ലൂസി മൂർ (സസ്യശാസ്ത്രജ്ഞ)
ന്യൂസിലൻഡിൽ നിന്നുള്ള ഒരു സസ്യശാസ്ത്രജ്ഞയും പരിസ്ഥിതി ശാസ്ത്രജ്ഞയുമായിരുന്നു ലൂസി ബിയാട്രിസ് മൂർ എംബിഇ' (14 ജൂലൈ 1906 - 9 ജൂൺ 1987) . മൂറിനെ "ന്യൂസിലാന്റ് സസ്യശാസ്ത്രത്തിന്റെ മാതാവ്" എന്ന് വിളിക്കാറുണ്ടെങ്കിലും, തൊഴിൽപരമായ ശാസ്ത്രത്തിലേക്കുള്ള പാത എല്ലായ്പ്പോഴും എളുപ്പമായിരുന്നില്ല. പഠനം പൂർത്തിയാക്കിയതിന് ശേഷം ഒരു ദശാബ്ദക്കാലം, മൂറിന്റെ അക്കാദമിക് തസ്തികകളിലേക്കുള്ള അപേക്ഷകളെല്ലാം പരാജയപ്പെട്ടു. അവരുടെ ഗവേഷണം സമൃദ്ധവും പ്രശംസനീയവുമായിരുന്നു. 1938-ൽ മൂർ ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിൽ ജോലി ചെയ്യാൻ തുടങ്ങുന്നതുവരെ ഗവേഷണം സാധ്യമാക്കുന്ന സ്കോളർഷിപ്പുകൾ ഉപയോഗിച്ച് അവർ വിക്ടോറിയ സർവകലാശാലയിലെ പദവി സന്തുലിതമാക്കി. 33 വർഷം അവിടെ തുടർന്ന അവർ കളകൾ, കടൽപ്പായൽ, ഉയർന്ന പ്രദേശങ്ങൾ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തി. ന്യൂസിലാന്റ് സസ്യജാല പരമ്പരയുടെ ആദ്യ രണ്ട് വാല്യങ്ങളിൽ അവർ മികച്ച സംഭാവനകൾ നൽകി. 1947-ൽ റോയൽ സൊസൈറ്റി ടെ അപാരംഗി അംഗം ആയി മൂർ തിരഞ്ഞെടുക്കപ്പെട്ടു. 1965-ൽ ഹട്ടൺ മെഡൽ നേടിയ ആദ്യ വനിതയായിരുന്നു അവർ.[1] ജീവചരിത്രംആദ്യകാല ജീവിതവും വിദ്യാഭ്യാസവും1906 ജൂലൈ 14 ന് ന്യൂസിലൻഡിലെ വാർക്ക്‌വർത്തിൽ ജാനറ്റ് മോറിസണിന്റെയും ഹാരി ബ്ലോംഫീൽഡ് മൂറിന്റെയും മകളായി മൂർ ജനിച്ചു. [2] അവരുടെ പിതാവ് ഒരു പ്രാദേശിക ലൈബ്രേറിയനും തീക്ഷ്ണമായ അഭിനിവേശമുള്ള പ്രകൃതിശാസ്ത്രജ്ഞനുമായിരുന്നു. [3]വാർക്ക്‌വർത്തിലെ പ്രൈമറി സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസത്തെ തുടർന്ന് അവർക്ക് ഓക്ക്‌ലൻഡിലെ എപ്സം ഗേൾസ് ഗ്രാമർ സ്കൂളിൽ ചേരാൻ വീട് വിട്ടു നിൽക്കേണ്ടിവന്നു. [2]1925 ൽ ഓക്ക്‌ലൻഡ് യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനിയായി ചേർന്നതിനുശേഷം എപ്സം ഗേൾസിൽ ജൂനിയർ, സീനിയർ നാഷണൽ സ്കോളർഷിപ്പും യൂണിവേഴ്സിറ്റി നാഷണൽ സ്കോളർഷിപ്പും മൂർ നേടി. സസ്യശാസ്ത്രജ്ഞനായ ടി. എൽ. ലങ്കാസ്റ്ററിന്റെ നിർദ്ദേശപ്രകാരം 1929 ൽ [3] മൂർ ഫസ്റ്റ് ക്ലാസ് ബഹുമതിയോടെ എം.എസ്‌സി ബിരുദം നേടി. പരാദസസ്യം ആയ ഡാക്റ്റിലാന്തസിന്റെ പരാദവേരിനെക്കുറിച്ചായിരുന്നു അവരുടെ പ്രബന്ധം.[2] കരിയർ![]() സസ്യശാസ്ത്രജ്ഞയായി ജോലി ചെയ്യാനുള്ള ശ്രമത്തിൽ മൂർ ആദ്യം പരാജയപ്പെട്ടു. അവരുടെ സസ്യശാസ്ത്ര ഗവേഷണവും എഴുത്തും വളരെയധികം സമൃദ്ധമായിരുന്നിട്ടും ഡോ. ലിയോനാർഡ് കോക്കെയ്ൻ പോലുള്ള പ്രമുഖ സസ്യശാസ്ത്രജ്ഞർ അവരെ പ്രശംസിച്ചിട്ടും കാന്റർബറി സർവകലാശാലയിലും വെല്ലിംഗ്ടൺ വിക്ടോറിയ സർവകലാശാലയിലും ഒരു ഉദ്യോഗത്തിനായി അവർ അപേക്ഷിച്ചെങ്കിലും ഉദ്യോഗം ലഭിച്ചില്ല. 1929 മുതൽ 1938 വരെ ഓക്ക്‌ലാൻഡ് സർവകലാശാലയിൽ ജന്തുശാസ്ത്രത്തിൽ ഡെമോൺസ്ട്രേറ്ററായി അവർ ജോലി ചെയ്തു. 1929 നും 1931 നും ഇടയിൽ അവർക്ക് വർഷം തോറും ഡഫസ് ലുബെക്കി സ്കോളർഷിപ്പ് ലഭിച്ചു. ഈ സ്കോളർഷിപ്പ് അവരെ ശാസ്ത്രീയ ഗവേഷണം നടത്താൻ പ്രാപ്തമാക്കി. കൂടാതെ ഈ ജോലി അവരുടെ പ്രകടമായ പ്രതിബദ്ധതകളുമായി സന്തുലിതമാക്കാൻ അവർക്ക് കഴിഞ്ഞു.[3] ഡഫസ് ലുബെക്കി സ്കോളർഷിപ്പിന്റെ ഭാഗമായി കോറമാണ്ടൽ പെനിൻസുലയുടെ അറ്റത്തുള്ള മൗണ്ട് മൊഹാവുവിലേക്ക് അവർ നിരവധി യാത്രകൾ നടത്തി. ഈ യാത്രകളിൽ മിക്കതിലും അവരോടൊപ്പം അവരുടെ അടുത്ത സുഹൃത്തും സഹ സസ്യശാസ്ത്രജ്ഞയുമായ ലൂസി ക്രാൻവെൽ ഉണ്ടായിരുന്നു. തദ്ദേശീയ സസ്യജാലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി രണ്ട് സസ്യശാസ്ത്രജ്ഞരും രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് നിരവധി യാത്രകൾ നടത്തി. 1930-ൽ മൊഹാവു പര്യവേഷണങ്ങൾക്ക് ശേഷം ഉറേവേര രാജ്യത്തിന്റെ ഹൃദയഭാഗത്തുള്ള മൗംഗപൊഹാട്ടുവിലേക്ക് അവർ ഒരു യാത്ര നടത്തി.[3] മൗണ്ട് മൊഹാവുവിലെയും മൗംഗപൊഹാട്ടുവിലെയും വടക്കുദിക്കിലുള്ള ഉയർന്ന കൊടുമുടിയിലെ സസ്യജാലങ്ങളെക്കുറിച്ചും ഹെൻ ആൻഡ് ചിക്കൻസ് ദ്വീപുകളെക്കുറിച്ചും അവർ ഒരുമിച്ച് പ്രധാനപ്പെട്ട പ്രബന്ധങ്ങൾ എഴുതി. 1935 മെയ് മാസത്തിൽ രണ്ട് സസ്യശാസ്ത്രജ്ഞരും ബ്രിട്ടനിലേക്കും യൂറോപ്പിലേക്കും 10 മാസത്തെ യാത്ര ആരംഭിച്ചു. അവിടെ അവർ ലണ്ടനിലും ആംസ്റ്റർഡാമിലും നടന്ന സസ്യശാസ്ത്ര കോൺഗ്രസുകളിൽ പങ്കെടുത്തു. ക്രിസ്റ്റീൻബർഗിലെയും പ്ലിമൗത്തിലെയും മറൈൻ ബയോളജിക്കൽ സ്റ്റേഷനുകളിൽ ഹ്രസ്വമായി പ്രവർത്തിക്കാനും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ ജന്തുശാസ്ത്രത്തിൽ തെളിവുകാണിച്ച് സമർത്ഥിക്കാനും മൂറിന് അവസരം ലഭിച്ചു. ന്യൂസിലൻഡിലേക്ക് മടങ്ങിയെത്തിയ ശേഷം അവർ ഒരുമിച്ച് ഫീൽഡ് ജോലി തുടർന്നു. മൂറും ക്രാൻവെല്ലും ജന്തുശാസ്ത്ര ഗവേഷണം നടത്തി. 1938 ൽ പ്രസിദ്ധീകരിച്ച പുവർ നൈറ്റ്സ് ദ്വീപുകളുടെ വേലിത്തട്ടിനെക്കുറിച്ച് അത്യന്തം പ്രയോജനപ്രദവും ജനസ്വാധീനമുള്ളതുമായ ഒരു സംയുക്ത പ്രബന്ധം അവർ എഴുതി. [2] 1938-ൽ മൂറിന് ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്റെ (DSIR) സസ്യശാസ്ത്ര വിഭാഗത്തിൽ ഒരു ഉദ്യോഗം ലഭിച്ചു. കളകളെക്കുറിച്ചും ഉയരം കുറഞ്ഞ സസ്യങ്ങളെക്കുറിച്ചും ഉള്ള ഗവേഷണ ഉത്തരവാദിത്തം അവർക്ക് ലഭിച്ചു. ഇത് 1942-ൽ പ്രസിദ്ധീകരിച്ച പന്നൽച്ചെടിയുടെ വർഗ്ഗത്തിൽപ്പെട്ട പീസിയയുടെ മേച്ചിൽപ്പുറ അധിനിവേശത്തെയും ജീവിത ചരിത്രത്തെയും കുറിച്ചുള്ള ഒരു പ്രധാന പ്രബന്ധത്തിലേക്ക് നയിച്ചു. [2]രണ്ടാം ലോകമഹായുദ്ധസമയത്ത്, ബാക്ടീരിയകൾ വളർത്തുന്നതിനായി കടൽപ്പായലിൽ നിന്ന് അഗർ വേർതിരിച്ചെടുക്കുന്ന ഒരു പദ്ധതി അവർ വികസിപ്പിച്ചെടുത്തു. ജപ്പാൻ മുമ്പ് അഗറിന്റെ ലോക വിതരണക്കാരായിരുന്നു.[3] പിന്നീടുള്ള വർഷങ്ങളിൽ മൂർ ഒരു ആൽഗോളജിസ്റ്റായി തുടരുകയും 1963-ൽ വ്യാപകമായി വായിക്കപ്പെട്ട പുസ്തകമായ ന്യൂസിലൻഡ് തീരത്തെ സസ്യങ്ങൾ രചിക്കാൻ സസ്യശാസ്ത്രജ്ഞയായ നാൻസി എം. ആഡംസുമായി സഹകരിക്കുകയും ചെയ്തു.[2] യുദ്ധാനന്തരം മൂർ തന്റെ ഗവേഷണ മേഖലയെ മാൾബറോയിലെ മോൾസ്‌വർത്തിലെ ടസ്സോക്ക്-ലാൻഡുകളിലേക്ക് മാറ്റി.[3]1953-ൽ പടർന്നു പിടിക്കുന്ന ചൊറിച്ചിലുണ്ടാക്കുന്ന കള റൗളിയയെക്കുറിച്ചും, 1954-ൽ റുമെക്സ് ആധിപത്യമുള്ള സ്ഥലങ്ങളെക്കുറിച്ചും, 1955-ലും 1956-ലും അവതരിപ്പിച്ച കാലിത്തീറ്റയ്ക്കായി ഉപയോഗിക്കുന്ന തക്ഷകപ്പുല്ലിനെക്കുറിച്ചും ടസ്സോക്ക് സ്ഥാപനത്തെക്കുറിച്ചും അവർ പ്രസിദ്ധീകരിച്ചു. 1950-ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന അന്താരാഷ്ട്ര സസ്യ കോൺഗ്രസിൽ റൗളിയ പരിസ്ഥിതി ശാസ്ത്രത്തെക്കുറിച്ചും ചെറിയ തവിട്ട് ആൽഗയായ സ്ഫാസെലാരിയയെക്കുറിച്ചും അവർ സംസാരിച്ചു.[2] 1953-ൽ മൂർ ഡോ. ഹാരി അലനുമായി ചേർന്ന് ന്യൂസിലാൻഡിലെ സസ്യജാലങ്ങളുടെ ഒന്നാം വാല്യം പ്രസിദ്ധീകരിക്കുന്നതിനായി പ്രവർത്തിക്കാൻ തുടങ്ങി. കൊളോബാന്തസ്, മയോസോട്ടിസ്, ഔറിസിയ, പ്ലാന്റാഗോ, പോമാഡെറിസ്, വെറോണിക്ക (ഹെബെ ആയി) എന്നിവയിലെ ടാക്സോണമിക് പുനരവലോകനം അവരുടെ സംഭാവനകളിൽ ഉൾപ്പെടുന്നു. [4] 1957-ൽ അലന്റെ മരണത്തെ തുടർന്ന് മുഴുവൻ പ്രോജക്റ്റിന്റെയും എഡിറ്റോറിയൽ ഉത്തരവാദിത്തം അവരെ ഏൽപ്പിച്ചു. [2]ഡോ. എലിസബത്ത് എഡ്ഗറിനൊപ്പം പരമ്പരയുടെ രണ്ടാം വാല്യം അവർ പ്രസിദ്ധീകരിച്ചു. [3]1960-ൽ മൂർ ലിങ്കണിലെ ഡിഎസ്ഐആറിന്റെ സസ്യശാസ്ത്ര വിഭാഗത്തിലേക്ക് മാറി.[3]പരമ്പരയുടെ രണ്ടാം വാല്യം ആരംഭിക്കുന്നതിനിടയിലാണ് ഈ മാറ്റം സംഭവിച്ചത്. ഈ കൃതി മൂറിനെ ആസ്റ്റെലിയാഡുകൾ, ബൾബിനെല്ല, ലിബർഷ്യ, ഓർക്കിഡുകൾ എന്നിവയെക്കുറിച്ച് പ്രത്യേക പ്രബന്ധങ്ങൾ എഴുതാൻ പ്രേരിപ്പിച്ചു. 1970-ൽ പ്രസിദ്ധീകരിച്ച ഫ്ലോറ ഓഫ് ന്യൂസിലാൻഡിന്റെ രണ്ടാം വാല്യം മൂറിനെ അതിന്റെ സമഗ്രമായ പാണ്ഡിത്യത്തിന് പ്രശംസിക്കപ്പെട്ടു. [2] അഗർരണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, തന്റെ യുദ്ധകാല ജോലിയുടെ ഭാഗമായി ഒരു ന്യൂസിലാൻഡുകാരി ഒരു പ്രത്യേകതരം കടൽപ്പായൽ തേടി വിദൂര തീരപ്രദേശങ്ങൾ നിരീക്ഷിക്കുന്നതിന് തുടക്കമിട്ടു.[5] ലോകം മുഴുവൻ പടർന്നുപിടിച്ച യുദ്ധത്തിനിടയിൽ കടൽപ്പായൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായി മാറി.കാരണം ചിലതരം കടൽപ്പായലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന അഗർ, വാക്സിനുകൾ നിർമ്മിക്കുന്നത് പോലുള്ള മെഡിക്കൽ ജോലികൾക്ക് ഒരു പ്രധാന വസ്തു ആയിരുന്നു. കൂടാതെ ടിന്നിലടച്ച മാംസം തുറന്ന് കഴിക്കുന്നതിനുമുമ്പ് അത് ചീത്തയാകുന്നത് തടയുന്നത് അഗർ ആയിരുന്നു.[5] കടൽപ്പായൽ തിരയുക എന്ന ദൗത്യം വഹിച്ചത് ഒരു യുവ സസ്യശാസ്ത്രജ്ഞയായ ഡോ. ലൂസി മൂർ ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ്, ലോകത്തിലെ മറ്റ് മിക്ക രാജ്യങ്ങളെപ്പോലെ ന്യൂസിലൻഡും അതിന്റെ മുഴുവൻ അഗറും ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തു. എന്നിരുന്നാലും, 1941-ൽ ജപ്പാൻ നാസി ജർമ്മനിയുടെ പക്ഷത്ത് യുദ്ധത്തിൽ പ്രവേശിക്കുകയും ന്യൂസിലൻഡ് ഉൾപ്പെടെ എല്ലാ സഖ്യകക്ഷികൾക്കെതിരെയും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ, പിന്നീട് അവരിൽ നിന്ന് അഗർ ലഭിച്ചിരുന്നില്ല.[5] ജെല്ലി പോലുള്ള ഒരു വസ്തുവാണ് അഗർ. വാക്സിനുകൾക്കും മാംസം കാനിംഗിനും പുറമേ, തുകൽ നിർമ്മാണത്തിന്റെ ഫിനിഷിംഗ് പ്രക്രിയകളിലും, ജെല്ലികൾക്കും ഐസ്ക്രീമിനും അടിസ്ഥാനമായും, ഷൂ സ്റ്റെയിൻസ്, ഷേവിംഗ് സോപ്പ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഹാൻഡ് ലോഷനുകൾ എന്നിവയിലെ ഒരു ഘടകമായും അഗർ ഉപയോഗിച്ചിരുന്നു. അറുത്ത മൃഗങ്ങളുടെ ഭാഗങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ജെലാറ്റിനുമായി (ചില ഐസ്ക്രീമുകളിലും ജെല്ലികളിലും ഉപയോഗിക്കുന്നു) അഗർ വളരെ സാമ്യമുള്ളതാണ്. കടൽപ്പായലിൽ നിന്നാണ് അഗർ വേർതിരിച്ചെടുക്കുന്നത്. പല തരത്തിൽ ജെലാറ്റിനേക്കാൾ വളരെ മികച്ചതും ഉപയോഗപ്രദവുമായ ഉൽപ്പന്നമാണിത്.[5] മാംസം കാനിംഗിലും മെഡിക്കൽ ജോലികളിലും ദോഷകരമായ ബാക്ടീരിയകളെ അണുവിമുക്തമാക്കുന്നതിന് അത്യന്താപേക്ഷിതമായ ജെലാറ്റിൻ തിളപ്പിച്ചാൽ നിലനിൽക്കില്ല. ആശുപത്രികളിൽ ബാക്ടീരിയകളെയും മറ്റ് സൂക്ഷ്മാണുക്കളെയും വളർത്തുന്നതിന് പ്രത്യേക പോഷക അഗറുകൾ ഉപയോഗിക്കുന്നു, അതിനാൽ അവയെക്കുറിച്ച് പഠിക്കുന്നതിലൂടെ മരുന്നുകളിൽ ഉപയോഗിക്കാനും കഴിയും.[5] അങ്ങനെ 1941 ൽ, ലോകമെമ്പാടും ന്യൂസിലൻഡിലും പുതിയ അഗർ വിതരണത്തിന് വലിയ ആവശ്യകതയുണ്ടായിരുന്ന സമയത്ത്, രാജ്യം ഡോ. ലൂസി മൂറിലേക്കും ന്യൂസിലൻഡ് സമുദ്ര സസ്യശാസ്ത്രത്തെക്കുറിച്ചുള്ള അവരുടെ മികച്ച അറിവിലേക്കും തിരിഞ്ഞു.[5] 1906 ൽ ജനിച്ച ലൂസി മൂർ 1987 ൽ 81- ാം വയസ്സിൽ മരിച്ചു. നോർത്ത്‌ലാൻഡിലെ വാർക്ക്‌വർത്തിൽ കടൽത്തീരത്ത് വളർന്ന അവർ കടൽത്തീരത്തെ സസ്യജീവിതത്തെക്കുറിച്ച് എപ്പോഴും പഠിച്ചിരുന്നു. പാറക്കുളങ്ങളിൽ നീന്തുന്ന വൃത്തിഹീനമായ നിവാസികളെയും തീരപ്രദേശത്തെ സസ്യങ്ങളെയും പരിശോധിച്ചുകൊണ്ട് മണിക്കൂറുകളോളം അവർ ചെലവഴിച്ചു. ഇതിലൂടെ സസ്യങ്ങളോടുള്ള അവരുടെ താൽപര്യം വളർന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഓക്ക്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ സസ്യശാസ്ത്രം പഠിച്ച അവർക്ക് വെല്ലിംഗ്ടണിലെ ശാസ്ത്ര-വ്യവസായ ഗവേഷണ വകുപ്പിന്റെ സസ്യശാസ്ത്ര വിഭാഗത്തിൽ ജോലി ലഭിച്ചു.[5] യുദ്ധം "കടൽപ്പായൽ പര്യവേക്ഷണത്തിലേക്കും, പ്രവർത്തനക്ഷമമായ അളവിൽ അഗർ അടങ്ങിയ ഇനങ്ങളെ തിരയുന്നതിലും കണ്ടെത്തുന്നതിലും വിദൂര തീരപ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിലെ നിരവധി സാഹസികതകളിലേക്കും" എന്നെ നയിച്ചതെങ്ങനെയെന്ന് ലൂസി വർഷങ്ങൾക്ക് ശേഷം എഴുതി. സസ്യശാസ്ത്രത്തിന് പുറമെയുള്ള അവരുടെ മറ്റൊരു ഇഷ്ടം അലഞ്ഞുതിരിഞ്ഞു നടക്കുന്നതായിരുന്നു. ശരിയായ കടൽപ്പായൽ തേടിയുള്ള നിരവധി യാത്രകൾ ആരംഭിച്ചപ്പോൾ അവർക്ക് അത് നന്നായി പ്രയോജനപ്പെട്ടു.[5] ലൂസി മൂർ ന്യൂസിലൻഡ് കടൽപ്പായൽ സംബന്ധിച്ച തന്റെ അറിവും കടൽപ്പായൽ സംബന്ധിച്ച ലോകത്തിലെ ശാസ്ത്രീയ രചനകളെക്കുറിച്ചുള്ള അവളുടെ വലിയ അറിവും സംയോജിപ്പിച്ച് അഗർ നല്ല വിളവ് നൽകാൻ സാധ്യതയുള്ള ഒരു ഇനത്തെ വിജയകരമായി കണ്ടെത്തി.[5] അവർ കണ്ടെത്തിയ കടൽപ്പായൽ, ടെറോക്ലാഡിയ ലൂസിഡ, പ്രത്യേകിച്ച് ബേ ഓഫ് പ്ലെന്റിയിലും നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തും സമൃദ്ധമായി കാണപ്പെടുന്നു. കടൽപ്പായൽ ഫേൺ ആകൃതിയിലുള്ളതും വളരെ കടുപ്പമുള്ളതും റബ്ബർ പോലെയുള്ളതുമാണ്. പാറകളിൽ താഴ്ന്ന വേലിയേറ്റഭാഗങ്ങളിൽ വളരുമ്പോൾ ഇതിന് ചുവപ്പ് നിറമായിരിക്കും, പക്ഷേ മുകളിലേക്ക് വളരുമ്പോൾ മഞ്ഞയും പിന്നീട് വെളുത്തതുമായി മാറുന്നു. കൂടുതൽ സൂര്യപ്രകാശം ഏൽക്കുമ്പോൾ അത് മങ്ങുന്നു.[5] കടൽപ്പായൽ കണ്ടെത്തിയതിനുശേഷം, ആവശ്യത്തിന് എങ്ങനെ ശേഖരിക്കാം എന്നതായിരുന്നു പ്രശ്നം. കടൽപ്പായലിൽ നിന്ന് അഗർ വേർതിരിച്ചെടുക്കുന്നത് വളരെ ലളിതമാണ്. കടൽപ്പായൽ വളരെക്കാലം പതുക്കെ തിളപ്പിക്കുമ്പോൾ അത് `സൂപ്പ് പോലുള്ള' ഒരു മിശ്രിതമായി മാറുന്നു. അടുത്തതായി അവശേഷിക്കുന്ന ഖര കഷണങ്ങൾ അരിച്ചെടുക്കുകയും അവശേഷിക്കുന്നത് ജെല്ലി പോലുള്ള ഒരു പദാർത്ഥമാണ്. അത് കട്ടിയാക്കുകയും അഗർ വേർപെടുത്തി ഉപയോഗത്തിന് തയ്യാറാകുകയും ചെയ്യുന്നു.[5] കടൽപ്പായൽ ശേഖരിക്കുന്നതിനുള്ള പരിഹാരം കൊണ്ടുവന്നതും ലൂസിയാണ്. പ്രാദേശിക സ്കൂളുകളിലെ, പ്രത്യേകിച്ച് മാവോറി സ്കൂളുകളിലെ കുട്ടികൾക്ക് ഇത് ശേഖരിക്കുന്നതിലൂടെ പോക്കറ്റ് മണി സമ്പാദിക്കാൻ ഒരവസരം നൽകി. ഈ ആശയം വിജയിക്കുകയും വ്യാപിക്കുകയും ചെയ്തു. മുഴുവൻ കുട്ടികളും പണം സ്വരൂപിക്കുന്നതിനായി ശേഖരണ യാത്രകൾ സംഘടിപ്പിക്കുക മാത്രമല്ല, 1941 ലെ ഒരു കാർഷിക പത്രമായ ന്യൂസിലാൻഡ് ഡയറി എക്സ്പോർട്ടർ വിശദീകരിക്കുന്നത് പോലെ, എല്ലാവരേയും കടൽപ്പായൽ ശേഖരിക്കാൻ ഈ ആശയം പ്രോത്സാഹിപ്പിച്ചു: "ഈ കടൽത്തീരങ്ങൾക്ക് സമീപം (കടൽപ്പായൽ വളരുന്നിടത്ത്) താമസിക്കുന്ന കർഷകരുടെ ഭാര്യമാരും കുട്ടികളും കള വിറ്റ് കുറച്ച് പോക്കറ്റ് മണി സമ്പാദിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിൽ യുദ്ധ ഫണ്ടുകൾക്കായി ശേഖരിക്കാൻ ഒരുമിച്ച് കൂടിയിരുന്നു. "നൽകിയിരിക്കുന്ന വിവരണത്തിന് അനുസരിച്ച് ഉളള കടൽപ്പായൽ തീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ - നിങ്ങളുടെ ബീച്ചിലുണ്ടെങ്കിൽ, സ്ഥിരീകരണത്തിനായി മിസ് മൂറിന് ഒരു ചെറിയ ഉണങ്ങിയ സാമ്പിൾ അയയ്ക്കുക." ഈ സന്ദേശത്തെ തുടർന്ന് കൃഷിയിടങ്ങളിലെ വേലികളിൽ കടൽപ്പായൽ ഉണക്കുന്നത് ഒരു സാധാരണ കാഴ്ചയായി മാറി. സ്കൂൾ ജേണലിൽ നിന്നുള്ള ചെറിയ സഹായകരമായ പ്രചാരണത്തോടെ കടൽപ്പായൽ കൂടുതൽ ലഭിക്കാൻ തുടങ്ങി. ചിലപ്പോൾ കമ്പിളി ഭാൺഡങ്ങളിൽ ചിലപ്പോൾ ചാക്കുകളിൽ, ചിലപ്പോൾ വൈക്കോൽ-ബേലറുകളിൽ അമർത്തി കെട്ടുകളാക്കി ലഭിക്കുകയും ചെയ്തു.[5] 1949 ആയപ്പോഴേക്കും കടൽപ്പായൽ ബീച്ചിൽ അരിച്ചുപെറുക്കുകയോ കടലിൽ നിന്ന് പറിച്ചെടുക്കുകയോ ചെയ്യുന്ന ആളുകൾ എല്ലാ വർഷവും ഏകദേശം 100 ടൺ ഉണങ്ങിയ കടൽപ്പായൽ ശേഖരിച്ചു.[5] യുദ്ധകാലത്ത്, ന്യൂസിലാൻഡിനു മാത്രമല്ല, ബ്രിട്ടീഷ്, സഖ്യകക്ഷികളുടെ ആവശ്യങ്ങൾക്കും വേണ്ടി കടൽപ്പായൽ സംസ്കരിച്ചിരുന്നു, കേക്കിലെ ഒരു ഐസിംഗ് എന്ന നിലയിൽ ന്യൂസിലാൻഡ് അഗർ പരീക്ഷിച്ചപ്പോൾ 100 ടണ്ണിലധികം കടൽപ്പായൽ കയറ്റുമതി ചെയ്തു.[5] വിരമിക്കൽ1971-ൽ മൂർ വിരമിച്ചെങ്കിലും 1980 വരെ അവർ ലിങ്കണിൽ സജീവമായി തുടർന്നു. 1976-ൽ ദി ചേഞ്ചിംഗ് വെജിറ്റേഷൻ ഓഫ് മോൾസ്‌വർത്ത് സ്റ്റേഷൻ, ന്യൂസിലാൻഡ്, 1944 മുതൽ 1971 വരെ, എന്ന അന്തിമമായ പുൽമേടുകളെക്കുറിച്ചുള്ള പരിസ്ഥിതി ബുള്ളറ്റിനിൽ പ്രത്യക്ഷപ്പെട്ടു, 1978-ൽ ജെ. ബി. ഇർവിൻ ബൊട്ടാണിക്കൽ ഇല്ലസ്ട്രേറ്ററായി ദി ഓക്‌സ്‌ഫോർഡ് ബുക്ക് ഓഫ് ന്യൂസിലാൻഡ് പ്ലാന്റ്‌സ് നിർമ്മിച്ചു. 1980-ൽ അവർ വാർക്ക്‌വർത്തിലേക്ക് മടങ്ങി.[2]1985-ൽ ഓക്ക്‌ലൻഡ് ബൊട്ടാണിക്കൽ സൊസൈറ്റിയിൽ 1920-കളിൽ താനും ക്രാൻവെല്ലും ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് തിരിഞ്ഞുനോക്കിക്കൊണ്ട് അവർ ഒരു പ്രഭാഷണം നടത്തി.[6] 1986-ൽ അവർ മറ്റൊരു പ്രഭാഷണവും ഓക്ക്‌ലൻഡ് ബൊട്ടാണിക്കൽ സൊസൈറ്റിയിലേക്കുള്ള ലൂസി ക്രാൻവെൽ പ്രഭാഷണത്തിന്റെ ഉദ്ഘാടനവും നടത്തി.[2] മരണം1987 ജൂൺ 9 ന് ഒറേവയിലെ തന്റെ വിശ്രമ മന്ദിരത്തിൽ വെച്ച് മൂർ മരിച്ചു.[2] പ്രസിദ്ധീകരിച്ച കൃതികൾമുകളിൽ സൂചിപ്പിച്ച പുസ്തകങ്ങൾക്കൊപ്പം, സമുദ്ര, കര പരിസ്ഥിതി ശാസ്ത്രം, പൂച്ചെടികളുടെ വർഗ്ഗീകരണം, കടൽപ്പായലുകളും ഉറച്ച കവചമുള്ള കടൽജീവികളും, സസ്യ ഭൂമിശാസ്ത്രം, പുഷ്പ ജീവശാസ്ത്രം, കാർപ്പോളജി, ന്യൂസിലാൻഡ് സസ്യശാസ്ത്രത്തിന്റെ ചരിത്രം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ മൂർ നിരവധി ശാസ്ത്രീയ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. [3] ബഹുമതികളും അവാർഡുകളും![]() 1945-ൽ, മൂർ ലണ്ടനിലെ ലിനിയൻ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1959-ലെ ക്വീൻസ് ബർത്ത്ഡേ ഓണേഴ്സ് അവരെ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയറിൽ അംഗമായി നിയമിച്ചു. 1963-ൽ കാന്റർബറി സർവകലാശാല അവരുടെ ഹെബെ ഗവേഷണത്തിന് ഡിഎസ്‌സി നൽകി. 1947 മുതൽ റോയൽ സൊസൈറ്റി ഓഫ് ന്യൂസിലാൻഡിന്റെ ഫെലോ ആയിരുന്ന അവർക്ക് 1965-ൽ ഹട്ടൺ മെഡൽ ലഭിച്ചു. അതേ വർഷം തന്നെ ലിയോനാർഡ് കോക്കെയ്ൻ മെമ്മോറിയൽ പ്രഭാഷണം നടത്തി. 1974-ൽ ശാസ്ത്ര സേവനത്തിനുള്ള സർ ഏണസ്റ്റ് മാർസ്ഡൻ മെഡൽ ന്യൂസിലാൻഡ് അസോസിയേഷൻ ഓഫ് സയന്റിസ്റ്റ് അവർക്ക് നൽകി.[2] ഹാരി അലന്റെ ബഹുമാനാർത്ഥം മൂർ അലൻ മേരെ അവാർഡ് സ്ഥാപിച്ചു. ന്യൂസിലാൻഡിലെ സസ്യശാസ്ത്രത്തിന് നൽകിയ സംഭാവനകളെ മാനിച്ച് ന്യൂസിലാൻഡ് ബൊട്ടാണിക്കൽ സൊസൈറ്റി ഇപ്പോൾ മികച്ച സസ്യശാസ്ത്രജ്ഞർക്ക് ഇത് നൽകുന്നു. [7]മൂർ സംഭാവന ചെയ്ത മേരെ ലിങ്കണിലെ ലാൻഡ്‌കെയർ റിസർച്ചിലെ അലൻ ഹെർബേറിയത്തിലാണ് സമ്മാനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. [8] വാർക്ക്‌വർത്തിലെ ലൂസി മൂർ മെമ്മോറിയൽ പാർക്ക് അവരുടെ പേരിലാണ് അറിയപ്പെടുന്നത്.[9] ന്യൂസിലൻഡിലെ തദ്ദേശീയ ഇനമായ പുല്ല് ഫെസ്റ്റുക്ക ലൂസിയാറം മൂറിന്റെയും സഹ സസ്യശാസ്ത്രജ്ഞയായ ലൂസി ക്രാൻവെല്ലിന്റെയും പേരിലാണ് അറിയപ്പെടുന്നത്. 2017-ൽ,വിജ്ഞാനത്തിന് ന്യൂസിലൻഡിലെ സ്ത്രീകൾ നൽകിയ സംഭാവനകളെ ആഘോഷിക്കുന്ന റോയൽ സൊസൈറ്റി ടെ അപാരംഗിയുടെ "150 വാക്കുകളിൽ 150 സ്ത്രീകളിൽ" ഒരാളായി മൂർ തിരഞ്ഞെടുക്കപ്പെട്ടു.[10] അതോറിറ്റി ചുരുക്കെഴുത്ത്അവലംബംLucy Moore (botanist) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia