ലുഡോ
ലുഡോ /ˈluːdəʊ, ˈljuː-/ ("ഞാൻ കളിക്കുന്നു" എന്നർത്ഥമുള്ള ലുഡോ എന്ന ലാറ്റിൻ പദം ) രണ്ടോ നാലോ പേർക്ക് ഇരുന്ന് കളിക്കാവുന്ന ഒരു ബോർഡ് ഗെയിം ആണ്. ഇതിൽ കളിക്കാർ നാലുപേരും കട്ടയുരുട്ടി കിട്ടുന്ന സംഖ്യയനുസരിച്ച് തങ്ങളോരോരുത്തരുടേയും കരുക്കളെ ബോർഡിൽ കളി തുടങ്ങുന്ന ഇടം മുതൽ തീരുന്ന ഇടം വരെ മത്സരിച്ചു നീക്കുന്നു. ഇത് ഇന്ത്യയിലെ പച്ചീസി എന്ന കളിക്കു സമാനവും അതിനേക്കാൾ ലളിതവുമാണ്. ഇതിന്റെ പല വകഭേദങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളിലായി പ്രചാരത്തിലുണ്ട്. ചരിത്രംപച്ചീസി 6ആം നൂറ്റാണ്ടോടെ ഇന്ത്യയിൽ ആവിർഭവിച്ചതാണ്.[2] അജന്ത ഗുഹകളിൽ ചിത്രീകരിച്ചതായി കാണുന്ന ബോർഡുകളാണ് ഈ കളിയുടെ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെളിവ്.[2] ഈ കളി മുഗൾ ചക്രവർത്തിമാരും കളിച്ചിരുന്നത്രേ; അൿബർ തന്നെ ഉദാഹരണം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ കളിയുടെ വകഭേദങ്ങൾ ഇംഗ്ലണ്ടിലുമെത്തിത്തുടങ്ങി. അവയിൽ 1896 നോടടുപ്പിച്ച് പ്രത്യക്ഷപ്പെട്ട ഒന്ന് ലുഡോ എന്ന പേരിൽ പകർപ്പവകാശം നേടുകയും ചെയ്തു.[2] പേരുകൾവടക്കേ അമേരിക്കയിൽ പർച്ചീസി എന്ന വിപണനനാമത്തിലാണ് ഇത് പുറത്തിറങ്ങുന്നത്. അതിനു സമാനമായി ചില കളികൾ സോറി!, അഗ്രവേഷൻ, ട്രബിൾ എന്നീ വിപണനനാമങ്ങളിലും വില്പക്കനയ്കെത്തുന്നുണ്ട്. ജർമ്മനിയിൽ "ചൊറിഞ്ഞു കേറേണ്ടെടോ" (കോപം വരണ്ട) എന്ന അർത്ഥത്തിൽ "Mensch ärgere dich nicht" എന്ന പേരിലും അറിയപ്പെടുന്നു. ഡച്ച്, സെർബോ-ക്രൊയേഷ്യൻ, ബൾഗേറിയൻ, ചെക്ക്, സ്ലൊവാക്, പോളിഷ് നാടുകളിലെല്ലാം സമാനമായ പേരുകളാണുള്ളത്. Chińczyk ("The Chine(s)e") എന്നും വ്യാപകമായി വിളിക്കപ്പെടുന്നു. സ്വീഡനിൽ "ഫിയറ്റ്" എന്ന ലാറ്റിൻ പദത്തിൽ നിന്നുത്ഭവിച്ച "ഫിയ" എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ ഡെൻമാർക്കിലും നോർവേയിലും ഇത് ലുഡോ എന്നു തന്നെയാണ്. ലുഡോ ബോർഡ്![]() ബോർഡിന്റെ വിവിധ ഭാഗങ്ങൾ മഞ്ഞ, പച്ച, ചുവപ്പ്, നീല എന്നീ നിറങ്ങളിൽ തയ്യാറാക്കിയവ ആയിരിക്കും. ഓരോ കളിക്കാരനും ഓരോ നിറവും അതത് നിറങ്ങളിലുള്ള നാല് വീതം ചില്ലുകളും (എല്ലു കഷണങ്ങൾ കൊണ്ടുണ്ടാക്കിയവയാണ് ശരിക്കുള്ളവയെങ്കിലും ഇപ്പോൾ ഏറെയും കടലാസോ പ്ലാസ്റ്റിക്കോ ആണ്) അനുവദിക്കുന്നു. കളിക്കാനുള്ള ഭാഗം കുരിശാകൃതിയിൽ അടയാളപ്പെടുത്തിയ സമചതുരപ്പലകയാണ് ഉപയോഗിക്കുന്നത്. കുരിശിന്റെ ഓരോ കാലും മൂന്ന് നിരകളുള്ളവയായിരിക്കും - ഓരോ നിരയ്ക്കും ആറു വീതം ചതുരങ്ങളും. നടുവിലെ നിരയുടെ അഞ്ചു കള്ളികൾ നിറമുള്ളവയായിരിക്കും. ഇതാണ് അതത് നിറമെടുത്ത കളിക്കാരന്റെ വീട്. വീട്ടുനിരയിൽപെടാത്ത ആറാം കള്ളിയാണ് കളിക്കാരന്റെ തുടക്ക കള്ളി. ബോർഡിന്റെ ഒത്ത മധ്യത്തിലുള്ള വലിയ കളമാണ് ഒടുക്ക കള്ളി. സാധാരണയായി ഓരോ നിറത്തിന്റേയും വീട്ടുനിരയുടെ മേലേയായി വരുന്ന നാലു ത്രികോണങ്ങൾ ചേർന്നതായിരിക്കും ഇത്. കളി നിയമങ്ങൾഒറ്റനോട്ടത്തിൽരണ്ടോ മൂന്നോ നാലോ പേർക്ക് കളിക്കാം. തുടക്കത്തിൽ ഓരോ നിറത്തിന്റേയും ചില്ലുകൾ പലകയുടെ ഓരോ അരികുകളിൽ മുറ്റമെന്ന് വിളീക്കപ്പെടുന്ന ഭാഗത്ത് ആയിരിക്കും. അവസരം കിട്ടുന്നതിനനുസരിച്ച് കളിക്കാർ തങ്ങളുടെ ഓരോ ചില്ലു വീതം തുടക്കക്കള്ളിയിലെത്തിച്ച് പലകയിലെ കളി നടക്കുന്ന പാതയിലൂടെ പ്രദക്ഷിണദിശയിൽ ബോർഡിലുടെ ചുറ്റുന്നു. (ഈ പാത ഒരു കളിക്കാരന്റേയും വീട്ടുനിരയിൽ പെടുന്നതല്ല). സ്വന്തം വീട്ടുനിരയുടെ ചുവടെയെത്തുമ്പോ ഓരോ കളിക്കാരനും ചില്ലിനെ ആ നിരയിലൂടെ മേലോട്ട് നീക്കി ഒടുക്കക്കള്ളിയിലെത്തുന്നതു വരെ തുടരുന്നു. അക്കങ്ങൾ അടയാളപ്പെടുത്തിയ പകിട ഉരുട്ടലാണ് കളിയുടെ ഗതിവേഗം നിർണയിക്കുന്നത്. ഒടുക്കക്കള്ളിയിൽ കയറാൻ വേണ്ടുന്ന സംഖ്യ തന്നെ കൃത്യമായി വീഴുന്ന വരെ കാത്തിരിക്കേണ്ടി വരും. ഏറ്റവും ആദ്യം തന്റെ കയ്യിലുള്ള നാലു ചില്ലും ഒടുക്കക്കള്ളിയിലെത്തിക്കുന്ന ആളാണ് വിജയി. മറ്റുള്ളവർക്ക് രണ്ടും മൂന്നും നാലും സ്ഥാനത്തിനായി മത്സരം തുടരാം. പകിടയുരുട്ടൽ![]() ഓരോ കളിക്കാരനും പകിടയുരുട്ടി നോക്കുമ്പോൾ ഏറ്റവും ഉയർന്ന സംഖ്യ നേടുന്ന ആളാണ് കളി തുടങ്ങുന്നത്. പ്രദക്ഷിണദിശയിൽ ഊഴമിട്ട് ഓരോരുത്തരും പകിടയുരുട്ടുന്നു. മുറ്റത്തു നിന്നും ഒരു ചില്ലിനെ തുടക്കക്കള്ളിയിലിറക്കണമെങ്കിൽ 6 കിട്ടണം. ഒരു ചില്ലിനെയെങ്കിലും ഇറക്കുന്നതു വരെ 6 ഒഴിച്ചുള്ള സംഖ്യകൾ കിട്ടുമ്പോൾ പകിടയെറിയാനുള്ള അവസരം അടുത്തയാൾക്ക് കൈമാറണം. ഒന്നോ ഏറെയോ ചില്ലുകൾ കളത്തിലിറങ്ങിക്കഴിഞ്ഞാൽ ഏതെങ്കിലുമൊരു ചില്ല് പകിടയെറിഞ്ഞ് കിട്ടുന്ന സംഖ്യയ്ക്കനുസരിച്ചുള്ള അത്രയും കള്ളികൾ മുന്നോട്ട് നീക്കാം. 6 കിട്ടിയാൽ കളത്തിലിറങ്ങിയ ചില്ലിനെ മുന്നോട്ടു നീക്കാനോ ഇറങ്ങാത്തതിനെ തുടക്കക്കള്ളിയിലിറക്കാനോ ഉപയോഗിക്കാം. കൂടാതെ അപ്പോൾത്തന്നെ ഒരു തവണ കൂടി പകിടയുരുട്ടുകയുമാവാം. അതിലും ആറാണെങ്കിൽ ഒരിക്കൽ കൂടി ഉരുട്ടാം. എന്നാൽ മൂന്നാം തവണയും 6 വീണാൽ അതുപയോഗിക്കാതെ അവസരം കൈമാറണം. പകിടയെറിഞ്ഞു കിട്ടിയ സംഖ്യ അനുസരിച്ചു തന്നെ വേണം ചില്ലുകൾ നീക്കാൻ. അതുപയോഗിച്ച് നീക്കം സാധ്യമല്ലെങ്കിൽ പകിട അടുത്തയാൾക്ക് കൈമാറണം. സ്വന്തം ചില്ലിരിക്കുന്ന കളത്തിലേക്ക് ഒരു ചില്ലു കൂടി നീക്കാനാവില്ല. എന്നാൽ എതിരാളിയുടെ ചില്ലിരിക്കുന്ന കളത്തിൽ സ്വന്തം ചില്ലെത്തിച്ചാൽ എതിരാളിയുടെ ചില്ലിനെ മൂറ്റത്തേക്ക് മടക്കി അയയ്ക്കാം. എതിരാളിക്ക് വീണ്ടും ഒരു 6 കിട്ടിയാലേ അതിനെ തിരികെ കളത്തിലിറക്കാൻ കഴിയൂ. (പച്ചീസിയിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഇത്തരം വെട്ട് തടയുന്ന സുരക്ഷിത താവളങ്ങളൊന്നുമില്ല. എന്നാൽ ഒരാളുടെ വീട്ടുനിരയിൽ എതിരാളികൾക്ക് കടക്കാൻ കഴിയാത്തതു കൊണ്ട് അവിടം സുരക്ഷിതമാണെന്നു പറയാം. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന കളിയിൽ നാലു ഭാഗങ്ങളിൽ ഓരോന്നിലും നക്ഷത്ര ചിഹ്നമുള്ള ഓരോ സുരക്ഷിത താവളമുണ്ട്. ഏറ്റവും വലത്തേ നിരയിൽ മുകളിൽ നിന്ന് നാലാമത്തേതാണ് ഇത്.)
കുറിപ്പുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾLudo എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia