ലിബിയൻ ആഭ്യന്തരയുദ്ധം (2011)
ലിബിയൻ ഭരണകൂടത്തിനെതിരെ പാശ്ചാത്യശക്തികളുടെ സഹായത്തോടെ ലിബിയൻ ജനത ജനാധിപത്യാവകാശങ്ങൾക്കായി നടത്തിയ ആഭ്യന്തര പ്രക്ഷോഭമാണ് ലിബിയൻ ആഭ്യന്തരയുദ്ധം. (കാലയളവ്: ഫെബ്രുവരി15 – ഒക്ടോബർ 23, 2011 (8 മാസവും, 8 ദിവസവും). അറബ് സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിൽ ഏറ്റവും രക്തരൂഷിതമായ പോരാട്ടമാണ് ലിബിയയിൽ എട്ടുമാസക്കാലം സംഭവിച്ചത്. ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയുടെ മുൻ ഭരണാധികാരിയായിരുന്നു മുമദ് അബു മിൻയാർ അൽ-ഗദ്ദാഫി. 1951-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ലിബിയയിലെ രാജാവായിരുന്ന ഇദ്രീസിനെതിരെ 1969-ൽ പട്ടാള വിപ്ലവം നടത്തി അധികാരമേറ്റെടുത്തതു മുതൽ[29] 42 വർഷക്കാലമാണ് ഇദ്ദേഹം ലിബിയയെ അടക്കി ഭരിച്ചിരുന്നത്. ഗദ്ദാഫിയുടെ ജനദ്രോഹപരമായ നടപടികളാലാണ് ലിബിയൻ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടത്. അവസാനം അദ്ദേഹം പ്രക്ഷോഭകരാൽ വെടിയേറ്റു മരിച്ചു[30]. ഗദ്ദാഫിയുടെ അന്ത്യത്തോടെയാണ് ലിബിയൻ ആഭ്യന്തരയുദ്ധം അവസാനിച്ചത്. പശ്ചാത്തലം2011 ആദ്യം ടുണീഷ്യയിൽ പൊട്ടിപ്പുറപ്പെട്ട അറബ് വസന്തത്തിന്റെ ഭാഗമായ ജനരോഷമാണ് ലിബിയയിൽ ഗദ്ദാഫിയുടെ അന്ത്യത്തിനു തുടക്കമിട്ടത്. ഭരണകാലഘട്ടത്തിൽ ഗദ്ദാഫി പിന്നീട് പാശ്ചാത്യ സാമ്രാജ്യത്വത്തോടുള്ള എതിർപ്പിന്റെയും അറബ് ദേശീയതയുടെയും വക്താവായി മാറി. ലിബിയയിലെ എണ്ണവ്യവസായം ദേശസാൽക്കരിക്കുക വഴി ഗദ്ദാഫി പാശ്ചാത്യശക്തികളുടെ അപ്രീതി പിടിച്ചു പറ്റി. ആദ്യകാലം മുതൽ പ്രഷോഭം പൊട്ടിപ്പുറപ്പെടും വരെയും ഗദ്ദാഫിയുടെ ഭരണനടപടികളിൽ ജനങ്ങൾ രോഷാകുലരായിരുന്നു. സാമാന്യബോധത്തിന്റെ അതിരുകൾ ലംഘിച്ചു കൊണ്ടുള്ള ഗദ്ദാഫിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിൽ അസംതൃപ്തിയുളവാക്കി. മകനായ സൈഫൽ ഇസ്ലാമിനെ അടുത്ത ഭരണാധികാരിയാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ ഗദ്ദാഫി നടത്തിയിരുന്നു. ഇതിനെല്ലാമെതിരെയുള്ള ജനരോഷം ശക്തമായി കലാപം പൊട്ടിപ്പുറപ്പെട്ടു. ശക്തമായ കലാപത്തിലും ഗദ്ദാഫി തന്റെ അധികാരത്താൽ ചെറുത്തുനിൽക്കുകയാണ് ചെയ്തത്. 1996-ൽ ഉണ്ടായ ജയിൽകലാപത്തിൽ ആയിരം തടവുകാരെ ഗദ്ദാഫിയുടെ സൈന്യം വെടിവെച്ചുകൊന്നു[31]. ഇതിനെതിരെ ശബ്ദമുയർത്തിയ അഭിഭാഷകൻ ഫാത്തി ടെർബിലിനെ തടവിലാക്കിയതിൽ പ്രതിഷേധിച്ച് ജനങ്ങൾ സമാധാനപരമായി പ്രഷോഭം ആരംഭിച്ചു. ജനങ്ങൾ ഗദ്ദാഫി ഭരണത്തിനെതിരാണെന്നു മനസ്സിലാക്കിയ ഭരണകൂടത്തിലെ പല ഉന്നതരും ഈ സമയത്ത് അദ്ദേഹത്തെ തള്ളിപ്പറയുകയും രാജിവെച്ച് സമരക്കാർക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മാധ്യമപ്രവർത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ലിബിയയിൽ ഗദ്ദാഫി നിരോധനമേർപ്പെടുത്തി. ഇസ്‌ലാമിക സംഘടനാപ്രവർത്തകരെ രാജ്യത്ത് നിരോധിക്കുകയും തന്റെ വിമർശകരെ അടിച്ചമർത്തുകയും ചെയ്തു. കൂടാതെ രാജ്യത്ത് രാഷ്ട്രീയപ്രവർത്തനത്തിനു പൂർണ്ണ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. 2011 ഫെബ്രുവരി 15 മുതൽ ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെൻഗാസിയിൽ വിമതർ ആദ്യമായി തങ്ങളുടെ മുന്നേറ്റം ആരംഭിച്ചു. കലാപത്തിന്റെ ആദ്യഘട്ടങ്ങളിൽ പ്രക്ഷോഭകരെ പട്ടാളത്തെ ഉപയോഗിച്ച് നേരിട്ട ലിബിയയും ഗദ്ദാഫിയും രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ആരോപണങ്ങളും സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നു. സൈനികാക്രമണം തുടർന്നാൽ നടപടി സ്വീകരിക്കുമെന്ന് ലിബിയയ്ക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി. ഈ കാലയളവിൽ ലിബിയയിലെ ഇന്ത്യൻ അംബാസഡർ രാജിവെച്ചിരുന്നു. അറബ് ലീഗിലെ അംബാസഡർ സമരക്കാർക്കൊപ്പം ചേരുകയും നീതിന്യായ മന്ത്രി രാജി വെയ്ക്കുകയും ചെയ്തു. പ്രക്ഷോഭം ആരംഭിച്ച് ഏഴാം ദിവസം ബെൻഗാസിയുൾപ്പെടെ വൻനഗരങ്ങൾ പലതും പ്രക്ഷോഭകർ കൈയ്യടക്കിയതായി മനുഷ്യാവകാശ സംഘടനയായ ഇൻറർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് പാരീസിൽ പ്രഖ്യാപിച്ചു. കലാപത്തിൽ ഇതു വരെ നാനൂറോളം പേർ കൊല്ലപ്പെട്ടതായി ഈ സംഘടന അറിയിച്ചു. ലിബിയ ആഭ്യന്തരയുദ്ധത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഗദ്ദാഫിയുടെ മകൻ സയ്ഫ് അൽ ഇസ്‌ലാം മുന്നറിയിപ്പ് നല്കി. വിദേശികളായ 2500 തൊഴിലാളികളെ പ്രക്ഷോഭകർ ഡർനാ നഗരത്തിൽ വീട്ടുതടങ്കലിലാക്കി. ലിബിയയിലെ തങ്ങളുടെ അംബാസഡറെ വിളിച്ചുവരുത്തി ബ്രിട്ടൻ ആശങ്കയറിയിച്ചു. അടിസ്ഥാന സ്വാതന്ത്ര്യം മാനിച്ച് സമരം അടിച്ചമർത്താൻ ശ്രമിക്കരുതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ അറബ് രാഷ്ട്രത്തലവന്മാരോട് ആവശ്യമുന്നയിച്ചിരുന്നു. 2011 മാർച്ച് 17-ന് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി ലിബിയയിൽ ഐക്യരാഷ്ട്ര സഭ വ്യോമനിരോധനം പ്രഖ്യാപിച്ചു. ലിബിയൻ പ്രക്ഷോഭത്തിനെതിരെ ഗദ്ദാഫി സൈന്യം നടപ്പിലാക്കുന്ന കടന്നാക്രമണം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ പാശ്ചാത്യരാജ്യങ്ങൾക്ക് അനുമതി നൽകിയതിനു തൊട്ടു പിന്നാലെ തന്നെ ഗദ്ദാഫി ഭരണകൂടം വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ പ്രസ്തുത തീരുമാനത്തിനെതിരായി മാർച്ച് 20-ന് ഗദ്ദാഫി സൈന്യം വിമതരുടെ ആസ്ഥാനമായ ബെൻഗാസി നഗരത്തിൽ ആക്രമണം അഴിച്ചുവിട്ടു. ഇതിൽ 94 പേരോളം കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തിനു പിന്നാലെയാണ് ലിബിയയിൽ പാശ്ചാത്യസഖ്യസേന സൈനികനടപടികൾ ആരംഭിച്ചത്. അന്നേദിവസം വൈകിട്ട് ഫ്രാൻസിന്റെ യുദ്ധവിമാനങ്ങൾ ആക്രമണത്തിന് ആരംഭം കുറിച്ചു. ഇതിൽ ഗദ്ദാഫിയുടെ അനവധി സൈനിക കവചിതസൈനികവാഹനങ്ങളും ടാങ്കുകളും നാശത്തിലമർന്നു. വിമതപക്ഷത്തെ നേരിട്ട സൈന്യത്തിനെതിരെ മാർച്ച് 19 മുതൽ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും സംയുക്ത വ്യോമാക്രമണം ആരംഭിച്ചു. മാർച്ച് മധ്യത്തിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന അന്താരാഷ്ട്രനിർദ്ദേശം ഗദ്ദാഫിയുടെ സൈന്യം നിരസിച്ചു. തുടർന്ന് ലിബിയക്കെതിരെ പാശ്ചാത്യ സഖ്യസേന കടൽ, വ്യോമമാർഗങ്ങളിലൂടെ അതിശക്തമായി ആക്രമണം തുടങ്ങി. ഈ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് ശക്തമായ ഈ ആക്രമണം ഉണ്ടായത്. ലിബിയൻ തീരത്തേക്ക് 110 മിസൈലുകൾ പാശ്ചാത്യശക്തികൾ വർഷിച്ചിരുന്നു. ഓപ്പറേഷൻ ഒഡീസ്സിഡോൺ എന്നാണ് ഈ ആക്രമണത്തിനു പേരിട്ടത്. കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളും ഇതിൽ സജീവമായിരുന്നു. 40 ബോംബുകൾ യു.എസ്. വിമാനങ്ങൾ ലിബിയയിൽ വർഷിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഈ നടപടികൾക്ക് പ്രതികാരമെന്നവണ്ണം ഗദ്ദാഫി സൈന്യം ആണവായുധം പ്രയോഗിച്ചേക്കാൻ സാധ്യതയുണ്ടെന്ന് ലിബിയൻ പ്രതിപക്ഷം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. കൊട്ടാരവും അന്താരാഷ്ട്ര വിമാനത്താവളവും സംരക്ഷിക്കാൻ ഗദ്ദാഫിയുടെ അനുയായികൾ മനുഷ്യച്ചങ്ങല തീർത്തിരുന്നു. മാർച്ച് 20-ന് പുലർച്ചെ 110 ടോമഹോക് മിസൈലുകൾ അമേരിക്കൻ യുദ്ധക്കപ്പലുകളും ബ്രിട്ടീഷ് അന്തർവാഹിനികളും സംയുക്തമായി ഗദ്ദാഫിസേനയുടെ നിയന്ത്രണത്തിലായിരുന്ന ലിബിയയുടെ തീരത്തേക്ക് വർഷിച്ചു. തന്മൂലം തീരത്തുണ്ടായിരുന്ന ഗദ്ദാഫിയുടെ ഇരുപതിലേറെ വ്യോമപ്രതിരോധസംവിധാനങ്ങൾ തകർന്നതായി യു.എസ്. സൈന്യം വ്യക്തമാക്കി. തൽസമയം ട്രിപ്പോളിയിലെ ഗദ്ദാഫി ആസ്ഥാനത്തിനു നേരെയും ബോംബാക്രമണങ്ങൾ നടന്നു. തലസ്ഥാനനഗരമായ ട്രിപ്പോളിയിൽ മാർച്ച് 21-ന് പാശ്ചാത്യസേന മിസൈൽ ആക്രമണം നടത്തി ഗദ്ദാഫിയുടെ സേനാകേന്ദ്രത്തിലെ കെട്ടിട സമുച്ചയം തകർത്തു. ഇത് ഗദ്ദാഫിയുടെ ട്രിപ്പോളിയിലെ സ്വകാര്യ വസതിക്കടുത്തായാണ്. തുടർന്ന് മാർച്ച് 31-ന് ആക്രമണത്തിന്റെ സൈനിക നേതൃത്വം പാശ്ചാത്യ സഖ്യസേനയായ നാറ്റോ ഔപചാരികമായി ഏറ്റെടുത്തു. പാശ്ചാത്യസേനയുടെ ഈ നടപടികളിൽ അന്താരാഷ്ട്രസമൂഹം വ്യാപകമായ എതിർപ്പ് പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിച്ചുള്ള നടപടികളിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അപലപിച്ചു. ലിബിയൻ സൈന്യത്തിന്റെ അടിച്ചമർത്തലുകൾ തുടരുന്നതിനിടെ ലിബിയൻ പട്ടണങ്ങളിൽ നിന്ന് ഗദ്ദാഫി സൈന്യത്തെ പിൻവലിക്കുകയാണെങ്കിൽ 2011 ഏപ്രിൽ 1-ന് ഉപാധികളോടെയുള്ള വെടിനിർത്തലിന് തയ്യാറാണെന്ന് വിമതർ പ്രഖ്യാപനം നടത്തി. സമാധാനപരമായി പ്രതിഷേധിക്കുവാൻ അനുവദിക്കണമെന്ന ഉപാധിയും വിമതപക്ഷം മുന്നോട്ടുവെച്ചു. സൈന്യത്തെ പിൻവലിക്കുകയും അഭിപ്രായ സ്വാതന്ത്ര്യം നൽകുകയും ചെയ്താൽ വെടിനിർത്തലാവാമെന്ന് ബെൻഗാസി നഗരത്തിൽ പ്രതിപക്ഷ നേതാവ് മുസ്തഫ അബ്ദുൾ ജലീൽ അറിയിച്ചു. എന്നാൽ ഈ സാഹചര്യത്തിൽ പ്രസിഡന്റ് മുഅമർ ഗദ്ദാഫിയുടെ പക്ഷത്തുള്ള കൂടുതൽ പേർ കൂറു മാറുകയും വിമതരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നു ഗദ്ദാഫിയുടെ മക്കൾ അറിയിക്കുകയും ചെയ്തു. ഗദ്ദാഫിയുടെ സൈന്യം വിമതരുടെ നിയന്ത്രണത്തിലായിരുന്ന റാസ് ലനൂഫ്, ബിൻ ജവാദ് എന്നീ പട്ടണങ്ങൾ തിരിച്ചുപിടിച്ചു. വിദേശകാര്യമന്ത്രി മൂസ കൗസ കൂറു മാറി വിമതർക്കൊപ്പം ചേർന്നു. ഇത് ഗദ്ദാഫിക്ക് വൻ തിരിച്ചടിയേൽപ്പിച്ചു. ഗദ്ദാഫി സേനയും വിമതരും തമ്മിൽ എണ്ണസമൃദ്ധമായ ബ്രെഗ നഗരത്തിനു പുറത്ത് രൂക്ഷമായ പോരാട്ടം നടക്കുന്നതായി ഈ അവസരത്തിൽ അൽ ജസീറ ടി.വി. വാർത്തകൾ പുറത്തുവിട്ടിരുന്നു. കൂടാതെ വിമതർ പിടിച്ചെടുത്ത മിസ്രറ്റ നഗരത്തിലും ടാങ്കുകളും ഗ്രനേഡും പീരങ്കിയുമുപയോഗിച്ച് സൈന്യവുമായി വിമതർ കനത്ത പോരാട്ടം നടത്തി.മുൻ വിദേശകാര്യ മന്ത്രിയും ഐക്യരാഷ്ട്രസഭയുടെ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നതുമായ അലി അബ്‌ദെസലാം ട്രെക്കി ഈ സമയത്ത് ലിബിയയിൽ നിന്നും ഈജിപ്തിലേക്ക് നാടു കടന്നു. പാർലമെന്റ് സ്പീക്കറും ഗദ്ദാഫിയുടെ രഹസ്യാന്വേഷണ വിഭാഗം തലവനും വിമതർക്കൊപ്പം ചേർന്ന് ടുണീഷ്യയിലേക്ക് തിരിച്ചു. ലിബിയാസ് പോപ്പുലർ കമ്മിറ്റിയുടെ തലവൻ മുഹമ്മദ് അബു അൽ ഖാസിം അൽ സവിയും വിമതർക്കൊപ്പം ചേർന്നു. മേയ് 1-ന് നാറ്റോയുടെ വ്യോമാക്രമണത്തിൽനിന്നും ഗദ്ദാഫി രക്ഷപെടുകയും അദ്ദേഹത്തിന്റെ ഇളയ മകൻ സെയ്ഫ് അൽ അറബ് ഈ ആക്രമണത്തിൽ മരിക്കുകയും ചെയ്തു. 2011 ജൂൺ 8-ന് ഗദ്ദാഫി ഉടൻതന്നെ ലിബിയൻ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ആവശ്യമുന്നയിച്ചിരുന്നു. 2011 ജൂലൈ 2-ന് ലിബിയയിലെ നാറ്റോയുടെ വ്യോമാക്രമണം 100 ദിവസം പിന്നിട്ട നാളുകളിൽ യൂറോപ്പിലെയും മെഡിറ്ററേനിയനിലെയും രാജ്യങ്ങൾ ഈ നടപടികൾക്ക് ശക്തമായ തിരിച്ചടി സ്വീകരിക്കേണ്ടി വരുമെന്ന് ഗദ്ദാഫി അന്ത്യശാസന നൽകിയിരുന്നു. ട്രിപ്പോളിയിലെ ഒരു ചത്വരത്തിൽ ഗദ്ദാഫി ജനസാഗരത്തോടായി പ്രസംഗത്തിൽ പറഞ്ഞതാണിക്കാര്യം. ജൂലൈയോടെ വിമതപക്ഷം രാജ്യത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു. ലിബിയൻ ആഭ്യന്തരപ്രശ്‌നം ചർച്ച ചെയ്യാൻ തുർക്കിയിലെ ഇസ്താംബുളിൽ ജൂലൈ 15-ന് ചേർന്ന അന്താരാഷ്ട്ര യോഗം വിമതരുടെ ദേശീയ പരിവർത്തന സമിതിക്ക് അംഗീകാരം നൽകി. തുടർന്ന് ജൂലൈ 28-ന് വിമത സേനയുടെ മേധാവി ജനറൽ അബ്ദുൾ ഫത്താ യൂനസ് ഗദ്ദാഫിയുടെ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടു. ഓഗസ്റ്റിൽ തലസ്ഥാന നഗരമായ ട്രിപ്പോളിയിൽ വിമത സേന പ്രവേശിക്കുകയും ഗദ്ദാഫിയുടെ ഭരണസിരാകേന്ദ്രമായ അൽ അസീസിയ പിടിച്ചെടുക്കുകയും ചെയ്തു. ഇവിടെ നിന്നും കിലോമീറ്ററുകൾ നീളമുള്ള തുരങ്കം വഴി ഗദ്ദാഫി രക്ഷപ്പെട്ടു. അതിനാൽ വിമതസേനയയ്ക്കു ഗദ്ദാഫയെ കണ്ടെത്താൻ സാധിച്ചില്ല. ഇതേസമയം ഗദ്ദാഫി ജന്മനാടായ സിർത്തിൽ ഒളിച്ചിരിപ്പുണ്ടെന്നും എന്നാൽ അയൽരാജ്യത്തേക്ക് കടന്നതായും വാർത്തകൾ പരന്നു. ബൊദൂവിയൻ ഗോത്രവിഭാഗത്തിൽപ്പെട്ടവർ സ്വന്തം നേതാവിനെ സംരക്ഷിച്ചുപോന്നതിനാൽ ലിബിയയിലെ ഏറെക്കുറെ പ്രദേശങ്ങളും വിമതരുടെ പിടിയിലായിട്ടും സിർത്തിലെ പോരാട്ട വീര്യം കൈമോശം വരാതെ അവർ കാത്തുസൂക്ഷിച്ചു. ഗദ്ദാഫിയുടെ അന്ത്യംഅരവർഷത്തിലധികം നീണ്ട പ്രക്ഷോഭത്തിനൊടുവിൽ മക്കളിൽ ചിലർ കൊല്ലപ്പെടുകയും ഗദ്ദാഫിയും കുടുംബവും ഒളിവിലാകുകയും ചെയ്തു. ഈ അവസരത്തിലും ഗദ്ദാഫി കീഴടങ്ങുവാനോ രാജ്യം വിടുവാനോ അനുരഞ്ജനത്തിനോ തയ്യാറായിരുന്നില്ല. സെപ്റ്റംബർ 15-നാണ് ഗദ്ദാഫിയുടെ ജൻമനാടായ സിർത്തിൽ പ്രക്ഷോഭകർ ആക്രമണം തുടങ്ങിയത്. തുടർന്ന് 42 വർഷക്കാലം ലിബിയയെ അടക്കി ഭരിച്ച ഗദ്ദാഫി ദേശീയ പരിവർത്തന സേന നടത്തിയ ആക്രമണത്തിൽ തലയ്ക്ക് വെടിയേറ്റ് സിർത്തിൽ വച്ച് 2011 ഒക്ടോബർ 20-ന് കൊല്ലപ്പെട്ടു[32][33]. ഗദ്ദാഫിയുടെ മൃതദേഹം അടക്കം ചെയ്യുന്നതു സംബന്ധിച്ച് തീരുമാനം ഉണ്ടാകാത്തതിനാൽ ലിബിയൻ നഗരമായ മിസ്രാത്തയിലെ ഒരു ചന്തയോടൊപ്പമുള്ള കോൾഡ് സ്റ്റോറേജിലാണ് അദ്ദേഹത്തിന്റെയും മകൻ മുതാസിമിന്റെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തില്ലെന്ന് സൈനികവക്താക്കൾ പ്രഖ്യാപിച്ചിരുന്നു. ഗദ്ദാഫി ഉൾപ്പെട്ടിരുന്ന ഗോത്രസമൂഹം ഗദ്ദാഫിയുടെയും മകന്റെയും മൃതദേഹങ്ങൾ വിട്ടുകിട്ടുവാൻ ആഗ്രഹം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ നാമത്തിൽ സ്മാരകം ഉയരുവാനുള്ള സാധ്യത മൂലം ദേശീയ പരിവർത്തന വേദി കബറടക്കം രഹസ്യമാക്കി നടത്തുവാൻ തയ്യാറായി. ഗദ്ദാഫിയുടെ അഞ്ചാമത്തെ മകനും ലിബിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സൈനിക ഉന്നത ഉദ്യോഗസ്ഥനുമായിരുന്നു മുതാസിമും അദ്ദേഹത്തോടൊപ്പം അവസാനം വരെയുണ്ടായിരുന്നു. നാറ്റോയുടെ ആക്രമണത്താൽ വാഹനവ്യൂഹത്തിൽ നിന്നും വഴി തെറ്റിയ മുതാസിമും കഴുത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. എട്ടുമാസവും എട്ടുദിവസവും നീണ്ട ലിബിയൻ ആഭ്യന്തരയുദ്ധം ഗദ്ദാഫിയുടെ അന്ത്യത്തോടെ ഒക്ടോബർ 20-ന് അവസാനിച്ചു. 2011 ഒക്ടോബർ 27-ന് ഐക്യരാഷ്ട്രസഭ ലിബിയയിൽ പ്രഖ്യാപിച്ചിരുന്ന വ്യോമനിരോധനം പിൻവലിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia