹത്തിലെ സ്ഥാനത്തെക്കാൾ വ്യക്തികളുടെ മൂല്യത്തിന് വില കൽപിക്കുകയും ചെയ്തു. ഒരിക്കൽ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ പാവപ്പെട്ട വാൾട്ടർ കണ്ണിങ്ങ്ഹാമിനെ സ്കൗട്ട് കളിയാക്കുമ്പോൾ കാൽപൂർണിയ അവളെ വഴക്കുപറയുകയും ശിക്ഷിക്കുകയും ചെയ്യുന്നു.[58] അവർ കറുത്തവർഗ്ഗക്കാരിയായ ഒരു വീട്ടുജോലിക്കാരി മാത്രമായിരുന്നിട്ടും ആറ്റികസ് അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കുന്നു. പിന്നീട് സഹോദരി അലക്സാണ്ട്ര അവരെ പിരിച്ചുവിടണമെന്ന് ശക്തിയായി ആവശ്യപ്പെടുമ്പോഴും ആറ്റികസ് കാൽപൂർണിയക്ക് വേണ്ടി നിലകൊള്ളുന്നു.[59] താൻ കൂട്ടത്തിൽപെടാനാഗ്രഹിക്കാത്ത സ്ത്രീകളെ സ്കൗട്ട് ഓസ്റ്റീനിയൻ രീതിയിൽ വിമർശിക്കുന്നതായി ഒരെഴുത്തുകാരൻ വിലയിരുത്തുന്നു.[60] ലീയും ഓസ്റ്റിനും പ്രാധാന്യം നൽകുന്ന കാര്യങ്ങളായി സമൂഹത്തിലെ ക്രമം (order), അനുസരണ, courtesy, സാമൂഹികസ്ഥാനം നോക്കാതെയുള്ള ബഹുമാനം എന്നിവയെ സാഹിത്യവിമർശകനായ ജീൻ ബ്ലാക്ക്ആൾ എണ്ണുന്നു.[36]
വർണ്ണവിവേചനത്തിന് കാരണമായ മുൻവിധികൾ "വെളുത്തവർഗ്ഗക്കാരിലെ ചവറിന്റെ" മേൽ മാത്രമായി കെട്ടിവയ്ക്കുന്നതിലും ഏറെ സങ്കീർണ്ണമായ രീതിയിലാണ് ലീ വർണ്ണ, വർഗ്ഗ വ്യത്യാസങ്ങളെ കൈകാര്യം ചെയ്തത് എന്നാണ് പണ്ഡിതമതം. ലിംഗ, വർഗ്ഗപ്രശ്നങ്ങൾ മുൻവിധികളെ ശക്തിപ്പെടുത്തുന്നതും നിലവിലുള്ള സാമൂഹികക്രമത്തെ എതിർക്കുന്നവരെ നിശ്ശബ്ദരാക്കുന്നതും വർണ്ണവിവേചനത്തിന്റെ കാരണത്തെക്കുറിച്ച് അമേരിക്കക്കാർക്കുള്ള ധാരണയെ സങ്കീർണ്ണമാക്കുന്നതും എങ്ങനെയെന്ന് ഹാർപർ ലീ കാണിച്ചുതരുന്നു.[46] മധ്യവർഗ്ഗത്തിന്റെ ശബ്ദത്തിലുള്ള ആഖ്യാനത്തിലൂടെ എല്ലാ വർഗ്ഗങ്ങളിലും സംസ്കാരങ്ങളിലും നിന്നുള്ള വായനക്കാരുമായി അടുപ്പം സ്ഥാപിക്കാനും നൊസ്റ്റാൾജിയ ഉണർത്താനും നോവലിന് സാധിക്കുന്നു. സ്കൗട്ടിന്റെയും ജെമിന്റെയും വീക്ഷണകോണിലൂടെ കാര്യങ്ങൾ കാണുന്ന വായനക്കാർക്ക് യാഥാസ്ഥിതികയായ മിസ്സിസ് ഡുബോസ്, കീഴാളവർഗ്ഗത്തിൽപെട്ട യൂവെലുമാർ, അത്രതന്നെ പാവപ്പെട്ടവരും എന്നാൽ വളരെ വ്യത്യസ്തരുമായ കണ്ണിങ്ങ്ഹാമുമാർ, സമ്പന്നനെങ്കിലും സാമൂഹികഭ്രഷ്ടനായ ഡോൾഫസ് റേമണ്ട്, കാൽപൂർണിയ ഉൾപ്പെടെയുള്ള കറുത്തവർഗ്ഗക്കാർ എന്നിവരെല്ലാവരുമായും ബന്ധം സ്ഥാപിക്കാനാകുന്നു. മറ്റൊരാളുടെ വീക്ഷണകോണിലൂടെ ലോകത്തെ നോക്കിക്കാണുന്നതുവരെ അയാളെക്കുറിച്ച് മുൻവിധികളില്ലാതിരിക്കണം എന്നുപറയുന്ന ആറ്റികസിനെ അനുസരിക്കുന്ന കുട്ടികൾ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.[46] സ്വീകരണംപുസ്തകം കാര്യമായി വിറ്റുപോകില്ലെന്ന് എഡിറ്റർമാർ ലീയെ താക്കീത് ചെയ്തിരുന്നുവെങ്കിലും പ്രസിദ്ധീകരണത്തിന് ഉടൻ തന്നെ അത് പ്രസിദ്ധിയാർജ്ജിച്ചു. സാഹിത്യലോകത്ത് മാത്രമല്ല, സ്വന്തം നാടായ മൺറോവില്ലിലും അലബാമയിൽ തന്നെയും ലീ വാർത്താവിഷയമായി മാറി.[61] ഇതിനുശേഷം പുസ്തകത്തിന് അനേകം പതിപ്പുകളുണ്ടായി. ബുക്ക് ഓഫ് ദി മന്ത് ക്ലബിന്റെ ഭാഗമായതും റീഡേഴ്സ് ഡൈജസ്റ്റ് കണ്ടൻസ്ഡ് ബുക്സ് എഡിഷനുകളും മോക്കിങ്ങ്ബേഡിനെ കൂടുതൽ വായനക്കാരിലെത്താൻ സഹായിച്ചു.[62] പ്രസിദ്ധീകരണത്തിന് ഒരു വർഷത്തിനകം തന്നെ നോവൽ പത്ത് ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിരുന്നു. ഇതുവരെ 30 കോടി കോപ്പികളും 40-ലേറെ ഭാഷകളിലേക്ക് തർജ്ജമകളുമുണ്ടായിട്ടുണ്ട്[63] ഇതുവരെ ഒരുകാലവും മോക്കിങ്ങേർഡ് പ്രസിദ്ധീകരണത്തിലല്ലാതിരുന്നിട്ടില്ല. അമേരിക്കയിലെ സ്കൂൾ സിലബസിന്റെ ഭാഗമായി ഇത് മാറിയിട്ടുണ്ട്. 2008-ലെ ഒരു സർവേ പ്രകാരം അമേരിക്കയിൽ 9-12 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ ഏറ്റവുമധികം വായിക്കുന്ന നോവൽ മോക്കിങ്ങ്ബേഡാണ്.[64] 1991-ൽ ബുക്ക് ഓഫ് ദി മന്ത് ക്ലബും ലൈബ്രറി ഓഫ് കോൺഗ്രസ് സെന്ററും നടത്തിയ സർവേ അനുസരിച്ച് ബൈബിൾ കഴിഞ്ഞാൽ പിന്നെ "മാറ്റമുണ്ടാക്കുന്നതായി" ഏറ്റവും കൂടുതൽ തവണ പറയപ്പെട്ടിട്ടുള്ളത് ഈ പുസ്തകത്തെക്കുറിച്ചാണ്.[65] ആവിഷ്കാരങ്ങൾചലച്ചിത്രം1962-ൽ നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ ഒരു ഹോളിവുഡ് ചലച്ചിത്രം പുറത്തിറങ്ങുകയുണ്ടായി. ഗ്രിഗറി പെക്ക് ആണ് ഇതിൽ ആറ്റികസ് ഫിഞ്ചിന്റെ വേഷം അവതരിപ്പിച്ചത്. ചലച്ചിത്രത്തിന്റെ നിർമ്മാതാവായ അലൻ ജെ. പാകുല പാരമൗണ്ട് സ്റ്റുഡിയോ പ്രവർത്തകരുമായി നടന്ന സംഭാഷണം വിവരിക്കുന്നു : "അവർ ചോദിച്ചു, 'ചലച്ചിത്രത്തിൽ എന്ത് കഥയാണ് താങ്കൾ പറയാനുദ്ദേശിക്കുന്നത്?' ഞാൻ മറുപടിയായി ചോദിച്ചു, 'നിങ്ങൾ പുസ്തകം വായിച്ചിട്ടുണ്ടോ?' 'അതെ' 'അതുതന്നെയാണെന്റെ കഥ'"[66] 20 ലക്ഷം ഡോളറിന്റെ ബജറ്റിൽ പുറത്തിറക്കിയ ചിത്രം സാമ്പത്തികമായി വൻ വിജയമായിരുന്നു. 2 കോടി ഡോളറിന്റെ വരുമാനമാണ് മോക്കിങ്ങ്ബേർഡ് നിർമ്മാതാക്കൾക്ക് നേടിക്കൊടുത്തത്. മൂന്ന് ഓസ്കാർ പുരസ്കാരങ്ങളും ചലച്ചിത്രം നേടുകയുണ്ടായി : മികച്ച നടൻ (ഗ്രിഗറി പെക്ക്), മികച്ച ബ്ലാക്ക് ആൻഡ് വൈറ്റ് സെറ്റ് ഡെകറേഷൻ കലാസംവിധാനം, മറ്റൊരു മാധ്യമത്തെ ആസ്പദമാക്കിയുള്ള മികച്ച തിരക്കഥ (ഹോർട്ടൺ ഫൂട്ട്). ഇവയ്ക്കു പുറമെ അഞ്ച് ഓസ്കാറുകൾക്കു കൂടി ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. സ്കൗട്ട് ആയി അഭിനയിച്ച മേരി ബാധാമിന് മികച്ച സഹനടിക്കുള്ള പുരസ്കാരത്തിനുള്ള നാമനിർദ്ദേശവും ഇതിൽ ഉൾപ്പെടുന്നു.[67]
പൊതുവെ പൊതുപരിപാടികളിൽ നിന്നെല്ലാം അകന്നു നിൽക്കുന്ന ഹാർപർ ലീ 2005 മേയിൽ ഗ്രിഗറി പെക്കിന്റെ വിധവയുടെ ക്ഷണം സ്വീകരിച്ച് ലോസ് ആഞ്ചലസ് പബ്ലിക് ലൈബ്രറിയിൽ ഒരു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു. ലീയെക്കുറിച്ച് അവർ ഇപ്രകാരം പറഞ്ഞു: "അവർ ഒരു ദേശീയനിധിയാണ്. ഈ പുസ്തകത്തിലൂടെ അവർ ഒരു മാറ്റം സൃഷ്ടിച്ചു. ഈ പുസ്തകവും ചലച്ചിത്രവും ഇന്നും എന്നത്തെയും പോലെ ശക്തമായി തുടരുന്നു. അമേരിക്കയിലെ എല്ലാ വിദ്യാർത്ഥികളും ഏഴാം തരത്തിലും എട്ടാം തരത്തിലും പടിക്കുമ്പോൾ ഈ പുസ്തകം വായിക്കുകയും ചലച്ചിത്രം കാണുകയും ചെയ്യുന്നു. അവർ എഴുതിയ ഉപന്യാസങ്ങളടങ്ങിയ ആയിരക്കണക്കിന് കത്തുകൾ അധ്യാപകരിൽ നിന്ന് എന്റെ ഭർത്താവിന് ലഭിക്കാറുണ്ടായിരുന്നു"[7] നാടകംനോവലിനെ അടിസ്ഥാനമാക്കി ക്രിസ്റ്റഫർ സെർഗൽ ഒരു നാടകവും നിർമ്മിച്ചിട്ടുണ്ട്. അലബാമയുടെ സാഹിത്യതലസ്ഥാനം എന്ന് സ്വയം വിശേഷിപ്പിക്കുന്ന മൺറോവില്ലിൽ 1990-ലാണ് നാടകം ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. എല്ലാ മേയിലും കൗണ്ടിയിലെ കോർട്ട്ഹൗസ് മൈതാനങ്ങളിൽ നാടകം അവതരിപ്പിക്കപ്പെടുന്നു. നാട്ടുകാർ തന്നെയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇടവേളസമയത്ത് കാണികളിൽ നിന്ന് പന്ത്രണ്ട് വെളുത്തവർഗ്ഗക്കാരെ ജൂറി അംഗങ്ങളുടെ ഭാഗമവതരിപ്പിക്കാൻ തിരഞ്ഞെടുക്കുന്നു. കോടതിമുറിരംഗം അവതരിപ്പിക്കുന്നത് മൺറോ കൗണ്ടി കോർട്ട്ഹൗസിൽ വച്ചാണ്. അവിടെ കാണികൾ വർണ്ണത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചാണ് ഇരുത്തപ്പെടുന്നത്.[72] കുറിപ്പുകൾ
അവലംബം
ഗ്രന്ഥസൂചി
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia